Image

അനിത വെറുംകൈയ്യുമായി നാട്ടിലേയ്ക്ക് മടങ്ങി

ബെന്‍സി മോഹന്‍ Published on 16 January, 2017
അനിത വെറുംകൈയ്യുമായി നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: അനാരോഗ്യം മൂലം സ്‌പോണ്‍സര്‍ വനിതാഅഭയകേന്ദ്രത്തില്‍ കൊണ്ടാക്കിയ വീട്ടുജോലിക്കാരി, നവയുഗം സാംസ്‌കാരികവേദിയുടെയും, ഇന്ത്യന്‍ എംബസ്സിയുടെയും സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.

തമിഴ്‌നാട് മധുര സ്വദേശിനിയായ അനിത ദേവരാജ് എട്ടു മാസങ്ങള്‍ക്ക് മുന്‍പാണ് സൗദി അറേബ്യയിലെ ദമ്മാമില്‍ ഹൌസ്‌മൈഡ് ആയി ജോലിയ്‌ക്കെത്തിയത്. ജോലിസാഹചര്യങ്ങള്‍ കുഴപ്പമില്ലായിരുന്നു. എന്നാല്‍ രണ്ടു മാസങ്ങള്‍ക്കു മുന്‍പ് അനിതയുടെ കണ്ണിന് അസുഖം ബാധിയ്ക്കുകയും, കാഴ്ചശക്തി കുറഞ്ഞു വരികയും ചെയ്തു. ക്രമേണ അസുഖം മൂര്‍ച്ഛിയ്ക്കുകയും, പഴയതു പോലെ ജോലി ചെയ്യാനുള്ള ശേഷി അവര്‍ക്ക് നഷ്ടമാകുകയും ചെയ്തു. തുടര്‍ന്ന് സ്‌പോണ്‍സര്‍ അവരെ ദമ്മാമിലെ വനിതാ അഭയ കേന്ദ്രത്തില്‍ കൊണ്ടുപോയി ഉപേക്ഷിയ്ക്കുകയായിരുന്നു.

അഭയകേന്ദ്രത്തില്‍ എത്തിയ നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകയായ മഞ്ജു മണിക്കുട്ടന്‍ ഈ കേസില്‍ ഇടപെടുകയും, അനിതയുടെ സ്‌പോണ്‍സറെ ഫോണ്‍ വിളിച്ച് സംസാരിയ്ക്കുകയും ചെയ്തു. തുടര്‍ന്ന് നഷ്ടപരിഹാരം ഒന്നും വാങ്ങാതെ അനിതയ്ക്ക് ഫൈനല്‍ എക്‌സിറ്റ് അടിച്ച പാസ്സ്‌പോര്‍ട്ട് നല്‍കാന്‍ സ്‌പോണ്‍സര്‍ തയ്യാറായി. ജോലി ചെയ്ത എട്ടു മാസത്തില്‍, അനിതയ്ക്ക് ഏഴു മാസത്തെ ശമ്പളവും നല്‍കിയ സ്‌പോണ്‍സര്‍, ബാക്കി ഒരു മാസത്തെ ശമ്പളം ഉപയോഗിച്ച് നാട്ടിലേക്കുള്ള ടിക്കറ്റ് എടുത്തു നല്‍കുകയും ചെയ്തു.

നിയമനടപടികള്‍ പൂര്‍ത്തിയാക്കി അനിതയെ നാട്ടിലേയ്ക്ക് കയറ്റി വിടാന്‍ നവയുഗം ജീവകാരുണ്യപ്രവര്‍ത്തകന്‍ പദ്മനാഭന്‍ മണിക്കുട്ടനും, ഇന്ത്യന്‍ എംബസ്സി വോളന്റീര്‍ ഷാജഹാനും മഞ്ജുവിനെ സഹായിച്ചു.

പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങുമ്പോള്‍, കൈയ്യില്‍ ഒരു പ്ലാസ്റ്റിക്ക് കവറില്‍ സ്വന്തം വസ്ത്രങ്ങള്‍ അല്ലാതെ, യാതൊന്നും കൈയ്യിലില്ലാതെ നാട്ടിലേയ്ക്ക്‌പോയ അനിതയുടെ അവസ്ഥ പരിതാപകരമായിരുന്നു.
അനിത വെറുംകൈയ്യുമായി നാട്ടിലേയ്ക്ക് മടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക