Image

തിരുവാഭരണ ഘോഷയാത്ര ഇന്ന്

അനിൽ പെണ്ണുക്കര Published on 11 January, 2017
തിരുവാഭരണ ഘോഷയാത്ര  ഇന്ന്
മകരവിളക്ക് ദിവസം അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുന്ന തിരുവാഭരണവും വഹിച്ചുകൊണ്ടുള്ള  ഘോഷയാത്ര ഇന്ന്  (ജനുവരി12 ) ഉച്ചക്ക് ഒന്നിന് പന്തളം  വലിയ കോയിക്കല്‍ ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ നിന്നും  പുറപ്പെടും. ഈ മാസം പതിനാലിനാണ് മകരജ്യോതി ദര്‍ശനം. 

പന്തളം വലിയ കോയിക്കല്‍ ശാസ്താ ക്ഷേത്രത്തില്‍ ഇപ്പോള്‍ ദര്‍ശനത്തിന് വച്ചിരിക്കുന്ന തിരുവാഭരണങ്ങള്‍ 12 ന് ഉച്ചയോടെ  പേടകങ്ങളിലേക്ക് മാറ്റും. പന്തളം രാജാവ് ക്ഷേത്രത്തിലെത്തി പ്രത്യേകം പൂജകള്‍ നടത്തിയതിന് ശേഷമാണ്   തിരുവാഭരണങ്ങള്‍ മൂന്ന് പേടകങ്ങളിലേക്ക് മാറ്റുന്നത്. മേല്‍ ശാന്തി പൂജിച്ച് നല്‍കിയ ഉടവാളും ഭസ്മവും പന്തളം വലിയ തമ്പുരാന്‍ ഇത്തവണത്തെ രാജ പ്രതിനിധി പി ജി ശശികുമാര്‍ വര്‍മ്മക്ക്  കൈമാറുന്നതോടെ  തിരുവാഭരണ ഘോഷയാത്രയ്ക്ക് തുടക്കമാകും .

 മകരസംക്രമ സന്ധ്യയില്‍ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുന്നതിനുവേണ്ടി പണികഴിപ്പിച്ചിട്ടുള്ള ആഭരണങ്ങളും ചമയങ്ങളുമായി പിതാവ് മകനെ കാണാന്‍ പോകുന്നുവെന്ന സങ്കല്‍പ്പത്തിലാണ് പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍നിന്നും തിരുവാഭരണ ഘോഷയാത്ര ആരംഭിക്കുന്നത്.

തലച്ചുമടായാണ് മൂന്ന് പേടകങ്ങളും സന്നിധാനത്ത് എത്തിക്കുന്നത്. പ്രധാന പേടകമായ തിരുവാഭരണ പെട്ടിയില്‍ ശബരിമല അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താന്‍ പാകത്തിലുള്ള ഇന്ദ്രനീലക്കല്ലുകള്‍ പതിച്ച തിരുമുഖമാണ് പ്രധാനം. കൂടാതെ നവരത്‌നമോതിരം, മണിമാല, ശരപ്പൊളിമാല, എരിക്കിന്‍പൂമാല, ചുരിക, വാള്‍, സ്വര്‍ണത്തളിക, പ്രഭാമണ്ഡലം, ആന, പുലി, പൂര്‍ണ പുഷ്‌കലമാര്‍ എന്നിവ പ്രധാന പെട്ടിയിലുണ്ടാകും.  കലശപ്പെട്ടിയില്‍ കളഭാഭിഷേകത്തിനുള്ള സ്വര്‍ണക്കുടം, വെള്ളികെട്ടിയ ശംഖ്, പൂജാപാത്രങ്ങള്‍ എന്നിവയാണുളളത്. മൂന്നാമത്തെ കൊടിപ്പെട്ടിയില്‍ ശബരിമലയില്‍ എഴുന്നെള്ളിപ്പിനുള്ള ജീവത, നെറ്റിപ്പട്ടം, തലപ്പാറ, ഉടുമ്പാറ മലകളുടെ കൊടികള്‍ എന്നിവയാണുണ്ടാവുക .

ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള 25അംഗ സംഘമാണ് തിരവാഭരണ പേടകങ്ങള്‍ ശിരസ്സിലേറ്റുന്നത്. പ്രധാന പേടകം കുളത്തിനാല്‍ ഗംഗാധരന്‍ പിളളയും, കലശകുടമടങ്ങുന്ന പേടകം മരുതവനം ശിവന്‍ പിളളയും, കൊടിപെട്ടി കിഴക്കേതോട്ടത്തില്‍ പ്രതാപചന്ദ്രന്‍ നായരും ശിരസ്സിലേറ്റും
ആദ്യ ദിവസം അയിരൂര്‍ പുതിയകാവ് ക്ഷേത്രത്തിലും രണ്ടാം ദിവസം ളാഹ സത്രത്തിലും ഘോഷയാത്ര വിശ്രമിക്കും. കാല്‍ നടയായുള്ള  തിരുവാഭരണ ഘോഷയാത്രയെ പന്തളം രാജപ്രതിനിധിയാണ്  അനുഗമിക്കുന്നത് .
തിരുവാഭരണ ഘോഷയാത്ര  ഇന്ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക