Image

മകരവിളക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട്

അനിൽ പെണ്ണുക്കര Published on 13 January, 2017
മകരവിളക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട്
മകരവിളക്കിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തീകരിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്  പ്രസിഡണ്ട് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഇതിനായി എല്ലാ സഹകരണങ്ങളും നല്കിയ സര്‍ക്കാറിനോടും അയ്യപ്പഭക്തരോടും നന്ദിയുണ്ട്. ഇത്തവണ തിരുവാഭരണഘോഷയാത്രയെ അനുഗമിക്കുന്നതിനും പൂങ്കാവനത്തിലെ പതിനെട്ട് മലകളിലും സന്ദര്‍ശിച്ച് ഓണപുടവ നല്‍കാനും കഴിഞ്ഞത് പുണ്യമായി കരുതുന്നു. 

അയ്യപ്പഭക്തരുടെ പ്രശ്‌നങ്ങള്‍ കണ്ടറിയുന്നതിന് പുല്‍മേട് വഴി യാത്രചെയ്തു. അവിടെ 20 ലക്ഷം ലിറ്റര്‍ ശുദ്ധജലമെത്തിക്കാമെന്ന് വകുപ്പ് മന്ത്രി മാത്യു ടി തോമസ് ഉറപ്പ് നല്‍കിയതായും അദ്ദേഹം അറിയിച്ചു. ഭക്തര്‍ക്ക് ഭക്ഷണമെത്തിക്കുന്നതിനും താത്കാലിക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുല്‍മേട്ടില്‍ അപകടം ആവര്‍ത്തിക്കാതിരിക്കാന്‍ സുരക്ഷ ശക്തമാക്കിയതായും അദ്ദേഹം പറഞ്ഞു.

ഇത്തവണ അന്നദാനം കുറ്റമറ്റ രീതിയില്‍ നടത്താന്‍ സാധിച്ചു. ഇന്ന് സന്നിധാനത്തെത്തുന്ന ഒരുലക്ഷത്തിലേറെ ഭക്തര്‍ക്ക് കമുകിന്‍പാളകൊണ്ടുണ്ടാക്കിയ പാത്രത്തില്‍ ബുഫെ രീതിയില്‍ ആഹാരം ലഭ്യമാക്കും. ഇന്ന് സന്നിധാനത്ത് 50 ലക്ഷം ലിറ്ററും നിലയ്ക്കലില്‍ 5 ലക്ഷവും ലിറ്റര്‍ ശുദ്ധജലം കരുതല്‍ ശേഖരം ഉറപ്പാക്കിയിട്ടുണ്ട്. വൈദ്യുതി തടസമില്ലാതെ ലഭ്യമാക്കും. ചെങ്ങന്നൂരിലെത്താനും തിരികെ പോകുന്നതിനുമായി തീര്‍ത്ഥാടകര്‍ക്കായി മൂന്ന് സ്‌പെഷ്യല്‍ ട്രെയിനുകളും സജ്ജീകരിച്ചിട്ടുണ്ട്. കെ. എസ്. ആര്‍. ടി. സി ആവശ്യമായ ബസ് സര്‍വീസ് നടത്തും. മകരവിളക്ക് ഉത്‌സവം പൂര്‍ത്തിയായാലുടന്‍ ശുചീകരണ പ്രവൃത്തികള്‍ ആരംഭിക്കും. 

ബോര്‍ഡ് അംഗങ്ങളായ അജയ് തറയില്‍, കെ. രാഘവന്‍, ദേവസ്വം കമ്മീഷണര്‍ സി. പി. രാമരാജപ്രേമപ്രസാദ്, എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആര്‍. രവിശങ്കര്‍, ചീഫ് എന്‍ജിനിയര്‍ മുരളീകൃഷ്ണന്‍, പി. ആര്‍. ഒ മുരളി കോട്ടയ്ക്കകം എന്നിവര്‍ പങ്കെടുത്തു.
മകരവിളക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക