Image

പ്രവാസികളുടെ താരം ശ്രീമതി സുഷമ സ്വരാജ് (ഒരു അവലോകനം: ജോസഫ് പടന്നമാക്കല്‍)

Published on 13 January, 2017
പ്രവാസികളുടെ താരം ശ്രീമതി സുഷമ സ്വരാജ് (ഒരു അവലോകനം: ജോസഫ് പടന്നമാക്കല്‍)
ഭാരതീയ ജനതാ പാര്‍ട്ടി അംഗവും പതിനാറാമത് ലോകസഭയിലെ ക്യാബിനറ്റ് മന്ത്രിയും മുതിര്‍ന്ന നേതാവുമായ ശ്രീമതി സുഷമ സ്വരാജ്, ചരിത്രം തിളങ്ങുന്ന നേട്ടങ്ങളുമായി ലോകമാകമാനമുള്ള പ്രവാസി സമൂഹങ്ങളുടെ പ്രിയങ്കരിയായി തീര്‍ന്നിരിക്കുന്നു. രാഷ്ട്രീയത്തില്‍ പരാജയങ്ങളും വിജയങ്ങളും ഒന്നുപോലെ രുചിച്ചറിഞ്ഞശേഷം ഭാരതീയ ജനതാ പാര്‍ട്ടിയില്‍ക്കൂടി ഉയര്‍ന്നു വന്ന ഒരു പ്രതിഭയാണവര്‍. ഇപ്പോള്‍ മോദി സര്‍ക്കാരിലെ പ്രഗത്ഭയായ വിദേശകാര്യ മന്ത്രിയും. ആറു പ്രാവിശ്യം ഇന്ത്യന്‍ പാര്‍ലമെന്റില്‍ സേവനം ചെയ്തു. പതിനഞ്ചാം ലോകസഭയില്‍ പ്രതിപക്ഷനേതാവുമായിരുന്നു. 1977 മുതല്‍ 1982 വരെ ഹരിയാനയുടെ എം.എല്‍. എ ആയിരുന്നു. 1998ല്‍ ഡല്‍ഹിയുടെ എം എല്‍. എ യായും സേവനം ചെയ്തു. അതേ വര്‍ഷംതന്നെ ഡല്‍ഹിയുടെ ആദ്യത്തെ മുഖ്യമന്ത്രിയുമായി. എക്കാലവും രാഷ്ട്രീയപരമായി വിവാദങ്ങളടങ്ങിയ നേട്ടങ്ങള്‍ കൊയ്തുകൊണ്ടുള്ള ജീവിതമായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. ഭരിക്കുന്ന സര്‍ക്കാരുകളിലും പ്രതിപക്ഷത്തും ഒരുപോലെ പ്രധാനപ്പെട്ട സ്ഥാനമാനങ്ങളും അലങ്കരിച്ചിട്ടുണ്ട്.

ചരിത്രത്തില്‍ ഓരോ കാലഘട്ടങ്ങളിലും സാമൂഹിക രാഷ്ട്രീയ തലങ്ങളില്‍, പ്രഗത്ഭരായ സ്ത്രീകള്‍ ഭരണ സംവിധാനങ്ങളില്‍ നേതൃത്വം കൊടുത്തിരുന്നതായി കാണാം. അവരില്‍ പ്രമുഖരായ ഇന്ദിരാ ഗാന്ധി, സിരി മാവോ, ഗോള്‍ഡാ മേയര്‍, മാര്‍ഗരറ്റ് താച്ചര്‍ എന്നിവര്‍ ലോകനേതാക്കളുടെ പട്ടികകളില്‍ ഉള്‍പ്പെടുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ഏറ്റവും കൂടുതല്‍നാള്‍ പ്രസിഡന്റ് പദം അലങ്കരിച്ച നേതാവ് സോണിയാ ഗാന്ധിയാണ്. കേരള രാഷ്ട്രീയത്തിലെ പ്രഗത്ഭവതികളായ സ്ത്രീ നേതാക്കളില്‍ 'അക്കമ്മ ചെറിയാനും' 'കെ.ആര്‍. ഗൗരിയും' പ്രഥമ ഗണങ്ങളില്‍പ്പെടുന്നു. തമിഴ് നാട്ടിലെ ജയ ലളിത, യു പി. യിലെ മായാവതി, ബംഗാളിലെ മമതാ ബാനര്‍ജി, ദല്‍ഹി മുഖ്യ മന്ത്രിയും കേരളാ ഗവര്‍ണ്ണറുമായിരുന്ന ഷൈല ദിക്ഷിത്, എന്നിവരുടെ പേരുകള്‍ എടുത്തുപറയേണ്ടിയിരിക്കുന്നു. രാജ്യസഭയിലും ലോകസഭയിലും നിറം പകര്‍ത്തുന്ന യുവതികളായ എം.പി.മാരും മറ്റു രാഷ്ട്രീയ നേതാക്കന്മാരുമുണ്ട്. രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര സ്കിന്‍ഡ്യയാ, മഹാരാഷ്ട്രയിലെ പവാറിന്റെ മകള്‍ സുപ്രിയാ സുലെ, ലോകസഭാ സ്പീക്കറായിരുന്ന സംഗമയുടെ മകള്‍ അഗതാ സംഗമ എന്നിവര്‍ യുവതികളായ നേതാക്കളുടെ ഗണത്തില്‍പ്പെടുന്നു. ഇന്ത്യയിലെ പ്രഗത്ഭരായ ഈ വനിതാ നേതാക്കള്‍ക്ക് നാടിനും സമൂഹത്തിനും വേണ്ടി പ്രവര്‍ത്തിച്ച ആദര്‍ശവാദികളെന്ന ലേബലുകളുണ്ടെങ്കിലും ശക്തമായ വിമര്‍ശനങ്ങളെയും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നിരുന്നാലും അവര്‍ രാജ്യത്തിനു വേണ്ടി നല്‍കിയ സംഭാവനകളെ ചെറുതാക്കുന്നതും അഭികാമ്യമല്ല.

ഇന്നുള്ള ഇന്ത്യയിലെ സ്ത്രീ രാഷ്ട്രീയക്കാരുടെയിടയിലുള്ള ബലവത്തായ സുഷമാജി, പ്രവാസി സമൂഹങ്ങള്‍ക്കുവേണ്ടി സംസാരിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്ന വക്താവുംകൂടിയാണ്. 1952ഫെബ്രുവരി പതിനാലാം തിയതി അമ്പാല കന്റോണ്മെന്റിലുള്ള ശ്രീ ഹര്‍ദേവ് ശര്‍മയുടെയും ശ്രീമതി ലക്ഷ്മി ദേവിയുടെയും മകളായി 'സുഷമാ സ്വരാജ്' ജനിച്ചു. അവരുടെ പിതാവ് ആര്‍.എസ്.എസ്' സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്നു. അമ്പാല കന്റോണ്മെന്റിലുളള എസ്.ഡി കോളേജില്‍നിന്നും രാഷ്ട്രീയ തത്ത്വശാസ്ത്രത്തിലും സംസ്കൃതത്തിലും ബി.എ.ഡിഗ്രികള്‍ കരസ്ഥമാക്കി. പഞ്ചാബിലുള്ള ചാണ്ഡിഗര്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നു എല്‍.എല്‍.ബി. ഡിഗ്രിയും നേടി. 1970ല്‍ എസ്.ഡി. കോളേജില്‍നിന്നും പഠിക്കാനേറ്റവും സമര്‍ത്ഥയായിരുന്ന വിദ്യാര്‍ഥിനിയെന്നനിലയില്‍ അവാര്‍ഡുകളും നേടിയിരുന്നു.

പാഠ്യേതരമായ വിഷയങ്ങളിലും അവര്‍ അതിമിടുക്കിയായിരുന്നു. ക്ലാസിക്കല്‍ സംഗീതം, നാടകം മുതലായ കലാ പ്രകടനങ്ങളില്‍ മികച്ച കഴിവുകള്‍ കാഴ്ച വെച്ചിട്ടുണ്ട്. കവിതകളും എഴുതുമായിരുന്നു. സാഹിത്യത്തിലും അഭിരുചിയുണ്ടായിരുന്നു. എസ്.ഡി.കോളേജിലെ തുടര്‍ച്ചയായ മൂന്നു വര്‍ഷങ്ങളില്‍ ഏറ്റവും മികച്ച വനിതാ എന്‍.സി.സി. കേഡറ്റായി അവരെ തെരഞ്ഞെടുത്തിരുന്നു. ഹരിയാന ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നും സംസ്ഥാന നിലവാരങ്ങളില്‍ നടത്തിയിരുന്ന പ്രസംഗ മത്സരങ്ങളില്‍ ഹിന്ദിയിലെ ഏറ്റവും നല്ല പ്രാസംഗികയായി അറിയപ്പെട്ടിരുന്നു. കൂടാതെ തുടര്‍ച്ചയായി അവാര്‍ഡുകളും നേടിയിരുന്നു. പഞ്ചാബ് യൂണിവേഴ്‌സിറ്റിയിലെയും ഏറ്റവും പ്രാവീണ്യം നേടിയ പ്രാസംഗികയായിരുന്നു. പദ്യപാരായണത്തിലും, വാദപ്രതിവാദങ്ങളിലും, യുക്തി ചിന്തകളിലും സാംസ്ക്കാരിക കലകളിലും അവാര്‍ഡുകളുടെ ഒരു കൂമ്പാരം തന്നെ നേടിക്കൊണ്ടിരുന്നു. നാലു വര്‍ഷത്തോളം ഹരിയാന സ്‌റ്റേറ്റിലെ ഹിന്ദി സാഹിത്യ സംഘടനകളുടെ അദ്ധ്യക്ഷയുമായിരുന്നു.

സുഷമ പഠിക്കുന്ന കാലങ്ങളില്‍ വിദ്യാര്‍ഥി യൂണിയന്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചിരുന്നുതുകൊണ്ടു ദേശീയ രാഷ്ട്രീയത്തിലേക്കുള്ള വഴിത്തിരുവിനും കാരണമായി. 1970ല്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായിരുന്നു. ഇന്ദിരാ ഗാന്ധിജിക്കെതിരെ അവരുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായ പ്രതിക്ഷേധ പ്രകടനങ്ങളും സംഘടിപ്പിച്ചിരുന്നു. അനേകായിരങ്ങളെ ആകര്‍ഷിക്കത്തക്ക പ്രസംഗ വൈഭവവും അവര്‍ക്കുണ്ടായിരുന്നു. ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്ന് അടിയന്തിരാവസ്ഥയ്‌ക്കെതിരെ സമരം ചെയ്തുകൊണ്ടിരുന്നു. നല്ലയൊരു സംഘാടകയെന്നും തെളിയിച്ചു. ഡല്‍ഹിയുടെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. പിന്നീട് ഇന്ത്യയിലെ ആദ്യത്തെ വനിതാ പ്രതിപക്ഷ നേതാവുമായി. ഇരുപത്തിയേഴാം വയസ്സില്‍ പാര്‍ട്ടിയുടെ ഹരിയാന സ്‌റ്റേറ്റ് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചു.

1975 ജൂലൈ പതിമൂന്നാംതിയതി സുപ്രീം കോടതി അറ്റോര്‍ണി ശ്രീ സ്വരാജ് കൗശലിനെ വിവാഹം ചെയ്തു. ശ്രീ കൗശല്‍ ക്രിമിനല്‍ നിയമങ്ങളില്‍ വിദഗ്ദ്ധനായിരുന്നു. 1990ല്‍ കൗശല്‍ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഗവര്‍ണ്ണറായിരുന്നു. കൂടാതെ 1990 മുതല്‍ 2004 വരെ അദ്ദേഹം പാര്‍ലമെന്റ് അംഗവുമായിരുന്നു. അവരുടെ മകള്‍ ബാന്‍സുരി കൗശല്‍, ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബാരിസ്റ്റര്‍ അറ്റ് ലോ (ആമൃൃശേെലൃ മ േഘമം) ബിരുദമെടുത്തു.

'സുഷമ' 1973ല്‍ സുപ്രീം കോടതിയില്‍ അഡ്വക്കേറ്റായി പരിശീലനം തുടങ്ങി. ലോകസഭാ മത്സരത്തില്‍ അവര്‍ 1980 ലും 1984 ലും 1989ലും പരാജയപ്പെട്ടു. ഓരോ പ്രാവശ്യവും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയോടാണ് തോറ്റത്. 1996ല്‍ അവര്‍ ലോകസഭയില്‍ ജയിക്കുകയും ചുരുങ്ങിയ ദിവസങ്ങള്‍ മാത്രം (13 റമ്യ)െ വാജ്‌പേയി മന്ത്രിസഭയില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്ക്യാസ്റ്റിങ്ങ് (കിളീൃാമശേീി മിറ ആൃീമറരമേെശിഴ) മന്ത്രിയാവുകയുമുണ്ടായി. 1998ല്‍ വീണ്ടും തെരഞ്ഞെടുക്കുകയും അതെ വര്‍ഷം മാര്‍ച്ച് മുതല്‍ ഒക്ടോബര്‍ വരെ മന്ത്രിയാവുകയും ചെയ്തു. മന്ത്രിസ്ഥാനം അവര്‍ രാജിവെക്കുകയും ഡല്‍ഹി മുഖ്യമന്ത്രിയെന്ന ചുമതലയേറ്റെടുക്കുകയും ചെയ്തു. 1998ല്‍ ഡല്‍ഹി അസംബ്ലി മത്സരത്തില്‍ ബി.ജെ.പി. പരാജയപ്പെട്ടപ്പോള്‍ 'സുഷമ സ്വരാജ്' വീണ്ടും ദേശീയ രാഷ്ട്രീയത്തില്‍ വന്നു.

സോണിയാ ഗാന്ധിക്കെതിരെ കര്‍ണ്ണാടകയിലെ ബെല്ലാരി നിയോജകമണ്ഡലത്തില്‍ നിന്നും 'സുഷമ സ്വരാജ്' മത്സരിച്ചത് ദേശീയ ശ്രദ്ധ നേടിയിരുന്നു. അവിടം എക്കാലവും കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ കുത്തകയായിരുന്ന ഒരു പാര്‍ലമെന്റ് മണ്ഡലമായിരുന്നു. വളരെ ചുരുങ്ങിയ ദിവസങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളുമായി മുന്നേറിയ അവര്‍ക്ക് മൂന്നു ലക്ഷത്തി അമ്പത്തിയെണ്ണായിരം വോട്ടുകള്‍ നേടാന്‍ കഴിഞ്ഞു. വെറും അയ്യായിരത്തി അറുനൂറു വോട്ടിന്റെ കുറവുകൊണ്ടാണ് സുഷമ അന്നു സോണിയാ ഗാന്ധിയോട് പരാജയപ്പെട്ടത്. എങ്കിലും ബി. ജെ. പി യെ സംബന്ധിച്ച് കര്‍ണ്ണാടകയില്‍ രാഷ്ട്രീയ വേരുകളുറപ്പിക്കാന്‍ സുഷമയുടെ ഈ മത്സരം സഹായകമായിരുന്നു.

'ഒരു ഇറ്റാലിയന്‍ സ്ത്രീ ഇന്ത്യയുടെ പ്രധാനമന്ത്രിപദം അലങ്കരിക്കുമെന്ന ഘട്ടം വന്നപ്പോള്‍ അതിനെ ഏറ്റവുമധികം എതിര്‍ത്ത വ്യക്തി സുഷമാ സ്വരാജായിരുന്നു. ഭാരതത്തിന്റെ മണ്ണില്‍ ഒരു വിദേശസ്ത്രീ പ്രധാനമന്ത്രിയാകുന്നപക്ഷം താന്‍ തല മുണ്ഡനം ചെയ്യുമെന്നും വെറും തറയില്‍ കിടക്കുമെന്നും വെള്ള സാരിയുടുത്തുകൊണ്ടു ധാന്യങ്ങള്‍ മാത്രം ഭക്ഷിച്ചു ജീവിക്കുമെന്നും' അവര്‍ പ്രഖ്യാപിച്ചു. അവരുടെ ഈ പ്രസ്താവന രാജ്യമാകെ കോളിളക്കമുണ്ടാക്കിയിരുന്നു. നാനാഭാഗത്തുനിന്നും വിമര്‍ശനങ്ങളും നേരിടേണ്ടി വന്നു. വിമര്‍ശനങ്ങള്‍ അവര്‍ ചെവികൊണ്ടില്ല. 'താന്‍ ധീര യോദ്ധാവായിരുന്ന മഹാറാണാ പ്രതാപിന്റെ കാലടികളെ പിന്തുടരുന്ന രാജ്യസ്‌നേഹിയെന്നും' അവര്‍ വിമര്‍ശകര്‍ക്ക് മറുപടി കൊടുത്തു.

2006 ഏപ്രിലില്‍ സുഷമ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കുകയും രാജ്യസഭയുടെ ഉപാദ്ധ്യക്ഷയെന്ന സ്ഥാനം അലങ്കരിക്കുകയുമുണ്ടായി.

സുഷമയെ ട്വിറ്റര്‍ താരമെന്നും വിശേഷിപ്പിക്കാറുണ്ട്. ഇന്ന് സോഷ്യല്‍ മീഡിയായിലെ താരം സുഷമയാണ്. ട്വിറ്ററില്‍ക്കൂടി സഹായം അഭ്യര്‍ദ്ധിച്ചു വരുന്നവരെ നിരാശപ്പെടുത്താന്‍ അവര്‍ ഒരിക്കലും ആഗ്രഹിക്കില്ല. സഹായത്തിനെത്തുന്നവരുടെയും ദുഃഖിതരാവുന്നവരുടെയും മുമ്പില്‍ അടിപതറുന്ന ശുദ്ധമായ ഒരു മനസാണ് അവര്‍ക്കുള്ളത്. ആഗോള പ്രശ്‌നങ്ങള്‍ അവര്‍ നേരിട്ട് കൈകാര്യം ചെയ്യുന്നതുകൂടാതെ ഓണ്‍ലൈന്‍ വഴി അനേകരുടെ വ്യക്തിഗതമായ ആവശ്യങ്ങളും പരിഹരിച്ചുകൊണ്ടിരിക്കുന്നു. അതുമൂലം സര്‍ക്കാരിലെ ചുവപ്പുനാടകളുടെ ഒളിച്ചുകളികള്‍ക്ക് നിര്‍വാഹകമാവുകയും ചെയ്യുന്നു.

ട്വിറ്ററില്‍ക്കൂടി ആയിരക്കണക്കിന് സഹായം അഭ്യര്‍ഥിച്ചവരുടെ ആവശ്യങ്ങളാണ് അവര്‍ ഇതിനോടകം നിറവേറ്റിയത്. 2016 ഒക്ടോബര്‍ പത്തൊമ്പതാം തിയതി ന്യുജേഴ്‌സിയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായിരുന്ന ഹരി ഓം പാണ്ഡെ (ഒമൃശീാ ജമിറല്യ) മരിച്ചു. പാണ്ഡെയുടെ മരണശേഷം ഏതാനും ദിവസങ്ങള്‍ക്കകം അദ്ദേഹത്തിന്‍റെ ഭാര്യ 'ദീപക്' ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചു. ആശുപത്രി ചെലവുകളെല്ലാം അവരുടെ സുഹൃത്തുക്കള്‍ വഹിച്ചെങ്കിലും ജീവിക്കാന്‍ അവര്‍ക്ക് മടങ്ങി പോയേ മതിയാവുമായിരുന്നുള്ളൂ. അതിനായി ജനിച്ച കുഞ്ഞിന് ഇന്ത്യയില്‍ പോവാന്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചപ്പോള്‍ കാലതാമസമുണ്ടാകുമെന്നു മനസിലായി. ട്വിറ്ററില്‍ക്കൂടി അവര്‍ സുഷമയുമായി ബന്ധപ്പെട്ടു. നവംബര്‍ എട്ടാം തിയതി രാത്രിയില്‍ എത്തിയ അപേക്ഷയ്ക്ക് ഒമ്പതാം തിയതി രാവിലെതന്നെ പ്രതികരണവും ലഭിച്ചു. അവരുടെ മറുപടി ഇങ്ങനെയായിരുന്നു, "ദീപിക, നിങ്ങള്‍ അഭിമുഖീകരിക്കുന്ന ഈ വിഷമഘട്ടത്തില്‍ ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. ഇന്ത്യന്‍ എംബസിയോട് നിങ്ങളെ അടിയന്തിരമായി സഹായിക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്." മന്ത്രിയുടെ ഇടപെടല്‍ മൂലം ഒരു ദിവസം കൊണ്ട് അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടു. മാനസികമായും ശാരീരികമായും തളര്‍ന്നുപോയ ആ യുവതിയ്ക്ക് സുഷമയുടെ സഹായം ഒരു ആശ്വാസമായിരുന്നു.

ആഭ്യന്തര യുദ്ധങ്ങളില്‍ അകപ്പെട്ട യെമന്‍ പ്രശ്‌നങ്ങളില്‍ ഇന്ത്യക്കാര്‍ അവിടെ കുടുങ്ങിയപ്പോള്‍ അവരെയെല്ലാം രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ സുഷമാജിക്കൊരു വെല്ലുവിളിയായിരുന്നു. സുരക്ഷിതമായിത്തന്നെ അവരുടെ രാജ്യത്തുനിന്ന് അടിയന്തിരമായി തിരിച്ചു കൊണ്ടുവന്നതും സാഹസികതയായിരുന്നു. വിജയകരമായി ദൗത്യം പൂര്‍ത്തിയാക്കുകയും ചെയ്തു. അവിടെ അകപ്പെട്ടു പോയവരെ രക്ഷിക്കാന്‍ ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് രണ്ടു വിമാനങ്ങളയച്ചു. 1100 വീതം യാത്രക്കാരെ കൊണ്ടുവരാന്‍ രണ്ടു കപ്പലുകളും അയച്ചു. ഇന്ത്യന്‍ നേവിയുടെ സുമിത്ര, മുംബൈ, തര്‍കാഷ് എന്നിങ്ങനെ മൂന്നു യുദ്ധക്കപ്പലുകളും യെമനിലെത്തി. യാത്രാ രേഖകളുടെ അഭാവത്തില്‍ ആരുടെയും ഇന്ത്യയിലേക്കുള്ള യാത്രകള്‍ നിഷേധിച്ചില്ല. യെമനില്‍ കുടുങ്ങി കിടന്ന മൂന്നു പാക്കിസ്ഥാനികളെ രക്ഷിക്കുകയും അവരെ പാക്കിസ്ഥാനിലെത്താനുള്ള സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്തു. ആപത്തില്‍ കുടുങ്ങികിടക്കുമ്പോള്‍ ശത്രു രാജ്യമാണെങ്കിലും മാനുഷിക പരിഗണനങ്ങളെയായിരുന്നു അവര്‍ മാനിച്ചിരുന്നത്.

അതിര്‍ത്തികള്‍ക്കിടയിലെ അകലങ്ങളില്‍ ജീവിക്കുന്നവര്‍ക്കും സുഷമ സ്വരാജ് ഒരു ആശ്രയമാണ്. ഇന്ത്യന്‍ യൂത്ത് ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ ആഗ്രഹിച്ച പാക്കിസ്ഥാന്‍ പെണ്‍കുട്ടികള്‍ക്ക് ചുവപ്പുനാടകളിടപെടാതെ ഇന്ത്യയിലേക്കുള്ള സുഗമമായ യാത്രക്കായി ഉടനടി തന്നെ വിസാ നല്‍കാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തു. പുതിയതായി ജനിച്ച കുഞ്ഞുങ്ങള്‍ക്കും രോഗവും മരണവുമായി ബന്ധപ്പെട്ടു ജീവിക്കുന്നവര്‍ക്കും അടിയന്തിരമായി യാത്ര ചെയ്യേണ്ടവര്‍ക്കും താമസമില്ലാതെ പാസ്‌പോര്‍ട്ട് നല്‍കാനുള്ള സുഷമയുടെ ട്വിറ്ററില്‍ കൂടിയുള്ള സംവിധാനവും ഇടപെടലുകളും വിദേശത്തു ജീവിക്കുന്നവര്‍ക്ക് ഒരു ആശ്വാസമാണ്.

2017 ജനുവരിയില്‍ ഏറ്റവും ഒടുവിലായി കിട്ടിയ ഒരു വാര്‍ത്തയില്‍ കുവൈറ്റിലെ ഫറവാനിയ ആശുപത്രിയില്‍ രോഗിയായി അബോധാവസ്ഥയില്‍ ഗുരുതരമായി കഴിയുന്ന ഒരു മലയാളി സ്ത്രീയെപ്പറ്റിയുള്ള അന്വേഷണങ്ങളുമായി സുഷമാ സ്വരാജ് എത്തിയെന്നുള്ളതാണ്. കുവൈറ്റ് ഇന്ത്യന്‍ എമ്പസിയില്‍ നിന്നും വിവരങ്ങള്‍ നല്‍കാനും ആവശ്യപ്പെട്ടു. കൊല്ലം, കുണ്ടറ സ്വദേശി കുവൈറ്റില്‍ ജോലി ചെയ്യുന്ന ജോണ്‍ ജോര്‍ജിന്റെ ഭാര്യ ആനി കൊച്ചുകുഞ്ഞാണ് അവര്‍. ആനിയുടെ മകന്‍ സച്ചിന്‍ ഇന്ത്യയില്‍ പട്ടാളത്തില്‍ ജോലിചെയ്യുന്നു. തീവ്ര പരിചരണത്തില്‍ ആശുപത്രിയില്‍ കഴിയുന്ന അവരെ ഉടനടി നാട്ടിലെത്തിക്കാനും എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കാനും സുഷമ നിര്‍ദ്ദേശിച്ചു കഴിഞ്ഞു.

പാര്‍ലമെന്റിലെ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളിലുള്ളവരുടെപോലും സ്‌നേഹാദരവുകള്‍ സുഷമാജിയ്ക്ക് ലഭിക്കുന്നുണ്ട്. എതിര്‍ പാര്‍ട്ടികളിലുള്ളവരുടെയും ബഹുമതികള്‍ ലഭിച്ച ഒരു കേന്ദ്ര മന്ത്രി ഇന്ത്യയുടെ ചരിത്രത്തില്‍ വളരെ അപൂര്‍വമായി മാത്രമേ കാണാന്‍ സാധിക്കുള്ളൂ. 'ആം ആദ്മി പാര്‍ട്ടി'യിലെ' 'ഭഗവാന്‍ വാണി' പാര്‍ലമെന്റില്‍ സുഷമയെ പുകഴ്ത്തികൊണ്ട് സംസാരിച്ചതും ശ്രദ്ധേയമായിരുന്നു. "സുഷമാജി, നിങ്ങള്‍ക്ക് എന്റെ നന്ദി, നമ്മുടെ ജനങ്ങളെ വിദേശരാജ്യങ്ങളിലുള്ള ആഭ്യന്തര കലാപങ്ങളില്‍നിന്നും രക്ഷപെടുത്തുന്നതില്‍ നിങ്ങള്‍ രാഷ്ട്രത്തിനായി ചെയ്ത സേവനങ്ങള്‍ അതുല്യങ്ങളെന്നും അതുമൂലം രാഷ്ട്രമെന്നും നിങ്ങളോടു കടപ്പെട്ടിരിക്കുമെന്നും" അദ്ദേഹം പറഞ്ഞു.

മറ്റൊരു പാര്‍ലമെന്റ് അംഗമായ 'മാന്‍', തന്റെ മണ്ഡലത്തില്‍നിന്നും പതിമൂന്നുപേരെ സൗദി അറേബ്യയായില്‍ അടിമകളായി പാര്‍പ്പിച്ചതും സുഷമയുടെ തക്ക സമയത്തുള്ള ഇടപെടല്‍ മൂലം അവരെയും മറ്റു എട്ടു പേരെയും അവിടെനിന്നു രക്ഷപെടുത്തി നാട്ടില്‍ സുരക്ഷിതമായി കൊണ്ടുവരുകയും ചെയ്ത കഥകളും വിവരിച്ചു. അദ്ദേഹവും സുഷമാജിയോട് നന്ദി പറഞ്ഞു. .എ.പി. അംഗം 'ധരം വീര്‍ ഗാന്ധി'യ്ക്ക് 'യാതൊരു ചോദ്യവും ചോദിക്കാനില്ലെന്നും സുഷമയോട് നന്ദി മാത്രം പറഞ്ഞാല്‍ മതിയെന്നും' പറഞ്ഞു. 'എന്താവശ്യമുണ്ടെങ്കിലും എപ്പോള്‍ വേണമെങ്കിലും അവര്‍ സഹായിച്ചിട്ടുള്ള ചരിത്രം മാത്രമേയുള്ളൂവെന്നും പഞ്ചാബിനുവേണ്ടി അവര്‍ ചെയ്ത സേവനങ്ങള്‍ക്ക് കണക്കു ബോധിപ്പിക്കാന്‍ സാധിക്കില്ലാന്നും' പറഞ്ഞു. ബി.ജെ.പി. നേതാവായ ബി.ജെ. പാണ്ഡെ സുഷമാജിയെ നോക്കിക്കൊണ്ടു പറഞ്ഞത്, "എന്തു ചോദ്യങ്ങള്‍ ചോദിച്ചാലും അവര്‍ വളരെ സരളമായി ഹിന്ദിയില്‍ മറുപടി പറയും. ഇംഗ്ലീഷില്‍ ചോദിച്ചാലും മറുപടി ഹിന്ദിയില്‍ തന്നെ കിട്ടും. പാര്‍ലമെന്റില്‍ ഹിന്ദി അറിയാവുന്നവര്‍പോലും ഇംഗ്‌ളീഷില്‍ മാത്രമേ മറുപടി പറയുള്ളൂവെന്നും പാണ്ഡെ ചൂണ്ടി കാണിച്ചു. മന്ദസ്മിതത്തോടെ കൈകള്‍ കൂപ്പിക്കൊണ്ട് സുഷമാജി എല്ലാവര്‍ക്കും അന്നേദിവസം നന്ദിയും രേഖപ്പെടുത്തിയിരുന്നു.

2016 നവംബര്‍ പതിനാറാം തിയതി സുഷമ തന്റെ 'കിഡ്‌നി' പ്രവര്‍ത്തന രഹിതമായതുകൊണ്ടു രോഗബാധിതയായി ഓള്‍ ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ (അഹഹ കിറശമ ങലറശരമഹ കിേെശൗേലേ) പ്രവേശിപ്പിച്ചിരിക്കുന്നുവെന്നു ട്വിറ്റ് ചെയ്തിരുന്നു. 2016 നവംബര്‍ ഏഴാംതീയതി അവരെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. അവരോടുള്ള സ്‌നേഹാദര സൂചകമായി രാജ്യത്തിന്റെ നാനാഭാഗത്തുമുള്ളവര്‍ അവര്‍ക്ക് കിഡ്‌നി ദാനം ചെയ്യാന്‍ തയ്യാറായി വന്നിരുന്നു. ബന്ധുജനങ്ങളുടെ കിഡ്‌നികള്‍ അവരുടെ ശരീരത്തിന് യോജിച്ചതായിരുന്നില്ല. കിഡ്‌നിയ്ക്ക് പ്രശ്‌നമായതു ഡയബിറ്റിസ് മൂര്‍ച്ഛിച്ചതുകൊണ്ടായിരുന്നു. മീഡിയാകളില്‍നിന്ന് നൂറു കണക്കിന് ജനമാണ് അവര്‍ക്ക് കിഡ്‌നി ദാനമായുള്ള വാഗ്ദാനങ്ങളുമായി രംഗത്തു വന്നത്. പാക്കിസ്ഥാന്‍ ഹൈകമ്മീഷണര്‍ ഉള്‍പ്പടെ പ്രമുഖരായ പലരും എത്രയും വേഗന്ന് രോഗ വിമുക്തയാകാന്‍ അവര്‍ക്ക് ആശംസകളര്‍പ്പിച്ചിരുന്നു.

നവംബര്‍ പത്തൊമ്പതാം തിയതി ഒരു മുസ്ലിം യുവാവ് കിഡ്‌നി ദാനം ചെയ്യാനായിട്ടു തയ്യാറായി വന്നു. 'കിഡ്‌നിയ്ക്ക് യാതൊരു മതവുമില്ലെന്നു' അവര്‍ അന്ന് ട്വീറ്റ് ചെയ്തിരുന്നു. ഉത്തര പ്രദേശിലെ ഒരു മുന്‍മന്ത്രിയും സുഷമാജിക്കു കിഡ്‌നി നല്‍കാനാഗ്രഹിച്ചു. മുന്‍മന്ത്രി പറഞ്ഞു, "എന്റെ കിഡ്‌നി സുഷമ സ്വരാജിന് ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നു. അവരുടെ സത്യസന്ധത, രാജ്യത്തോടുള്ള കര്‍മ്മനിരത നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍, ജനങ്ങളുടെ ക്ഷേമത്തിനായുള്ള പ്രയത്‌നങ്ങള്‍, എന്നീ കാര്യങ്ങളില്‍ അവര്‍ നമ്മുടെ രാജ്യത്തിനുതന്നെ ഒരു മാതൃകയാണ്. തന്റെ കിഡ്‌നി സുഷമയ്ക്ക് സ്വീകാര്യമാകണമേയെന്നും ആഗ്രഹിക്കുന്നു." അപരിചിതയായ നാല്പത്തിരണ്ടു വയസുള്ള ഒരു സ്ത്രീയുടെ കിഡ്‌നി അവര്‍ക്ക് പാകമായിരുന്നു. കിഡ്‌നി മാറ്റാന്‍ രാവിലെ ഒമ്പതുമണി മുതല്‍ തുടങ്ങിയ പ്രവര്‍ത്തനം രണ്ടര മണി വരെ നീണ്ടുനിന്നു. ഏകദേശം അമ്പത് ഡോക്ടര്‍മാരോളം സമീപത്തുണ്ടായിരുന്നു.

രാഷ്ട്ര നേതാക്കള്‍ സംബന്ധിച്ചിരുന്ന നേതൃ സമ്മേളനത്തില്‍ സുഷമ യുണൈറ്റഡ് നാഷനില്‍ ചെയ്ത പ്രസംഗം പ്രത്യേകം ശ്രദ്ധേയമായിരുന്നു. ശാക്തിക ചേരികളിലെ രാഷ്ട്രങ്ങളുള്‍പ്പടെ ലോക നേതാക്കള്‍ പ്രസംഗം കേള്‍ക്കുകയും കയ്യടികള്‍ നേടുകയും ചെയ്തു. അവരുടെ മുള്‍മുന വെച്ചുകൊണ്ടുള്ള സംസാരശൈലിയില്‍ പാക്കിസ്ഥാന്‍ പ്രതിനിധിയ്ക്ക് ഉത്തരമില്ലാതായി. അവര്‍ ലോക നേതാക്കളോടായി പറഞ്ഞു, "ഇന്ത്യാ എത്രമാത്രം സഹിഷ്ണതയും സഹകരണ മനോഭാവവും പാക്കിസ്ഥാനോട് പ്രകടിപ്പിച്ചാലും ആ രാജ്യം എക്കാലവും ഭീകരത തങ്ങളുടെ രാജ്യത്തിന്‍മേല്‍ അഴിച്ചുവിടാനാണ് ശ്രമിച്ചിട്ടുള്ളത്. പത്താന്‍ക്കോട്ടിലും യൂറിയിലും ഇന്ത്യയുടെ ഭാഗത്തുനിന്ന് യാതൊരു പ്രകോപനവുമില്ലാതെ അവര്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. ജനജീവിതം തകര്‍ക്കുന്നു. ഇന്ത്യന്‍ പട്ടാളത്തെയും രാജ്യത്തിലെ പൗരന്മാരെയും ആക്രമിക്കുന്നു. ഭീഷണികളും മുഴക്കിക്കൊണ്ടിരിക്കുന്നു. ദിനം പ്രതി കാശ്മീരിലും അതിര്‍ത്തി പ്രദേശങ്ങളിലും ഭീകരര്‍ അരാജകത്വവും സൃഷ്ടിക്കുന്നു. നിഷ്കളങ്കരായ ഗ്രാമീണരെയും വധിക്കുന്നു."

'സമാധാനത്തില്‍ അധിഷ്ഠിതമായ ഇന്ത്യാ എക്കാലവും പാക്കിസ്ഥാനോട് സൗഹാര്‍ദ്ദത്തില്‍ കഴിയാനാണ് ആഗ്രഹിച്ചിരുന്നതെന്നും' അവര്‍ ലോകത്തെ ബോദ്ധ്യപ്പെടുത്തി. പ്രധാന മന്ത്രി മോദിയുടെ സത്യപ്രതിജ്ഞ വേളയില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാഷ് ഷെരീഫിനെ ക്ഷണിച്ചതും അഫ്!ഗാനിസ്ഥാനില്‍നിന്ന് മടങ്ങി വരും വഴി ഷെരീഫിന്റെ ജന്മദിനത്തില്‍ മോദി പങ്കെടുത്തതും സുഷമ പ്രസംഗ മദ്ധ്യേ പറഞ്ഞിരുന്നു. ' മോദിയുടെ പാക്കിസ്ഥാന്‍ സന്ദര്‍ശനം വഴി ഇന്ത്യപാക്കിസ്ഥാന്‍ ബന്ധത്തിന്റെ അടിത്തറ പാകാനും സൗഹാര്‍ദ്ദം സ്ഥാപിക്കാനും നടത്തിയ ശ്രമങ്ങളായിരുന്നുവെന്നും' അവര്‍ ലോകത്തെ അറിയിച്ചു. ഉത്തരവാദിത്തപ്പെട്ട ഒരു രാജ്യമെന്ന നിലയില്‍ ഇന്ത്യാ ലോകത്തിലുള്ള എല്ലാ രാജ്യങ്ങളോടും സൗഹാര്‍ദ്ദ മനോഭാവമാണ് പുലര്‍ത്തുന്നതെന്നും അവര്‍ വ്യക്തമാക്കി. ഇന്ത്യയ്‌ക്കെന്നും ലോകസമാധാനത്തിനായി പ്രവര്‍ത്തിച്ച ചരിത്രമാണുള്ളതെന്നും ലോക രാഷ്ട്രങ്ങളെ ഓര്‍മ്മിപ്പിച്ചു.

ലോകത്തുള്ള എല്ലാ ഭീകരാക്രമണങ്ങള്‍ക്കും പുറകില്‍ പാക്കിസ്ഥാന്റെ ശക്തമായ കറുത്ത കൈകളുണ്ടെന്നും അവര്‍ പറഞ്ഞു. 'എ.കെ. 47 റൈഫിള്‍ കൈവശം വെച്ചുകൊണ്ടിരിക്കുന്ന ഒരു പാക്കിസ്ഥാന്‍ ഭീകരന്‍ അവരുടെ ആരാധകനെന്നും അതേ സമയം രാജ്യം രക്ഷിക്കാന്‍ അതിര്‍ത്തി കാക്കുന്ന ഒരു ഇന്ത്യന്‍ ജവാന്‍ അവരെ സംബന്ധിച്ചു കൊലയാളിയെന്നും പാക്കിസ്ഥാന്‍ കരുതുന്നതായി' പ്രസംഗ മദ്ധ്യേ സുഷമ ലോകരാഷ്ട്രങ്ങളെയറിയിച്ചു. 'ബുര്‍ഹാന്‍ വാണി'യെന്ന ഒരു ഭീകരനെ പാക്കിസ്ഥാന്‍ അവരുടെ ഹീറോയായി കരുതുന്നു. അങ്ങനെയുള്ള ഒരു ഭരണകൂടത്തില്‍ നിന്ന് ഇന്ത്യയ്ക്ക് എന്തു പ്രതീക്ഷിക്കാന്‍ സാധിക്കുമെന്നും പാക്കിസ്ഥാനെന്നുള്ളത് ഒരു പരാജയപ്പെട്ട രാജ്യമെന്നും' സുഷമ പറഞ്ഞപ്പോള്‍ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ഒന്നാകെ സുഷമയുടെ വാക്കുകളെ ശരിവെച്ചു.

ഹഫീസ് സെയിദിനെപ്പോലുള്ള ഭീകരരുടെ ഉദ്ധരണികള്‍ ആവര്‍ത്തിച്ചുകൊണ്ടാണ്, പാക്കിസ്ഥാനിലെ പ്രധാനമന്ത്രി പ്രസംഗിക്കുന്നതെന്നും പാക്കിസ്ഥാനെന്നതു ഭീകരരുടെ നാടാണെന്നും ഭീകര സംഘടനകള്‍ പാക്കിസ്ഥാന്‍ തെരുവുകളില്‍ക്കൂടി പ്രകനങ്ങള്‍ സംഘടിപ്പിക്കുന്നതും സാധാരണമാണെന്നുള്ള സുഷമയുടെ വാക്കുകള്‍ അര്‍ത്ഥ ഗംഭീരങ്ങളായിരുന്നു. ലോകം സുഷമയുടെ പാക്കിസ്ഥാനെ ഖണ്ഡിച്ചുള്ള പ്രഭാഷണം ശരി വെക്കുകയും ചെയ്തു. 'ഒസാമാ ബിന്‍ ലാദനും താലിബാന്‍ ചീഫും പാക്കിസ്ഥാനില്‍ അഭയസ്ഥാനം കണ്ടെത്തിയെന്നും അങ്ങനെയുള്ള ഒരു രാജ്യം ഭീകര രാഷ്ട്രമായിരുന്നുവെന്നുള്ള മറ്റെന്തു തെളിവുകളാണ് വേണ്ടതെന്നും' ചോദിച്ചു. 'കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമെന്നും അവിടം അങ്ങനെയായിരിക്കുമെന്നും' അവര്‍ തറപ്പിച്ചു പറഞ്ഞു.

സുഷമയുടെ പ്രസംഗം അതിര്‍ത്തികടന്നുള്ള പാക്കിസ്ഥാന്റെ അടുത്തയിടയിലുണ്ടായ ഭീകരാക്രമണത്തിന് ഒരു തിരിച്ചടിയും ശക്തമായ സന്ദേശവുമായിരുന്നു. ലോക രാഷ്ട്രങ്ങള്‍ ഒന്നടങ്കം ശരിവെക്കുകയും ചെയ്തു. ഇനി ഇന്ത്യാ ശാന്തമായിരിക്കില്ലെന്നും പ്രഖ്യാപിച്ചു. ലോകം മുഴുവനുമുള്ള സമൂഹം സുഷമയുടെ പ്രസംഗത്തെ പിന്താങ്ങി. ഇതിനേക്കാളും രാഷ്ട്രത്തിനായി മറ്റൊന്നും ചെയ്യാനില്ലെന്നു രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തി.
പ്രവാസികളുടെ താരം ശ്രീമതി സുഷമ സ്വരാജ് (ഒരു അവലോകനം: ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
Thinker 2017-01-13 12:02:20
Joseph Saar is a good writer. But here too much exagerarion and making Sushama as God. Give importance to posotive side, but athe same time give some real negative side also. What about her corruption and also saving and protecting the corrupted people in India and abroad. Waht about her religious RSS fundeamentalism?
Joseph Padannamakkel 2017-01-13 18:42:28
തിങ്കർ (Thinker) പറഞ്ഞത് ശരിയാണ്. ഒരു അവലോകനം എഴുതുമ്പോൾ നെഗറ്റീവ് വശങ്ങൾ കൂടി സൂചിപ്പിക്കണമായിരുന്നു. അവരുടെ പേരിൽ കുറ്റാരോപണങ്ങൾ ഉണ്ട്. പക്ഷെ ആരോപണങ്ങൾ കുറിക്കേണ്ടത് വാർത്ത എഴുതുന്നവരാണ്. ഒരു ലേഖനം എഴുതുമ്പോൾ ചരിത്രപരമായിരിക്കണം. ആരെങ്കിലും ചോദ്യം ചെയ്‌താൽ അതിനെ സാധുകരിച്ചുകൊണ്ടുള്ള ഡോക്യൂമെമെന്റുകൾ ഉണ്ടായിരിക്കണം. തെളിവുകളായി കോടതി വിധികളും. അതൊന്നും എന്റെ അന്വേഷണത്തിൽ ലഭിച്ചില്ല. 

ആദ്യം, ലേഖനം തയ്യാറാക്കിയത്‌, ആരോപണങ്ങൾ ഉൾപ്പെടുത്തിയായിരുന്നു. പക്ഷെ ലേഖനം നീണ്ടു പോയതുകൊണ്ടും ലേഖനത്തോട് നീതി കാണിക്കുന്നില്ലന്നുള്ള തോന്നലുകൾ കൊണ്ടും കുറ്റാരോപണങ്ങൾ നീക്കം ചെയ്യുകയാണുണ്ടായത്. ഒരു കോടതി വിധി വരുന്നവരെ അവർ കുറ്റരഹിതയെന്നും തോന്നി. വാർത്തകളിൽ കാണുന്ന ആരോപണങ്ങൾ ചരിത്ര സത്യങ്ങളായി കുറിക്കാനും തോന്നിയില്ല.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക