Image

ഖാദി കമ്മീഷന്റെ കലണ്ടറില്‍ ഗാന്ധിചിത്രം നീക്കി മോദി ചിത്രം അച്ചടിച്ചതിനെതിരെ ആം ആദ്‌മി

Published on 14 January, 2017
ഖാദി കമ്മീഷന്റെ കലണ്ടറില്‍ ഗാന്ധിചിത്രം  നീക്കി മോദി ചിത്രം അച്ചടിച്ചതിനെതിരെ ആം ആദ്‌മി

ന്യൂദല്‍ഹി: ഖാദി കമ്മീഷന്റെ കലണ്ടറില്‍ നിന്നും മഹാത്മാഗാന്ധിയുടെ ചിത്രം നീക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം അച്ചടിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആം ആദ്‌മി പാര്‍ട്ടി.

മോദിയുടെ ഈ നടപടി ഒട്ടും ആശ്ചര്യപ്പെടുത്തിയില്ലെന്നും കലണ്ടറില്‍ മാത്രമല്ല ഇന്ത്യന്‍ കറന്‍സിയില്‍ പോലും ഗാന്ധിജിയുടെ ചിത്രത്തിന്‌ പകരം മോദിയുടെ ചിത്രം അച്ചടിച്ചാലും അത്ഭുതപ്പെടാനില്ലെന്നും ആം ആദ്‌മി നേതാവ്‌ ദിലീപ്‌ പാണ്ഡെ പ്രതികരിച്ചു.


ഇന്ത്യയില്‍ അച്ചടിക്കുന്ന നോട്ടുകളില്‍ ഗാന്ധിയുടെ ചിത്രത്തിന്‌ പകരം മോദിയുടെ ചിത്രം വന്നാല്‍ ഞാന്‍ ഒരിക്കലും അത്ഭുതുപ്പെടില്ല. ഇത്തരം കാര്യങ്ങള്‍ എല്ലാം കാട്ടിക്കൂട്ടുന്നതിലൂടെ ഒരു പ്രധാനമന്ത്രിയുടെ വില അദ്ദേഹം ഇടിച്ചുകളയുകയാണ്‌. മോദിയുടെ അധികാരാസക്തിമാത്രമാണ്‌ ഇതിലൂടെ പുറത്തുവരുന്നത്‌. മോദി ഇതല്ല ഇതിലപ്പുറവും ചെയ്യും. ദീലീപ്‌ പാണ്ഡെ പറയുന്നു.


മോദിയുടെ ഈ നടപടിക്കെതിരെ കഴിഞ്ഞ ദിവസം ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌ രിവാളും രംഗത്തെത്തിയിരുന്നു. മോദി കൈത്തറി യന്ത്രം ഉപയോഗിക്കുന്നതായി ഭാവിച്ചാല്‍ ഗാന്ധിയാവില്ലെന്നായിരുന്നു കെജ്‌രിവാളിന്റെ വാക്കുകള്‍.

മോദി ആദ്യം സര്‍ദാര്‍ പട്ടേലിനെ അനുകരിച്ചു. ഇപ്പോള്‍ മോദി ഗാന്ധിജിയാകുന്നു. മോദിഒരിക്കലും അനുകരിക്കാന്‍ ശ്രമിക്കാത്ത ഒരാളുണ്ട്‌. അത്‌ നേതാജിയാണ്‌- കോണ്‍ഗ്രസ്‌ നേതാവ്‌ അഭിഷേക്‌ സിങ്‌വി പറഞ്ഞു.

ഖാദി വില്ലേജ്‌ ഇന്‍ഡസ്‌ട്രീസ്‌ കമ്മീഷന്‍ പുറത്തിറക്കിയ കലണ്ടറുകളിലും ഡയറികളിലുമായിരുന്നു രാഷ്ട്ര പിതാവിന്റെ ചിത്രത്തിനു പകരം ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്ന മോദിയുടെ ചിത്രം നല്‍കിയത്‌. ഖാദി കമ്മീഷന്റെ നടപടിക്കെതിരെ രാജ്യത്ത്‌ പ്രതിഷേധം ശക്തമാകുകയാണ്‌. ഇന്നലെ ഖാദി ജീവനക്കാര്‍ വായ മൂടിക്കെട്ടി പ്രതിഷേധിച്ചിട്ടുമുണ്ടായിരുന്നു.

എന്നാല്‍ കമ്മീഷന്‍ ചെയര്‍മാന്‍ ഇതിനെ ന്യായീകരിക്കുകയാണുണ്ടായത്‌. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക