Image

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്‌ കണ്ണൂരില്‍ നാളെ തിരിതെളിയും

Published on 15 January, 2017
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്‌  കണ്ണൂരില്‍  നാളെ  തിരിതെളിയും


കണ്ണൂര്‍ : 57ാമത്‌ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്‌ തിങ്കളാഴ്‌ച കണ്ണൂരില്‍ തിരിതെളിയും. തിങ്കളാഴ്‌ച രാവിലെ 9.30ന്‌ മുഖ്യവേദിയായ പൊലീസ്‌ മൈതാനിയിലെ 'നിള'യില്‍ കെ വി മോഹന്‍ കുമാര്‍ പതാക ഉയര്‍ത്തും. വൈകിട്ട്‌ നാലിന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്‌ഘാടനംചെയ്യും. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്‌ അധ്യക്ഷനാകും. 

ഗായിക കെ എസ്‌ ചിത്ര മുഖ്യാതിഥിയാകും. 57-ാമത്‌ കലോത്സവത്തെ പ്രതിനിധീകരിച്ച്‌ 57 സംഗീതാധ്യാപകര്‍ സ്വാഗതഗാനം ആലപിക്കും. നൂറോളം പ്രതിഭകള്‍ ഒരുക്കുന്ന ദൃശ്യാവിഷ്‌കാരവുമുണ്ടാകും. പകല്‍ രണ്ടരക്ക്‌ സെന്റ്‌ മൈക്കിള്‍സ്‌ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍നിന്ന്‌ ഘോഷയാത്ര ആരംഭിക്കും.

പത്തുവര്‍ഷത്തിനുശേഷം കണ്ണൂര്‍ വീണ്ടും ആതിഥ്യമരുളുന്ന മേളയില്‍ ഇരുപത്‌ വേദികളിലായാണ്‌ മത്സരം. ഹരിത നയം പിന്‍പറ്റിയാണ്‌ കലോത്സവമെന്ന്‌ സംഘാടക സമിതി ചെയര്‍മാന്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാറും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

232 ഇനങ്ങളിലായി 12,000 പ്രതിഭകള്‍ മാറ്റുരയ്‌ക്കും. ഹൈസ്‌കൂള്‍- 89, ഹയര്‍സെക്കന്‍ഡറി-105, അറബിക്‌ കലോത്സവത്തിലും സംസ്‌കൃതോത്സവത്തിലും 19 വീതം ഇനങ്ങളിലാണ്‌ മത്സരം. 177 വ്യക്തിഗത ഇനങ്ങളുണ്ട്‌. 55 ഇനങ്ങള്‍ ഗ്രൂപ്പടിസ്ഥാനത്തില്‍. 50 സ്റ്റേജിതര ഇനങ്ങളും 172 സ്റ്റേജിനങ്ങളും.

22ന്‌ വൈകിട്ട്‌ നാലിന്‌ സമാപന സമ്മേളനം പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനംചെയ്യും. സാംസ്‌കാരിക പരിപാടി 17ന്‌ വൈകിട്ട്‌ അഞ്ചിന്‌ ടി പത്മനാഭന്‍ ഉദ്‌ഘാടനംചെയ്യും. 

ദിവസവും രാവിലെ പത്തിന്‌ ജില്ലാപഞ്ചായത്ത്‌ ഹാളില്‍ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ പ്രമുഖരുമായി സംവദിക്കും. 22ന്‌ പകല്‍ 12ന്‌ സമാപന സമ്മേളനത്തില്‍ നടന്‍ ശ്രീനിവാസന്‍ മുഖ്യാതിഥിയാകും. ജവഹര്‍ സ്റ്റേഡിയത്തില്‍ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ്‌ ഊട്ടുപുര. ദിവസവും 15,000 പേര്‍ക്ക്‌ ഉച്ചഭക്ഷണം ഒരുക്കും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക