Image

ജെല്ലിക്കെട്ട്‌ : ഓര്‍ഡിനന്‍സ്‌ ഇറക്കാനാവില്ലെന്ന്‌ കേന്ദ്ര സര്‍ക്കാര്‍

Published on 13 January, 2017
ജെല്ലിക്കെട്ട്‌ : ഓര്‍ഡിനന്‍സ്‌ ഇറക്കാനാവില്ലെന്ന്‌ കേന്ദ്ര സര്‍ക്കാര്‍


ന്യൂദല്‍ഹി: ജെല്ലിക്കെട്ടിനായി ഓര്‍ഡിനന്‍സ്‌ ഇറക്കാനാവില്ലെന്ന്‌ കേന്ദ്രസര്‍ക്കാര്‍ തമിഴ്‌നാടിനെ അറിയിച്ചു. കേസില്‍ സുപ്രീംകോടതി വിധി പറയാനിരിക്കെ നിയമപരമായ തടസങ്ങളുണ്ടെന്ന്‌ കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചു. ജെല്ലിക്കെട്ട്‌ കേസില്‍ വേഗത്തില്‍ വിധി പറയാനാവില്ലെന്ന്‌ കഴിഞ്ഞദിവസം സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

മൃഗങ്ങളോടുള്ള ക്രൂരതയാണെന്ന്‌ ചൂണ്ടിക്കാട്ടി 2014ലാണ്‌ ജെല്ലിക്കെട്ട്‌ സുപ്രീംകോടതി നിരോധിച്ചത്‌. ഇതിന്‌ശേഷം ജെല്ലിക്കെട്ടിന്‌ കാളകളെ ഉപയോഗിക്കാമെന്ന്‌ കാട്ടി കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം വിജ്ഞപനം പുറത്തിറക്കി. 

ഇത്‌ ചോദ്യം ചെയ്‌തുള്ള ഹര്‍ജിയാണ്‌ സുപ്രീംകോടതിയുടെ പരിഗണനയില്‍ ഉള്ളത്‌. ഈ കേസില്‍ വിധി വരുന്നതിന്‌ മുമ്പായി ഓര്‍ഡിനന്‍സ്‌ ഇറക്കിയാല്‍ ഗുണം ചെയ്യില്ലെന്നാണ്‌ കേന്ദ്ര സര്‍ക്കാരിന്‌ ലഭിച്ചിരിക്കുന്ന നിയമോപദേശം.

സുപ്രീംകോടതി വിധി വൈകുന്ന സാഹചര്യത്തില്‍ ഈ വര്‍ഷം ജെല്ലിക്കെട്ട്‌ നടത്താനായി കേന്ദ്രം ഓര്‍ഡിനന്‍സ്‌ ഇറക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി പനീര്‍ശെല്‍വം പ്രധാനമന്ത്രിക്ക്‌ കത്തയച്ചിരുന്നു. അതേസമയം തമിഴ്‌നാട്ടിലെ പലയിടത്തും ജെല്ലിക്കെട്ട്‌ ആരംഭിച്ചതായാണ്‌ റിപ്പോര്‍ട്ട്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക