Image

കൃഷ്ണപിള്ളച്ചേട്ടന്റെ ഒരു ദിവസം (വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍)

വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍ Published on 14 January, 2017
 കൃഷ്ണപിള്ളച്ചേട്ടന്റെ ഒരു ദിവസം (വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍)
ജംബു ദ്വീപത്തിന്റെ ദക്ഷിണദിക്കില്‍ പഞ്ചദ്രാവിഡങ്ങളുടെ പശ്ചിമതീരത്തായി സ്വച്ഛന്ദം വിഹരിക്കുന്ന അറേബ്യന്‍ സമുദ്രത്തിന്റെ നിരന്തരമായ ചുടുചുംബനമേറ്റു സഹ്യന്റെ കരവലയത്തില്‍ ലാസ്യഭാവത്തില്‍ കിടക്കുന്ന, തരുണിമ തൂവിയ ഒരു സുന്ദര നാടുണ്ട്. അതിനെ 'കേരള' മെന്ന ഓമനപ്പേരിലറിയപ്പെടുന്നു. ഈ നാടിന്റെ ഉള്ളിലേക്കു കുറെയേറെ നടന്നാല്‍ സുന്ദരമായ ഒരു ഗ്രാമത്തിലെത്താം. സൂര്യപ്രകാശം ഇനിയും അധികം കടന്നുചെല്ലാത്ത ഒരു ഗ്രാമം. ഞങ്ങളുടെ ഗ്രാമം....! നെല്ലിന്‍ കതുരുകളാല്‍ തോരണം കെട്ടിയ ഗ്രാമം....! ഹിന്ദു മുസ്ലീം ക്രൈസ്തവര്‍ തോളോടു തോളുരുമ്മി ഒരേ പാത്രത്തില്‍ നിന്നും കഴിക്കുന്ന ഗ്രാമം...! ഗ്രാമീണ നര്‍ത്തകികളുടെ മഞ്ജീരധ്വനി കേട്ടുണരുന്ന ഗ്രാമം...! എന്റെ പൂര്‍വ്വികന്മാര്‍ കാലു ചവുട്ടി നടന്നിരുന്ന ഞങ്ങളുടെ സുന്ദര ഗ്രാമം...! ഈ ഗ്രാമത്തിനൊരു പ്രത്യേകതയുള്ളതും, ഇവിടെയാണു എന്നും സൂര്യന്‍ ഉദിക്കുന്നത്. ഈ ഗ്രാമത്തിലാണു കേരളത്തിന്റെ അരുണിമയും, തരുണിമയും ഒത്തു ചേര്‍ന്ന സുന്ദരികള്‍-ഭൂലോകസുന്ദരികള്‍ വസിക്കുന്നത്. ഈ ഗ്രാമത്തില്‍ ജനിക്കുക എന്നു പറയുന്നതു പലര്‍ക്കും മുന്‍ജന്മ സുകൃതമാണ്. ഇതു ഞങ്ങള്‍ക്കു ഗ്രാമമല്ല; രാജ്യമാണ്. സര്‍വ്വലോക സുഖായ; സര്‍വ്വലോകഹിതായ; അതാണ് ഞങ്ങളുടെ ഗ്രാമവാസികളുടെ മുദ്രാവാക്യം. ഓ, ഈ ഗ്രാമത്തിന്റെ പേരു പറഞ്ഞില്ലല്ലോ? അല്ല വേണ്ട പിന്നൊരിക്കലാവട്ടെ.
ഞങ്ങള്‍ നാട്ടുകാര്‍ കപ്പ, മാങ്ങ, തേങ്ങ ഇത്യാദി നാടന്‍ കാര്‍ഷിക ഫലങ്ങള്‍ മാത്രം കഴിച്ചു ജീവിച്ച പാവം മനുഷ്യര്‍. ഞങ്ങളുടെ നാടിനെ തൊട്ടുതലോടിയാണ് പമ്പയാര്‍ ഒഴുകുന്നത്. ആ പമ്പയാറ്റില്‍ മുങ്ങിക്കുളിക്കുന്നവന്‍ ആയിരം പൂര്‍ണ്ണചന്ദ്രനെ കാണുമെന്നാണ് ഞങ്ങളുടെ പഴമക്കാര്‍ പറയുന്നത്. ഇവിടെ നാട്ടുകാര്‍ക്കു അയ്യം വിളിയ്ക്കാന്‍ അമ്പലമുണ്ട്, പള്ളിയുണ്ട്. വിദ്യ അഭ്യസിക്കാന്‍ പള്ളിക്കൂടമുണ്ട്. ആ സ്‌ക്കൂളിലെ ഗുരുക്കന്മാരാണു ഞങ്ങളുടെ നാവില്‍ ആദ്യം അക്ഷരം കുറിച്ചു തന്നത്. അവര്‍ ഞങ്ങളെ 'അമ്മേ' എന്നുച്ചരിക്കാന്‍ പഠിപ്പിച്ചു. അവിടെ ഒരു ഇംഗ്ലീഷ് സ്‌കൂളുമുണ്ട്. ക്രൈസ്തവ മിഷനറിമാര്‍ സ്ഥാപിച്ചു, വര്‍ഷങ്ങള്‍ പഴക്കമുള്ള ഇംഗ്ലീഷ് സ്‌ക്കൂള്‍. അവിടെ നിന്നും ഇംഗ്ലീഷിന്റെ ഇരുപത്താറ് അക്ഷരവും പഠിച്ചു. ഇന്നു പ്രൈമറി സ്‌കൂളിനെ തൊട്ടുരുമ്മി നാടിന്റെ തിലകക്കുറിയായി നില്‍ക്കുന്ന ഹൈസ്‌ക്കൂള്‍ ഗ്രാമനിവാസികളുടെ വിയര്‍പ്പിന്റെ ഫലമാണ്. ഇത്രയുമായപ്പോള്‍ ഞങ്ങളുടെ ഗ്രാമമായി. അല്പം കൂടെയുണ്ടു പറയാന്‍, പക്ഷെ എന്റെ നാടിനെപ്പറ്റി എഴുതാന്‍ കടലാസും, പേനയും തികയില്ല.

മദ്ധ്യവേനല്‍ കാലങ്ങളില്‍ പമ്പയാറിന്റെ മണല്‍പ്പരപ്പു വിശാലമായി തെളിയും. അവിടെ പിന്നീടു ഉത്സവമാണ്. പ്രായഭേദമെന്യേ നാട്ടുകാര്‍ കൂട്ടം കൂടുന്ന മണല്‍പ്പരപ്പ്. അവിടെ ഒരു ചായക്കടയുണ്ട്. ഒരിക്കലും ചായ കിട്ടാത്ത ചായക്കട. മറ്റു 'പാനീയങ്ങളും' മേശക്കടിയില്‍ കൂടെ വില്‍ക്കുന്ന ചായക്കട. ആറിന്റെ കരയില്‍ ഒരു വള്ളപ്പുരയുണ്ട്. ഗ്രാമവാസികളുടെ അഭിമാനമായ ചുണ്ടന്‍ അതിലാണ് വിശ്രമിക്കുന്നത്. തലയുമുയര്‍ത്തി പിടിച്ചു നില്‍ക്കുന്ന ചുണ്ടനെ കാണുമ്പോള്‍ ഞങ്ങള്‍ ഗ്രാമവാസികള്‍ അല്പം അഹങ്കാരികളായി മാറും.

അന്തിമയങ്ങുമ്പോള്‍ ഞങ്ങളുടെ നാട്ടിലെ അച്ചായന്മാര്‍ വള്ളപ്പുരയുടെ മറവില്‍ ഒന്നു ഒത്തുകൂടാറുണ്ട്. അവിടെ ആനമയക്കി, കഴുത്തൊടിയന്‍, അലമ്പുണ്ടാക്കി, മതിലുംചാരി, കൊട്ടുവടി ഇത്യാദി സെലസൈറ്റിയല്‍ പാനീയങ്ങള്‍ ലഭിക്കാറുണ്ടെന്നും ജനം പറയുന്നു. ചില രാത്രികളില്‍ റോഡിനു വീതി പോരാ എന്നു ചില അച്ചായന്‍മാര്‍ പരിഭവം പറയുന്നത് കേട്ടിട്ടുണ്ട്. ചിലര്‍ രാത്രിസമയങ്ങളില്‍ നാലു കാലിലാണ് വീട്ടില്‍ വരാറുള്ളത്. ചിലര്‍ ഇഴഞ്ഞു പാമ്പായിട്ടും. നാണുവിന്റെ ഭാര്യ പാറു വല്യ വാറ്റുകാരിയാണ്. പോലീസിനു ഒരിക്കലും പിടികൊടുക്കാത്ത വാറ്റുകാരി. അന്നു പാറുവിന്റെ അട്ടച്ചാരായം കുടിച്ചവരില്‍ പലരും ആയുസ് തികയും മുമ്പേ നാകലോകം പൂകിയിട്ടുണ്ട്. ഇതൊരു സത്യമാണ്. പിന്നീടാണ് 'വൈപ്പിന്‍കര'യും, പുനലൂരും ഒക്കെ പലരേയും കാലപുരിയ്ക്കയച്ചത്. ചില 'വൈദ്യശാല' കളില്‍ കിട്ടിയിരുന്ന ഒരു തരം അരിഷ്ടമായിരുന്നേ്രത 'വിപ്ലാവരിഷ്ടം' എന്ന വില്ലന്‍. അതു പല കുടുംബങ്ങളിലും വിപ്ലവം സൃഷ്ടിച്ചു.

ഈ ഗ്രാമത്തില്‍ അനേക വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു കൃഷ്ണപിള്ളച്ചേട്ടനും ജനിച്ചു. തയ്യല്‍ക്കാരനായ, കമ്മ്യൂണിസ്റ്റുകാരനായ, വെളുത്തനിറമുള്ള, വെള്ളാരന്‍ കണ്ണുള്ള, അഞ്ചടി അഞ്ചിഞ്ചു ഉയരമുള്ള, മുറുക്കിച്ചുവപ്പിച്ച ചുവന്ന ചുണ്ടുകളും, പല്ലുകളുമുള്ള ഒരു കൃശഗാത്രന്‍. മുകളിലത്തെ മൂന്നു ബട്ടണ്‍സിടാതെ, തുറന്ന നെഞ്ചുമായി, കോളര്‍ ബോണില്‍ ഉടക്കി ഒരു കാലന്‍കുട പിറകിലേക്കു തൂക്കി ചെരുപ്പിടാതെ നടക്കുന്ന കൃഷ്ണപിള്ളച്ചേട്ടന്‍.

കൃഷ്ണപിള്ളച്ചേട്ടന്റെ ഒരു ദിവസം തുടങ്ങുന്നതിങ്ങനെ- രാവിലെ ഒന്‍പതു മണിക്കു ചാടിയെണീറ്റു, വീടിന്റെ മുന്‍വശത്തെ കൈത്തോട്ടില്‍ ഒരു കുളിയുണ്ട്. രണ്ടു മൂന്നു മിനിറ്റു മാത്രം നീണ്ടു നില്‍ക്കുന്ന ഒരു തരം കാക്കക്കുളി. ആകാശവും, ഭൂമിയും കാണാവുന്ന ഒരു തോര്‍ത്തുമുടുത്ത്. ഞങ്ങള്‍ ചെറുപ്പക്കാര്‍ അന്നു മനസ്സില്‍ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു, ആ സമയത്തു ഒരു പെണ്‍കുട്ടി പോലും ആ വഴി വരരുതേ ഈശ്വരാ.... എന്ന്. ആ വീടിനകത്തു നിറഞ്ഞുനില്‍ക്കുന്ന ഒരു ചേച്ചിയുണ്ടായിരുന്നു. ഞങ്ങള്‍ ചെറുപ്പക്കാര്‍ ചേച്ചീ എന്നു നീട്ടിവിളിക്കുന്ന ഭവാനിച്ചേച്ചി, അവരുടെ സ്‌നേഹവല്ലരിയില്‍ വിരിഞ്ഞ രണ്ടു കുസുമങ്ങളായിരുന്നു ശാരദാമണിയും, പങ്കജവല്ലിയും. അവര്‍ ഗ്രാമത്തിന്റെ നിര്‍വൃതിയായിരുന്നു. നെല്ലിന്‍പാടത്തെ കൈവരമ്പിലൂടെ ട്രപ്പീസുകാരി, കയര്‍പാലത്തിലൂടെ നടന്നുവരുന്നതു പോലെ ശാരദാമണി നടന്നുവരുന്നതു ഒളിച്ചിരുന്നു കാണാന്‍ ഗ്രാമത്തിലെ ചെറുപ്പക്കാര്‍ തിടുക്കം കൂട്ടാറുണ്ടായിരുന്നത്രേ. അവള്‍, ഈശ്വരന്റെ ഒരു പരിപൂര്‍ണ്ണ സൃഷ്ടി.

കൃഷ്ണപിള്ളച്ചേട്ടനു അഞ്ചു സെന്റില്‍ ഒരു വീടുണ്ട്. ആ അഞ്ചു സെന്റിലാണു തന്റെ സര്‍വ്വകൃഷികളും. മൂന്നു തെങ്ങും, ഒരു പ്ലാവും, കുറെ മരച്ചീനിയും, മറ്റു അല്ലറചില്ലറ നാണ്യവിളകളും ആവുമ്പോള്‍ ചേട്ടന്റെ അഞ്ചു സെന്റായി. തീര്‍ന്നില്ലാ, അതില്‍ ഒരു ചെറിയ കാലിത്തൊഴുത്തുണ്ട്. അതിനുള്ളില്‍ ഒരു നാല്‍ക്കാലി മൃഗവും. അവര്‍ അതിനെ 'നാണീ' എന്ന ഓമനപ്പേരിലാണി വിളിച്ചിരുന്നത്. ഇന്നുവരെയും ആ പശുവില്‍ നിന്നും ഒരു തുടം പാല്‍ കുടിക്കാനുള്ള ഭാഗ്യം ശാരദാമണിയ്‌ക്കോ പങ്കജവല്ലിക്കോ ലഭിച്ചിട്ടില്ല. ആ കാലത്തു ഇത്രയും സുന്ദരികളായ പെണ്‍കുട്ടികളെ ഈയുള്ളവന്‍ അടുത്തു കണ്ടിട്ടില്ല; പ്രത്യേകിച്ചു ശാരദാമണിയുടെ സൗന്ദര്യം വര്‍ണ്ണിക്കാന്‍ ഈയുള്ളവന്റെ തൂലികയ്ക്കു കഴിവില്ല. കോളേജു വിട്ടു ഗ്രാമവീഥിയുടെ ഓരം ചേര്‍ന്നുവരുന്ന ശാരദാമണിയുടെ കടമാന്‍ കണ്ണുകള്‍ കൊണ്ടുള്ള ഏറ് ഈയുള്ളവനും ലഭിച്ചിട്ടുണ്ട്. അവള്‍ക്കെന്നോടെന്തോ ഒരു 'ഇത്' ഉണ്ടായിരുന്നോ എന്ന നിഗൂഢ സന്ദേഹം എന്നെ ഇന്നും വേട്ടയാടുന്നു. ഞാനൊരു പ്രീച്ചറുടേയും അദ്ധ്യാപകന്റേയും മകനല്ലെ എന്നതിനാല്‍ അന്നു ഞാന്‍ കൂടെക്കൂടെ എന്നെ ശകാരിക്കയോ, ശാസിക്കയോ ചെയ്തിട്ടുണ്ട്. എന്റെ മാന്യ വായനക്കാര്‍ എന്നെ തെറ്റിദ്ധരിക്കരുതേ എന്നൊരു എളിയ അപേക്ഷയുണ്ട്.

കൃഷ്ണപിള്ളച്ചേട്ടനാണല്ലോ നമ്മുടെ കഥാനായകന്‍? രാവിലെ കഞ്ഞികുടി കഴിഞ്ഞു തയ്യല്‍ കടയിലേക്കുള്ള ഒരുക്കമാണ്. സമയം ഏതാണ്ട് പത്തുമണി. കൈത്തോടിന്റെ ഇങ്ങേക്കരയില്‍ നിന്നും അങ്ങേക്കരയിലേക്കൊരു ചാട്ടമുണ്ട്. ഒരിക്കലും ഉന്നം പിഴയ്ക്കാത്ത ചാട്ടം. ആ വരമ്പില്‍ നിന്നും ഒരു കൈവരമ്പുകൂടെ കുറിച്ചു കടന്നു വേണം ഞങ്ങളുടെ ഗ്രാമവീഥിയിലെത്താന്‍. പോകുന്ന വഴിയില്‍ ആരെ കണ്ടാലും അല്പം രാഷ്ട്രീയം പറയും. പിന്നെ പല വീടുകളുടെ മുമ്പില്‍ നിന്നുള്ള സ്ഥിരമായ കുശലം പറച്ചില്‍. ഏതാണ്ടു പതിനൊന്നാകുമ്പോള്‍ ഞങ്ങളുടെ കവലയില്‍ എത്തിച്ചേരും. അവിടെയാണു ചെല്ലപ്പന്‍ നായരുടെ കാപ്പിക്കട. അവിടെ ടര്‍ക്കീഷ് കോഫിയേക്കാളും വീര്യമുള്ള കട്ടന്‍കാപ്പി കിട്ടുമത്രേ. കട്ടന്‍ കാപ്പിയും പരിപ്പുവടയുമാണു മെനു. അതു പലര്‍ക്കും ബ്രേക്ക് ഫാസ്റ്റാണ്. അതിന്റെ കൂടെ ഒരു പൂവന്‍പഴം കൂടെ ഉണ്ടാവുമെങ്കില്‍....? ഒരു വര്‍ത്തമാനപ്പത്രവും നിവര്‍ത്തിപ്പിടിച്ചു. ആരെങ്കിലും രാഷ്ട്രീയം പറയാനായി കൃഷ്ണപിള്ളച്ചേട്ടനെ കാത്തിരിക്കും. അതിയാന്‍ വന്നാലുടന്‍ ചര്‍ച്ച വേറൊരു ദിശയിലേക്കു കടക്കുകയായി. കലത്തില്‍ വെള്ളവും നിറച്ചു ചൂടടുപ്പത്തു വച്ചിട്ടു. റേഷനരി വാങ്ങാനായി മറിയച്ചേടത്തി പറഞ്ഞയയ്ക്കുന്ന കുഞ്ഞച്ചന്‍ ചേട്ടനും ആ കവലയുടെ ഭാഗമാണ്. ലോക രാഷ്ട്രീയത്തിന്റെ കാര്യത്തില്‍ കുഞ്ഞച്ചന്‍ ചേട്ടന്‍ ഉസ്താദാണ്. വാക്കേറ്റം മൂത്തു ആ കവലയില്‍ ഉന്തും തള്ളും സര്‍വ്വ സാധാരണമാണ്.

ഇനിയും ഒരു സ്‌റ്റോപ്പു കൂടെ കഴിഞ്ഞിട്ടു മാത്രമെ പിള്ളച്ചേട്ടനു ആറ്റിന്‍ ഭാഗം എന്നു ഞങ്ങള്‍ വിളിക്കുന്ന സിറ്റിയിലെത്താന്‍ കഴിയൂ. അവിടെയാണു പാറക്കടവ്. ആ പാറക്കടവു കടന്നു ആറിനക്കരെയാണു തയ്യല്‍ക്കട. ആറ്റിന്‍ ഭാഗത്തു ഒരു കുരിശടി, ഭഗവതീക്ഷേത്രം വക വഞ്ചിക, ഒരു പലചരക്കു കട, റേഷന്‍കട, വായനശാല എന്നീ സ്ഥാപനങ്ങള്‍ ഉണ്ട്. അവിടുത്തെ സ്റ്റേഷനറി കടയില്‍ സിഗരറ്റു ലഭിക്കാറുണ്ടായിരുന്നത്രെ ആ കാലത്ത്. മണമുള്ള ചാര്‍മിനാര്‍, പനാമാ, സിസേഴ്‌സ്, വില്‍സ് എന്നീ സിഗരറ്റുകള്‍. ആ കാലത്തും ഞങ്ങളുടെ നാട്ടില്‍ സിഗരറ്റു വലിക്കുന്നവര്‍ ജീവിച്ചിരുന്നു. സിഗരറ്റു വില്‍ക്കുന്ന കടയുള്ള സ്ഥലത്തിനെ  ഗ്രാമമെന്നല്ല സിറ്റിയായിട്ടായിരുന്നു ഈയുള്ളവന്‍ അക്കാലത്തു കരുതിയിരുന്നത്. തിരുവനന്തപുരം, എറണാകുളം പോലെയൊക്കെയുള്ള സിറ്റി.

സിറ്റിയെങ്കിലും അവിടെയുമുണ്ടൊരു മാടക്കട. ബീഡി തോമായുടെ മാടക്കട. എപ്പോഴും ഒരു ചെറിയ മുറത്തിലേക്കു കണ്ണും നട്ടു ബീഡി തെറുക്കുന്ന ബീഡി തോമാ! അയാള്‍ ഒരിക്കലും ചിരിച്ചു കണ്ടിട്ടില്ല. മുഖത്തു രൂക്ഷമായ രുദ്രഭാവം! അയ്യാളുണ്ടാക്കുന്ന വല്യബീഡി ഒന്നു വലിച്ചാല്‍ ആ ദിവസം വേറെ ഒന്നു കൂടി വലിക്കാനുള്ള ആഗ്രഹം ഒരാള്‍ക്കുണ്ടാവില്ല, കാരണം ബീഡിയുടെ പുക സിരകളില്‍ ഒരു ദിവസം മുഴുവന്‍ അങ്ങനെ പരതി നില്‍ക്കും. ബീഡി തോമായുടെ വല്യ ബീഡിയുടെ ഒരു പുക എടുക്കുക എന്നുള്ളതു ഒരു മൈനറായിരുന്ന ഈയുള്ളവന്റെയും ചിരകാല സ്വപ്‌നമായിരുന്നു. ഒരിക്കല്‍ മറ്റാരും സമീപത്തില്ലാതിരുന്ന തക്കം നോക്കി ഒരു വല്യ ബീഡി എന്റെ കയ്ക്കുള്ളിലാക്കി, ഒരു കുറ്റബോധത്തോടെ വീടിനെ ലക്ഷ്യമാക്കി അതിവേഗം നടന്നു. ആരും ഇല്ലാത്ത തക്കം നോക്കി ആ ബിഡി തൊഴുത്തിന്റെ തട്ടിന്‍ പുറത്ത് ഒളിച്ചിരുന്നു വലിച്ചു തീര്‍ത്തു. ഞാന്‍ മൈനറല്ല ഒരു മേജര്‍ തന്നെയാണെന്നു തെളിയിച്ചു. മുന്‍ പറഞ്ഞ പോലെ ഒരു യാഥാസ്ഥിതിക അദ്ധ്യാപകന്റെ മകനായ ഞാന്‍ വല്യ ബീഡിയെന്നല്ല ഒരു കൊച്ചു ബീഡി പോലും വലിച്ചാലുണ്ടാവുന്ന പുകില് ഒന്നോര്‍ത്തു നോക്കൂ- മരണം തീര്‍ച്ച....! അതുകൊണ്ടു അന്നു ഞാന്‍ ചിന്തിച്ചിട്ടുണ്ട് പഠിച്ചു മിടുക്കനായി ബോംബെയില്‍ പോയി ഒരു ജോലിയൊക്കെ കരസ്ഥമാക്കി ബോംബെ പട്ടണത്തിന്റെ തെരുവിലൂടെ ഒരു ചാര്‍മിനാറും വലിച്ചു അതിന്റെ പുകച്ചുരുള്‍ വിശാലമായ ആകാശത്തേക്ക് ഊതി അല്പം അഹങ്കാരത്തോടെ നടക്കുമെന്ന്. ചാര്‍മിനാറിന്റെ സുഗന്ധം അത്രമാത്രം ഹരമായിരുന്നു ഈ എനിക്ക്. എന്തിനേറെ പറയുന്നു ചാര്‍മിനാര്‍ വലിച്ചില്ല എന്നു മാത്രമല്ല ബോംബെ പട്ടണത്തില്‍ കാലുകുത്താനുള്ള ഭാഗ്യം പോലും ഈയുള്ളവനു ലഭിച്ചില്ല.
കൃഷ്ണപിള്ളച്ചേട്ടന്റെ അരമണിക്കൂര്‍ ഡയലോഗ് സിറ്റിയിലുമുണ്ട്. ഇപ്പോള്‍ സമയം പന്ത്രണ്ടുമണി. പിന്നീടു പാറക്കടവില്‍ വള്ളം നോക്കി നില്‍പാണ്. വള്ളം ഓടിക്കുന്ന 'ക്യാപ്റ്റന്‍' കൊച്ചിയില്‍ നിന്നും ഞങ്ങളുടെ ഗ്രാമത്തില്‍ കുടിയേറിയ, പഞ്ചായത്തിന്റെ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥനാണ്. ചിലര്‍ പറയുന്നു പിരുപിരാ മുടിയുള്ള ഈ ക്യാപ്റ്റന്‍ പറിങ്കിയാണെന്ന്. കഴുത്തില്‍ കൊന്തയും ധരിച്ചു നടക്കുന്ന കറുത്ത പറിങ്കി. അയാള്‍ക്കു തോന്നുമ്പോഴെ വള്ളം 'ഡ്രൈവു' ചെയ്യാന്‍ എത്തുകയുള്ളൂ. ഗവണ്‍മെന്റ് ഉദ്യോഗസ്ഥനാണെന്ന മനോഭാവത്തിന്റെ ഒരു മിനിയേച്ചര്‍ പ്രോട്ടോറ്റൈപ്പ്. പാറക്കടവില്‍ നാല്‍പ്പത്തഞ്ചു വര്‍ഷക്കാലമായി ഒരു പാലം പണിയുമെന്നു പറഞ്ഞു പല രാഷ്ട്രീയ നേതാക്കളും ഞങ്ങളെ 'മോഴ പിരട്ടി'. പത്തു വര്‍ഷം മുമ്പു ആ വലിയ വാര്‍ത്ത കാട്ടുതീ പോലെ നാടെങ്ങും പരന്നു. പാറക്കടവില്‍ പാലം പണിയാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെന്ന ആ വലിയ വാര്‍ത്ത!!! പാലം പണി തുടങ്ങി ഇന്നും ഒരു ദുഃശ്ശകുനം പോലെ രണ്ടു വലിയ തൂണുകള്‍ പകുതി പണി തീര്‍ന്നതു നാട്ടുകാരെ കൊഞ്ഞനം കുത്തി ഒരു നോക്കുകുത്തി പോലെ നില്‍ക്കുന്നു. ജനം മൃഗതൃഷ്ണ കണ്ടു മുമ്പോട്ടു പോവുന്നു. ഈ പാലത്തിന്റെ പേരു പറഞ്ഞു അടുത്ത രാഷ്ട്രീയ നേതാവും തെരഞ്ഞെടുപ്പില്‍ ജയിക്കും.

കൃഷ്ണപിള്ളച്ചേട്ടന്‍ നദി കടന്നു തന്റെ മെഷീനില്‍ തൊഴി തുടങ്ങി. ഇപ്പോള്‍ സമയം ഒരു മണി. ചേട്ടനു ഒരു ട്രെയിനി കൂടെയുണ്ടു സമീപത്തെ സ്റ്റൂളില്‍. ആ പാവത്താന്‍ മൂന്നു വര്‍ഷക്കാലമായി ഒരു സര്‍ട്ടിഫിക്കറ്റിനായി അല്ലെങ്കില്‍ ഇന്നോ നാളെയോ ഗ്രാജ് വേറ്റു ചെയ്യുമെന്നുള്ള പ്രത്യാശയില്‍ കഴിയുന്നു. കഴുത്തു വെട്ടാനും, കൈ വെട്ടാനും(തിരുവനന്തപുരം പട്ടണത്തിലെ ഇന്നത്തെ 'കഴുത്തുവെട്ടും കൈവെട്ടുമല്ല', ഇവിടെ ഉദ്ദേശിച്ചത് ബ്ലൗസിന്റെ കാര്യമാണ്) ഒന്നും ടിയാന്‍ ഇതുവരെയും പഠിച്ചിട്ടില്ല; പ്രത്യുത പഠിപ്പിച്ചിട്ടില്ല എന്നു പറയുന്നതായിരിക്കും ഏറെ ശരി.
ഇപ്പോള്‍ സമയം രണ്ടു മണി, ചേട്ടന്‍ വീണ്ടും പാറകടവിലേക്ക്, സിറ്റിയിലേക്ക്, കവലയിലേക്ക്, പിന്നെ ലഞ്ച് കഴിയ്ക്കാന്‍ വീട്ടിലേക്ക്. പോകുന്ന വഴിയില്‍ വീണ്ടും രാഷ്ട്രീയം. ലഞ്ചു കഴിയുമ്പോള്‍ മൂന്നാവും. വീണ്ടും പഴയപോലെ തയ്യല്‍ക്കടയിലേക്ക്. കടയില്‍ ചെല്ലുമ്പോള്‍ മണി അഞ്ച്. പിന്നീടു രണ്ടു മണിക്കൂര്‍ കഠിനാദ്ധ്വാനമാണ്. ജോലിയ്ക്കിടയിലുമുണ്ട് കൃഷ്ണപിള്ളച്ചേട്ടനു രാഷ്ട്രീയം. ഏഴുമണിയാവുമ്പോള്‍ ചേട്ടന്‍ എല്ലാം പൂട്ടിക്കെട്ടി വീണ്ടും വീട്ടിലേക്ക്. വീട്ടില്‍ വരുമ്പോള്‍ ഒന്‍പത് മണി.

ഏതാനും മാസങ്ങള്‍ക്കു മുമ്പ് കൃഷ്ണപിള്ളച്ചേട്ടന്‍ മരിച്ചു. അങ്ങനെ കൃഷ്ണപിള്ളച്ചേട്ടന്റെ ഒരു ദിവസം അവസാനിച്ചു....
.................................

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക