Image

ബിഷപ്പ് തോമസ് കെ.ഉമ്മന്‍ സി എസ ഐ മോഡറേറ്റര്‍

(തോമസ് റ്റി ഉമ്മന്‍) Published on 14 January, 2017
ബിഷപ്പ് തോമസ് കെ.ഉമ്മന്‍ സി എസ ഐ മോഡറേറ്റര്‍
സിഎസ്‌ഐസഭയുടെ പുതിയ ആീത്മീയ തലവനായി (മോഡറേറ്റര്‍) ബിഷപ് തോമസ് കെ.ഉമ്മന്‍ (64) തിരഞ്ഞെടുക്കപ്പെട്ടു. സിഎസ്‌ഐ റിട്രീറ്റ് സെന്ററില്‍ ആരംഭിച്ച സഭാ സിനഡ് സമ്മേളനത്തില്‍ വച്ചായിരുന്നു തെരഞ്ഞെടുപ്പ് നടത്തപ്പെട്ടത്. കേരളത്തില്‍ നിന്നും മോഡറേറ്റര്‍ സ്ഥാനത്തു എത്തുന്ന മൂന്നാമത്തെ ബിഷപ്പാണ് തോമസ് കെ ഉമ്മന്‍. 

24 മഹായിടവകകളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട 340 പതിനിധികള്‍ ചേര്‍ന്നാണ് പുതിയ മോഡറേറ്ററെയും മറ്റു സിനഡ് ഭാരവാഹികളെയും തിരഞ്ഞെടുക്കുന്നത്. 24 ബിഷപ്പുമാര്‍ ഉള്‍പ്പെടുന്ന ബിഷപ്പ് കൌണ്‍സില്‍ ബിഷപ്പ് തോമസ് കെ ഉമ്മന്റെ പേര് നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് സിനഡ് ഏകകണ്ഠമായി അംഗീകരിച്ചു. തിരുവല്ലാ, തലവടി സ്വദേശിയായ ബിഷപ്പു തോമസ് കെ ഉമ്മനു 1983 ലാണ് വൈദിക പട്ടം ലഭിച്ചത്. 2011 മാര്‍ച്ചില്‍ മധ്യകേരള മഹായോഇടവകയുടെ ബിഷപ്പായി. 2014ല്‍ വിജയവാഡയില്‍ നടന്ന സിനഡ് സമ്മേളനത്തില്‍ വച്ച് ഡെപ്യൂട്ടി മോഡറേറ്ററായി.
സഭയുടെ പരിസ്ഥിതി, പുനഃസംഘടന തുടങ്ങിയ ഒട്ടേറെ ഉപസമിതിയുടെ ചുമതല വഹിച്ചിട്ടുണ്ട്.

തലവടി കാഞ്ഞിരപ്പള്ളില്‍ പരേതരായ കെ സി ഉമ്മന്‍, മറിയാമ്മ ദമ്പതികളുടെ മകനായി 1953 നവംബര്‍ 29 നു ജനിച്ചു.
ഭാര്യ ചവണക്കാമണ്ണില്‍ ഡോ. സൂസന്‍ തോമസ് സി എസ ഐ സ്ത്രീജന സഖ്യത്തിന്റെ പ്രസിഡന്റാണ്.

സെറാമ്പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ദൈവശാസ്ത്രത്തില്‍ ബിരുദവും പൂനെ ബിബ്ലിക്കല്‍ കോളേജില്‍ നിന്നും ബിരുദാനന്തര ബിരുദവും ലഭിച്ചു. ന്യൂ യോര്‍ക്ക് യൂണിയന്‍ സെമിനാരിയില്‍ നിന്നും ഉന്നത വിദ്യാഭ്യാസവും നേടി. മക്കള്‍ സോണി, സന്റീന, ആശാ മേരി ജോസഫാണ് സോണിയുടെ ഭാര്യ. സന്റീനയും ഭര്‍ത്താവ് ഡോ . ജീന്‍ മാത്യുവും ആധ്രയില്‍ മിഷന്‍ പ്രവര്‍ത്തനം നടത്തുന്നു.
 
 read also
ബിഷപ്പ് തോമസ് കെ.ഉമ്മന്‍ സി എസ ഐ മോഡറേറ്റര്‍
Join WhatsApp News
Joseph Padannamakkel 2017-01-14 13:18:22
മോഡറേറ്ററായി സ്ഥാനാരോഹണം ചെയ്യുന്ന സി.എസ്.ഐ. ബിഷപ്പ് തോമസ് ഉമ്മന് അഭിനന്ദനങ്ങൾ.  സി.എസ്.ഐ സഭയ്ക്ക് മാത്രമല്ല കേരളത്തിലെ എല്ലാ ക്രിസ്ത്യൻ സഭകൾക്കും അഭിമാനിക്കാനുള്ള വ്യക്തിഗുണങ്ങൾ ബിഷപ്പ് തോമസ് ഉമ്മനുണ്ട്. മറ്റെല്ലാ സഭാ നേതാക്കന്മാരെക്കാളും വ്യത്യസ്തമായ ഒരു വ്യക്തിത്വവും അദ്ദേഹത്തിനുണ്ട്. ഹിന്ദുക്കളും മുസ്ലിമുകളും മറ്റെല്ലാ മതവിഭാഗങ്ങളും ഒന്നുപോലെ അദ്ദേഹത്തെ ബഹുമാനിക്കുന്നതായും കാണാം. മാരാമൺ കൺവെൻഷനിലെ പേരുകേട്ട ഒരു പ്രഭാഷകനുംകൂടിയാണ്.   

ബിഷപ്പ് തോമസ് ഉമ്മൻ ഒരു പരിസ്ഥിതി വാദിയാണ്. പരിസ്ഥിതി വിഷയങ്ങളിൽ അഗാധമായ പാണ്ഡിത്യവും ഉണ്ട്. കേരളം മുഴുവനുമുള്ള ക്രിസ്ത്യൻ ബിഷപ്പുമാർ ഗാഡ്ഗിൽ റിപ്പോർട്ടിനെ എതിർത്തപ്പോൾ ആ റിപ്പോർട്ട് നടപ്പാക്കണമെന്ന് പറഞ്ഞ ഏക ബിഷപ്പാണ് തോമസ് ഉമ്മൻ. വനങ്ങൾ വെട്ടിയും പാറകൾ പൊട്ടിച്ചും ഭൂമിയുടെ സമതുലനാവസ്ഥ നശിപ്പിക്കുന്നവർക്കെതിരെ അദ്ദേഹം ശക്തമായ ഭാഷയിൽ പലപ്പോഴും പ്രതികരിച്ചിട്ടുണ്ട്.

അതുപോലെ ഏകീകൃത സിവിൽ കോഡിനെ ക്രിസ്ത്യാനികളും മുസ്ലിമുകളും ബിഷപ്പുമാരും ഒരുപോലെ എതിർക്കുമ്പോൾ അദ്ദേഹം അനുകൂലിക്കുന്നു. ക്രിസ്ത്യാനിക്കും മുസ്ലിമിനും ഹിന്ദുവിനും ഇന്നു നിലവിലുള്ള വ്യത്യസ്ത സാമൂഹിക നിയമങ്ങളെ എതിർക്കുന്നതായും കാണാം. പാരമ്പര്യ സ്വത്തുക്കളിലും വിവാഹ നിയമങ്ങളിലും ഹിന്ദുവിനും മുസ്ലിമിനും ക്രിസ്ത്യാനിക്കുമുള്ള രണ്ടു തരം നിയമങ്ങളെ ന്യായികരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വിശ്വസിക്കുന്നു. മദ്യനിരോധനത്തെ പൂർണ്ണമായും അനുകൂലിക്കുന്നുമുണ്ട്.  

ബിഷപ്പ് തോമസ് ഉമ്മൻ നല്ലയൊരു പ്രഭാഷകനും കൂടിയാണ്. സി.എസ്.ഐ സഭയ്ക്ക്‌ അദ്ദേഹത്തെപ്പോലുള്ള ഒരു ആത്മീയ ഗുരുവിനെ ലഭിച്ചതിൽ അഭിമാനിക്കാം. 

രണ്ടുവർഷം മുമ്പു ബിഷപ്പ് തോമസ് ഉമ്മന്റെ ജീവചരിത്രം സ്പർശിച്ചുകൊണ്ടുള്ള ഒരു ലേഖനം ഞാൻ എഴുതി ഈമലയാളിയിൽ പ്രസിദ്ധീകരിച്ചത് വായിക്കുക, 

http://ip-50-63-19-181.ip.secureserver.net/varthaFull.php?newsId=77343
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക