Image

പ്രദര്‍ശനഭ്രമം മത്സരങ്ങളാല്‍ സമൃദ്ധം (ഡോ. നന്ദകുമാര്‍ ചാണയില്‍)

Published on 15 January, 2017
പ്രദര്‍ശനഭ്രമം മത്സരങ്ങളാല്‍ സമൃദ്ധം (ഡോ. നന്ദകുമാര്‍ ചാണയില്‍)

രണ്ടു വൃദ്ധന്മാര്‍ തമ്മിലുള്ള സംഭാഷണം. ഒരാള്‍ അപരനോട്:

“എന്തൊരു കലികാലവൈഭവം! അല്ലാതെന്തു പറയാന്‍! കാലം പോയ പോക്കേ!”

“മൂപ്പീന്ന് എന്താ പറഞ്ഞു വരുന്നത്? തെളിച്ചു പറയൂന്നേ.”

“എടോ, ഭക്ഷ്യക്ഷാമം ചില വികസ്വരരാജ്യങ്ങളില്‍ രൂക്ഷമാണെന്നു കേട്ടിട്ടുണ്ട്. എന്നാല്‍ വികസിതരാജ്യങ്ങളില്‍ വസ്ത്രക്ഷാമം കൊണ്ട് ആളുകള്‍, പ്രത്യേകിച്ചും സ്ത്രീജനങ്ങള്‍, സുഭിക്ഷമായി അല്പവസ്ത്രധാരികളായി വരുന്നുണ്ട് എന്നൊരു വാര്‍ത്ത കാണാനിടയായി. നിയമം അനുശാസിക്കുന്നതുകൊണ്ടു മാത്രം ഇക്കൂട്ടര്‍ ദിഗംബരികളാകുന്നില്ലെന്നേയുള്ളൂ.”

“അല്ലെങ്കിലും മൂപ്പീന്ന് ഈ പരിഷ്കാരങ്ങള്‍ക്കൊക്കെ ഒരു ചാക്രികപരിവര്‍ത്തനമുള്ളതായി കേട്ടിട്ടില്ലേ? ആദിമമനുഷ്യര്‍ നഗ്‌നരായല്ലേ ഓടിച്ചാടി വേട്ടയാടി ജീവിതം കഴിച്ചിരുന്നത്. പിന്നീടുണ്ടായിട്ടുള്ള പുരോഗമനം പറയേണ്ടതില്ലല്ലോ. ഇനിയിപ്പോള്‍ വീണ്ടും ആദ്യകാലത്തേക്കുള്ളൊരു ഒരുപ്പോക്കാണെന്നു വെച്ചോളൂ.”

“എടോ, നമ്മളൊക്കെ കൊച്ചുകുട്ടികളായിരുന്നപ്പോള്‍ കാതില്‍ കടുക്കന്‍ ധരിച്ചിരുന്നില്ലേ? ഇടക്കു വെച്ച് നിന്നു പോയത്, ഇപ്പോള്‍ ഒരു കാതിലും രണ്ടുകാതിലുമൊക്കെയായി ഒരു തിരിച്ചുവരവു കണ്ടില്ലേ നമ്മള്‍? അങ്ങനെ പലതും.”

“അല്ലേലും ഈ പരിഷ്കാരം എന്നൊക്കെപ്പറയുന്നത് പണ്ടാരാണ്ടു പറഞ്ഞ പോലെ, ‘മുമ്പേ ഗമിച്ചീടിന ഗോവു തന്റെ പിമ്പേ ഗമിക്കും ബഹുഗോക്കളെല്ലാം’, അത്രേ ഉള്ളൂ. ഒരാള് ഒരു ദിക്കില്‍ ഒരു കോപ്രാട്ടിത്തരം കാട്ടിയാല്‍ (വസ്ത്രധാരണം, തലമുടി, താടി, മീശ, കൃതാവ്, ഭാഷാപ്രയോഗം, ഭക്ഷണം) വൃദ്ധരും ചെറുപ്പക്കാരും കുട്ടികളും പണ്ഡിതരും പാമരരും ധനാഢ്യരും പാവപ്പെട്ടവരും ഒരുപോലെ ആഗോളതലത്തില്‍ അനുകരിക്കാന്‍ തയ്യാര്‍. ഇനി പറഞ്ഞുവന്ന മൂലത്തിലേക്ക്. ഇയ്യാള് നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടിലെ താരനിശകള്‍ ഇവിടത്തെ ഗോള്‍ഡന്‍ ഗ്ലോബ്, എമ്മി, ഓസ്കാര്‍ എന്നീ രാവുകള്‍ വല്ലതും കണ്ടിട്ടുണ്ടോ?”

“ഞാനീ വകയൊന്നും നോക്കുക പോലുമില്ലെന്നു തനിക്കറിഞ്ഞുകൂടേ?”

“ഇപ്പറഞ്ഞതു നേരോ മൂപ്പീന്നേ? പൂച്ച കണ്ണടച്ചു പാലു കുടിക്കുന്ന പോലൊന്നുമല്ലല്ലോ? താന്‍ കണ്ടില്ലെങ്കില്‍ പോട്ടെ. ഞാന്‍ കണ്ട വിവരം ഒന്നു വര്‍ണിക്കട്ടെ. സുന്ദരിപ്പട്ടത്തിനുള്ള മത്സരങ്ങള്‍ ഇല്ലാത്ത സൗന്ദര്യം കൂടി പ്രദര്‍ശിപ്പിക്കാനാകകൊണ്ട് തല്‍ക്കാലം പറഞ്ഞുവരുന്ന കാര്യത്തില്‍ നിന്ന് ഒഴിവാക്കാം. ഈ സമ്മാനദാനച്ചടങ്ങുകളില്‍ ആണുങ്ങള്‍ സൂട്ടും കോട്ടും ധരിച്ച് സുന്ദരക്കുട്ടന്മാരായി വരുമ്പോള്‍ ചില സ്ത്രീജനങ്ങള്‍ മാത്രം വസ്ത്രം ഉണ്ടോ എന്നു ചോദിച്ചാല്‍ ഉണ്ട്. അതുമല്ലെങ്കില്‍, സുതാര്യമായ വല്ലതുമണിഞ്ഞ്, ഉടുപ്പണിഞ്ഞിട്ടുണ്ടോ എന്നു ശങ്ക തോന്നിപ്പിക്കും വിധം ദൈവം കനിഞ്ഞനുഗ്രഹിച്ചതൊക്കെ, വടിവും മുഴുമുഴുപ്പുമടക്കം പ്രദര്‍ശിപ്പിക്കാനുള്ള മത്സരത്തിലാണ്. അവയൊന്നുമില്ലാത്തവരും ഒട്ടും പുറകിലല്ല കേട്ടോ. പ്രദര്‍ശനങ്ങള്‍ പല തരമുണ്ടെങ്കിലും അക്കമിട്ടു പ്രസ്താവിക്കുന്നില്ല. ഏത്തു ശരീരാവയവമമയാലും ശരി, കറുത്തതു മറച്ച്, വെളുത്തതു മാത്രം പ്രദര്‍ശിപ്പിച്ചാല്‍ നിയമക്കുരുക്കില്‍ നിന്നു രക്ഷപ്പെടാമെന്നൊന്നുണ്ട്. അതുമല്ലെങ്കില്‍, ചില അവയവങ്ങളെ വളരെ കുടുസ്സായ വസ്ത്രങ്ങള്‍ക്കുള്ളില്‍ ശ്വാസം മുട്ടിക്കും വിധം അമര്‍ത്തിവെച്ച്, കാണികള്‍ക്കു പോലും അസ്വസ്ഥത ജനിപ്പിക്കും. അല്ലെങ്കിലോ, ശരീരവടിവും കൊഴുകൊഴുപ്പും, ശരീരഭൂമിശാസ്ത്രത്തിലെ കുന്നും താഴ്‌വരയും മാലോകരേ, ഇതാ കണ്ടോ എന്നു വിളംബരം ചെയ്യുമാറുള്ള പ്രദര്‍ശനവും. ഒരു സദസ്സില്‍ ....ക്കച്ച പോലുമില്ലാതെ, നാടപോലുള്ളൊരു ചെറുപട്ട കൊണ്ടു മറച്ചിട്ട്, ലജ്ജയാലോ അനുസരണക്കേടിനാലോ അവയവം വില്ലംഘിച്ചു തെന്നി മാറുമ്പോള്‍ നാലാളു കാണ്‍കെ അതു നേരേയാക്കാനുള്ള പെടാപ്പാട് വിചിത്രം തന്നെ.”

അപ്പോള്‍ തൈക്കിളവന്‍ മൊഴിഞ്ഞു: “ഞാന്‍ ഉളിഞ്ഞുനോക്കാനൊന്നും പോകാറില്ല. പക്ഷേങ്കില്, ആരെങ്കിലും ഇന്നാ കണ്ടോന്നും പറഞ്ഞ് പ്രദര്‍ശിപ്പിച്ചാല്‍ കണ്ടില്ലെന്നു നടിക്കാന്‍ ഞാനൊരു മഹര്‍ഷിയൊന്നുമല്ല കേട്ടോ.”

ന്യൂയോര്‍ക്കിലെ കേളികേട്ട സ്ക്വയറിലെ ഈ വര്‍ഷത്തെ പുതുവര്‍ഷപ്പുലരിയാഘോഷവേളയില്‍ പേരു കേട്ട ഒരു പാട്ടുകാരിയുടെ വേഷവിധാനം കാണാനിട വന്നവര്‍ മൂക്കത്തു വിരല്‍ വെച്ചു കാണണം.

ഇതിനൊക്കെ ഉത്തരവാദി ആര്‍?

പുരുഷമേധാവിത്വമുള്ള സമൂഹത്തിന്റെ മാത്രം കൂടപ്പിറപ്പാണോ ബലാല്‍സംഗവും സദാചാരലംഘനവും മറ്റും? പ്രലോഭനങ്ങളും പ്രകോപനങ്ങളും വികലമനസ്സുകളെ മാത്രമല്ല, മനസ്സംയമനം വരുത്തിയ മുനിവര്യരുടെ മനം പോലും മഥിച്ചും ഇളക്കിമറിച്ചും വഴി പിഴപ്പിക്കാമെന്നിരിക്കെ, എന്തിനാണീ ചൂഷണചെപ്പടിവിദ്യകള്‍?

എല്ലാവിധ പരസ്യങ്ങള്‍ക്കും എന്തിനു സ്ത്രീശരീരം വില്പനച്ചരക്കാവുന്നു? സോപ്പുചീപ്പുകണ്ണാടി പോയിട്ട്, കാറു മുതല്‍ നിരവധി സാമഗ്രികളുടെ വില്പനപ്പരസ്യങ്ങളിലും എന്തുകൊണ്ടു സ്ത്രീശരീരം പ്രദര്‍ശിപ്പിക്കപ്പെടുന്നു? വശീകരണശക്തി മുതലെടുത്ത് വില്പനയ്ക്കുള്ള കുതന്ത്രങ്ങള്‍ എന്തിനു മിനയുന്നു? സിനിമയിലായാലും വിപണനത്തിനുള്ള പരസ്യതന്ത്രങ്ങളിലായാലും മഹിളകളെന്തേ രാസത്വരകവര്‍ദ്ധനയ്‌ക്കെന്നോണം സ്വയം ഇരകളാകുന്നു അല്ലെങ്കില്‍ ഇരകളാക്കപ്പെടുന്നു? പണത്തിനു മീതെ പരുന്തും പറക്കില്ലെങ്കിലും വസ്ത്രങ്ങള്‍ പാറിപ്പറക്കുന്നുണ്ട്, പറത്തപ്പെടുന്നുണ്ട്, പറത്തിക്കപ്പെടുന്നുണ്ട്. അതുകൊണ്ടല്ലേ, ഉപഭോക്താക്കളും കൂട്ടിക്കൊടുപ്പുകാരും ചൂഷണവലയവും ഉള്‍പ്പെട്ടുകൊണ്ടുള്ള ലോകത്തിലെ ഏറ്റവും പഴക്കമുള്ള വേശ്യാവ്യവസായവും ‘ചെന്തെരുവും’ ഇന്നും നിലനിന്നുപോരുന്നത്!

“കണ്ണുനീര്‍ത്തുള്ളിയെ സ്ത്രീയോടുപമിച്ച

കാവ്യഭാവനേ, അഭിനന്ദനം, അഭിനന്ദനം!!”

മൂപ്പീന്നുമാരിരുവരും ചിന്തനീയം, അതീവ ചിന്തനീയം എന്ന് ഉരുവിട്ടു. ഇതുമൊരു വനരോദനം എന്നു പറഞ്ഞവര്‍ പിരിഞ്ഞുപോയി.

പ്രദര്‍ശനഭ്രമം മത്സരങ്ങളാല്‍ സമൃദ്ധം (ഡോ. നന്ദകുമാര്‍ ചാണയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക