Image

മലയാള ചിത്രം ‘സ്വയം’ റിലീസിംഗിനൊരുങ്ങി

Published on 12 January, 2017
മലയാള ചിത്രം ‘സ്വയം’ റിലീസിംഗിനൊരുങ്ങി
 
ബെര്‍ലിന്‍: ഇന്തോ– ജര്‍മന്‍ സംയുക്ത സംരംഭമായ ‘സ്വയം’ എന്ന മലയാള ചലച്ചിത്രത്തില്‍ ഓട്ടിസം, ഫുട്‌ബോള്‍, ആയുര്‍വേദം എന്നിവ പ്രമേയമാക്കി എക്‌സ്പീരിയന്‍ ആന്‍ഡ് ഗ്രീന്‍ ഹാവന്‍ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ നിര്‍മാതാവ് ജര്‍മന്‍ മലയാളി വിനോദ് ബാലകൃഷ്ണയാണ്. 

ഓട്ടിസം ബാധിതനായ പത്തുവയസുകാരന്‍ മെറോണിന്റെയും അവന്റെ മാതാപിതാക്കളായ എബിയുടെയും ആഗ്‌നസിന്റെയും കഥ പറയുന്നതാണ് സ്വയം. ഓട്ടിസം ബാധിച്ച മെറോണ്‍ ഫുട്‌ബോള്‍ സെലക്ക്ഷന്‍ മല്‍സരത്തിനിടയില്‍ കാലിന് പരിക്കേല്‍ക്കുകയും അതോടെ മാനസികമായി തളര്‍ന്ന ആഗ്‌നസ്, പള്ളിവികാരിയുടെ ഉപദേശപ്രകാരം നാട്ടില്‍ ആയുര്‍വേദചികില്‍സ തേടിയെത്തുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. 

‘സായാഹ്നം’ എന്ന ചിത്രത്തിലൂടെ 2000 ല്‍ കേരള സംസ്ഥാന അവാര്‍ഡും ദേശീയ അവാര്‍ഡും ഇന്ദിരാ ഗാന്ധി ബെസ്റ്റ് ഫസ്റ്റ് ഫിലിം ഡയറക്ടര്‍ അവാര്‍ഡും 2011 ലെ ബെസ്റ്റ് നറേറ്റീവ് ഫീച്ചര്‍ ഫിലിം അവാര്‍ഡും (ജനീവ) കരസ്ഥമാക്കിയിട്ടുള്ള ആര്‍. ശരത് ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചരിക്കുന്നത്. സംഭാഷണം സജിവ് പാഴൂര്‍, കാമറ സജന്‍ കളത്തില്‍ എന്നിവരാണ് കൈകാര്യം ചെയ്തിരിയ്ക്കുന്നത്. 72 ഫിലിം കമ്പനിയാണ് ചിത്രത്തിന്റെ വിതരണക്കാര്‍. 

മധു, ലക്ഷ്മിപ്രിയാ മേനോന്‍, കെ.പി. ബേബി, അഷ്‌റഫ് പേഴുംമൂട്, മുന്‍ഷി ബൈജു, ചന്ദ്രമോഹന്‍, ആനി, മീനാക്ഷി, ജര്‍മന്‍ ഫുട്‌ബോള്‍ താരമായിരുന്ന റോബര്‍ട്ടോ പിന്റോ എന്നിവര്‍ക്കൊപ്പം നിര്‍മാതാവ് വിനോദിന്റെയും സ്മിതയുടെയും മകന്‍ വിച്ചു ബാലതാരമായും ചിത്രത്തില്‍ വേഷമിടുന്നു. ഗാനരചന ഡോ. സുരേഷ്‌കുമാറും സംഗീതം പശ്ചാത്തലസംഗീതം എന്നിവ സച്ചിന്‍ മന്നത്തും ആലാപനം ഉണ്ണിമേനോനും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ നിര്‍മാണത്തിന് ജര്‍മനിയിലെ വാള്‍ഡ്രോഫ് എഫ്‌സി അസ്‌റ്റോറിയുടെയും സഹകരണം ലഭിച്ചിട്ടുണ്ട്. ചിത്രത്തിന്റെ കുറെ ഭാഗങ്ങള്‍ ജര്‍മനിയിലെ സ്റ്റുട്ട്ഗാര്‍ട്ട്, ഹൈഡല്‍ബര്‍ഗ്, ഫ്രാങ്ക്ഫര്‍ട്ട് എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രം കേരളത്തിലുടനീളം ഉടന്‍തന്നെ റിലീസ് ചെയ്യുമെന്ന് നിര്‍മാതാവ് വിനോദ് ലേഖകനോടു പറഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക