Image

അഭയകേന്ദ്രത്തിലെ മൂന്നു മാസത്തെ കാത്തിരിപ്പിന് വിരാമമായി; ദേവപ്രിയ മടങ്ങി.

Published on 12 January, 2017
അഭയകേന്ദ്രത്തിലെ മൂന്നു മാസത്തെ കാത്തിരിപ്പിന് വിരാമമായി;  ദേവപ്രിയ മടങ്ങി.
ദമ്മാം: സ്‌പോണ്‍സര്‍ ഹുറൂബാക്കിയ കാരണം വനിതാ അഭയകേന്ദ്രത്തില്‍  മൂന്നു മാസത്തോളം കഴിയേണ്ടി വന്ന തമിഴ്‌നാട്ടുകാരിയായ വീട്ടുജോലിക്കാരി, നവയുഗം സാംസ്‌കാരികവേദിയുടെയും ഇന്ത്യന്‍ എംബസ്സിയുടെയും സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

തമിഴ്‌നാട് ചെന്നൈ സ്വദേശിനിയായ ദേവപ്രിയ ഒന്നരവര്‍ഷം മുന്‍പാണ് ദമ്മാമിലെ ഒരു സൗദി പൗരന്റെ വീട്ടില്‍ ജോലിയ്‌ക്കെത്തിയത്. ആ വലിയ വീട്ടിലെ ജോലി മുഴുവന്‍ ഒറ്റയ്ക്ക് ചെയ്യേണ്ടതിനാല്‍, വിശ്രമമില്ലാതെ വീട്ടുജോലി ചെയ്യേണ്ടി വന്നെങ്കിലും, പരാതിയൊന്നും പറയാതെ ദേവപ്രിയ അവിടെ തുടര്‍ന്നു. ആദ്യമൊക്കെ ശമ്പളം ഒന്നോ രണ്ടോ മാസത്തിലൊരിയ്ക്കല്‍ കിട്ടിയിരുന്നു. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍, സ്‌പോണ്‍സര്‍  ശമ്പളം നല്‍കാതെയായി. മൂന്നു മാസത്തെ ശമ്പളം കുടിശ്ശികയായപ്പോള്‍, ദേവപ്രിയ പ്രതിഷേധിച്ചെങ്കിലും, ശകാരവും ഭീഷണിയുമാണ് കേള്‍ക്കേണ്ടി വന്നത്. അതേത്തുടര്‍ന്ന് ആരും അറിയാതെ ആ വീട്ടിന് പുറത്തുകടന്ന ദേവപ്രിയ, അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ പോയി പരാതി പറഞ്ഞു. പോലീസുകാര്‍ അവരെ ദമ്മാമിലെ വനിത അഭയകേന്ദ്രത്തില്‍ കൊണ്ടുചെന്നാക്കി.

വനിതാ അഭയകേന്ദ്രത്തില്‍ എത്തിയ നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടനോട് ദേവപ്രിയ തന്റെ അവസ്ഥ വിവരിയ്ക്കുകയും, നാട്ടിലേയ്ക്ക് പോകാന്‍ സഹായിയ്ക്കണമെന്ന് അഭ്യര്‍ത്ഥിയ്ക്കുകയും ചെയ്തു. മഞ്ജുവും, നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരും, ദേവപ്രിയയുടെ സ്‌പോണ്‍സറെ ബന്ധപ്പെട്ടെപ്പോള്‍, അയാള്‍ ദേവപ്രിയയെ ഹുറൂബ് (ഒളിച്ചോടിയ തൊഴിലാളി) ആക്കിയതായി അറിയാന്‍ കഴിഞ്ഞു. അതുകൊണ്ട് തനിയ്ക്ക് ദേവപ്രിയയുടെ കാര്യത്തില്‍ ഒരു ഉത്തരവാദിത്വവും ഇല്ലെന്ന നിലപാടിലായിരുന്നു സ്‌പോണ്‍സര്‍.

മഞ്ജു മണിക്കുട്ടന്‍ ദേവപ്രിയയ്ക്ക്  ഇന്ത്യന്‍ എംബസ്സി വഴി ഔട്ട്പാസ്സ് എടുത്തു കൊടുക്കുകയും, വനിതാ അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ഫൈനല്‍ എക്‌സിറ്റ് അടിച്ചു വാങ്ങുകയും ചെയ്തു. എന്നാല്‍ വിമാനടിക്കറ്റ് എടുക്കാന്‍ കാശില്ലാത്തതിനാല്‍ ദേവപ്രിയയുടെ മടക്കയാത്ര വീണ്ടും നീണ്ടു പോയി. ഒടുവില്‍ നവയുഗം പ്രവര്‍ത്തകനായ അനീഷും കുടുംബവും, ദേവപ്രിയയ്ക്കുള്ള വിമാനടിക്കറ്റ് എടുത്തു കൊടുത്തു.

നവയുഗം സാംസ്‌കാരികവേദി സംഘടിപ്പിച്ച കുടുംബസംഗമം പരിപാടിയില്‍ വെച്ച് ദേവപ്രിയയ്ക്ക്  മഞ്ജു മണിക്കുട്ടനും, അനീഷിന്റെ ഭാര്യ ഷംനയും, മകള്‍  അവന്തികയും  ചേര്‍ന്ന് യാത്രാരേഖകള്‍ കൈമാറി.

എല്ലാവര്‍ക്കും നന്ദി പറഞ്ഞ്, മൂന്നു മാസത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ദേവപ്രിയ നാട്ടിലേയ്ക്ക് മടങ്ങി.

 
അഭയകേന്ദ്രത്തിലെ മൂന്നു മാസത്തെ കാത്തിരിപ്പിന് വിരാമമായി;  ദേവപ്രിയ മടങ്ങി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക