Image

ആലങ്ങാട് സംഘത്തിന്റെ പന്തിരുനാഴി ഭഗവാന് സമര്‍പ്പിച്ചു

അനില്‍ പെണ്ണുക്കര Published on 16 January, 2017
ആലങ്ങാട് സംഘത്തിന്റെ പന്തിരുനാഴി ഭഗവാന് സമര്‍പ്പിച്ചു
ശബരിമലയില്‍ ആലങ്ങാട് സംഘത്തിന്റെ മഹാനിവേദ്യമായ പന്തിരുനാഴി ഭഗവാന് നിവേദിച്ചു. അരി, ശര്‍ക്കര, നാളീകേരം എന്നിവ ആലങ്ങാട്ട് സംഘത്തില്‍നിന്ന് ദേവസ്വം ഉദ്യോഗസ്ഥര്‍ അളന്നെടുക്കുന്ന ചടങ്ങ് രാവിലെ നടന്നു. തുടര്‍ന്ന് ഭഗവാനുള്ള നെയ്യഭിഷേകം. ഉച്ചയ്ക്ക് 12.40 ന് ഉച്ചപൂജയോടനുബന്ധിച്ച് തന്ത്രി കണ്ഠരര് രാജീവരര് തിരുമുറ്റത്ത് വെച്ച് പന്തിരുനാഴി ഭഗവാന് നിവേദിച്ചു. ആറു ചെമ്പ് പന്തിരുനാഴി നിവേദ്യമാണ് സമര്‍പ്പിച്ചത്. മൂന്നു ചെമ്പ് വെള്ളനിവേദ്യവും 3 ചെമ്പ് ശര്‍ക്കര പായസവുമാണ് ഭഗവാന് മുന്നില്‍ ഒരുക്കിയത്. സംഘം ഇരുമുടിക്കെട്ടില്‍ കൊണ്ടുവന്ന അരി, ശര്‍ക്കര, നാളീകേരം എന്നിവ ഉപയോഗിച്ചാണ് പന്തിരുനാഴി തയ്യാറാക്കിയത്.

പടിപൂജ നടന്നു, സന്നിധാനത്ത് ഭക്തപ്രവാഹം

തിരുവാഭരണവിഭൂഷിതനായ അയ്യപ്പന്റെ തിരുസന്നിധിയില്‍ പടിപൂജ നടന്നു. പടിപൂജ കണ്ടു തൊഴാന്‍ സന്നിധാനത്ത് ആയിരക്കണക്കിന് ഭക്തരെത്തി. ഇന്നലെ (16) ദീപാരാധനയ്ക്ക് ശേഷം പതിനെട്ടാംപടിയില്‍ തന്ത്രി കണ്ഠരര് രാജീവരരുടെ കാര്‍മികത്വത്തിലും മേല്‍ശാന്തി ടി. എം ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ സഹകാര്‍മ്മികത്വത്തിലുമാണ് ചടങ്ങുകള്‍ നടന്നത്. പതിനെട്ടാം പടിക്ക് താഴെ പട്ട് വിരിച്ച് നിലവിളക്കുകളും ഒരുക്കങ്ങളും വച്ച് പുഷ്പാലങ്കാരത്തോടെയാണ് പടിപൂജ നടത്തിയത്. ഓരോ പടിയുടെയും ദേവതാസങ്കല്‍പ്പം ചൊല്ലിയാണ് പടിപൂജ. തന്ത്രിയും മേല്‍ശാന്തിയും പരികര്‍മ്മികളും പടികയറി ശ്രീകോവിലിലെത്തി അയ്യപ്പന് പായസം നിവേദിച്ചതോടെയാണ് പടിപൂജ പൂര്‍ത്തിയായത്. 19 വരെ പടിപൂജ നടക്കും. ശബരിമലയിലെ വന്‍ തിരക്കു കാരണം നിറുത്തി വച്ചിരുന്ന പടിപൂജയാണ് ഇന്നലെ പുനരാരംഭിച്ചത്.

പോലീസ് മികച്ച പ്രവര്‍ത്തനം നടത്തി: ഡി. ജി. പി

ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് പോലീസ് മികച്ച പ്രവര്‍ത്തനം നടത്തിയതായി ഡി. ജി. പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഇന്നലെ (16) സന്നിധാനത്തെത്തിയ ഡി. ജി. പി പോലീസിന്റെ പ്രവര്‍ത്തങ്ങള്‍ വിലയിരുത്തുകയും അയ്യപ്പ ദര്‍ശനം നടത്തുകയും ചെയ്തു.

പോലീസ് ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചു. ചില ഉദ്യോഗസ്ഥരുടെ സേവനം മാതൃകാപരമായിരുന്നു. ഇത്തവണ കുറേ കാര്യങ്ങള്‍ പുതിയതായി മനസിലാക്കാന്‍ സാധിച്ചു. പുതിയ ചില സങ്കേതങ്ങള്‍ പ്രയോജനപ്പെടുത്തുകയും ചെയ്തു. ഡ്രോണ്‍ ഉപയോഗിച്ചതിലൂടെ സുരക്ഷ ശക്തിപ്പെടുത്താനായി. പാര്‍ക്കിംഗ്, ട്രാഫിക്, തിരക്ക് നിയന്ത്രണം കൂടുതല്‍ ഫലപ്രദമായി ചെയ്യാനായി. കൂടാതെ മകരവിളക്കിന് ഹെലികോപ്ടര്‍ നിരീക്ഷണവും ഏര്‍പ്പെടുത്തിയിരുന്നു.

അടുത്ത വര്‍ഷം ശബരിമല പദ്ധതിയില്‍ കൂടുതല്‍ മികച്ച സേവനമുണ്ടാവും. അയ്യപ്പന്‍മാര്‍ക്ക് തൊഴുത് സുരക്ഷിതമായി മടങ്ങുന്നതിനുള്ള അവസരം സൃഷ്ടിക്കുകയാണ് പോലീസിന്റെ ചുമതല. മാദ്ധ്യമങ്ങളും മറ്റു വകുപ്പുകളും നന്നായി പ്രവര്‍ത്തിച്ചു. അവരെയും അഭിനന്ദിക്കുന്നതായി ഡി. ജി. പി പറഞ്ഞു.
ആലങ്ങാട് സംഘത്തിന്റെ പന്തിരുനാഴി ഭഗവാന് സമര്‍പ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക