Image

തീയേറ്ററുകളില്‍ ഓണ്‍ലൈന്‍ ടിക്കറ്റ് നിര്‍ബന്ധമാക്കും: മന്ത്രി ബാലന്‍

Published on 16 January, 2017
തീയേറ്ററുകളില്‍ ഓണ്‍ലൈന്‍ ടിക്കറ്റ് നിര്‍ബന്ധമാക്കും: മന്ത്രി ബാലന്‍

തിയേറ്റര്‍ മേഖലയുമായി ബന്ധപ്പെട്ട് സമഗ്ര നിയമനിര്‍മാണം നടത്തുമെന്ന് സാംസ്‌കാരികമന്ത്രി എ.കെ. ബാലന്‍. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. ഇത് പരിശോധിച്ച് തീരുമാനങ്ങളെടുക്കുമെന്നും മന്ത്രി പറഞ്ഞു.

തിയേറ്റര്‍രംഗത്ത് നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിശോധിച്ച് വ്യവസായം സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. തിയേറ്റുകളിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്ന രീതിയില്‍ ശക്തമായ നിയമം നിര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചില തിയേറ്ററുകള്‍ വരുമാനം സംബന്ധിച്ച് മൂന്ന് കണക്കുകളാണ് ഉണ്ടാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. യഥാര്‍ഥ കണക്കിന് പുറമേ നിര്‍മാതാവിനും സര്‍ക്കാരിനും നല്‍കാന്‍ വ്യത്യസ്ത കണക്കുകളുമുണ്ടാക്കും.

ഇത് തെറ്റായ സമീപനമാണെന്നും ഇതിലൂടെ സര്‍ക്കാരിന് ലഭിക്കേണ്ട വിനോദ നികുതിയാണ് നഷ്ടമാകുന്നതെന്നും മന്ത്രി പറഞ്ഞു. ഇതിന് പരിഹാരമായി എല്ലാ തിയേറ്ററുകളിലും ഓണ്‍ലൈന്‍ ടിക്കറ്റ് സംവിധാനം നിര്‍ബന്ധമാക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തിയേറ്ററുകള്‍ നഷ്ടത്തിലാണ് എന്ന വാദമാണ് ഉയര്‍ത്തുന്നത്. ചില തിയേറ്ററുകള്‍ നഷ്ടത്തിലാണ് എന്നാല്‍ എല്ലാ തിയേറ്ററുകളും അങ്ങനെയല്ലെന്നും മന്ത്രി പറഞ്ഞു. കെ.എഫ്.ഡി.സിയുടെ നിയന്ത്രണത്തില്‍ 14 തിയേറ്ററുകളുണ്ട്. കലാമൂല്യമുള്ള സിനിമകള്‍ അടക്കം പ്രദര്‍ശിപ്പിക്കുന്ന ഈ തിയേറ്ററുകളില്‍ മികച്ച സിനിമകള്‍ ലഭിക്കാറുമില്ല. എന്നിട്ടും കഴിഞ്ഞ വര്‍ഷം ഈ തിയേറ്ററുകള്‍ക്ക് 4.45 കോടി രൂപ ലാഭമുണ്ടാക്കാന്‍ സാധിച്ചു. കണക്കുകള്‍ ഇങ്ങനെയായിരിക്കുമ്‌ബോള്‍ നഷ്ടത്തിന്റെ കണക്കുകള്‍ പറയുന്നതില്‍ അടിസ്ഥാനമില്ലെന്നും മന്ത്രി പറഞ്ഞു.

മുന്‍കാലത്ത് ഗ്രാമങ്ങളിലുണ്ടായിരുന്ന ഒരുപാട് തിയേറ്ററുകള്‍ പില്‍ക്കാലത്ത് ഇല്ലാതായിപ്പോയിട്ടുണ്ട്. അവ തിരികെകൊണ്ടുവരാന്‍ നടപടികള്‍ സ്വീകരിക്കും. അതിലൂടെ കുറേ ആളുകള്‍ക്ക് ജോലി ലഭിക്കാന്‍ അവസരമൊരുങ്ങുമെന്നും മന്ത്രി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക