Image

പ്രവാസി സമൂഹങ്ങളെ സഭാകൂട്ടായ്മയോടു കൂടുതല്‍ ചേര്‍ത്തുനിര്‍ത്തണമെന്നു മാര്‍ ജോര്‍ജ് ആലഞ്ചേരി

Published on 15 January, 2017
പ്രവാസി സമൂഹങ്ങളെ സഭാകൂട്ടായ്മയോടു കൂടുതല്‍ ചേര്‍ത്തുനിര്‍ത്തണമെന്നു മാര്‍ ജോര്‍ജ് ആലഞ്ചേരി
കൊച്ചി: സഭാപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ലളിതവും ആശയ സമ്പുഷ്ടവുമാകണമെന്നും പ്രവാസി സമൂഹങ്ങളെ സഭാകൂട്ടായ്മയോടു കൂടുതല്‍ ചേര്‍ത്തുനിര്‍ത്തണമെന്നും മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവിയുടെ രജതജൂബിലി ഉദ്ഘാടനം സഭാകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹിക പ്രതിബദ്ധത നിറഞ്ഞ കര്‍മവഴികളിലൂടെ സീറോ മലബാര്‍ സഭയുടെ സാക്ഷ്യം കൂടുതല്‍ വ്യാപകമാവണമെന്ന് അദ്ദേഹം പറഞ്ഞു. ഗള്‍ഫിലും മറ്റിടങ്ങളിലും സഭയുടെ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. തുല്യമഹത്വത്തോടും പരസ്പരമുള്ള ആദരവോടുംകൂടി ഒന്നായി മുന്നേറുന്ന ശൈലി നാം പരിപോഷിപ്പിക്കണം. കുടുംബം, യുവജനം എന്നിവ കേന്ദ്രീകരിച്ചുള്ള ശുശ്രൂഷകള്‍ക്ക് സഭ കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും മേജര്‍ ആര്‍ച്ച് ബിഷപ് പറഞ്ഞു.

സിനഡ് സെക്രട്ടറി ബിഷപ് മാര്‍ ആന്റണി കരിയില്‍, കൂരിയ ചാന്‍സലര്‍ റവ.ഡോ. ആന്റണി കൊള്ളന്നൂര്‍, സി.എം.ഐ സഭ പ്രിയോര്‍ ജനറാള്‍ റവ.ഡോ. പോള്‍ ആച്ചാണ്ടി, എസ്.എ.ബി.എസ് സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ഗ്രേസി പെരുമ്പനാനി, എം.എം.ബി സുപ്പീരിയര്‍ ജനറല്‍ ബ്രദര്‍ ഫ്രാങ്കോ കണ്ണമ്പുഴ, കത്തോലിക്ക കോണ്‍ഗ്രസ് ജനറല്‍ സംസ്ഥാന സെക്രട്ടറി അഡ്വ. ബിജു പറയനിലം, സീറോ മലബാര്‍ മാതൃവേദി പ്രസിഡന്റ് ഡെല്‍സി ലൂക്കാച്ചന്‍ എന്നിവര്‍ സംസാരിച്ചു.

സഭയിലെ മെത്രാന്മാര്‍, വൈദിക, സന്യസ്ത, അല്‍മായ പ്രതിനിധികള്‍ എന്നിവരുടെ സാനിധ്യത്തിലാണ് രജതജൂബിലി ഉദ്ഘാടനം നടന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക