Image

രോഹിത് വെമൂല: വര്‍ണ വെറിയുടെ രക്തസാക്ഷിത്വത്തിന് കണ്ണീര്‍ തര്‍പ്പണത്തിന്റെ ഒരാണ്ട്‌

എ.എസ് ശ്രീകുമാര്‍ Published on 16 January, 2017
രോഹിത് വെമൂല: വര്‍ണ വെറിയുടെ രക്തസാക്ഷിത്വത്തിന് കണ്ണീര്‍ തര്‍പ്പണത്തിന്റെ ഒരാണ്ട്‌
ജ്യോതിശാസ്ത്രവും ജ്യോതിര്‍ഭൗതിക ശാസ്ത്രവും ജനകീയമാക്കുന്നതില്‍ സുപ്രധാന പങ്കു വഹിച്ച അമേരിക്കന്‍ ജ്യോതിശാസ്ത്രജ്ഞനും എഴുത്തുകാരനുമായിരുന്നു കാള്‍ സാഗന്‍. ഭൂമിക്ക് പുറത്തുള്ള ജീവജാലങ്ങളെ തിരയുകയും പഠിക്കുകയും ചെയ്യുന്ന എക്‌സോ ബയോളജിയുടെ പ്രയോക്താക്കളിലൊരാള്‍.  അസഹിഷ്ണുതയുടെ ബലിയാടായിമാറിയ ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനായ ദളിത് വിദ്യാര്‍ഥി രോഹിത് വെമൂല ആഗ്രഹിച്ചത് കാള്‍ സാഗനെപ്പോലെ എഴുതുവാനാണ്. എന്നാല്‍  എഴുതിയതാകട്ടെ ജാതിവിവേചനത്തിന്റെ പേരില്‍ മനം നൊന്ത് ആത്മഹത്യാക്കുറിപ്പും. ''സ്‌നേഹം നിര്‍മിക്കപ്പെടുകയാണ്. വിശ്വാസങ്ങള്‍ക്ക് നിറം പൂശപ്പെടുകയാണ്. വേദനിക്കാതെ സ്‌നേഹിക്കുക എന്നത് കഠിനമായി മാറിയിരിക്കുന്നു. മനുഷ്യന്റെ മൂല്യം വെറുമൊരു വോട്ടിലേയ്ക്ക് ഒതുങ്ങി. മാനസികമായി അവനെ വിലയിരുത്താന്‍ ആര്‍ക്കുമാവുന്നില്ല...'' ഇത് രോഹിത് വെമുലയുടെ ജീവത്യാഗ വേദനക്കുറിപ്പുകളിലെ പ്രസക്ത ഭാഗം. രാജ്യത്തെ സങ്കടക്കടലിലാക്കിയ വെമൂലയുടെ 'വധ'ത്തിന് ഇന്ന് ഒരു വയസ്. 

ക്രൂരമായി തുടരുന്ന ദളിത് അക്രമങ്ങളുടെ പട്ടികയ്ക്ക് നീളം കൂടിവരുന്ന വേളയിലാണ് രോഹിത് വെമുലയുടെ ഒന്നാം  രക്തസാക്ഷിത്വദിനം. ഹൈദരാബാദ് സര്‍വകലാശാലയിലെ ഗവേഷകവിദ്യാര്‍ഥി രോഹിത് വെമുല 2016 ജനുവരി 17ന് രക്തസാക്ഷിയായി. 1989 ജനുവരി 30ന് ജന്‍മംകൊണ്ടതുമുതല്‍ ആരംഭിച്ച ജാതിവിവേചന പീഡനത്തിന് ഒരു കയര്‍കുരുക്കിലൂടെ രോഹിത് പൂര്‍ണവിരാമമിട്ടു. രോഹിത് വെമൂല എന്ന 28 കാരന്‍ തൊലി നിറത്തിന്റെയും ജാതി വിവേചനത്തിന്റെയും പേരില്‍ ജീവത്യാഗം ചെയ്ത ദാരുണ സംഭവവുമായി ബന്ധപ്പെട്ട സമരകോലാഹലങ്ങളും രാഷ്ട്രീയ പൊട്ടിത്തെറികളും രാജ്യമാകെ വ്യാപിച്ച് ആളിപ്പടര്‍ന്നതായിരുന്നു. ഈ ആത്മഹത്യ മനസാക്ഷിയുള്ളവരുടെ കണ്ണുകള്‍ നനച്ചു. ദരിദ്രമായ ജീവിത സാഹചര്യങ്ങളില്‍ നിന്ന് യു.ജി.സിയുടെ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് നേടി കാമ്പസിലെത്തിയതാണ് ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലക്കാരനായ രോഹിത്. 

 രോഹിതിനും സര്‍വകലാശാലയില്‍ ജാതിവിവേചനത്തിന്റെ ഇരകളായി കഴിയുന്ന മറ്റ് വിദ്യാര്‍ഥികള്‍ക്കും നീതി ആവശ്യപ്പെട്ട് കാമ്പസില്‍ ദിവസങ്ങളായി സമരം നടന്നിരുന്നു. ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടി എന്നതിനപ്പുറം വിദ്യാര്‍ഥികളുടെ കൂട്ടായ്മയാണ് ഈ സമരത്തിന്റെ പൊതു വികാരമായി നിരീക്ഷിക്കപ്പെട്ടത്. 2016ലെ കാഴ്ച ഇപ്രകാരമായിരുന്നു...അവിടെ ഏഴ് വിദ്യാര്‍ഥികള്‍ നിരാഹാര സമരത്തിലാണ്. വൈസ് ചാന്‍സലര്‍ രാജിവെക്കുന്നതുള്‍പ്പെടെയുള്ള തങ്ങളുടെ തീരുമാനങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നു മാത്രമാണ് അവര്‍ക്ക്  പറയാനുള്ളത്. പ്രക്ഷോഭം നടത്തുന്ന വിദ്യാര്‍ഥികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദളിത് വിഭാഗക്കാരായ 15 അധ്യാപക-അനധ്യാപക ജീവനക്കാര്‍ രാജിവച്ച് തങ്ങളുടെ തീഷ്ണമായ പ്രതിഷേധമറിയിച്ചിരുന്നു.  

രോഹിതിന്റെ ആത്മഹത്യ ഒറ്റപ്പെട്ട ആകസ്മികതയല്ല. കാമ്പസില്‍നിന്ന് മാസങ്ങളായി സസ്‌പെന്‍ഡ് ചെയ്യപ്പെട്ട അഞ്ച് ദളിത് വിദ്യാര്‍ഥികളിലൊരാളാണ് തൂങ്ങിമരിച്ച രോഹിത്. കാമ്പസുകളില്‍ വര്‍ധിച്ചുവരുന്ന സവര്‍ണ അസഹിഷ്ണുതയുടെ ഇരകളാണ് രോഹിത് അടക്കം ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ (എ.എസ്.എ) പ്രവര്‍ത്തകര്‍. അഞ്ച് എ.എസ്.എ പ്രവര്‍ത്തകരെ സര്‍വകലാശാല ഭരണ കാര്യാലയത്തിലും ഹോസ്റ്റലുകളിലും മറ്റ് പൊതുഇടങ്ങളിലും പ്രവേശിക്കുന്നതില്‍നിന്ന് വിലക്കി. പ്രതിഷേധസൂചകമായി അഞ്ചു പേരും തുറസ്സായ സ്ഥലത്താണ് ഉറങ്ങിയിരുന്നത്. 'വസുദൈവ കൂടുംബകം' എന്ന മന്ത്രത്തിന്റെ ജന്‍മ രാജ്യത്തെ കാലിക കാഴ്ച. ബി.ജെ.പിയുടെ വിദ്യാര്‍ഥി വിഭാഗമായ എ.ബി.വി.പിയുടെ നേതാവ് സുശീല്‍ കുമാറിനെ മര്‍ദിച്ചു എന്ന പരാതിയില്‍ 2016 ഓഗസ്റ്റില്‍ ദളിത് ഗവേഷക വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ വഷളായത്. 

ഏതായാലും ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ സാമൂഹ്യ വ്യവസ്ഥ, പൊളിറ്റിക്കല്‍ ഓര്‍ഡര്‍ ദളിത് വിരുദ്ധവും ഇത് വിദ്യാര്‍ഥികള്‍ക്ക് ഭീഷണിയുമാണ്. ഈ രീതി തുടരുകയാണെങ്കില്‍ ദളിത് ആത്മഹത്യകള്‍ ഇനിയും അവിടെ ആവര്‍ത്തിക്കപ്പെടുമെന്നാണ് പറയപ്പെടുന്നത്. ഈ കാമ്പസില്‍ എല്ലാ വര്‍ഷവും ഒരാളെന്ന തരത്തില്‍ ദളിത് ആത്മഹത്യ നടക്കാറുണ്ട്. കാമ്പസിന്റെ അന്തരീക്ഷം ദളിത് വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഒട്ടും അനുകൂലമല്ല. അധ്യാപകരുടെയും സര്‍വ്വകലാശാല അധികൃതരുടെയും ഭാഗത്തുനിന്നും പലപ്പോഴും വിവേചനപരമായ സമീപനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതുവരെ 12 ആത്മഹത്യകള്‍ നടന്നതില്‍ 11 ഉം ദളിത് വിഭാഗത്തില്‍പ്പെട്ടവരാണ്. ഇവരെല്ലാം തന്നെ അഡ്മിനിസ്‌ട്രേഷനുമായി അക്കാദമിക് വിഷയങ്ങളില്‍ ഏതെങ്കിലും തരത്തില്‍ ഏറ്റുമുട്ടിയവരുമാണ്. കൂടാതെ ദളിത് വിദ്യാര്‍ഥികള്‍ കഴിവിന്റെ അടിസ്ഥാനത്തിലല്ല വരുന്നത്, അവര്‍ സംവരണത്തിലാണ് പഠിക്കുന്നതെന്നും അവര്‍ക്ക് കഴിവില്ലെന്നുമൊക്കെയുളള തരത്തില്‍ വാദിക്കുന്നവരുണ്ട്.

മാതാരി വെങ്കിടേഷ് എന്ന ദളിത് വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സമയത്ത് ഒരു കമ്മിറ്റി അന്വേഷണം നടത്തുകയും ഇവിടെ ദളിത് വിദ്യാര്‍ഥികള്‍ കടുത്ത വിവേചനത്തിന് ഇരയാവുന്നുണ്ടെന്ന് റിപ്പോര്‍ട്ടു നല്‍കുകയും ചെയ്തിരുന്നു. കൂടാതെ രോഹിത് വി.സിക്ക് അയച്ച ചില കത്തുകള്‍ പുറത്തു വന്നിരുന്നു. ആ കത്തിലും ദളിത് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിലാണെന്ന് കൃത്യമായി സൂചിപ്പിക്കുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്ക് നല്ലയിനം കയറുകള്‍ എത്തിച്ചു നല്‍കുകയെന്നാണ് വി.സിയോട് രോഹിത് ആവശ്യപ്പെട്ടത്. രോഹിത്തിന്റെ മരണശേഷം മൃതദേഹം ബന്ധുക്കളെക്കൂടി അറിയിക്കാതെ രഹസ്യമായി ദഹിപ്പിക്കുകയാണ് ചെയ്തത്. രോഹിത്തിന്റെ അമ്മയുടെ മനുഷ്യാവകാശത്തിനു പോലും വില കല്‍പ്പിച്ചില്ല. അവരുടെ രീതി അനുസരിച്ച് മൃതദേഹം കത്തിക്കാറില്ല, മറവുചെയ്യുകയാണ് ചെയ്തത്. എന്നാല്‍ ബന്ധുക്കളെപ്പോലും അറിയിക്കാതെ, മൃതദേഹം അവസാനമായൊന്നു കാണാന്‍ പോലും അനുവദിക്കാതെ ഒരു ശ്മശാനത്തില്‍ അടക്കം ചെയ്യുകയാണ് ചെയ്തത്. ഈ കുടിലത കണ്ടില്ലെന്ന് നടിക്കാനാവില്ല ഒരു ഭരണ സിംഹാസനത്തിനും.

രോഹിത് ദളിതനല്ലെന്ന് വരുത്തിത്തീര്‍ത്ത് തടിയൂരാന്‍ പലരും ഹീനമായ ശ്രമം നടന്നു. ദളിതനല്ലെങ്കില്‍ പിന്നെ ആരായിരുന്നു രോഹിത് വെമൂല...? ബാക്ക്‌വേഡ് കാസ്റ്റോ അതോ ഷെഡ്യൂള്‍ഡ് കാസ്റ്റോ...? ഗുണ്ടൂരിലെ വദേര വിഭാഗത്തില്‍ പെട്ടയാളാണ് രോഹിതിന്റെ അച്ഛന്‍. കല്ലുവെട്ട് തൊഴിലാളികളാണ് ഇവര്‍. പിന്നാക്ക സമുദായമാണെങ്കിലും ഇത് ഷെഡ്യൂള്‍ഡ് കാസ്റ്റല്ല. അങ്ങനെയല്ല രോഹിത് വെമുല ഷെഡ്യൂള്‍ഡ് കാസ്റ്റാണെന്ന് ഒരു കൂട്ടര്‍ പറയുന്നു. കാരണം രോഹിത് വെമുലയുടെ അമ്മ പട്ടികജാതിയില്‍പ്പെട്ട ആളാണ്. ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ രോഹിത് വെമുലയ്ക്ക് പ്രവേശനം കിട്ടിയത് സംവരണ സീറ്റിലല്ല. മെറിറ്റിലായിരുന്നു. അതുകൊണ്ട് തന്നെ ജാതി തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കിയിരുന്നില്ലത്രെ. അപേക്ഷാ ഫോമില്‍ പട്ടികജാതി എന്ന് രേഖപ്പെടുത്തിയിരുന്നെങ്കിലും രേഖകള്‍ സമര്‍പ്പിക്കാത്തതാണ് പോലീസിന് ഇക്കാര്യത്തില്‍ സംശയം തോന്നാന്‍ കാരണം. രോഹിത് പട്ടികജാതിക്കാരനല്ല എന്ന് തെളിയിച്ചാല്‍ കേന്ദ്രമന്ത്രി, വി.സി, എ.ബി.വി.പി നേതാവ് തുടങ്ങിയവര്‍ക്കെതിരെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുക്കാനാവില്ല. ഇതിന് വേണ്ടിയാണ് പോലീസ് സംശയം പ്രകടിപ്പിച്ചതെന്നാണ് ഏവരും കുറ്റപ്പെടുത്തിയത്. ഹൈദരാബാദിലാണ് രോഹിത് വെമുല അമ്മയോടൊപ്പം താമസിച്ചിരുന്നത്. വീട്ടിലെ രണ്ടാമത്തെ മകനായിരുന്നു രോഹിത്. വെമൂലയുടെ ആത്മഹത്യ രാഷ്ട്ര മനസാക്ഷിയില്‍ പതിച്ച തീരാ കളങ്കമാണ്. ഇനിയൊരു ദളിത് ആത്മഹത്യ ഇന്ത്യയിലുണ്ടാവരുത് എന്ന് പ്രാര്‍ത്ഥിക്കാനേ നമുക്കു കഴിയൂ...

രോഹിത് വെമൂല: വര്‍ണ വെറിയുടെ രക്തസാക്ഷിത്വത്തിന് കണ്ണീര്‍ തര്‍പ്പണത്തിന്റെ ഒരാണ്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക