Image

തീയേറ്റര്‍ സമരം പിന്‍വലിച്ചു; ഇന്ന് മുതല്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കും

Published on 14 January, 2017
തീയേറ്റര്‍ സമരം പിന്‍വലിച്ചു; ഇന്ന് മുതല്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കും


തീയേറ്റര്‍ സമരം പിന്‍വലിച്ചു.മുഖ്യമന്ത്രി ചര്‍ച്ചക്ക് വിളിച്ച സാഹചര്യത്തിലാണ് സമരം പിന്‍വലിച്ചത്.ഇന്നു മുതല്‍ പ്രദര്‍ശനം തുടങ്ങുമെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു.തിയേറ്ററുകള്‍ക്ക് നേരെ പ്രതികാര നടപടിയുണ്ടാകാതിരിക്കാന്‍ മുഖ്യമന്ത്രി ശ്രദ്ധിക്കണമെന്നും എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ആവശ്യപ്പെട്ടു.26ന് വിളിച്ചിരിക്കുന്ന ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും ബഷീര്‍ കൂട്ടിച്ചേര്‍ത്തു.

വിതരണക്കാരും നിര്‍മ്മാതാക്കളും തിയേറ്ററുടമകളുടെ ആവശ്യത്തിന് വഴങ്ങാത്തതും ഫെഡറേഷന് പുറത്തുള്ള തീയേറ്ററുകളെ ഉപയോഗിച്ച് ഭൈരവാ റിലീസ് ചെയ്തതുമാണ് ലിബര്‍ട്ടി ബഷീറിനും നേതൃത്വത്തിനും തിരിച്ചടിയായത്. നടന്‍ ദിലീപിന്റെ തന്ത്രപരമായ ഇടപെടലാണ് സിനിമാ തര്‍ക്കത്തിന് പരിഹാരമൊരുക്കിയത്.ശനിയാഴ്ച തിയേറ്റര്‍ ഉടമകളുടെ പുതിയ സംഘടന രൂപീകരിക്കാന്‍ തീരുമാനമായതും ലിബര്‍ട്ടി ബഷീറും സംഘവും പെട്ടെന്ന് സമരത്തില്‍ നിന്ന് പിന്‍മാറാന്‍ ഇടയാക്കി. ശനിയാഴ്ച രൂപീകരിക്കുന്ന തീയറ്ററുടമകളുടെ പുതിയ സംഘടനയില്‍ ദിലീപിന്റെ സാന്നിധ്യമുണ്ടാകും. ചാലക്കുടി ഡി സിനിമാസ് ദിലീപിന്റെ ഉടമസ്ഥതയിലാണ്. സുരേഷ് ഷേണായി (ഷേണോയ് സിനിമാക്‌സ്), ആന്റണി പെരുമ്പാവൂര്‍ (ആശിര്‍വാദ് സിനിമാസ്) എന്നിവരും നേതൃത്വത്തിലുണ്ടാകും. ശനിയാഴ്ച നടക്കുന്ന യോഗത്തില്‍ ദിലീപ് പങ്കെടുക്കും.

തിയേറ്റര്‍ വിഹിതം പകുതിയാക്കി ഉയര്‍ത്താതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍. ഇതേത്തുടര്‍ന്നാണ് നിര്‍മ്മാതാക്കളും വിതരണക്കാരും ഡിസംബര്‍ 16 മുതല്‍ സിനിമ റിലീസ് ചെയ്യേണ്ടെന്ന് തീരുമാനിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക