Image

ബാര്‍ കോഴക്കേസ്‌ അട്ടിമറി: ശങ്കര്‍ റെഡ്ഡിക്ക്‌ ക്ലീന്‍ചിറ്റ്‌

Published on 13 January, 2017
ബാര്‍ കോഴക്കേസ്‌ അട്ടിമറി: ശങ്കര്‍ റെഡ്ഡിക്ക്‌ ക്ലീന്‍ചിറ്റ്‌
 തിരുവനന്തപുരം: ബാര്‍ കോഴക്കേസ്‌ അന്വേഷണം അട്ടിമറിക്കാന്‍ ഇടപെട്ടുവെന്ന പരാതിയില്‍ വിജിലന്‍സ്‌ മുന്‍ ഡയറക്ടര്‍ എന്‍. ശങ്കര്‍ റെഡ്ഡിക്കെതിരെ തെളിവില്ലെന്ന്‌ കാട്ടി ത്വരിതാന്വേഷണ റിപ്പോര്‍ട്ട്‌ വിജിലന്‍സ്‌ കോടതിയില്‍ സമര്‍പ്പിച്ചു. 

മുന്‍മന്ത്രി കെ.എം.മാണിക്കെതിരായ ബാര്‍കോഴക്കേസ്‌ ശങ്കര്‍ റെഡ്ഡിയും അന്വേഷണ ഉദ്യോഗസ്‌ഥനായിരുന്ന എസ്‌പി ആര്‍.സുകേശനും ചേര്‍ന്ന്‌ അട്ടിമറിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി. വിജിലന്‍സ്‌ കോടതിയില്‍ ഹാജരാക്കിയ 100 പേജുള്ള റിപ്പോര്‍ട്ടില്‍ ശങ്കര്‍ റെഡ്ഡിയും സുകേശനും കേസ്‌ അട്ടിമറിക്കാന്‍ ഇടപെട്ടതിന്‌ തെളിവില്ലെന്നാണ്‌ പറയുന്നത്‌.

ശങ്കര്‍ റെഡ്ഡിക്കെതിരായ ത്വരിതാന്വേഷണ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കേണ്ട അവസാന തീയതിയായിരുന്നു ഇന്ന്‌. അന്വേഷണ ഉദ്യോഗസ്‌ഥനായിരുന്ന സുകേശന്‍ കേസ്‌ ഡയറി തിരുത്തിയെന്നും വിജിലന്‍സ്‌ ഡയറക്ടറായിരുന്ന ശങ്കര്‍ റെഡ്ഡി ഇതിന്‌ സമ്മര്‍ദ്ദം ഉപയോഗിച്ചെന്ന പരാതിയിലുമായിരുന്നു അന്വേഷണം.

റിപ്പോര്‍ട്ടില്‍ ശങ്കര്‍ റെഡ്ഡിക്ക്‌ ക്ലീന്‍ചിറ്റ്‌ ആണെങ്കിലും അദ്ദേഹം അന്വേഷണ ഉദ്യോഗസ്‌ഥന്‌ ഏകപക്ഷീയമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയെന്ന പരാമര്‍ശമുണ്ട്‌. എന്നാല്‍ ഇത്‌ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനുള്ള തെളിവല്ലെന്നാണ്‌ വിജിലന്‍സ്‌ കണ്ടെത്തല്‍. ഫെബ്രുവരി ഏഴിന്‌ വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌ തിരുവനന്തപുരം വിജിലന്‍സ്‌ കോടതി പരിഗണിക്കും. 




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക