Image

കശ്‌മീര്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചതില്‍ പരസ്യമായി മാപ്പു ചോദിച്ച്‌ `ദംഗല്‍' താരം സൈറ

Published on 17 January, 2017
കശ്‌മീര്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചതില്‍ പരസ്യമായി മാപ്പു ചോദിച്ച്‌ `ദംഗല്‍' താരം സൈറ

ശ്രീനഗര്‍: ജമ്മു കശ്‌മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്‌തിയ്‌ക്കൊപ്പം ഇരിക്കുന്ന ചിത്രത്തിനെതിരെ വിമര്‍ശനങ്ങളും ആക്ഷേപങ്ങളും പരിധിവിട്ടതോടെ മാപ്പു പറഞ്ഞ്‌ ദംഗല്‍ താരവും കശ്‌മീര്‍ സ്വദേശിയുമായ സൈറ വസീം.

കശ്‌മീര്‍ താഴ്വരയില്‍ കഴിഞ്ഞ മാസങ്ങളില്‍ നടന്ന കലാപവും അതില്‍ കൊല്ലപ്പെട്ടവരെയുമൊക്കെ സൈറ മറന്നു എന്നാരോപിച്ചായിരുന്നു ഇവര്‍ക്കെതിരെ സോഷ്യല്‍ മീഡിയകളില്‍ ആക്രമണമുയര്‍ന്നത്‌. ഇതോടെ മെഹ്‌ബൂബ മുഫ്‌തിയെ സന്ദര്‍ശിച്ചതിനു സൈറ മാപ്പു പറയുകയായിരുന്നു.


`ഇത്‌ പരസ്യമായ കുറ്റസമ്മതമാണ്‌. മാപ്പു പറച്ചിലാണ്‌. കഴിഞ്ഞ ദിവസത്തെ എന്റെ പ്രവൃത്തി പലരെയും വേദനിപ്പിച്ചെന്ന്‌ എനിക്കറിയാം. ' എന്നായിരുന്നു മാപ്പു പറഞ്ഞുകൊണ്ടുളള സൈറയുടെ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌.

കശ്‌മീരില്‍ കഴിഞ്ഞ ആറുമാസമുണ്ടായ സംഭവങ്ങള്‍ നോക്കുമ്പോള്‍ തന്റെ പ്രവൃത്തി പലരെയും വേദനിപ്പിച്ചിട്ടുണ്ടാവാം. എന്നാല്‍ താന്‍ പതിനാറുവയസുള്ള കുട്ടിയാണെന്നും അത്തരമൊരു പരിഗണന തനിക്കു നല്‍കണമെന്നും സൈറ ആവശ്യപ്പെട്ടിരുന്നു.


എന്നാല്‍ ഒരു ചെറിയ പെണ്‍കുട്ടിയെക്കൊണ്ട്‌ മാപ്പെഴുതിച്ചതിനെതിരെ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല അടക്കമുള്ള പ്രമുഖര്‍ രംഗത്തുവന്നു. അതോടെ മാപ്പു പറഞ്ഞുള്ള പോസ്റ്റ്‌ ഡിലീറ്റ്‌ ചെയ്‌ത സൈറ തന്നെ ചുറ്റിപ്പറ്റി വിവാദം വളരുന്നതില്‍ അത്ഭുതം പ്രകടിപ്പിച്ച്‌ മറ്റൊരു പോസ്റ്റിട്ട്‌


`ഇത്‌ ദേശീയതലത്തില്‍ തന്നെ ചര്‍ച്ചയായതില്‍ ഞാന്‍ അസ്വസ്ഥയാണ്‌,  ഇതിന്‌ അര്‍ഹിക്കുന്നതിലുമധികം പ്രാധാന്യം നല്‍കേണ്ടതില്ല. എന്നെ ആരും ഒന്നിലേക്കും വലിച്ചിഴച്ചിട്ടില്ല.'  എന്നായിരുന്നു കുറിപ്പ്‌.എന്നാല്‍ പിന്നീട്‌ ഈ കുറിപ്പും ഡിലീറ്റ്‌ ചെയ്‌തു.
ശനിയാഴ്‌ചയാണ്‌ കുടുംബത്തോടൊപ്പം മുഖ്യമന്ത്രി മെഹബൂബ മുഫ്‌തിയെ സന്ദര്‍ശിച്ച സൈറ ഷെയര്‍ ചെയ്‌തത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക