Image

നോട്ട് അസാധുവാക്കല്‍ വിവരങ്ങള്‍ പുറത്തുപറഞ്ഞാല്‍ ജീവന് ഭീഷണി: ആര്‍ബിഐ

Published on 13 January, 2017
നോട്ട് അസാധുവാക്കല്‍ വിവരങ്ങള്‍ പുറത്തുപറഞ്ഞാല്‍ ജീവന് ഭീഷണി: ആര്‍ബിഐ

   മുംബൈ: വിവരങ്ങള്‍ പങ്കുവയ്ക്കുന്നവരുടെ ജീവന് ഭീഷണിയുണ്ടാകുമെന്നതിനാല്‍ നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച കാര്യങ്ങള്‍ പുറത്തുവിടാനാകില്ലെന്ന് റിസര്‍വ് ബാങ്ക്. രാജ്യസുരക്ഷയ്ക്കും ജീവനും ഭീഷണിയാകുമെന്നതിനാലാണ് സുപ്രധാന വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ കഴിയാത്തതെന്ന് റിസര്‍വ് ബാങ്ക് പറയുന്നു. വിവരാവകാശ നിയമപ്രകാരം നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച് വിവരങ്ങള്‍ ആവശ്യപ്പെട്ടപ്പോഴാണ് ആര്‍ബിഐ ഇക്കാര്യം അറിയിച്ചത്. ബ്ലൂംബര്‍ഗ് ന്യൂസാണ് ഇതു സംബന്ധിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചത്. നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച് 14 ചോദ്യങ്ങളാണ് ബ്ലൂംബര്‍ഗ് ഉന്നയിച്ചത്. എന്നാല്‍ രാജ്യസുരക്ഷ മുന്‍നിര്‍ത്തി വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ആര്‍ബിഐ. 

അതേസമയം, പാര്‍ലമെന്ററി സമിതിക്കു നല്‍കിയ വിശദീകരണത്തില്‍ ആര്‍ബിഐ അറിയിച്ചത് നോട്ടുകള്‍ റദ്ദാക്കാന്‍ ആദ്യം തീരുമാനമെടുത്തതു കേന്ദ്രസര്‍ക്കാരാണെന്നാണ്. നോട്ട് റദ്ദാക്കല്‍ തീരുമാനം പ്രഖ്യാപിച്ച നവംബര്‍ എട്ടിന്റെ തലേദിവസം നവംബര്‍ ഏഴിനാണ് കേന്ദ്രസര്‍ക്കാര്‍ തങ്ങള്‍ക്ക് ഈ ശിപാര്‍ശ നല്‍കിയതെന്നും റിസര്‍വ് ബാങ്ക് ബോര്‍ഡ് എട്ടിനു യോഗം ചേര്‍ന്ന് അതനുസരിച്ചു തീരുമാനം എടുക്കുകയായിരുന്നെന്നും ബാങ്ക് വിശദീകരിച്ചു. കോണ്‍ഗ്രസ് നേതാവ് എം. വീരപ്പ മൊയ്‌ലി അധ്യക്ഷനായ ധനകാര്യ പാര്‍ലമെന്ററി സമിതിക്കാണ് ഈ വിശദീകരണം നല്കിയത്.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക