Image

സ്ത്രീകളെ പേടിക്കുന്ന ദൈവങ്ങളോ? (മൊയ്തീന്‍ പുത്തന്‍ചിറ- ലേഖനം)

Published on 13 January, 2017
സ്ത്രീകളെ പേടിക്കുന്ന ദൈവങ്ങളോ? (മൊയ്തീന്‍ പുത്തന്‍ചിറ- ലേഖനം)
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ല.
മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ല.
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച സ്ത്രീകളെ പ്രവേശിപ്പിക്കുകയില്ല (ചുരിദാറിന്റെ മേലെ മുണ്ടുടുത്താല്‍ പ്രവേശിക്കാം).
അമേരിക്കയില്‍ അനുവാദമില്ലാതെ സ്ത്രീയെ കെട്ടിപ്പിടിച്ച് സെല്‍ഫിയെടുത്തു !

സ്ത്രീകളോടുള്ള പുരുഷവര്‍ഗത്തിന്റെ സമീപനത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ട കാലം അതിക്രമിച്ചോ എന്ന് മേല്പറഞ്ഞ സംഭവങ്ങള്‍ വിളിച്ചോതുന്നു. അതില്‍ ആദ്യത്തെ മൂന്നെണ്ണം 'വിശ്വാസത്തിന്റെ' പേരിലാണെങ്കില്‍ നാലാമത്തേത് സ്ത്രീകള്‍ക്ക് നിര്‍ഭയമായി അവരുടെ പൗരാവകാശങ്ങള്‍ ആസ്വദിച്ചു ജീവിക്കാനോ, അതിക്രമങ്ങളും വിവേചനങ്ങളുമൊന്നുമില്ലാതെ, അവരുടെ വ്യക്തിസ്വാതന്ത്ര്യം പ്രകടിപ്പിക്കുന്നതില്‍ പുരുഷമേധാവിത്വം ഒരു തടസ്സമായി തീരുന്നുവോ എന്ന തരത്തില്‍ പലകോണുകളില്‍ നിന്നുള്ള നിയന്ത്രണം അദൃശ്യമായി തുടരുകയാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. നവോത്ഥാന പോരാട്ടങ്ങളും സ്ത്രീ മുന്നേറ്റങ്ങളും പുരോഗമന പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യമായിത്തീര്‍ന്നിരിക്കുന്ന ഈ കാലഘട്ടത്തില്‍, സ്ത്രീകള്‍ക്കു നേരെ ഉയര്‍ന്നുവരുന്ന അവഗണനാ മനോഭാവം മാറ്റിയെടുക്കേണ്ടത് സാമൂഹ്യബാധ്യതയാണ്. ദൈവ വിശ്വാസത്തിന്റെ പേരില്‍, മതവിശ്വാസത്തിന്റെ പേരില്‍, ജാതിയുടേയും മതത്തിന്റേയും വേലിക്കെട്ടുകളില്‍ തളച്ചിടേണ്ടതാണോ സ്ത്രീ വംശം?

മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ സ്ത്രീകളുടെ പ്രവേശനം നിരോധിച്ചത് ചില മതമൗലികവാദികളുടെ സമ്മര്‍ദ്ദം മൂലമാണ്. 15-ാം നൂറ്റാണ്ടില്‍ ജീവിച്ച സൂഫിവര്യന്‍ പീര്‍ ഹാജി അലി ഷാ ബുഖാരിയുടെ ശവകുടീരം സ്ഥിതിചെയ്യുന്ന സ്ഥലമാണ് ഹാജി അലി ദര്‍ഗ. അറേബ്യന്‍ കടലില്‍ 500 അടി ഉള്ളിലേക്കുമാറി വര്‍ളി തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ദര്‍ഗ ലേഖകനും സന്ദര്‍ശിച്ചിട്ടുണ്ട്. 2010 വരെ ജാതിമതസ്ത്രീപുരുഷഭേദമന്യേ എല്ലാവര്‍ക്കും പ്രവേശിക്കാമായിരുന്ന ഈ ദര്‍ഗയില്‍ സ്ത്രീകളുടെ പ്രവേശനം നിരോധിച്ചത് 2012-ല്‍ ആണ്. എന്തു കാരണം കൊണ്ടാണെന്ന് നിരോധനം ഏര്‍പ്പെടുത്തിയ ട്രസ്റ്റ് വെളിപ്പെടുത്തിയില്ലെങ്കിലും മതമൗലികവാദികളുടെ സമ്മര്‍ദ്ദമാണെന്ന് പിന്നീട് അവര്‍ക്ക് സുപ്രീം കോടതിയില്‍ വെളിപ്പെടുത്തേണ്ടി വന്നു. ഭാരതീയ മുസ്ലീം മഹിളാ ആന്ദോളന്‍ (ബി.എം.എം.എ.) മുംബൈ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ സ്ത്രീകള്‍ക്ക് അനുകൂലമായ വിധി വന്നിട്ടുപോലും ഹാജി അലി ട്രസ്റ്റ് അംഗീകരിച്ചില്ല. ഒടുവില്‍ സുപ്രീം കോടതി ഇടപെട്ടപ്പോള്‍ മാത്രമാണ് സ്ത്രീകള്‍ക്ക് പ്രവേശനാനുമതി ലഭിച്ചത്. ഇതില്‍ നിന്ന് മനസ്സിലാകുന്നത് വിശ്വാസത്തെ കൂട്ടുപിടിച്ച് ചില മതമൗലികവാദികള്‍ സ്ത്രീകളെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്നു തന്നെയാണ്. കടലില്‍ സ്ഥിതിചെയ്യുന്ന ഈ പള്ളിയ്ക്കകത്താണ് സൂഫിവര്യന്‍ പീര്‍ ഹാജി അലി ഷായുടെ ഖബറിടം. അവിടെ നിന്ന് പ്രാര്‍ത്ഥിച്ചാല്‍ ഉദ്ദിഷ്ട ഫലം സിദ്ധിക്കുമെന്നാണ് വിശ്വാസം. സ്ത്രീകളെ അങ്ങോട്ട് പ്രവേശിപ്പിക്കുന്നത് പാപമാണെന്നായിരുന്നു ദര്‍ഗ ഭാരവാഹികളുടെ വാദം. 2012 വരെ ഇല്ലാതിരുന്ന ഈ വിശ്വാസം എങ്ങനെ അവര്‍ക്ക് കിട്ടി എന്നത് അജ്ഞാതം.

ഇതേ രീതി തന്നെയാണ് മഹാരാഷ്ട്രയിലെ തന്നെ ശനി ഷിഗ്‌നാപൂര്‍ ക്ഷേത്ര പ്രവേശനവും സ്ത്രീകള്‍ നേടിയെടുത്തത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനാനുമതി ഉണ്ടായിരുന്നില്ല. അവിടെയും സ്ത്രീ മുന്നേറ്റ സംഘടനകള്‍ പ്രക്ഷോഭം തുടങ്ങിയപ്പോഴാണ് അധികൃതരുടെ കണ്ണു തുറന്നത്. ഭൂമാതാ റാണരാഗിണി ബ്രിഗേഡ് (ബി.ആര്‍.പി.) എന്ന സംഘടന പ്രക്ഷോഭം ആരംഭിക്കുകയും മുംബൈ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയും തുടര്‍ന്ന് കോടതി ഉത്തരവിലൂടെയാണ് ഈ ക്ഷേത്രത്തിലേക്ക് സ്ത്രീ പ്രവേശനം അനുവദനീയമായത്. മാസങ്ങള്‍ നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിലാണ് ഈ അവകാശം അവര്‍ നേടിയെടുത്തതെന്ന് ഓര്‍ക്കണം. മഹാരാഷ്ട്ര ഹിന്ദു പ്ലെയ്സ് ഓഫ് വര്‍ഷിപ് ആക്ട് 1956 പ്രകാരം ഏതെങ്കിലും ക്ഷേത്രത്തില്‍ സ്ത്രീകളെ വിലക്കിയാല്‍ ആറ് മാസത്തെ തടവ് ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും കോടതി അറിയിച്ചിരുന്നു. മഹാരാഷ്ട്രയിലെ തന്നെ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാത്ത കോലാപൂര്‍ മഹാലക്ഷ്മി ക്ഷേത്രത്തിലും സ്ത്രീ പ്രവേശനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

അടുത്തതായി ശബരിമലയിലെ സ്ത്രീ പ്രവേശനമാണ്. ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നായ ശബരിമലയെക്കുറിച്ചും, അതിന്റെ ചരിത്രത്തെക്കുറിച്ചും അറിയാത്തവര്‍ വിരളമാണ്. എന്നാല്‍, അവിടെയും സ്ത്രീ പ്രവേശനം നിഷിദ്ധമാണ്. 55 വയസ്സു കഴിഞ്ഞ സ്ത്രീകള്‍ക്കു മാത്രമേ ശബരിമലയില്‍ പ്രവേശനം അനുവദിക്കൂ എന്ന് ക്ഷേത്രഭാരവാഹികളും ദേവസ്വം ബോര്‍ഡും ശഠിക്കുമ്പോള്‍ അതെന്തുകൊണ്ടാണെന്ന് പുരോഗമനവാദികളും കോടതിയും ചോദിക്കുന്നു. ചരിത്രപരമായ, വിശ്വസനീയമായ ഒരു വിശദീകരണം നല്‍കാന്‍ ദേവസ്വം ബോര്‍ഡിന് കഴിയുന്നുമില്ല. ഭഗവാന് ആണ്‍-പെണ്‍ വ്യത്യാസമുണ്ടോ എന്നാണ് സുപ്രീം കോടതി ചോദിച്ചത്. പത്തിനും 50-നുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പണ്ടുമുതലേ പ്രവേശം അനുവദിച്ചിരുന്നില്ലെന്ന ദേവസ്വം ബോര്‍ഡിന്റെ ന്യായീകരണത്തിന് 1500 വര്‍ഷം മുമ്പ് സ്ത്രീകള്‍ ക്ഷേത്രത്തില്‍ പൂജ നടത്തിയിരുന്നോ എന്ന് ആര്‍ക്കാണറിവ് എന്നാണ് കോടതി ചോദിച്ചത്. സ്ത്രീകള്‍ ക്ഷേത്രത്തില്‍ പോകണോ വേണ്ടയോ എന്നത് അവരുടെ താല്‍പര്യമാണ്. ആര്‍ക്കാണത് തടയാന്‍ കഴിയുകയെന്നും കോടതി ചോദിച്ചു. എന്നാല്‍ പാരമ്പര്യവാദങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുന്നവര്‍ പറയുന്നു സ്ത്രീകള്‍ ശബരിമലയില്‍ കയറിയാല്‍ അനര്‍ത്ഥങ്ങള്‍ ഉണ്ടാകുമെന്ന്. അതിന് അവര്‍ പറയുന്ന ന്യായീകരണം 41 ദിവസത്തെ വ്രതവും ആര്‍ത്തവവുമാണ്. ആര്‍ത്തവകാലത്ത് വീട്ടില്‍ വിളക്ക് വെയ്ക്കാത്ത, അമ്പലങ്ങളിലും പള്ളികളിലും പോകാത്ത സ്ത്രീകളുള്ള നാട്ടില്‍, ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ളവര്‍ക്ക് സ്ത്രീപുരുഷ ഭേദമന്യേ പ്രവേശനം വേണമെന്ന് പറഞ്ഞാല്‍ അതു നടക്കുന്ന കാര്യമല്ലെന്നാണവര്‍ പറയുന്നത്. എന്നാല്‍ രാഷ്ട്രീയവും ആചാരങ്ങളും തമ്മില്‍ കൂട്ടികുഴയ്ക്കരുതെന്ന് പറയുന്നവരും നിരവധിയാണ്. സ്ത്രീകള്‍ക്ക് ആര്‍ത്തവബുദ്ധിമുട്ട് ഇല്ലാത്ത സമയത്ത് ക്ഷേത്രത്തില്‍ കയറുന്നതിന് മേല്‍പ്പറഞ്ഞ ക്ഷേത്രത്തിലെ താന്ത്രിക സങ്കല്‍പ്പം തടസ്സമാണെങ്കില്‍ അത് കാലോചിതമായി പരിഷ്‌കരിക്കപ്പെടേണ്ടതല്ലേ എന്നാണ് പുരോഗമനവാദികള്‍ ചോദിക്കുന്നത്.

ആര്‍ത്തവകാലത്ത് പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വീടിന്റെ അടുക്കളകളില്‍ പോലും പ്രവേശനമില്ലാത്ത വീടുകളുണ്ട്. സ്ത്രീകളെ അകറ്റി നിര്‍ത്താന്‍ മാത്രം അത്രക്കും അപകടകാരിയാണോ അയിത്തം കല്പിക്കുന്ന ആര്‍ത്തവകാലം? സന്താനോല്പാദനത്തിന് വളരെ പ്രധാനപ്പെട്ട ഒരു ശാരീരിക പ്രക്രിയയാണ് ആര്‍ത്തവം. അതും ദൈവീകമായ വരദാനം. ആര്‍ത്തവം ജൈവികമായ സ്വാഭാവിക പ്രക്രിയാണെന്ന് തിരിച്ചറിയുമ്പോള്‍ തന്നെ ആര്‍ത്തവകാല വിലക്കുകള്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലും നിലനില്‍ക്കുന്നു. ശബരിമല സീസണ്‍ ആയിക്കഴിഞ്ഞാല്‍ പമ്പയിലേക്കുള്ള ബസുകളില്‍ പോലും സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നു. പുരുഷന്നും സ്ത്രീക്കും ഒരുപോലെ പൊതുസ്ഥലങ്ങളും പൊതു സര്‍വീസുകളും ഉപയോഗിക്കാന്‍ തുല്യമായ അവകാശം ഭരണഘടനയിലൂടെ നല്‍കുന്ന രാജ്യമാണ് ഇന്ത്യ. എന്നിട്ടും ആര്‍ത്തവത്തിന്റെ പേരിലുള്ള വിവേചനം തുടരുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നാണ് ബി.ആര്‍.പി പോലുള്ള സ്ത്രീ മുന്നേറ്റ സംഘടനകളുടെ വാദം. ആര്‍ത്തവം ദൈവീകമാണെങ്കില്‍ ആ ദൈവത്തെ കാണാന്‍ എന്തുകൊണ്ടാണ് സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതെന്നും അവര്‍ ചോദിക്കുന്നു. 

ശബരിമലയില്‍ സ്ത്രീ പ്രവേശനത്തെ സംബന്ധിച്ചുള്ള തര്‍ക്കം ഇത്രയും രൂക്ഷമാകാന്‍ കാരണം രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഇടപെടലാണെന്ന് വ്യക്തമാണ്. മാറിമാറി വന്ന ഇടതു വലതു സര്‍ക്കാരുകള്‍ അവരവരുടെ താല്പര്യങ്ങള്‍ക്കനുസരിച്ച് ചരിത്രം വളച്ചൊടിക്കുകയും, കോടതികളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തതിന്റെ പ്രത്യാഘാതമാണ് ഇപ്പോള്‍ സുപ്രീം കോടതി വരെ കേസ് എത്തിയത്. എന്തുകൊണ്ടാണ് സ്ത്രീകളെ നിരോധിച്ചതെന്നുള്ള ചോദ്യത്തിന് വിശ്വാസയോഗ്യമായ ഉത്തരം നല്‍കാന്‍ ഇതുവരെ ക്ഷേത്രക്കമ്മിറ്റിയ്‌ക്കോ ദേവസ്വം ബോര്‍ഡിനോ സാധിച്ചിട്ടില്ല. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനമുണ്ടായിരുന്നോ, സ്ത്രീകള്‍ അവിടെ പൂജ ചെയ്തിരുന്നോ, സ്ത്രീകള്‍ വേദമന്ത്രങ്ങള്‍ ഉച്ചരിക്കാന്‍ പാടില്ലെന്ന ആചാരമുണ്ടോ? എന്നീ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഒരു ഉത്തരം നല്‍കാന്‍ ക്ഷേത്രാധികാരികള്‍ക്ക് കഴിഞ്ഞില്ല. പക്ഷെ, സ്ത്രീകള്‍ക്ക് അനുകൂലമായ സത്യവാങ്മൂലം സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുമുണ്ട്. അതുകൊണ്ടുതന്നെ ശബരിമല വിഷയം കോടതി സംശയദൃഷ്ടിയോടെയാണ് കാണുന്നത്. ഈ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതുകൊണ്ടാണ് സാഹചര്യം മുതലെടുത്ത് മഹാരാഷ്ട്രയിലെ സ്ത്രീസന്നദ്ധ സംഘടനകള്‍ ജനുവരിയില്‍ ശബരിമലയിലേക്ക് മാര്‍ച്ച് ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.

ഈ വാദപ്രതിവാദങ്ങള്‍ നിലനില്‍ക്കേ തന്നെ അയ്യപ്പന് സ്ത്രീകളെ ഭയമാണെന്ന വാദവുമായി ഡി.സി. ബുക്‌സ് ഒരു വീഡിയോ ആല്‍ബം പുറത്തിറക്കിയിട്ടുണ്ട്. അയ്യപ്പനെന്തിനാണ് പെണ്ണിനെപ്പേടി എന്ന് വാദിക്കുന്ന 'റെഡി ടു വിസിറ്റ്' എന്ന ആ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായിക്കൊണ്ടിരിക്കുന്നു.  വീഡിയോ ഈ ലിങ്കില്‍ കാണാം: https://youtu.be/p-pri2eDEa4

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്ന ആര്‍ത്തവം ദൈവീകമാണെന്നും അതിന്റെ പേരില്‍ സ്ത്രീകളെ വിലക്കരുതെന്നും ആല്‍ബത്തിലൂടെ ആവശ്യപ്പെടുന്നുണ്ട്. എസ്.വി റിഷിയുടെ രചനയ്ക്ക് ദൃശ്യാവിഷ്‌കാരവും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത് സഞ്ജീവ് എസ് പിള്ളയാണ്. ദീപയാണ് ആല്‍ബത്തില്‍ പാടി അഭിനയിച്ചിരിക്കുന്നത്.

അടുത്തത് ശ്രീപത്മനാഭ സ്വാമി ക്ഷേത്രമാണ്. വിശ്വപ്രശസ്തമായ ഈ ക്ഷേത്രത്തിലെ ആചാരങ്ങള്‍ അതിവിചിത്രവും സാമൂഹ്യനീതിക്ക് ചേരാത്തതുമാണ്. മാന്യമായി വസ്ത്രം ധരിച്ച് ഏതു സ്ത്രീക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാമെന്ന കോടതി വിധി നിലനില്‍ക്കേ 'ഞങ്ങളതിനു സമ്മതിക്കില്ല' എന്ന ശാഠ്യവുമായി ക്ഷേത്രം അധികൃതരും ചില ഹൈന്ദവ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയത് അപലപനീയമാണ്. ആചാരമനുസരിച്ച് ചുരിദാറിന് മുകളില്‍ മുണ്ട് ധരിച്ചാല്‍ മാത്രമേ ക്ഷേത്രത്തില്‍ കയറ്റുകയുള്ളൂവെന്ന വിചിത്രമായ വാദവുമായാണ് അവര്‍ ചുരിദാര്‍ ധരിച്ചെത്തിയ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നത്. പുരുഷന്മാര്‍ മുണ്ടു മാത്രമുടുത്ത് ബാക്കിഭാഗം നഗ്‌നമാക്കി ക്ഷേത്രത്തില്‍ പ്രവേശിക്കാം. മാന്യമായി വേഷം ധരിച്ചെത്തുന്ന സ്ത്രീകളോട് 'പോയി മുണ്ടുടുത്തോണ്ട് വാ പെണ്ണേ' എന്നു പറഞ്ഞ് തിരിച്ചയക്കുന്നത് ദൈവത്തെപ്പോലും വെല്ലുവിളിക്കുന്നതിനു തുല്യമല്ലേ?

ഇനി അമേരിക്കയിലെ മലയാളി സ്ത്രീകളിലേക്ക് വരാം. കേരളത്തിലെപ്പോലെ ആരാധനാലയങ്ങളില്‍ അവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടില്ല. ഈ രാജ്യത്തെ നിയമവ്യവസ്ഥ അത് അംഗീകരിക്കുകയുമില്ല. അപ്പോള്‍ കര്‍ശനമായ നിയമവ്യവസ്ഥയുണ്ടെങ്കില്‍ ഇന്ത്യയിലും, പ്രത്യേകിച്ച് കേരളത്തിലും, സ്ത്രീകള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാന്‍ ബുദ്ധിമുട്ടില്ല എന്നു സാരം. അമേരിക്കയില്‍ സ്ത്രീപ്രാതിനിധ്യമില്ലാത്ത ഒരൊറ്റ സംഘടന പോലുമില്ലെന്നു പറയാം. മിക്കവാറും എല്ലാ സംഘടനകള്‍ക്കും വിമന്‍സ് ഫോറം അല്ലെങ്കില്‍ വിമന്‍സ് വിംഗ് ഉണ്ട്. നിരവധി ആക്റ്റിവിസ്റ്റുകള്‍ അവയില്‍ അംഗങ്ങളായുമുണ്ട്. ഒരു പോഷക സംഘടനപോലെ അവര്‍ മാതൃസംഘടനകളുടെ ഉന്നമനത്തിനും, അതുവഴി സമൂഹത്തിന് ഗുണകരമായ പ്രവര്‍ത്തികള്‍ ചെയ്തുവരുന്നു. തൊഴില്‍ മേഖലകളില്‍ അവര്‍ ഉന്നതിയിലെത്തുന്നു. ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വീണുകിട്ടുന്ന സമയം അവര്‍ സാമൂഹ്യസേവനത്തിനു വേണ്ടി നീക്കിവെയ്ക്കുന്നു. എന്നാല്‍, കുടുംബത്തിലെ പുരുഷന്മാരുടെ രക്ഷാകര്‍തൃത്വത്തിലല്ലാതെ സൂര്യാസ്തമയത്തിനുശേഷം 'നല്ല സ്ത്രീകള്‍' വീട്ടിനുപുറത്തിറങ്ങുകയില്ലെന്ന ധാരണ മനസ്സുകളില്‍ ആഴത്തില്‍ ഉറഞ്ഞുകിടക്കുന്ന ചില മലയാളികള്‍ അമേരിക്കയിലുമുണ്ട്. അവര്‍ സ്വന്തം ഭാര്യമാര്‍ മറ്റു പുരുഷന്മാരുമായി ചേര്‍ന്ന് സംഘടനാപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നതില്‍ അതൃപ്തിയുള്ളവരുമാണ്. അമേരിക്കയിലെത്തിയിട്ടും, ഔദ്യോഗിക-സാമ്പത്തിക-സാമൂഹിക-സാംസ്‌ക്കാരികപരമായി ഉന്നതിയിലെത്തിയിട്ടും ഈ ചിന്താഗതി വെച്ചുപുലര്‍ത്തുന്നവര്‍ അനവധിയുണ്ടിവിടെ. എവിടെയും പുരുഷന്മാര്‍ മാത്രം മതി. സ്ത്രീകള്‍ ധനസമ്പാദനത്തിനും മക്കളെ പ്രസവിക്കാനും മാത്രമുള്ള ഉപകരണമായി മാത്രം അവര്‍ കാണുന്നു.

എന്നാല്‍, അമേരിക്കന്‍ മലയാളികളില്‍ തന്നെ അറിയപ്പെടുന്ന നിരവധി സ്ത്രീകളെ നമുക്ക് പൊതുവേദികളില്‍ കാണാന്‍ കഴിയും. സംഘടനാ നേതൃത്വം വഹിക്കുന്നവര്‍ നിരവധിയുണ്ട്. അവര്‍ വളരെ സോഷ്യലായി എല്ലാവരോടും ഇടപെടുന്നു. ആ ഇടപെടല്‍ കാണുമ്പോള്‍ ചിലരുടെ മനസ്സുകളില്‍ 'ലഡ്ഡു പൊട്ടുന്നത്' സ്വാഭാവികം. ലഡ്ഡു പൊട്ടിക്കാന്‍ നടക്കുന്ന സ്ത്രീകളുമുണ്ടാകാം. പക്ഷെ, 'കംഫര്‍ട്ട് സോണില്‍' നിന്നുകൊണ്ടുതന്നെ അവര്‍ പുരുഷന്മാരോടിടപെടുന്നു. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിയ്ക്കുന്നു, തമാശകള്‍ പറയുന്നു, പൊട്ടിച്ചിരിക്കുന്നു, കുശലാന്വേഷണങ്ങള്‍ നടത്തുന്നു, ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു..... എല്ലാം വിശ്വാസത്തിന്റെ പേരില്‍. ഏതെങ്കിലും സ്ത്രീകള്‍ അല്പം അമിതസ്വാതന്ത്ര്യം കാണിച്ചാല്‍ 'മനസ്സില്‍ ലഡ്ഡു പൊട്ടുന്നവര്‍' സാഹചര്യം ചൂഷണം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍, ആ ചൂഷണത്തെ സ്ത്രീ എതിര്‍ക്കുകയോ അതൃപ്തി പ്രകടിപ്പിക്കുകയോ ചെയ്താല്‍ അവളെ സമൂഹത്തിനു മുന്‍പില്‍ അപഹാസ്യയാക്കാനായിരിക്കും പിന്നെയുള്ള ശ്രമം. എന്തുകൊണ്ടാണ് പുരുഷന്മാര്‍ക്ക് ഇങ്ങനെയൊരു മാനസിക വൈകൃതമുണ്ടാകുന്നത്?  എന്തുകൊണ്ടാണ് സംഘടനകളും പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും ഏറെ സജീവമായിട്ടും, സാമൂഹ്യ-സാംസ്‌ക്കാരിക-തൊഴില്‍ മേഖലകളില്‍ ശാക്തീകരണ വഴിയില്‍ സ്ത്രീകള്‍ ഏറെ മുന്നോട്ടു ഗമിച്ചിട്ടും, വ്യക്തിസ്വാതന്ത്ര്യവും സാമൂഹിക സുരക്ഷിതത്വവും ഇന്നും അവള്‍ക്ക് അപ്രാപ്യമാവുന്നത്?

സ്ത്രീകളെ പേടിക്കുന്ന ദൈവങ്ങളോ? (മൊയ്തീന്‍ പുത്തന്‍ചിറ- ലേഖനം)സ്ത്രീകളെ പേടിക്കുന്ന ദൈവങ്ങളോ? (മൊയ്തീന്‍ പുത്തന്‍ചിറ- ലേഖനം)സ്ത്രീകളെ പേടിക്കുന്ന ദൈവങ്ങളോ? (മൊയ്തീന്‍ പുത്തന്‍ചിറ- ലേഖനം)സ്ത്രീകളെ പേടിക്കുന്ന ദൈവങ്ങളോ? (മൊയ്തീന്‍ പുത്തന്‍ചിറ- ലേഖനം)സ്ത്രീകളെ പേടിക്കുന്ന ദൈവങ്ങളോ? (മൊയ്തീന്‍ പുത്തന്‍ചിറ- ലേഖനം)
Join WhatsApp News
Sudhir Panikkaveetil 2017-01-13 06:05:13
ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചാൽ ഉണ്ടാകുന്നത് നമുക്ക് ഊഹിക്കാവുന്നതാണ്.  41 ദിവസത്തെ ബ്രഹ്മചര്യം അനുഷ്ഠിച്ച് വരുന്ന പുരുഷന്മാർ ചുറ്റും സ്ത്രീകളെ തൊട്ടുരുമുമ്പോൾ (അമ്പലവും പതിനെട്ടാപടിയുമൊക്കെ ഇടുങ്ങിയതാണ്,സ്ഥലം വളരെ കുറവാണ്) ഇന്നസെന്റ് പറയുന്നപോലെ ആണുങ്ങളുടെ കൺട്രോൾ പോയി പരിസരം അശുധ്ധമാകയും സ്ത്രീകൾ പീഡിപ്പിക്കപ്പെടുകയും ചെയ്യുമായിരിക്കാം. പുരുഷന്റെ കയ്യിൽ നിന്ന് ഇങ്ങനെ ഒരു തെറ്റ് വരുമെന്ന് സമ്മതിക്കാൻ എം.സി.പികൾ തായാറാല്ല.അപ്പോൾ അവർ ചെയ്യുന്നത് സ്ത്രീകൾക്കുള്ള പ്രവേശനം നിഷേധിക്കുക തന്നെ. അഥവാ സ്ത്രീയെ
പ്രവേശിപ്പിക്കാമെന്ന് നിയമം വന്നാൽ തന്നെ കുലീനകളായ സ്ത്രീകൾ അവിടെ പോകാതിരിക്കയായിരിക്കും നല്ലത്.
Tom Abraham 2017-01-13 07:43:21

Christianity is unique in professing equality of male and female. Apostle Paul wrote, " there is neither Jew or Greek, slave nor free, male or female for you are all one in Jesus Christ " Christian egalitarianism vs. complementarianism debated over years. Briefly, progressiveness is in accepting Jesus in our lives, to transform and transmit. 


വാസുകി. 2017-01-13 09:34:48
ഇന്ത്യയില്‍ നിന്നും അമേരിക്കയിലെത്തുന്ന സ്റ്റേജ് ഷോകളുടെ മറവില്‍ മനുഷ്യക്കടത്തും വേശ്യാവൃത്തിയും വ്യാപകമാവുന്നു !

സ്റ്റേജ് പ്രോഗ്രാമുകള്‍ അവതരിപ്പിക്കുവാന്‍ സീസണുകളില്‍ അമേരിക്കയിലുടനീളം എത്തുന്ന താരസംഗമങ്ങളുടെ മറവില്‍ വ്യാപകമായി മനുഷ്യക്കടത്തും വേശ്യാവൃത്തിയും അരങ്ങു തകര്‍ക്കുന്നു.

നാട്ടില്‍ നിന്നും ലക്ഷക്കണക്കിന് രൂപ കൈപ്പറ്റിക്കൊണ്ടാണ് ചിലര്‍ ആളുകളെ അനധികൃതമായി അമേരിക്കയിലേക്ക് കടത്തുന്നത്.

അമേരിക്കയില്‍ റെസ്റ്റോറന്റുകളിലും പെട്രോള്‍ പമ്പുകളിലും സ്റ്റോറുകളിലും ആണ് കൂടുതലായും ഇത്തരത്തില്‍ മുങ്ങുന്ന ആളുകള്‍ അനധികൃതമായി ജോലി നോക്കുന്നത്.

ഒരു സ്റ്റേജ് ഷോ പോലും അരങ്ങിലെത്തിക്കാതെ പോലും പേപ്പറുകളില്‍ മാത്രം ഒതുങ്ങുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തിരുവനന്തപുരവും കൊച്ചിയും കേന്ദ്രമാക്കി നിയമ സഹായവും ഉണ്ട്. വ്യാജമായി ഉണ്ടാക്കുന്ന പ്രൊഫൈലുകളും പേപ്പര്‍ വര്‍ക്കുകളും കൊണ്ട് അമേരിക്കന്‍ എംബസിയെ പോലും കബളിപ്പിച്ചു കൊണ്ടാണ് ഇത്തരക്കാര്‍ അഴിഞ്ഞാടുന്നത്,

വര്ഷങ്ങളായി ഇങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ചിലരെ അമേരിക്കന്‍ ഗവണ്മെന്റ് ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തിയിട്ടുമുണ്ട് എങ്കിലും അവര്‍ മറ്റു ബിനാമികളെ ഉപയോഗിച്ച് ഈ രംഗത്ത് ഇപ്പോഴുണ് സജീവമാണ്, അപൂര്‍വം ചില കമ്പനികള്‍ ഒഴിച്ച് ബാക്കി എല്ലാ കമ്പനികളും ഇങ്ങനെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു,

ഇങ്ങനെ അനധികൃതമായി അമേരിക്കയില്‍ എത്തി മുങ്ങിയ ഫ്‌ലോറിഡയില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഒരു വ്യക്തിയാണ് അന്വേഷണ ഏജന്‍സിക്ക് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ആളുകളെ കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയത്, 10 ലക്ഷം രൂപയാണ് അയാള്‍ അമേരിക്കയിലേക്ക് കടത്തുന്നതിന് നല്‍കിയത്,

മാര്‍ച്ച് മുതല്‍ ഒക്ടോബര്‍ വരെ നീളുന്ന അടുത്ത സീസണ്‍ മുന്നില്‍ കണ്ട് ഇത്തരക്കാര്‍ ആളുകളില്‍ നിന്നും വന്‍ തുകകള്‍ വാങ്ങി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്നാണ് അണിയറയില്‍ നിന്നും ലഭിക്കുന്ന വിവരം.
Vayanakkaran 2017-01-13 10:37:44
Vasuki write the truth and right thing. Tar Night, Star show, Mimicry Dance, Ganamela trups mainly do and promote all kinds of illegal activites and prostitution. The beaty is mainly our Church grups, I mean all religious groups promote and conduct such shows by paying huge money, that too by collecting money from hard working nurses, belivers, parisherners, temple goers etc.. etc.. The pujaris, Bishops, priests, promoters, enjoy, conduct photo sessions with the stars, espec iall with female stars. Waht a pity? Speak morality and promote immorality? They do not promote local talents or local speakers. They invite the priests and the sexy stars to light up the lamps etc. They get the clap and at the same time they kick the buts of local speakers and local talents by booing also. It is a stange situation. We people has to write and raise our voices against this phenomina
വിദ്യാധരൻ 2017-01-13 11:48:14

സ്ത്രീകളെ കീഴ്പ്പെട്ട വർഗ്ഗമായി കാണുന്ന സമൂഹമാണ് ലോകത്തുള്ളത്.  എല്ലാ മതങ്ങളും ഇതിനു ഉത്തരവാദികളാണ്. സൃഷിട്ടിയുടെ പിന്നിലെ കൈകൾ ആരായിരുന്നാലും ഒന്ന് ഒന്നിനെ വിലക്കുറഞ്ഞത് എന്ന ചിന്തയോടെ അല്ല സൃഷ്ടിച്ചത്. രണ്ടിനും തുല്യമായ പങ്കാളിത്വവും പദവിയുമാണുള്ളത്.. പക്ഷെ ഓരോ മതത്തിനേയും എടുത്തു നോക്കിയാൽ അവരുടെ ഇതിന്റെ പിന്നിലെ കുടില ബുദ്ധികളെ കണ്ടെത്താൻ കഴിയും. ഇന്ന് ലോകത്തിലെ ദുരവസ്ഥയ്ക്ക് പിന്നിൽ മതവും അതിന്റെ പിണിയാളുകളുമാണെന്ന് വാദിക്കുന്ന ചിന്തകരെ ഞാൻ മാനിക്കുന്നു. കാപട്യം നിറഞ്ഞ ഈ ലോകത്തിൽ ഇതിനെ എതിർക്കാൻ കഴിവില്ലാത്തവരാണ് പുരോഹിതവർഗ്ഗത്തിന്റെ ചാവേറുപടയിൽ ചേർന്ന് നിന്ന് ഇല്ലാത്ത ദൈവത്തിനു വേണ്ടി പടപൊരുതുന്നതുന്ന 'പിശാചുക്കൾ"

കാപട്യകണ്ടകം കർക്കശതകൊടും
കാളാശ്മകണ്ഠം നിറഞ്ഞതാണീസ്ഥലം
ഞെട്ടി തെറിക്കും വിടരാൻ തുടങ്ങുന്ന
മൊട്ടുപോലുള്ള മാനസിതു കാണുകിൽ (പാടുന്ന പിശാച് -ചങ്ങമ്പുഴ )

Jayasree Nair 2017-01-13 12:56:11

Anya Mathathinte Kuttam Kandu Pidikathe, Swantham Mathathile Anacharangalku Ethire Thankal Vaal Uyarthu Adyam. Thankalude Samudayathile Karyangal Samayam Kittumpol Onnu Alochichu Noku: Sthreekalku Aaradhana Pallikalil Anuvadikarilla, Sthreekalku Education Cheyyan Anuvadam Illa, Sthreekalku Mukam Purathu Kaanikan Anuvadamilla, Ethra Sthreekale Kalyanam Kazhichalum Kanneru Kudipichalum Thankalude Samudayathinu Kuzhapam illa. Theevravadikaleyo, Pakistante India Virudha Pravarthangaleyo, Love Jihad neyo Thankal Orikal Polum Vimarshichu Kanditilla.

Oro Mathangalkum Nootandukalayittu Anushtichu Varunna Aacharangalum Anaacharangalum Ondu. Hindu Mathathilum Ondu Orupaadu Anaacharangal.

Adyam, Thankal Mattu Mathangal Haraam Aanennulla Chintha Vediyu.

Thankalude Mathavum, Kulavum, Daivavum Thankalku Nalla Budhi Varuthatte!

SATHYAANVESHI 2017-01-13 12:58:07
ഒർജിനൽ പേരല്ലെങ്കിലും വാസുകി എഴുതിയ മനുഷ്യക്കടത്തും താര നിശയുടെ പേരിൽ നടത്തുന്ന അഴിഞ്ഞാട്ടങ്ങളും വളരെ ശരിയാണ് . മാർച്ചു മുതൽ ഇവിടെ പലരോടൊപ്പം നിശകൾ നടത്താൻ നാട്ടിൽ കുറെ ന(വെ)ടികൾ റെഡിയായിക്കഴിഞ്ഞു . പിന്നെ, പുത്തൻചിറയ്ക്കു അമേരിക്കയിലെ പെണ്ണുങ്ങളെ മുഴുവൻ സംഘടനകൾക്കിറക്കണം എന്ന് വല്ല നിർബന്ധവുമുണ്ടോ. കുടുംബം നോക്കി അവർ വീട്ടിലിരുന്നോട്ടെ . അവർക്കില്ലാത്ത സൂക്കേട് മറ്റുള്ളവർക്ക് വേണോ . രാത്രി കാലങ്ങളിൽ നടക്കുന്ന സംഘടനാ പേക്കൂത്തുകൾക്കു പോകേണ്ടവർ പോകട്ടെ . കുടിക്കട്ടെ , ആടട്ടെ , പിടിക്കട്ടെ . അത് മറ്റുള്ളവർ കാണ്ടാൽ അത് വിവാദമായി . ഇല്ലെങ്കിൽ അതൊരു പൊടി സുഖവുമായി .
Moothappan 2017-01-13 13:02:03
If male and female are equal, does male have breast milk to feed babies! Has Changanpuzha any verses, or any poetic fire on female hormones or blood quality that blood banks have major issues.
Who dares the ocean, and fish ? Who conquered Everest ? Will you trust international flights entirely to female pilots and crew ? Best chefs in India, women ? 



ചന്ദ്രചൂടൻ 2017-01-13 13:17:43
ലേഖകൻ വളരെ വ്യക്തമായി അയാളുടെ സമുദായത്തിലെ കുറ്റങ്ങളെ ഈ ലേഖനത്തിൽ എടുത്ത് കാണിച്ചിട്ടുണ്ട്. പക്ഷെ എന്ത് ചെയ്യാം നായ എവിടെ ചെന്നാലും നക്കിയേ കുടിക്കൂ എന്ന് പറഞ്ഞതുപോലെ, താൻ ഒരിക്കലും ശരിയാകില്ല. ഒരു കാര്യം ചെയ്യ് വാലിൽ ഒരു കുഴലിട്ടു നോക്ക് ചിലപ്പോൾ നേരെയായാലാ? അല്ലെങ്കിൽ അത് ഉള്ളടത്തോളം കാലം നേരെ ഇരിക്കുമെല്ലോ?'
'കനക സിംഹാസനത്തിൽ കയറി ഇരിക്കുന്നവൻ
ശുനകനോ ശുംഭനോ?'

പൌലൂസ് 2017-01-15 14:50:04
സ്ത്രികൾ സഭയിൽ  മൗനം ആയി ഇരിക്കട്ടെ , അവർക്കു സംശയം ഉണ്ട് എങ്കിൽ  വീട്ടിൽ ചെന്ന്  ഭർത്താക്കന്മാരോടെ  ചോദിക്കട്ടെ .
- അപ്പോൾ ഭർത്താവ്  ഇല്ലാത്തവരോ  ?
കത്തോലിക്കാ , ഓർത്തഡോസ് സഭകളിൽ  ഇന്നും സ്ത്രികൾ  പുരോഹിതർ അല്ല.
അപ്പോൾ ഒരു ബോൺ എഗൈൻ കാരൻപറയുന്നു  ക്രിസ്‌തീയ സഭയിൽ ശ്രീകൾക്കു  തുല്ലത  ഉണ്ട് - ഹ ഹ 

വിദ്യാധരൻ 2017-01-15 19:17:41
മൂത്താപ്പൻ ചിന്താശക്തി നഷ്ടപ്പെട്ട ഒരു ജഡമാണ്. അയാൾക്ക് മുലക്കും  ലിംഗത്തിനും ആപ്പുറത്ത്  സ്ത്രീയും പുരുഷനും തമ്മിൽ വ്യത്യാസം കാണാനാവാതെ അന്ധനുമാണ് . അത് കാണണമെങ്കിൽ അകക്കണ്ണ് തുറക്കണം അപ്പോൾ സ്ത്രീയിലും പുരുഷനിലും കുടികൊള്ളുന്ന ചൈതന്യം ലിഗഭേദമില്ലാത്ത ഒന്നാണെന്ന് കാണാൻ കഴിയും. 
വൈദുതികൊണ്ടാണ് പങ്കയും ലൈറ്റും കത്തുന്നെതെങ്കിലും ആരും വൈദ്യുതിയെ പങ്കയെന്നോ ലൈറ്റെന്നോ വിളിക്കാറില്ല. അത് എന്താണെന്ന് അറിയണമെങ്കിൽ ,മൂത്താപ്പാന്റെ തലക്ക് ഷോക്കടിപ്പിക്കണം. അപ്പോൾ രണ്ടുണ്ടു ഗുണം. മൂത്താപ്പന് ശരിയായ ബോധം വരും അതുപോലെ വൈദ്യതി എന്താണെന്ന് മനസിലാകും.  പിന്നെ മനസിലാകും സ്ത്രീയുടെയും പുരുഷന്റെയും പിന്നിൽ പ്രവർത്തിക്കുന്ന ചൈതന്യം ഒന്നെന്നെന്നും പങ്കപോലെയും ലൈറ്റ് പോലെയും ചില സംവിധാനങ്ങളിൽ ഉണ്ടാകുന്ന വ്യതാസമാണ് ഇതെന്ന്.  ഷീല ടീയ്ച്ചറുടെ ഉപദേശം കൈക്കൊണ്ടു കുറച്ചേ വായിച്ച് കൂടുതൽ ചിന്തിക്കുന്നത് നല്ലതായിരിക്കും 

പിതാ രക്ഷതി കൗമാരെ 
ഭർത്താ രക്ഷതി യൗവനേ 
രക്ഷന്തി സ്ഥാവിരെ പുത്രാ 
ന സ്ത്രീ സ്വാതന്ത്ര്യമർഹതി    -എന്ന മനുവിന്റെ ശ്ലോകം , സ്ത്രീ,  പുരുഷന്റെ ചൊൽപ്പടിക്ക് നിൽക്കുന്നവൾ എന്ന അർത്ഥത്തിലല്ല കല്പിക്കേണ്ടത് നേരെമറിച്ചു സ്ത്രീയെ എത്രമാത്രം കരുതാൻ പുരുഷ വർഗ്ഗം ബാധ്യസ്ഥരാണെന്ന അർത്ഥത്തിൽ എടുക്കേണം (നാം വീട്ടിൽ കണ്ടുപഠിച്ചോതൊന്നും എല്ലായിപ്പോഴും ശരിയാകണമെന്നില്ല )

സ്ത്രീയെ അടിച്ചമർത്താൻ ശ്രമിക്കുമ്പോൾ സ്ത്രീയായ സ്വന്തം മാതാവിനെ ഓർക്കുന്നതും വ്യാസന്റെ ശ്ലോകം  വായിച്ചു ഗ്രഹിക്കുന്നതും നല്ലതായിരിക്കും 

നാസ്തി മാതൃസമാ ഛായ 
നാസ്തി മാതൃസമാ ഗതിഃ 
നാസ്തി മാതൃസമാ  ത്രാണം 
നാസ്തി മാതൃസമാ  പ്രിയാ 

അമ്മയെപ്പോലെ ഒരു തണലോ, അമ്മയെപ്പോലെ ഒരു ആശ്രയമോ, അമ്മയെപ്പോലെ ഒരു രക്ഷയോ, അമ്മയെപ്പോലെ ഒരു പ്രിയമോ ഇല്ല 

മേൽപ്പറഞ്ഞ കവിത ഹൃദ്യസ്ഥമാക്കി ഉരുവിടാൻ എളുപ്പമാണ് ഛായ, ഗതി, ത്രാണം, പ്രിയാ എന്ന നാല് വാക്കിന്റെ അർത്ഥം മനസിലാക്കിയാൽ 'നാസ്തി മാതൃസമാ' എന്നത് നാല് വരിയിലും എന്നത് ഒന്ന് തന്നെയാണ് 

മൂത്താപ്പൻ ഇതിന് മറുപടി എഴുതണം എന്നില്ല. തനിക്ക് ഇപ്പോൾ എന്തൊക്കെ എഴുതാൻ കഴിയുമെന്നത് ഏതാണ്ട് വായനക്കാർക്കു മനസിലായി .
James Mathew, Chicago 2017-01-15 17:27:52
ഓരോ മതങ്ങളും ഓരോ ദൈവ ങ്ങളെ ആരാധിക്കുന്നു പണ്ട് ആരോ പറഞ്ഞ് വച്ച പോലെ. നമ്മൾ വായനക്കാർക്ക് അത് മാറ്റാൻ കഴിയില്ല. ശബരിമല പോലുള്ള സ്ഥലത്ത് സ്ത്രീകൾ പോകാതിരിക്കുന്നതായിരിക്കും നല്ലത്. 
അമേരിക്കൻ മലയാളികൾ വ്യക്തി പൂജ ചെയ്യുന്നവരാണ്.  ഡോക്ടർ എന്ന് കേട്ടാൽ പിന്നെ
അവരെ തൊഴുത് അവരിൽ എല്ലാ അറിവും
ഉണ്ടെന്ന് വിശ്വസിച് അവരുടെ ചൊൽപ്പടിക്ക് നിൽക്കുന്നവരെ നമ്മൾ സമൂഹത്തിൽ കാണുന്നു. അതിനും മരുന്നില്ല. പിന്നെ ഇങ്ങനെ വായനക്കാരുടെ അഭിപ്രായത്തിൽ എഴുതി
പരസ്പരം വഴക്ക് കൂടാമെന്നു മാത്രം. ആൻഡ്രു , അന്തപ്പൻ, മാത്തുള്ള ഈ ത്രിമൂത്തികൾ സമാന്തര രേഖകളാണ്.  മാത്തുള്ള രണ്ട് വഞ്ചിയിൽ കാലിടുന്നു ഒരേ സമയം നമ്പൂരിയും കൃസ്ത്യാനിയും ആകുക അതിനു വേണ്ടി വാദിക്കുക. നമ്മൾ അമേരിക്കയിൽ കൃസ്ത്യാനി സമൂഹം കർത്താവിന്റെ വചനങ്ങൾ അനുസരിച്ച് ജീവിച്ച് മറ്റുള്ളവർക്ക് മാതൃകയാകേണ്ടതാണ്. എന്തിനു വഴക്കുകൂട്ടുന്നു, ശത്രുത പുലർത്തുന്നു,
അറിവുണ്ടെന്നു ആരെങ്കിലും പറഞ്ഞു നടക്കുന്നെങ്കിൽ അത് ചോദ്യം ചെയ്യാൻ പോകുന്നു. എല്ലാവരും കർത്താവിൽ വിശ്വസിക്കുക. അവന്റെ വഴിയിലൂടെ നടക്കുക. ഞാൻ തന്നെ വഴിയും സത്യവും, ജീവനുമെന്നു
പറഞ്ഞ കർത്താവിനോട് അപേക്ഷിക്കുക.
andrew 2017-01-15 13:59:22

'our father[male] in heaven where is our Mother {god} ?

Thanks to the author and e malayalee for bringing out an article like this especially in a time; even in a country which claim to be epitome of civilization; the newly elected want to control a woman from birth to death. The irony is a religion which preaches 'unconditional love' & universal love is the biggest promoter of the evils planned by the republicans. The male dominated republicans stand as traitors when they plotted to bring down a female candidate & not only they want complete control of the female body but also they want to isolate and deport certain religious groups, build a wall which will be knocked down in the near future and start a war in any part of the World to pocket the profit.

Let us go back to the 'so called scriptures' written by male dominated egocentric, woman haters. They wrote in the name of god, a full fiction called bible. In parallel by the valleys of the mighty Himalayas another group fabricated the Vedas. They regarded women as inferior, submissive to men. Sold them as slaves & regarded as live stock wealth. That collection of books of male ego called bible belongs to the section of Fiction or trash in the Library. But the sad part is: this fiction gave birth to 3 major religions of the world – Judaism, Christianity & Islam. They all are male dominated, even in this century women are not ordained in catholic and orthodox churches.

Religion, in the beginning was very close to Nature. Humans worshiped wonders and natural occurrences& forces. Women were worshiped in the cults of prehistoric worshipers. But in later centuries, 'alpha male' syndrome began to dominate and gods became males. It is interesting to see this male domination came from the same source. The bible scribes were the male priests who were slaves in Babylon. The vedic priests too came from the same region. Those priests introduced rituals, laws, sacrifices of animals to humans. These male dominated religions has to go. religion retards free thinking and progress and peace. We need to love and respect one another to survive or else we fight in the name of religion & god created by males and perish. All those male made gods are obsolete. All rational humans should boycott & stay away from these religions & their gods.

The new generation is asking' our father who art in heaven {?} where is our mother.

Yes, the new thinking,rational generation will see things above religion and god.

Let Love, respect, kindness, empathy, reason …..generate in all; to spread out to all to create a heaven in this Earth in this life.

മൊയ്തീന്‍ പുത്തന്‍‌ചിറ 2017-01-15 20:45:39
"സകലതിനെപ്പറ്റിയും പരിഹസിക്കുക - ഒന്നിനെപ്പറ്റിയും ഗൗരവമില്ലാതിരിക്കുക - ഈ മഹാവ്യാധി നമ്മുടെ ദേശീയ രക്തത്തിൽ കടന്നുകൂടിയിരിക്കുന്നു. അതിനു ഉടൻ ചികിത്സ ചെയ്യണം" - സ്വാമി വിവേകാനന്ദന്‍ 

ഡോ. എന്‍.പി. ഷീലയുടേയും, ജയശ്രീ നായരുടേയും കമന്റുകള്‍ വായിച്ചപ്പോള്‍ മേല്പറഞ്ഞ സ്വാമി വിവേകാനന്ദന്റെ വചനമാണ് ഓര്‍മ്മ വന്നത്. ഒരാള്‍ ഒരു ജാതിയെ അടച്ചാക്ഷേപിക്കുന്നു, ലേഖനവുമായി യാതൊരു ബന്ധവുമില്ലാത്ത വിഷയത്തിലാണെങ്കില്‍ പോലും. മറ്റൊരാള്‍ "ഞാനാണ് വലിയവന്‍, ഞാന്‍ ഞാന്‍ മാത്രം" എന്ന രീതിയില്‍ പ്രതികരിക്കുന്നു. ലേഖനത്തിന്റെ തുടക്കം തന്നെ ഹാജി അലി എന്ന മക്ബറയില്‍ ഇസ്ലാം മത വിശ്വാസികള്‍ ആചാരത്തിന്റെ പേരില്‍ കാണിക്കുന്ന  'അന്ധവിശ്വാസ'ത്തെക്കുറിച്ചാണ്. അതേക്കുറിച്ച് കുറെയധികം എഴുതാനുണ്ടായിരുന്നു. പക്ഷെ,  ലേഖനം നീണ്ടുപോകും. അതുകൊണ്ട് ഒരു 'രത്നച്ചുരുക്കം' നല്‍കി.  ഇസ്ലാം മതത്തിലെ അനാചാരങ്ങളെക്കുറിച്ച് മുമ്പും ഞാന്‍ നിരവധി ലേഖനങ്ങളെഴുതിയിട്ടുണ്ട്. അവയെല്ലാം ഇ-മലയാളി പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. മാറാട് കലാപത്തെ ആസ്പദമാക്കി എഴുതിയ "പള്ളിപ്പറമ്പിലെ ആയുധശേഖരം" എന്ന ലേഖനത്തിന്റെ  പേരില്‍ ചിലര്‍ എനിക്കെതിരെ 'ഫത്‌വ'യും പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ലേഖനത്തില്‍ പുതുമയായി ഒന്നുമില്ല. അതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വീഡിയോ ലിങ്ക് തുറന്നാല്‍ ഒരു ഗാനം കേള്‍ക്കാം. ഡി.സി. ബുക്സിന്റേതാണ്. അതില്‍തന്നെ എല്ലാം അടങ്ങിയിട്ടുണ്ട്. എന്നെ വിമര്‍ശിക്കുന്നവര്‍ ഡി.സി.ബുക്സിനേയും കോടതികളേയും വിമര്‍ശിക്കട്ടേ. എല്ലാം ഇന്ന് വ്യാപകമായി ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളാണ്. കോടതികളില്‍ വ്യവഹാരങ്ങളും നടക്കുന്നു.  ഞാനും ഒരു അയ്യപ്പ ഭക്തനാണ്. ജാതി-മത-വര്‍ഗ ചിന്തകളില്ലാതെ ജീവിക്കുന്നു എന്നു മാത്രമല്ല, എന്റെ ജീവിതത്തിലും അത് പകര്‍ത്തിയ വ്യക്തിയുമാണ്. അതുകൊണ്ടുതന്നെ ഏതൊരു മതവിശ്വാസികളേയും ആക്ഷേപിക്കാനോ പരിഹസിക്കാനോ എനിക്കാവില്ല. മുസ്ലിം സ്ത്രീകള്‍ക്ക് പള്ളികളില്‍ ആരാധനയ്ക്ക് അനുവാദമില്ല എന്ന് ആര് പറഞ്ഞു? ഹൈന്ദവര്‍ ശബരിമലയ്ക്ക് പോകുക എന്നുപറഞ്ഞാല്‍ മുസ്ലിം വിശ്വാസികള്‍ മക്കയില്‍ ഹജ്ജിനു പോകുന്നതിനു തുല്യമാണ്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ഹജ്ജിനു പോകാം. യാതൊരു തടസ്സവുമില്ല. അറബ് രാജ്യങ്ങളിലെ എല്ലാ പള്ളികളിലും സ്ത്രീകള്‍ക്ക് പോകാം. ഇവിടെ അമേരിക്കയിലും അങ്ങനെ തന്നെ. വടക്കേ ഇന്ത്യയിലുമുണ്ട്. കേരളത്തില്‍ ചിലയിടങ്ങളില്‍ സുന്നി വിശ്വാസികള്‍ അതിന് അനുവദിക്കുന്നില്ല. പക്ഷെ, അതിനെതിരെ എന്നെപ്പോളെയുള്ളവര്‍ വാളെടുക്കുന്നുമുണ്ട്. അതിനു മാത്രമല്ല, മുസ്ലീം സമുദായത്തില്‍ നിലനില്‍ക്കുന്ന മറ്റു  പല അനാചാരങ്ങള്‍ക്കും എന്നെപ്പോലെയുള്ളവര്‍ എതിര്‍ക്കുകയും പ്രതികരിക്കുകയും ചെയ്യുന്നുണ്ട്.  എന്റെ പേര് കേട്ടപ്പോഴേക്കും ജയശ്രീ നായര്‍ വാളെടുത്തു, വെട്ടാന്‍. ലേഖനം മുഴുവന്‍ വായിച്ചില്ല എന്ന് അതില്‍ നിന്ന് വ്യക്തം. ഡോ. ഷീലയാണെങ്കില്‍ "എനിക്കു ശേഷം പ്രളയം" എന്ന രീതിയില്‍ പ്രതികരിച്ചു.... "Nobody is perfect, and nobody deserves to be perfect."
ചാക്കോ നമ്പൂതിരി 2017-01-15 19:20:53
അപ്പോൾ ഞാൻ ഏന്തു ചെയ്യണം ജെയിംസ് മാത്യു ?
Moothappan 2017-01-16 07:34:21

I am not mere dead body. But, a body that will resurrect. " Matha, Pita, Guru Daivam " So, Mahakavi or Mahabhariya is mere Maya. What is ultimately real is GOD. His inspiration is enough for me. Emalayalee is Mayavilasam . Devil will oppose, will try dead Sanskrit, to confuse us. 


Joseph Padannamakkel 2017-01-17 05:31:46
ശ്രീ മൊയ്തിൻ പുത്തൻചിറയെ വർഷങ്ങളായി എനിക്കറിയാം. ഇതിനോടകം നൂറുകണക്കിന് ലേഖനകളുടെ പരമ്പരകൾ തന്നെ എഴുതി സഹൃദയരിലെത്തിച്ച അദ്ദേഹത്തെ അറിവില്ലാത്തവനെന്നോ വർഗീയ ചിന്താഗതിക്കാരനെന്നോ ചിത്രീകരിക്കുന്നവർ സ്വയം മനസിനെ പരിവർത്തനപ്പെടുത്തേണ്ടതുമുണ്ട്. ഹൈന്ദവ സംസ്ക്കാരത്തെപ്പറ്റി അദ്ദേഹത്തെ ആരും പഠിപ്പിക്കേണ്ട ആവശ്യമില്ല. ഏതൊരു പണ്ഡിതനെപ്പോലെയും ആധികാരികമായി അദ്ദേഹത്തിന് പറയുവാനും എഴുതുവാനും കഴിയും. സ്വന്തം ജീവിതവും ഈ രണ്ടു സംസ്ക്കാരങ്ങളിൽക്കൂടി പ്രതിഷ്ഠാപനമിട്ട വ്യക്തികൂടിയാണ് അദ്ദേഹം. മതമെന്ന വിഷപ്പുക മനസ്സിൽ ജ്വലിച്ചിരിക്കുന്നവർ അറിവു  തേടുന്നതിനുപകരം വൈകാര്യകതയ്ക്ക് പ്രാധാന്യം കല്പിക്കും. അതിനു മാറ്റം വരുത്തി സ്വന്തം ചിന്താശക്തിയെ ബലവത്താക്കുകയാണ് വേണ്ടത്. 

ശ്രീ മൊയ്തീന്റെ ലേഖനത്തിലുള്ള അഭിപ്രായങ്ങൾ മുഴുവനായി സ്വീകരിക്കണമെന്നുമില്ല. പമ്പയാറും കാട്ടുപ്രദേശങ്ങളും കടന്നുകൊണ്ടുള്ള സ്ത്രീകളുടെ ഈ തീർത്ഥയാത്രയെ അനുകൂലിക്കാനും പ്രയാസമാണ്. സ്ത്രീ വിവേചനം കൊണ്ടല്ല, മറിച്ച് പമ്പയുടെ തീരവും വനപ്രദേശങ്ങളും സ്ത്രീ സഞ്ചാരത്തിന് അനുയോജ്യമായ പ്രദേശങ്ങളല്ല. കൂടാതെ അയ്യപ്പന്മാരുടെ മറവിൽ കപടവേഷധാരികൾ നക്ഷത്ര ബംഗ്ളാവുകളും പടുത്തുയർത്താൻ ശ്രമിക്കും. അയ്യപ്പന്മാരെങ്കിലും നമ്മുടെ പുരുഷന്മാരെ വിശ്വസിക്കേണ്ട ആവശ്യവുമില്ല. പ്രായമുള്ള സ്ത്രീകളെയും പീഡിപ്പിച്ച കഥകൾ ശബരിമല പരിസരങ്ങളിൽ ഉണ്ടായിട്ടുണ്ട്. 

സ്ത്രീകളുടെ ജനബാഹുല്യം പരിസ്ഥിതി നശിക്കുമെന്ന് ശ്രീമതി സുഗതകുമാരി അഭിപ്രായപ്പെട്ടിരിക്കുന്നു. പമ്പയാറ്റിൽ അയ്യപ്പപ്രവാഹം മൂലം മാലിന്യം കെട്ടിക്കിടക്കുന്നു. കുറെ വർഷങ്ങൾക്കു മുമ്പ് തീർഥാടകർ കേരളത്തിൽനിന്ന് മാത്രമുള്ളവരായിരുന്നു. ഇന്ന് അയ്യപ്പഭക്തർ ഭാരതത്തിന്റെ നാനാഭാഗത്തുനിന്നുമായി മില്യൺ കണക്കിനെത്തുന്നു. സ്ത്രീകൾക്കാവശ്യമുള്ള ടോയ്‌ലറ്റുകളൊന്നും ആ പ്രദേശങ്ങളിലില്ല. മൃഗസമ്പത്തും നശിക്കുന്നു. വനങ്ങൾ നശിച്ചാൽ പ്രകൃതിയും വരണ്ടുപോകും. വെള്ളത്തിനും ക്ഷാമം ഉണ്ടാകും.

രാഹുൽ ഈശ്വരനെപ്പോലുള്ള തീവ്രമത വിശ്വാസികൾ, സ്ത്രീകൾ അയ്യപ്പനെ ദർശിച്ചാൽ അയ്യപ്പൻറെ നൈഷ്ഠിക ബ്രഹ്മചര്യത്തിനു കോട്ടം വരുമെന്ന് അഭിപ്രായപ്പെടുന്നു. യുക്തിയുടെ ലവലേശമില്ലാതെയാണ് അയാൾ സംസാരിക്കുന്നത്. സ്ത്രീയെ കണ്ടാൽ ഗുരുപദിഷ്ടമായ നിഷ്ഠകള്‍ തെറ്റാതെ അനുഷ്ഠിക്കുന്ന അയ്യപ്പന് ഇളക്കം വരുമെങ്കിൽ അങ്ങനെയുള്ള അയ്യപ്പൻ എങ്ങനെ ഒരു ശക്തിയുള്ള ദൈവമാകും. 

അയ്യപ്പനെ വിവാഹം കഴിക്കാനാഗ്രഹിക്കുന്ന മാളികപ്പുറത്തമ്മയെയും അയ്യപ്പൻറെ സന്നിധാനത്തിനു വിദൂരമല്ലാതെ പ്രതിഷ്ഠിച്ചിട്ടുണ്ട്. അയ്യപ്പഭക്തന്മാരായ കന്നിതീർഥാടകർ എത്താത്ത കാലത്തിൽ മാളികപ്പുറത്തമ്മയെ വിവാഹം കഴിച്ചുകൊള്ളാമെന്നുള്ള അയ്യപ്പൻറെ വാഗ്ദാനവും ഉണ്ട്. ഇത്തരം വിശ്വാസങ്ങളിൽക്കൂടി സ്ത്രീയ്ക്ക് അവിടെ പ്രവേശനം നിഷേധിക്കുന്നതിൽ അർത്ഥമില്ല.

അട്ടയും പുഴുവും കീടങ്ങളും വരെ വിഗ്രഹങ്ങൾക്ക് സമീപത്തുകൂടി സഞ്ചരിക്കുന്നു. അഹിന്ദുക്കൾക്കും സഞ്ചരിക്കാം. എന്നിട്ടും യുവതികൾക്ക് അയ്യപ്പ സന്നിധാനം വിലക്കുന്നത് അധർമ്മമാണ്. ഒരു കൊച്ചുപെൺകുട്ടി വിഗ്രഹത്തെ സ്പർശിച്ചപ്പോൾ അയ്യപ്പൻ അശുദ്ധമായി. അതിനായി ശുദ്ധികലശം നടത്തിക്കൊണ്ട് വലിയ ഒച്ചപ്പാടുമുണ്ടാക്കി. അത് ഹൈന്ദവത്വമല്ല. ഇതെക്കെ ചോദിക്കാൻ അഹിന്ദുവിന്‌ എന്ത് കാര്യമെന്നു ചിന്തിക്കുന്നവരുമുണ്ടെന്നറിയാം. അയുക്തി കാണുന്നവരെ വിരൽ ചൂണ്ടാൻ ആർക്കും അവകാശമുണ്ട്. കാരണം ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും ഭാരതത്തിലെ ഒരേ വായു തന്നെയാണ് ശ്വസിക്കുന്നത്.  

വേദങ്ങളും ഉപനിഷത്തുക്കളും സ്ത്രീകൾക്ക് സമത്വം മാത്രമേ കൽപ്പിച്ചിട്ടുള്ളൂ. അതിനെ സാധുകരിച്ച് സംസ്കൃതത്തിൽ ധാരാളം ശ്ലോകങ്ങളുമുണ്ട്. സൃഷ്ടിയുടെ രഹസ്യങ്ങളും സ്ത്രീയിൽക്കൂടിയെന്നു വൈദികമതം വിശ്വസിക്കുന്നു. ഹൈന്ദവത്വത്തിൽ ദൈവങ്ങളിൽപ്പോലും അസമത്വമില്ല. ദുർഗപോലുള്ള ദൈവങ്ങളിൽക്കൂടി സ്ത്രീയെ ശക്തിയായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. ആ സ്ത്രീ അയ്യപ്പൻറെ മുമ്പിൽ മാത്രം അശുദ്ധവും. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക