Image

ഉക്രൈനില്‍ നിന്നൊരു സന്യാസി, ശബരീശന്റെ പൂങ്കാവനത്തില്‍ സന്തുര്‍ നാദം

അനിൽ പെണ്ണുക്കര Published on 12 January, 2017
ഉക്രൈനില്‍ നിന്നൊരു സന്യാസി, ശബരീശന്റെ പൂങ്കാവനത്തില്‍ സന്തുര്‍ നാദം
കാനനവാസനായ അയ്യപ്പന്റെ പൂങ്കാവനത്തില്‍ സന്തുറിന്റെ മാന്ത്രിക നാദവുമായി ലോകം ചുററി ഒരു വിദേശ സന്യാസിയെത്തി. ഭാരതീയ ദര്‍ശനങ്ങളെ ആഴത്തില്‍ പഠിച്ച് സമഭാവനയുടെ മൂല്യങ്ങളെ ഹൃദയത്തില്‍ ചേര്‍ത്ത ഉക്രെയിനില്‍ നിന്നുമുള്ള വാദിം ബട്ടൂരയാണ് മകര സംക്രാന്തിയുടെ രണ്ടുനാള്‍ മുമ്പെ  നീലിമല ചവിട്ടി സന്നിധാനത്തെത്തിയത്. തിരക്കില്‍ നിന്നെല്ലാം ഒഴിഞ്ഞ് അയ്യപ്പന്‍മാര്‍ മകരവിളക്ക് കാണാന്‍ ഇലചാര്‍ത്തുകള്‍ കൊണ്ടൊരുക്കിയ പര്‍ണ്ണശാലയിലാണ് വാദിം കഴിഞ്ഞുകൂടാന്‍  ഇടം കണ്ടെത്തിയത്. കൂട്ടത്തില്‍ രണ്ടുപതിറ്റാണ്ടായി ഒപ്പമുള്ള പേര്‍ഷ്യന്‍ സന്തുറുമുണ്ട്.

ഭാരതീയ സംഗീതത്തിലെ രാഗലയങ്ങള്‍ കൊണ്ട് പര്‍ണ്ണശാലയിലെ സ്വാമിമാരെയെല്ലാം ഈ ബ്രഹ്മചാരി നിമിഷങ്ങള്‍ക്കിടയില്‍ വിസ്മയിപ്പിച്ചു. മകരവിളക്ക് തെളിയുന്ന മലയുടെ വിദൂര കാഴ്ചകളിലേക്ക് കണ്ണയച്ച് ഇന്ത്യന്‍ അദ്ധ്യാത്മിക ചൈത്യനത്തിന്റെ ശ്രേഷ്ഠതകളെക്കുറിച്ച് വാദിം ഇംഗ്ലീഷില്‍ വിവരിച്ചു. പതിനാറാം വയസ്സുമുതല്‍ വീട്ടില്‍ നിന്നുമുള്ള ബന്ധങ്ങളെല്ലാം ഉപേക്ഷിച്ച് ഒറ്റയ്ക്കുള്ള സഞ്ചാരമാര്‍ഗ്ഗമാണ് സ്വീകരിച്ചത്. ഇന്ത്യയില്‍ ആദ്യമായി വന്നതുമുതല്‍ ഈ സംസ്‌കൃതിയെ ഹൃദയത്തില്‍ സ്വീകരിച്ചു.ജടകെട്ടിയ മുടിയും കൈയ്യിലേന്തിയ കമണ്ഡലുവുമായി ഇന്ത്യയുടെ ഉള്‍നാടന്‍ ഗ്രാമങ്ങളിലൂടേയും വാദിം ഇതിനകം സഞ്ചരിച്ചിട്ടുണ്ട്. 

സന്തുറില്‍ വാദിമിന് ഗുരുക്കളില്ല. ഭാരതീയരാഗങ്ങളെല്ലാം തെരഞ്ഞുപഠിച്ച് നിരന്തരമായി പരീക്ഷിച്ചു. പിന്നെ ഈ സന്തുറിനും വാദിമിനും ഇടയില്‍ അകല്‍ച്ചകളില്ലാതായി. ഓരോ യാത്രയും ഓരോ അന്വേഷണമാണ്. ഒടുവില്‍ ഏറെ നടന്ന് ശരംകുത്തിയും നീലിമലയും കടന്ന് ശബരീശസന്നിധിയിലും എത്തി.മകരവിളക്ക് ദര്‍ശനത്തിനായി ലക്ഷക്കണക്കിന് ഭക്തരെത്തുന്ന ശബരിമലയുടെ പുണ്യത്തിലും ആദ്യമായി എത്തിയതോടെ ഈ ചൈതന്യത്തിലും സമഭാവനയിലും വാദിം അമ്പരന്നു നിന്നു. മകരവിളക്ക് കാണണം. പിന്നെ ഇനി എങ്ങോട്ടെന്നില്ലാത്ത മലയിറക്കം.
ഉക്രൈനില്‍ നിന്നൊരു സന്യാസി, ശബരീശന്റെ പൂങ്കാവനത്തില്‍ സന്തുര്‍ നാദം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക