Image

സംഗീതജ്ഞന്‍ ഗംഗൈഅമരന് ഹരിവരാസനം പുരസ്‌കാരം സമ്മാനിച്ചു

അനില്‍ പെണ്ണുക്കര Published on 15 January, 2017
സംഗീതജ്ഞന്‍ ഗംഗൈഅമരന് ഹരിവരാസനം പുരസ്‌കാരം സമ്മാനിച്ചു
ഭക്തിയും സംഗീതവും ഒന്നു ചേര്‍ന്ന സുന്ദര മുഹൂര്‍ത്തത്തില്‍ പ്രശസ്ത സംഗീതജ്ഞന്‍ ഗംഗൈഅമരന് ഹരിവരാസനം പുരസ്‌കാരം സമ്മാനിച്ചു. സന്നിധാനം അയ്യപ്പ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് പുരസ്‌കാരം നല്‍കിയത്. അയ്യപ്പന് അര്‍ച്ചനയായി സംഗീതാഭിഷേകം നടത്തിക്കൊണ്ടാണ് ഗംഗൈ അമരന്‍ പുരസ്‌കാരം ഏറ്റുവാങ്ങിയത്.

അയ്യപ്പന്‍ നല്‍കിയ ഭിക്ഷയാണ് ഈ പുരസ്‌കാരവും തന്റെ സംഗീതവുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്രയും സന്തോഷം നിറഞ്ഞ മറ്റൊരു മുഹൂര്‍ത്തം ജീവിതത്തിലുണ്ടായിട്ടില്ല. നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഹരിവരാസനം പോലെ പുണ്യമുള്ള മറ്റൊരു അവാര്‍ഡ് വാങ്ങാന്‍ അവസരം ഉണ്ടായിട്ടില്ല. യേശുദാസിനും ഉണ്ണികൃഷ്ണനുമൊപ്പമാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആദ്യമായി ശബരിമലയിലെത്തിയത്. ഓരോ തവണ അയ്യപ്പനെ തൊഴുത് മലയിറങ്ങുമ്പോഴും ജീവിതത്തില്‍ ഒരു ഭാഗ്യം കാത്തിരുന്നിട്ടുണ്ട്. ആദ്യത്തെ തവണ മലയിറങ്ങി പമ്പയിലെത്തിയപ്പോഴാണ് സഹോദരന്‍ ഇളയരാജയ്ക്ക് ആദ്യമായി സിനിമയ്ക്ക് സംഗീത സംവിധാനം ചെയ്യാന്‍ അവസരം ലഭിച്ച വിവരം അറിയുന്നത്. രണ്ടാമത്തെ തവണ താനിക്ക് ചലച്ചിത്ര ഗാനരചന നടത്താനുള്ള അവസരം ലഭിച്ചു. അങ്ങനെയുണ്ടായതാണ് സിന്ദൂരപ്പൂവേ... എന്ന ഹിറ്റ് ഗാനം. മൂന്നാം തവണ സിന്ദൂരപ്പൂവേ എന്ന ഗാനത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചു. എല്ലാ സംഗീതത്തിലും ഒരു ദൈവസ്പര്‍ശമുണ്ട്. ഇത്തവണ അയ്യപ്പനെ തൊഴുതിറങ്ങിയപ്പോള്‍ പുതിയ ഒരു ഗാനത്തിന്റെ വരികളാണ് മനസില്‍ നിറഞ്ഞതെന്ന് ഗംഗൈഅമരന്‍ പറഞ്ഞു.

''എല്ലാരുമേ സ്വാമി താനേ...

നാമയെല്ലാരുക്കുമൊരു ഭൂമി താനേ...

ഒരേയൊരു ജ്യോതി താനേ...

നാമയെല്ലാം മനുഷ്യജാതി താനേ...'' അദ്ദേഹം പാടിയപ്പോള്‍ സന്നിധാനത്ത് തിങ്ങിനിറഞ്ഞ തീര്‍ത്ഥാടകര്‍ ഏറ്റുപാടി. ചടങ്ങില്‍ സംബന്ധിച്ച നടന്‍ ജയറാമിനൊപ്പം കാനനവാസാ കലിയുഗവരദാ... എന്ന ഗാനം ആലപിച്ചത് വ്യത്യസ്ത അനുഭവമായി. തമിഴിലും മലയാളത്തിലും നിരവധി അയ്യപ്പഭക്തിഗാനങ്ങള്‍ അദ്ദേഹം ഭക്തര്‍ക്കായി ആലപിച്ചു. അടുത്ത വര്‍ഷം ഹരിവരാസനം പുരസ്‌കാരം നല്‍കുന്ന ദിവസം തന്റെ സംഗീത സംഘത്തോടൊപ്പം എത്തി നിരവധി പാട്ടുകള്‍ സന്നിധാനത്ത് പാടുമെന്ന് തീര്‍ത്ഥാടകര്‍ക്ക് ഉറപ്പ് നല്‍കിയാണ് അദ്ദേഹം മടങ്ങിയത്.

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. രാജു എബ്രഹാം എം. എല്‍. എ അധ്യക്ഷത വഹിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, ദേവസ്വം വകുപ്പ് സെക്രട്ടറി കെ. ആര്‍. ജ്യോതിലാല്‍, ജസ്റ്റിസ് അരിജിത്ത് പസായത്ത്, ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ, സ്‌പെഷ്യല്‍ കമ്മീഷണര്‍ മനോജ്, ദേവസ്വം കമ്മീഷണര്‍ സി. പി. രാമരാജ പ്രേമപ്രസാദ്, നടന്‍ ജയറാം, ദേവസ്വം അംഗങ്ങളായ അജയ് തറയില്‍, കെ. രാഘവന്‍ തുടങ്ങിയവര്‍ സംബന്ധിച്ച.
,..........,...............സമ്മാനിച്ചുa......

ശബരിമല വികസനത്തിന് കൂടുതല്‍ വനഭൂമി ആവശ്യമാണ്: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ശബരിമല വികസനത്തിന് കൂടുതല്‍ വനഭൂമി ലഭിക്കേണ്ടത് ആവശ്യമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സന്നിധാനത്ത് ഹരിവരാസന പുരസ്‌കാര സമര്‍പ്പണ ചടങ്ങ്് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്നാല്‍ കേന്ദ്ര വനനിയമം ഇതിന് തടസമായി നില്‍ക്കുന്നു. വനഭൂമി വിട്ടുകിട്ടിയാല്‍ മാത്രമേ ഉദ്ദേശിക്കുന്ന രീതിയില്‍ ശബരിമലയില്‍ വികസനം പൂര്‍ത്തിയാക്കാനാവൂ. കഴിഞ്ഞ ദിവസം എം.പിമാരുമായി മുഖ്യമന്ത്രി നടത്തിയ യോഗത്തില്‍ വനഭൂമി ലഭിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സഹായം തേടിയിട്ടുണ്ട്. ശബരിമലയുടെയും പമ്പയുടെയും വികസനത്തിന് 300 കോടി രൂപയുടെ പദ്ധതിയാണ് കിഫ്ബിക്ക് മുന്നില്‍ സമര്‍പ്പിച്ചിട്ടുള്ളത്. ഇതിന് അംഗീകാരം നല്‍കാമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക് അറിയിച്ചിട്ടുണ്ട്.

ബഹുമുഖ പ്രതിഭയാണ് ഹരിവരാസനം അവാര്‍ഡ് ജേതാവായ ഗംഗൈ അമരന്‍. സിനിമയുടെ വിവിധ മേഖലകളില്‍ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. സംഗീതത്തെയും അയ്യപ്പനെയും സ്‌നേഹിക്കുന്ന ലക്ഷക്കണക്കിന് ഭക്തരെ സംബന്ധിച്ച് ഏറ്റവും സന്തോഷകരമായ നിമിഷമാണ് ഗംഗൈഅമരന് പുരസ്‌കാരം നല്‍കാനുള്ള തീരുമാനം.

ഇത്തവണത്തെ ശബരിമല തീര്‍ത്ഥാടനം ഏറെ ചിട്ടയോടെ സംഘടിപ്പിക്കാനായി. ഭക്തരുടെ അച്ചടക്കവും ഭയഭക്തിയും ഇതിന് സഹായിച്ചു. വിവിധ വകുപ്പുകള്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്തു. പോലീസിന്റെയും ആരോഗ്യവകുപ്പിന്റെയും പ്രവര്‍ത്തനം അഭിനന്ദനീയമാണ്. പ്ലാസ്റ്റിക്കിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ വാട്ടര്‍ അതോറിറ്റിയും ദേവസ്വം ബോര്‍ഡും വിവിധ സംഘടനകളും തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ കുടിവെള്ളം നല്‍കാന്‍ മികച്ച പ്രവര്‍ത്തനം നടത്തി. ജില്ലാ കളക്ടര്‍ ഇതിന്റെ ഏകോപനം ഭംഗിയായി നിര്‍വഹിച്ചതായും മന്ത്രി പറഞ്ഞു.

മകരജ്യോതി ദര്‍ശന പുണ്യവുമായി ഭക്തര്‍ മലയിറങ്ങി

മകരസന്ധ്യാ ദീപാരാധനവേളയില്‍ മകര നക്ഷത്രം ഉദിച്ചുയര്‍ന്നതിനു പിന്നാലെ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞപ്പോള്‍ ശബരിമലയില്‍ ഭക്തലക്ഷങ്ങള്‍ ആനന്ദലഹരിയില്‍ ആറാടി. വൈകിട്ട് കൃത്യം 6.44 ന് മകരജ്യോതി തെളിഞ്ഞു. തുടര്‍ന്ന് രണ്ടു തവണ കൂടി ജ്യോതി ദര്‍ശനമുണ്ടായി. ഇതോടെ ശബരിമല ശരണം വിളികളാല്‍ മുഖരിതമായി. പരമാനന്ദലഹരിയില്‍ തീര്‍ത്ഥാടകര്‍ നിറഭക്തിയോടെ തൊഴുതു വണങ്ങി. സന്നിധാനത്തെ ആഴിയിലെ തീനാളങ്ങള്‍ സായംസന്ധ്യയില്‍ അലിഞ്ഞു ചേര്‍ന്ന് സമദര്‍ശനത്തിന്റെ പ്രഭ തീര്‍ത്തു. തിരുവാഭരണം ചാര്‍ത്തിയ അയ്യപ്പ വിഗ്രഹവും മകരജ്യോതിയും കണ്ട നിര്‍വൃതിയിലാണ് ഭക്തലക്ഷങ്ങള്‍ മലയിറങ്ങിയത്.

മകരജ്യോതി കണ്ട് തൊഴുന്നതിന് ലക്ഷങ്ങളാണ് സന്നിധാനത്തെത്തിയത്. രണ്ടു ദിവസമായി സന്നിധാനത്ത് പര്‍ണ്ണശാലകെട്ടി തീര്‍ത്ഥാടകര്‍ കഴിയുകയായിരുന്നു. ഇന്നലെ രാവിലെ ഏഴിന് തന്ത്രി കണ്ഠരര് രാജീവര്, മേല്‍ശാന്തി എന്‍. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തില്‍ മകരസംക്രമ പൂജ നടന്നു. വൈകിട്ട് ശരംകുത്തിയിലെത്തിയ തിരുവാഭരണം ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആര്‍. രവിശങ്കര്‍, പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ എസ്. സുരേന്ദ്രന്‍, ദേവസ്വം ഉള്‍പ്പടെയുള്ള വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിച്ചു. നാഗസ്വരം, പഞ്ചവാദ്യം, തകില്‍, ചെണ്ടമേളം, കര്‍പ്പൂരാഴി എന്നിവയുടെ അകമ്പടിയോടെയാണ് സ്വീകരിച്ചത്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, അംഗങ്ങളായ അജയ് തറയില്‍, കെ. രാഘവന്‍, ജസ്റ്റിസ് അരിജിത് പസായത്ത്, ശബരിമലയ സ്‌പെഷ്യല്‍ കമ്മീഷണര്‍ സി. പി. രാമരാജ പ്രേമപ്രസാദ്, ദേവസ്വം വകുപ്പ് സെക്രട്ടറി കെ. ആര്‍. ജ്യോതിലാല്‍, പോലീസ് മേധാവികള്‍, ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ, ദേവസ്വം ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ കൊടിമരച്ചുവട്ടില്‍ തിരുവാഭരണത്തെ സ്വീകരിച്ചു.

ശ്രീകോവിലിലേക്ക് ആചാരപൂര്‍വം എത്തിച്ച തിരുവാഭരണം തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങി. തുടര്‍ന്ന് തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടന്നു. മറ്റു രണ്ടു പേടകങ്ങള്‍ മാളികപ്പുറത്തേക്ക് കൊണ്ടുപോയി. ഒന്നില്‍ സ്വര്‍ണക്കൊടിയും മറ്റേതില്‍ തങ്കക്കുടവുമാണ് ഉണ്ടായിരുന്നത്. ജനുവരി 12നാണ് പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെട്ടത്. മകരസംക്രമ സന്ധ്യയില്‍ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുന്നതിനുള്ള ആഭരണങ്ങളും ചമയങ്ങളുമായി പിതാവ് മകനെ കാണാന്‍ പോകുന്നുവെന്ന സങ്കല്‍പ്പത്തിലാണ് തിരുവാഭരണ ഘോഷയാത്ര എത്തുന്നത്. ദീപാരാധന തൊഴാന്‍ നടന്‍മാരായ ജയറാം, വിവേക് ഒബ്‌റോയ് എന്നിവരുണ്ടായിരുന്നു. 
സംഗീതജ്ഞന്‍ ഗംഗൈഅമരന് ഹരിവരാസനം പുരസ്‌കാരം സമ്മാനിച്ചുസംഗീതജ്ഞന്‍ ഗംഗൈഅമരന് ഹരിവരാസനം പുരസ്‌കാരം സമ്മാനിച്ചുസംഗീതജ്ഞന്‍ ഗംഗൈഅമരന് ഹരിവരാസനം പുരസ്‌കാരം സമ്മാനിച്ചുസംഗീതജ്ഞന്‍ ഗംഗൈഅമരന് ഹരിവരാസനം പുരസ്‌കാരം സമ്മാനിച്ചുസംഗീതജ്ഞന്‍ ഗംഗൈഅമരന് ഹരിവരാസനം പുരസ്‌കാരം സമ്മാനിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക