Image

യൂറോപ്പില്‍ ശീതകാല ദുരിതം കടുക്കുന്നു

Published on 14 January, 2017
യൂറോപ്പില്‍ ശീതകാല ദുരിതം കടുക്കുന്നു


      ബ്രസല്‍സ്: യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ അതിശൈത്യംമൂലം ദുരിതങ്ങള്‍ കനക്കുന്നു. മിക്കയിടങ്ങളിലും ശക്തമായ കാറ്റും മഞ്ഞുവീഴ്ചയും കാരണം ഗതാഗതകുരുക്കും അപകടങ്ങളും പതിവാകുന്നു.

ഫ്രാന്‍സിലെ മൂന്നര ലക്ഷത്തോളം വീടുകളിലാണ് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടത്. ഇംഗ്ലണ്ടിന്റെ കിഴക്കന്‍ തീരത്ത് വന്‍ വെള്ളപ്പൊക്കത്തിനുള്ള സാധ്യതയും കണക്കാക്കുന്നു. 

ജര്‍മനിയില്‍ മഞ്ഞുവീഴ്ച ഇനിയും ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. ബാള്‍ക്കന്‍ രാജ്യങ്ങളിലും തുര്‍ക്കിയിലും പകല്‍ താപനില പൂജ്യത്തിനും താഴെയാണ്.

ഇതിനിടെ ജര്‍മനിയില്‍ വീശിയടിച്ച ഇഗോന്‍ ചുഴലിക്കാറ്റില്‍ രണ്ടു പേര്‍ മരിച്ചു. ഇരുവരും വാഹനം ഓടിക്കുന്നതിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു. നൂറു കണക്കിനു വീടുകളില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. നൂറിലേറെ വിമാന സര്‍വീസുകള്‍ റദ്ദാക്കി.

അതേസമയം ഇഗോണിനു പിന്നാലെ കയൂസ് എന്ന ശീതകാറ്റ് വരുന്നതായി കാലാവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി. തൊണ്ണൂറ് കിലോമീറ്റര്‍ വേഗതയില്‍ എത്തുന്ന കാറ്റ് ജര്‍മനിയിലുടനീളം വാരാന്ത്യത്തില്‍ ആഞ്ഞടിക്കുമെന്നാണ് മുന്നറിയിപ്പ്. 

ഡാന്യൂബ് നദി മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ മഞ്ഞില്‍ ഉറഞ്ഞു പോയ കുറുക്കന്റെ ചിത്രവും വ്യാപകമായി പ്രചരിക്കുന്നു. മേഖല നേരിടുന്ന കടുത്ത ശൈത്യത്തിന്റെ പ്രതീകമായി ഇതു വിശേഷിപ്പിക്കപ്പെടുന്നു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക