Image

അയ്യനെ തൊഴാന്‍ ചുരമിറങ്ങി മലകയറി ആദിവാസി മുത്തശ്ശി

അനില്‍ പെണ്ണുക്കര Published on 11 January, 2017
അയ്യനെ തൊഴാന്‍ ചുരമിറങ്ങി മലകയറി ആദിവാസി മുത്തശ്ശി
കാനനവാസന്‍ അയ്യപ്പന്റെ സന്നിധിയില്‍ ദര്‍ശനം തേടി വയനാട്ടിലെ കണയിമ്പാറ്റയില്‍ നിന്നുമുള്ള ആദിവാസി മുത്തശ്ശിയും എത്തി. ദീര്‍ഘകാലമായുള്ള ആഗ്രഹത്തിന്റെ ഒരു സാഫല്യം കൂടിയാണ് കണിയാമ്പറ്റ മണ്ടകമൂല കോളനിയിലെ ബോളന്റെ ഭാര്യ കുങ്കിക്ക് ശബരിമലയിലേക്കുള്ള യാത്ര.

കഴിഞ്ഞ തവണ ഈ ആഗ്രഹത്തിന് പൂര്‍ത്തീകരണമുണ്ടായി. എന്നാല്‍ ഇനിയും മകരവിളക്കിനോടനുബന്ധിച്ച് മലയില്‍ പോകണമെന്നായിരുന്നു കുങ്കിയുടെ അഭിലാഷം. ഇത്തവണ കണിയാമ്പറ്റ അയ്യപ്പ ക്ഷേത്രത്തില്‍ നിന്നുമുള്ള 55 അംഗ സ്വാമിമാര്‍ക്കൊപ്പമാണ് കുങ്കി ശബരിമലയിലേക്ക് യാത്ര തിരിച്ചത്. ഒപ്പം പേരക്കുട്ടികളുമുണ്ട്. നാല്‍പ്പത്തൊമ്പത് വര്‍ഷമായി മുടങ്ങാതെ ശബരീശ സന്നിധിയിലെത്തുന്ന  മണികണ്ഠഭവനിലെ ബാലുസ്വാമിയാണ് ഇവരുടെ ഗുരുസ്വാമി.

വയനാട്ടിലെ പണിയ വിഭാഗം ആദിവാസികള്‍ക്കിടയില്‍ നിന്നും വളരെ വിരളമായി മാത്രമാണ് മാളികപ്പുറങ്ങള്‍ ശബരിമലയിലെത്തുന്നത്.  ശബരിമല തീര്‍ത്ഥാടനത്തിനുള്ള തുക കണ്ടെത്താന്‍ ഒരുകാലത്ത് ഇവര്‍ക്ക് കഴിഞ്ഞിരുന്നില്ല. മറ്റുള്ളവരെല്ലാം വ്രതമെടുത്ത് മലചവിട്ടി അയ്യപ്പന്റെ
അനുഗ്രഹം വാങ്ങി തിരിച്ചെത്തുമ്പോള്‍ ഇവരുടെ  അയ്യപ്പ സന്നിധിയില്‍ എത്താനുള്ള മോഹങ്ങളെല്ലാം കോളനിയില്‍ മാത്രം ഒതുങ്ങി. കാലാം മാറിയപ്പോള്‍ ഇതിനൊരു തിരുത്തായി കുങ്കി ശബരിമലയിലേക്ക് പോകാനുള്ള വ്രതമെടുത്ത് തുടങ്ങി. പ്രായമായ ഭാര്‍ത്താവും പെണ്‍മക്കളും  ഭാര്യയുടെ ഈ ആഗ്രഹത്തിന് സമ്മതം മൂളി.ഇതോടെ സ്വപ്‌ന സാക്ഷാത്കാരത്തിന് ചിറക് മുളയ്ക്കുകയായി.

ആരുടെ കൂടെ പോകുമെന്നതായിരുന്നു ആശങ്ക. മലകയറ്റത്തില്‍ കൈപിടിക്കാന്‍ പേരക്കുട്ടികളും മാലയിട്ട് യാത്രക്കൊരുങ്ങിയതോടെ ശബരിമലയാത്ര യാഥാര്‍ത്ഥ്യമായി. ഇത്രയധികം ദൂരം ഇതിനുമുമ്പൊന്നും യാത്ര ചെയ്തിട്ടില്ല. അതിന്റെ ക്ഷീണമൊന്നുമില്ലാതെ സന്നിധാനത്തെ സോപാനത്തിലേക്ക് കുങ്കിയും മറ്റുള്ളവര്‍ക്കൊപ്പം ഇരുമുടിക്കെട്ടുമായി പതിനെട്ടാം പടികയറി. വയസ്സ് എഴുപത് പിന്നെട്ടെങ്കിലും ഇനിയും മലയാത്രയക്ക് വരണമെന്നാണ് കുങ്കിയുടെ ആഗ്രഹം. അയ്യപ്പ സ്വാമിയുടെ അനുഗ്രഹം ഇതിനായി ഒപ്പമുണ്ടാകുമെന്നും ഇവര്‍ പറയുന്നു.

അതിരാവിലെ ദര്‍ശനം പൂര്‍ത്തിയാക്കി കുങ്കിയും സംഘവും ഉച്ചയോടെയാണ് നീലിമലയിറങ്ങിയത്. കുറച്ച് ക്ഷേത്രങ്ങള്‍ കൂടി ഇനി നാട്ടിലെ കോളനിയില്‍ പതിവു ദിനചര്യകളിലേക്കായി ഈ മുത്തിയുടെയും യാത്ര. മലയാത്രയുടെ വിശേഷങ്ങളറിയാന്‍ എത്തുന്ന കോളിനിയിലെ ബന്ധുക്കളായ മറ്റു സ്ത്രീകളോടെല്ലാം  അനുഭവം പറയാനുള്ള ആവേശവും കുങ്കിയുടെ മുഖത്ത്കാണാം.

അയ്യനെ തൊഴാന്‍ ചുരമിറങ്ങി മലകയറി ആദിവാസി മുത്തശ്ശി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക