Image

എന്റെ അമേരിക്കന്‍ അബദ്ധങ്ങള്‍-2 (ശ്രീകുമാര്‍ പുരുഷോത്തമന്‍)

Published on 10 January, 2017
എന്റെ അമേരിക്കന്‍ അബദ്ധങ്ങള്‍-2  (ശ്രീകുമാര്‍ പുരുഷോത്തമന്‍)
Check deposit

അങ്ങനെ നീണ്ട രണ്ട് മാസത്തെ കാത്തിരിപ്പിന് ശേഷം പ്രൊജക്റ്റ് കിട്ടി; അധികം കോസ്‌മെറ്റിക് ചേഞ്ച് ഒന്നും വരുത്താതെ. ചിക്കാഗോക്കു അടുത്ത് പ്യുരിയ എന്ന സ്ഥലത്ത്. ഞാന്‍ പുതിയ സ്ഥലത്തേക്ക് പോകുമ്പോള്‍ എന്റെ എംപ്ലോയര്‍ പ്രാഥമിക ചെലവുകള്‍ക്കായി 1500 ഡോളറിന്റെ ഒരു ചെക്ക് തന്നു വിട്ടു. അടുത്ത മൂന്നു മാസം കൊണ്ട് എന്റെ ശമ്പളത്തില്‍ നിന്നും അത് തിരിച്ചു പിടിച്ചോളാം എന്ന ഉറപ്പും അദ്ദേഹം നല്‍കി. അവിടെ ചെന്ന് ഒരു ബാങ്ക് അക്കൗണ്ട് തുറന്നു അതില്‍ ചെക്ക് നിക്ഷേപിക്കാനായിരുന്നു നിര്‍ദേശം. ഞാന്‍ എന്റെ സുഹൃത്തുമായി ഒരു ബാങ്കില്‍ പോയി ഒരു അക്കൗണ്ട് തുറന്നു. നിര്‍ഭാഗ്യവശാല്‍ ചെക്ക് കൂടെ കൊണ്ടുപോകാന്‍ മറന്നുപോയി. അത് പിന്നീട് ATM വഴി നിക്ഷേപിക്കാം എന്ന് മാനേജര്‍ പറഞ്ഞു. പൈസ എടുക്കാന്‍ മാത്രമാണ് ATM എന്ന എന്റെ ധാരണ അതോടെ മാറി. അങ്ങനെ ഞാന്‍ ഒരു ദിവസം ആ ചെക്ക് ATM മെഷീന്‍ വഴി ഡെപ്പോസിറ്റ് ചെയ്തു. ഒരു ആഴ്ചയായിട്ടും ഡെപ്പോസിറ്റ് ചെയ്ത പൈസ അക്കൗണ്ടില്‍ വന്നില്ല. എന്റെ കയ്യില്‍ ഉണ്ടായിരുന്നതെല്ലാം ശൂന്യമായി. അവസാനം ഞാന്‍ ആ ബ്രാഞ്ചില്‍ ചെന്ന് മാനേജരെ കണ്ടു സങ്കടം ഉണര്‍ത്തിച്ചു. അദ്ദേഹം പറഞ്ഞു സാധാരണ 48 മണിക്കൂറിനുള്ളില്‍ ക്രെഡിറ്റ് ആകേണ്ടതാണ് എന്ന്. അങ്ങനെ ഒരു ചെക്ക് വന്നതായി എങ്ങും കാണുന്നില്ല. അവസാനം എന്നെ അദ്ദേഹം ആ ATM മെഷീന്റെ അടുത്ത് കൊണ്ടുപോയി. എങ്ങനെയാണു ഞാന്‍ ആ ചെക്ക് ഡെപ്പോസിറ്റ് ചെയ്തതെന്ന് വിവരിക്കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ പറഞ്ഞു 'ഒരു വെളുത്ത കവറില്‍ ചെക്ക് ഇട്ട് കവറിന്റെ പുറത്ത് പേര് , അക്കൗണ്ട് നമ്പര്‍, അഡ്രസ്, ഫോണ്‍ നമ്പര്‍, ബാക്കി കുടുംബ ചരിത്രം എല്ലാം എഴുതി അവിടെ കണ്ട ഒരു സ്ലോട്ടിലൂടെ ആണ് ചെക്ക് നിക്ഷേപിച്ചത്'. 

എന്റെ എല്ലാ സ്‌കില്‍സും പുറത്തെടുത്തു ഒരു പേനയുടെ സഹായത്തോടെ കുത്തിയിറക്കിയാണ് ദൗത്യം നടത്തിയത് എന്നും അദ്ദേഹത്തെ ധരിപ്പിച്ചു. ATM കാര്‍ഡ് ഉപയോഗിച്ച് ലോഗ്ഇന്‍ ചെയ്തിട്ടല്ലേ ചെക്ക് ഇട്ടതു എന്ന ഒരു സംശയം അദ്ദേഹത്തിനുണ്ടായി. ഇല്ല എന്ന ഉത്തരത്തിനു മുന്നില്‍ അദ്ദേഹം ചിരിച്ചില്ല എന്ന് തോന്നുന്നു. ലോകത്തില്‍ കായിക ശക്തി ഉപയോഗിച്ച് ATM ല്‍ ചെക്ക് നിക്ഷേപിച്ച ആദ്യ മനുഷ്യന്‍ എന്ന പട്ടവും എനിക്ക് സ്വന്തം. പിറ്റേ ദിവസം ഒരു ടെക്‌നിഷ്യനെ ചിക്കാഗോയില്‍ നിന്നും വരുത്തി ATM മെഷീന്‍ തുറന്നു. ആ രംഗത്തിനു സാക്ഷ്യം വഹിക്കുവാന്‍ അവര്‍ എന്നെയും അവര്‍ ക്ഷണിച്ചു. കരി ഓയിലില്‍ നിറം മാറിയ എന്റെ കവര്‍ ഒരു സിസേറിയന്‍ നടത്തുന്ന പോലെ അയാള്‍ പുറത്തെടുത്തു. ഒരു കുഞ്ഞിനെ അച്ഛന്റെ കൈയിലേക്ക് കൈമാറുന്ന സ്‌നേഹത്തോടെ ആ കവര്‍ എന്നെ ഏല്പിച്ചു. വീണ്ടും ആ ചെക്ക് ബാങ്കില്‍ നേരിട്ട് നിക്ഷേപിച്ചു ഞാന്‍ റിസ്‌ക് ഒഴിവാക്കി.

Duplicate Key 

എന്റെ പുതിയ സ്ഥലത്തു ഒരു ആന്ധ്രക്കാരന്റെ കൂടെ താമസം ഏര്‍പ്പാടായി. അയാള്‍ക്ക് ആകെ ഒരു താക്കോല്‍ മാത്രമേ ഉള്ളു. അടുത്ത ദിവസം എന്റെ മാനേജര്‍ എന്നെയും കൊണ്ട് ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉണ്ടാക്കാന്‍ വാള്‍മാര്‍ട്ടില്‍ പോയി. ബില്ല് അടിച്ചപ്പോള്‍ കാഷ്യര്‍ 'ഡോളര്‍ 25' എന്ന് പറഞ്ഞു. ഞാന്‍ മാനേജരോട് പറഞ്ഞു 'എന്റെ കയ്യില്‍ ആകെ 20 ഡോളര്‍ ഉള്ളു , 5 ഡോളര്‍ കടം തരാന്‍'. അപ്പോള്‍ അദ്ദേഹം പറഞ്ഞു 'ഡോളര്‍ 25' എന്ന് വച്ചാല്‍ 'ഒരു ഡോളര്‍ 25 സെന്റ്‌സ്' ആണെന്ന്. ഞാന്‍ വീണ്ടും പ്ലിങ്ങി.

My Driving Licence

മറ്റ് പലരെയും പോലെ എനിക്കും ഡ്രൈവിംഗ് ലൈസന്‍സ് കിട്ടിയത് ഒരു ചരിത്ര സംഭവമാണ്. കേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തില്‍ ഹെര്‍ക്കുലീസ് സൈക്കിള്‍ മാത്രം ഓടിച്ചു ശീലിച്ച എനിക്ക് ഇവിടത്തെ ഡ്രൈവിംഗ് ആദ്യം ഒരു ബാലികേറാമലയായിരുന്നു. എന്ന് കരുതി പിന്നീട് ഞാന്‍ ചരിത്രം തിരുത്തി കുറിച്ചു എന്നും അയര്‍ട്ടെന്‍ സെന്ന ആയി മാറി എന്നൊന്നും അര്‍ത്ഥമില്ല. ചിക്കാഗോക്കു അടുത്ത് പ്യുരിയ എന്ന സ്ഥലത്താണ് എന്റെ അഭ്യാസ പ്രകടനങ്ങള്‍ ആരംഭിക്കുന്നത്. അവിടെ ആകെ ഉള്ള ഒരു ഡ്രൈവിംഗ് സ്‌കൂളിലെ വയസ്സനായ ഇന്‍സ്ട്രക്ടര്‍ എന്നെ പഠിപ്പിക്കാനുള്ള ഭാരിച്ച ഉത്തരവാദത്തം ഏറ്റെടുത്തു.അയാള്‍ക്ക് ദീര്‍ഘദൃഷ്ടി വളരെ കുറവായിരുന്നു എന്ന് ഇന്നും എന്റെ മനസ്സ് പറയുന്നു. അങ്ങനെ എന്റെ ഡ്രൈവിംഗ് പഠനം ആരംഭിക്കുകയും ഓരോ ദിവസവും അയാളുടെ വായിലുള്ള പുതിയ പുതിയ അമേരിക്കന്‍ തെറികള്‍ ഞാന്‍ ഹൃദിസ്ഥമാക്കുകയും ചെയ്തുകൊണ്ടിരുന്നു. ഒരു മനുഷ്യന്റെ അറിവ് വര്‍ദ്ധിക്കുന്നത് പുസ്തകവായനയേക്കാള്‍ കൂടുതല്‍ മറ്റുള്ളവരുമായി സംസാരിക്കുമ്പോള്‍ ആണെന്ന മഹദ് വചനത്തിന് അടിവര ഇടുന്നതായി ഞങ്ങളുടെ പഠനരീതി. അഞ്ച് ക്ലാസുകള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ ഒരു നല്ല ഡ്രൈവര്‍ ആയി എന്ന ബോധം എനിക്ക് തോന്നി തുടങ്ങി; അമ്പത് ക്ലാസ് കഴിഞ്ഞാലും ഞാന്‍ എങ്ങും എത്തില്ല എന്ന ബോധം അയാള്‍ക്കും. എങ്കിലും ആറ് ക്ലാസ് കഴിഞ്ഞപ്പോള്‍ എനിക്ക് ടെസ്റ്റിന് പോകണം എന്ന് ഞാന്‍ ആവശ്യം ഉന്നയിച്ചു. ഞാന്‍ അതിനുള്ള പക്വത എത്തിയിട്ടില്ലെന്ന് അദ്ദേഹം പല പ്രാവശ്യം പറഞ്ഞു. ഹൈവേയുടെ ഒത്ത നടുവില്‍ ഞാന്‍ സഡന്‍ബ്രേക്ക് പരീക്ഷിച്ചതൊന്നും അയാള്‍ മറന്നിട്ടില്ലന്നു തോന്നുന്നു. എങ്കിലും എന്റെ നിര്‍ബന്ധത്തിനു വഴങ്ങി കണ്ടറിയാത്തവന്‍ കൊണ്ടറിയട്ടെ എന്ന ഭാവത്തില്‍ എന്നെ ടെസ്റ്റിന് കൊണ്ടുപോകാന്‍ അയാള്‍ സമ്മതിച്ചു. 

ഞാന്‍ അങ്ങനെ ടെസ്റ്റിന് റെഡി ആയി കാറില്‍ കയറി ഇരുന്നു. അടുത്ത സീറ്റില്‍ ലേഡി സൂപ്പര്‍വൈസറും. റോഡ് നിയമങ്ങളില്‍ എല്ലാം വളരെ അധികം പ്രാവിണ്യം ഉള്ളവനാണ് ഞാന്‍ എന്ന ഭാവത്തില്‍ വണ്ടി പതുക്കെ മുന്നോട്ടു നീങ്ങി. അടുത്തുകൂടി പോകുന്ന പല വണ്ടികളും റോഡ് നിയമങ്ങള്‍ പാലിക്കാത്തതിലുള്ള അമര്‍ഷം നവരസങ്ങളിലൂടെ ഞാന്‍ മുഖത്ത് പ്രതിഫലിപ്പിച്ചുകൊണ്ടേ ഇരുന്നു. പോകുന്ന വഴിയിലൊക്കെ ഞാന്‍ കുറെ പുച്ഛഭാവം വാരിവിതറി. കുറെ നേരം കഴിഞ്ഞു ഒരു ഇടവഴിയില്‍ എത്തിയപ്പോള്‍ എന്നോട് അങ്ങോട്ട് തിരിക്കാന്‍ പറഞ്ഞു. ഇതൊക്കെ എന്ത് ചീള് കേസ് എന്ന ഭാവത്തില്‍ ഞാന്‍ അതുപോലെ ചെയ്തു. ഇനി റിവേഴ്‌സ് ഇട്ടു തിരിക്കാന്‍ ആവശ്യപ്പെട്ടു. അതും ഞാന്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഇനി വന്നവഴിയെ തന്നെ മുന്നോട്ടു പോകാം എന്ന് പറഞ്ഞു.  എനിക്ക് പിന്നീട് ഒരു മിനിറ്റ് നേരത്തേക്ക് ബോധം ഇല്ലായിരുന്നു. ഞാന്‍ കണ്ണ് തുറന്നപ്പോള്‍ ഞാനും വണ്ടിയും ആ ലേഡി സൂപ്പര്‍വൈസറും ആലിംഗനബദ്ധരായി ഒരു കുഴിയില്‍ കിടപ്പുണ്ട്. പിന്നീട് അവരുടെ സഹായത്തോടെ വണ്ടി മുന്നോട്ടു എടുത്തു. അപ്പോഴാണ് ഞാന്‍ ചെയ്ത ഒരു നിസാര പിശക് എന്റെ ശ്രദ്ധയില്‍ പെട്ടത്. റിവേഴ്‌സ് ഇടാന്‍ പറഞ്ഞ ഗിയര്‍ മുന്നോട്ടു മാറ്റാതെ ആയിരുന്നു ഞാന്‍ വണ്ടി മുന്നോട്ടു എടുത്തത്. ആര്ക്കും പറ്റാവുന്ന ഒരു നിസാര പിശക് !!!

അങ്ങനെ വണ്ടി തിരിച്ചു DMV യില്‍എത്തി. എന്റെ ഇന്‍സ്ട്രക്ടര്‍ ആകാംഷാ ഭരിതനായി പുറത്തു നില്‍പ്പുണ്ട്. ഫലത്തെ കുറിച്ച് അയാള്‍ക്ക് സംശയം ഒന്നുമില്ലെന്ന് മുഖഭാവം വിളിച്ച് അറിയിക്കുന്നുണ്ട്. പുറത്തിറങ്ങിയപാടെ ചോദിച്ചു 'എന്തായി എന്തായി?'. ഞാന്‍ പറഞ്ഞു സൂപ്പര്‍വൈസര്‍ വെയിറ്റ് ചെയ്യാന്‍ പറഞ്ഞു എന്ന്. അപ്പോള്‍ അയാളുടെ മുഖം വിളറി. 'ഇനിയെങ്ങാനും കിട്ടിക്കാണുമോ ?'. അയാള്‍ തന്നോട് തന്നെ പറഞ്ഞുകൊണ്ടിരുന്നു. എന്നോട് സൂപ്പര്‍വൈസര്‍ വെയിറ്റ് ചെയ്യാന്‍ പറഞ്ഞത് തോറ്റതിന്റെ സര്‍ട്ടിഫിക്കറ്റ് തരാനായിരുന്നു. അപ്പോള്‍ അയാള്‍ക്ക് സന്തോഷമായി. അയാള്‍ പറയുവാ 'ഇപ്രാവശ്യം നിനക്ക് ലൈസന്‍സ് കിട്ടിയിരുന്നേല്‍ ഞാന്‍ ഡ്രൈവിംഗ് പഠിപ്പിക്കല്‍ നിര്‍ത്തിയിട്ടു 'Wonders in Driving Test' എന്ന പുസ്തകം എഴുതിയേനെ എന്ന്. പുരയ്ക്കു തീ പിടിച്ചപ്പോള്‍ അങ്ങേരു ഒരു ചെറിയ ഏത്തവാഴ വെട്ടി എന്ന് എനിക്ക് മനസ്സിലായി. അപ്പോള്‍ അന്തരീക്ഷത്തില്‍ ഒരു പാട്ടു ഒഴുകി വന്നു.. 'അപ്പോഴേ പറഞ്ഞില്ലേ പോകണ്ട പോകണ്ടാന്ന്'. 

ഇങ്ങനെ പലവുരു DMV യില്‍ പോയപ്പോള്‍ എല്ലാവരുമായി നല്ല കമ്പനി ആയി. വീണ്ടും അവിടെ പോകാനുള്ള അഭിനിവേശം കാരണം പാസാകാമായിരുന്നിട്ടും ഞാന്‍ പലപ്പോഴും തോറ്റു കൊടുത്തിട്ടുണ്ട്. അങ്ങനെ ഒരു തവണ രാഷ്ട്രപതിയുടെ ദയാവധം പോലെ ഞാന്‍ വിജയശ്രീലാളിതനായി. 

My friend's Driving test

ലോകത്തില്‍ ഞാന്‍ മാത്രമാണ് ഇത്രയധികം കഠിനാദ്ധ്വാനം ചെയ്ത് ലൈസന്‍സ് നേടിയത് എന്ന് അഹങ്കരിച്ച് ഇരിക്കുമ്പോഴാണ് എന്നെ കടത്തി വെട്ടി ഒരു സുഹൃത്ത് അവതരിക്കുന്നത്. പരമ സാത്വികനായ ഒരു തമിഴ്‌നാട്ടുകാരന്‍. ഒരു കാലത്ത് DMV യില്‍ ഉള്ളവര്‍ക്ക് എന്നും വിഷുക്കണി ആയിരുന്നു. കണ്ണ് തുറക്കുമ്പോള്‍ അവര്‍ കാണുന്നത് അവനെ ആയിരുന്നു. ഒരിക്കല്‍ അവന്‍ ഡ്രൈവിംഗ് ടെസ്റ്റിന് പോയി. പോകുന്ന വഴിയെല്ലാം അടുത്തുകൂടി പോകുന്ന വണ്ടിയെല്ലാം മുട്ടിയുരുമ്മി പോകുന്നത് കണ്ടു സൂപ്പര്‍വൈസര്‍ പേടിച്ചു പോയി. അവര്‍ പറഞ്ഞു 'I want to go back to DMV'. അവന്‍ ഉടനെ വണ്ടി റിവേഴ്‌സ് ഗിയറില്‍ ഇട്ടു പുറകോട്ടു എടുക്കാന്‍ തുടങ്ങി. അവര്‍ പറഞ്ഞ go back എന്ന വാക്ക് അവനെ നല്ലപോലെ സ്വാധീനിച്ചെന്ന് തോന്നുന്നു. ഏതായാലും ലൈസന്‍സിന്റെ വിധി എന്തായെന്ന് കൂടുതല്‍ പറയേണ്ടതില്ലല്ലോ;

അടുത്ത തവണ ആണ് കൂടുതല്‍ രസം. വണ്ടി എടുത്തു ഒരു ജംഗ്ഷനില്‍ എത്തി. അവിടെ നിന്ന് വലത്തോട്ടാണ് പോകേണ്ടത്. അവിടെ ഒരു പെഡസ്ട്രിയന്‍ ക്രോസിങ് ഉണ്ട്. അവിടെ രണ്ട് പേര്‍ ക്രോസ്സ് ചെയ്യാന്‍ നില്‍പ്പുണ്ട്. അവന്റെ മനസ്സ് പറഞ്ഞു 'ഇത് തന്നെ റോഡ് നിയമങ്ങള്‍ പാലിക്കാന്‍ എനിക്കറിയാമെന്നു തെളിയിക്കാനുള്ള ഏറ്റവും നല്ല അവസരം'. അവന്‍ കാര്‍ നിര്‍ത്തി. പെഡസ്ട്രയിന്‍സ് ക്രോസ്സ് ചെയ്ത് പാതി വഴി പിന്നിട്ടു . എന്നിട്ടു അവന്‍ വണ്ടി എടുക്കുന്നില്ല. പുറകിലുള്ള ആളുകള്‍ ഹോണ്‍ അടിക്കാന്‍ തുടങ്ങി. അപ്പോള്‍ സൂപ്പര്‍വൈസര്‍ ചോദിച്ചു എന്താ പോകാത്തെ എന്ന്. അവന്റെ ഉത്തരം  'മാഡം , ഇന്‍ കേസ് , അവര്‍ മനസ്സ് മാറി തിരിച്ചു വന്നാല്‍ എന്ത് ചെയ്യും ? അതുകൊണ്ടു അവര്‍ അങ്ങേത്തലക്കല്‍ എത്തിയിട്ട് മാത്രം പോകാം എന്ന് കരുതി'. ഇപ്രാവശ്യവും ലൈസന്‍സ് ഗോപി !.

കഴിഞ്ഞ 18 വര്‍ഷത്തെ അമേരിക്കന്‍ ജീവിതത്തിനിടയില്‍ കണ്ടറിഞ്ഞതോ കേട്ടറിഞ്ഞതോ കൊണ്ടറിഞ്ഞതോ ആയ അനുഭവങ്ങളെ അല്ലെങ്കില്‍ അബദ്ധങ്ങളെ എന്നിലൂടെ അവതരിപ്പിക്കാനാണ് ഞാന്‍ ഇവിടെ ശ്രമിക്കുന്നത്. ഇതില്‍ ചിലതിലൂടെ എങ്കിലും നിങ്ങളും ഒരിക്കലെങ്കിലും കടന്ന് പോയിട്ടുണ്ടാകും എന്ന് ഞാന്‍ കരുതുന്നു. 
(To be continued)

see part 1
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക