Image

മകരവിളക്ക് ഇന്ന് ;സന്നിധാനം ഭക്തിസാന്ദ്രം

അനിൽ പെണ്ണുക്കര Published on 13 January, 2017
മകരവിളക്ക് ഇന്ന് ;സന്നിധാനം ഭക്തിസാന്ദ്രം
ഭക്തിയുടെയും വിശ്വാസത്തിന്റെയും പുണ്യം പകര്‍ന്ന് ശബരിമലയില്‍ ഇന്ന് (14) മകരവിളക്ക് മഹോത്‌സവം. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെയും പൊന്നമ്പലമേട്ടില്‍ തെളിയുന്ന മകരജ്യോതിയും ദര്‍ശിക്കാനായി ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് സന്നിധാനത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി സന്നിധാനത്തെത്തുന്ന തീര്‍ത്ഥാടകര്‍ മകരജ്യോതി ദര്‍ശനത്തിനായി സന്നിധാനത്ത് വിവിധയിടങ്ങളില്‍ തമ്പടിച്ചിരിക്കുകയാണ്. ഇതോടെ ശരണമന്ത്രങ്ങളാല്‍ സന്നിധാനം ഭക്തിസാന്ദ്രമായി. 

ഇന്ന് (14) രാവിലെ 7.40ന് മകരസംക്രമ പൂജ നടക്കും. ഇതിനു മുന്നോടിയായി ഉഷപൂജാ ചടങ്ങുകള്‍ 6.45ന് ആരംഭിക്കും. പന്തളത്ത് നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര  വൈകിട്ട് ആറ് മണിയോടെ ശരംകുത്തിയിലെത്തും. ദേവസ്വം അധികൃതരുടെ നേതൃത്വത്തില്‍ തിരുവാഭരണം ഇവിടെ നിന്ന് സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. തിരുവാഭരണം ചാര്‍ത്തി ദീപാരാധനയ്ക്ക് നട തുറന്നതിനു തൊട്ടുപിന്നാലെ ഭക്തര്‍ക്ക് നിര്‍വൃതിയായി പൊന്നമ്പലമേട്ടില്‍ മകരസംക്രമ നക്ഷത്രവും മകരജ്യോതിയും ദര്‍ശനമാകും. ശബരിമലയില്‍ ശുദ്ധിക്രിയകള്‍ ഇന്നലെ പൂര്‍ത്തിയായി.

അഭൂതപൂര്‍വമായ തിരക്ക് നിയന്ത്രിക്കാന്‍ ആവശ്യമായ നടപടികള്‍ അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ശുദ്ധജലം, അപ്പം, അരവണ എന്നിവ ആവശ്യാനുസരണം ലഭ്യമാക്കുന്നതിന് വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഭക്തര്‍ തിക്കും തിരക്കും കൂട്ടരുതെന്ന് തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞു. മകരവിളക്കിനായി സന്നിധാനത്ത് ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയതായി പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ എസ്. സുരേന്ദ്രന്‍ അറിയിച്ചു. സന്നിധാനത്ത് സ്‌പെഷ്യല്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. വടക്കേ നടയില്‍ വിവിധ സേനകള്‍ സംയുക്തമായി സുരക്ഷ ഒരുക്കും. സുരക്ഷയുടെ ഭാഗമായി സന്നിധാനത്ത് ഹെലികോപ്ടര്‍ നിരീക്ഷണവും നടത്തുന്നുണ്ട്. അടിയന്തര സാഹചര്യം നേരിടുന്നതിന് ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ രൂപീകരിച്ചിട്ടുണ്ട്. മകരവിളക്കിന് കെ. എസ്. ആര്‍. ടി. സിയുടെ ആയിരം ബസുകളാണ് പമ്പയിലേക്ക് സര്‍വീസ് നടത്തുന്നത്.
മകരവിളക്ക് ഇന്ന് ;സന്നിധാനം ഭക്തിസാന്ദ്രം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക