Image

ആസ്റ്റര്‍ മെഡ്‌സിറ്റി, ആധുനിക ചികില്‍സയുടെ ഉന്നത മാതൃക: ഡോ. എം.വി പിള്ള

(എ.എസ് ശ്രീകുമാര്‍) Published on 17 January, 2017
ആസ്റ്റര്‍ മെഡ്‌സിറ്റി, ആധുനിക ചികില്‍സയുടെ ഉന്നത മാതൃക: ഡോ. എം.വി പിള്ള
''കേരളത്തിന്റെ പരിമിതമായ വിഭവശേഷിയുടെ ഭൂരിഭാഗവും ശമ്പളത്തിനും പെന്‍ഷനും ഇതര ചെലവുകള്‍ക്കുമായി വീതം വച്ചു കൊടുക്കുമ്പോള്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം തികയാതെ വരുന്നു. അതിനാല്‍ നമ്മുടെ ജന്മനാട്ടിലെ ഏതെങ്കിലും ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനെ അമേരിക്കയിലെ മെഡിക്കല്‍ കോളേജുകളുടെ നിലവാരത്തിലെത്തിക്കുകയെന്നത് ഒരു വിദൂര സ്വപ്നമായി അവശേഷിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഫിലഡല്‍ഫിയയിലെ ലോകപ്രശസ്തമായ തോമസ് ജെഫേഴ്‌സണ്‍ യൂണിവേഴ്‌സിറ്റിയും കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയും തമ്മിലുള്ള കൂട്ടായ്മ ഇന്ത്യയിലെ അത്യാധുനിക ആരോഗ്യപരിപാലന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് നാന്ദി കുറിക്കും. ഇത് ഒരു പബ്ലിക്-പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പിന്റെ ഉത്തമ മാതൃകയാണ്.'' ലോകപ്രശസ്ത കാന്‍സര്‍ ചികിത്സാ വിദഗ്ദ്ധനും തോമസ് ജെഫേഴ്‌സണ്‍ യൂണിവേഴ്‌സിറ്റിയിലെ ഓങ്കോളജി പ്രൊഫസറും ഇന്റര്‍ നാഷണല്‍ കൊളാബൊറേഷന്‍ ഡയറക്ടറുമായ ഡോ. എം.വി പിള്ള പറയുന്നു.

പ്രമുഖ ഭിഷഗ്വരനും ആസ്റ്റര്‍ മെഡ്‌സിറ്റി ചെയര്‍മാനുമായ ഡോ. ആസാദ് മൂപ്പനുമായുള്ള ഡോ.എം.വി പിള്ളയുടെ ചിരകാല സൗഹൃദമാണ് പ്രത്യാശാനിര്‍ഭരമായ ഈ പങ്കാളിത്തത്തിലേയ്ക്ക് നയിച്ചത്. കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളെ സാങ്കേതികപരമായും വിദഗ്ദ്ധജ്ഞാനം കൊണ്ടും സൗകര്യങ്ങളാലും ഒക്കെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുവാന്‍, കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി ശ്രമിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയാണ് അമേരിക്കന്‍ മലയാളിയും വാഗ്മിയുമായ ഡോ. എം.വി പിള്ള. തോമസ് ജെഫേഴ്‌സണ്‍ യൂണിവേഴ്‌സിറ്റിയും ആസ്റ്റര്‍ മെഡ്‌സിറ്റിയും തമ്മിലുള്ള ഈ അസുലഭ സഹകരണം കേരളത്തിന്റെ ആധുനിക ചികിത്സാരംഗത്ത് എത്രമേല്‍ സ്വാധീനം ചെലുത്തുമെന്ന് ഡോ. എം.വി പിള്ള ഇ-മലയാളിയോട് വിശദീകരിച്ചു. 

''കേരളത്തിലെ ആദ്യ മെഡിക്കല്‍ കോളോജാണല്ലോ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റു ആയിരുന്നു കോളേജ് ഉദ്ഘാടനം ചെയ്തത്. അദ്ദേഹം തന്നെയായിരുന്നു അവിടുത്തെ ആദ്യത്തെ പേഷ്യന്റ്. കാരണം ഉദ്ഘാടന സമയത്ത് നെഹ്‌റുവിന്റെ കൈമുറിയുകയുണ്ടായി. ഡോ. കേശവന്‍ നായരാണ് തുന്നിക്കെട്ടിയതും ഡ്രസ് ചെയ്തതുമൊക്കെ. തിരുവനന്തപുരം മെഡിക്കല്‍ കോളേജില പൂര്‍വ വിദ്യാര്‍ത്ഥിയാണ് ഞാനെന്നത് അഭിമാനത്തോടെ സ്മരിക്കുന്നു. അന്നത്തെ കാലത്ത് തികച്ചും ആധുനികമായ കാഴ്ചപ്പാടോടെയാണ് മെഡിക്കല്‍ കോളേജ് ആരംഭിച്ചതെങ്കിലും ആ ആക്കം പിന്നീട് നിലനിര്‍ത്താനായില്ല. അതിന് പല കാരണങ്ങളുണ്ട്. ഇപ്പോഴത്തെ അവസ്ഥയില്‍ കേരളത്തിന്റെ വിഭവ ശേഷി കൊണ്ട് നമ്മുടെ മെഡിക്കല്‍ കോളേജുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ പറ്റുകയില്ല. കാരണം പരിമിതമായ വിഭവശേഷിയേ സംസ്ഥാനത്തിനുള്ളു. അപ്പോള്‍ കരണീയമായിട്ടുള്ളത് സ്വകാര്യമേഖലയില്‍ മികവു കാട്ടുന്ന സ്ഥാപനങ്ങളെ സഹായിച്ചുകൊണ്ട് പരസ്പര സഹകരണത്തിന്റെ അടിസ്ഥാനത്തില്‍ അവയെ അന്തര്‍ദേശീയ നിലവാരത്തില്‍ ഉയര്‍ത്തിക്കൊണ്ടു വരിക എന്നതാണ്...''

''അമേരിക്കയിലെ ഒന്നാം തലമുറ കുടിയേറ്റക്കാരന്‍ എന്ന നിലയില്‍ എന്നെപ്പോലെയുള്ളവര്‍ക്ക് പ്രായം കൊണ്ടും അനുഭവജ്ഞാനം കൊണ്ടും ഒരുപാട് നല്ല സ്ഥാപനങ്ങളുമായി വ്യക്തിപരമായ ബന്ധം ഉണ്ട്. അതിലൊന്നാണ് തോമസ് ജെഫേഴ്‌സണ്‍ യൂണിവേഴ്‌സിറ്റി. ഈ ബന്ധം ഉപയോഗിച്ചു കൊണ്ടാണ് ആസ്റ്റര്‍ മെഡ്‌സിറ്റിയുമായി പങ്കാളിത്തം ഉറപ്പിക്കുന്നത്. ഈ സ്ഥാപനത്തിന്റെ ഏതാണ്ട് 55 ശതമാനത്തോളം ഉടമസ്ഥാവകാശമുള്ള വ്യക്തിയാണ് ചെയര്‍മാനായ ഡോ. ആസാദ് മൂപ്പന്‍. ക്യാന്‍സര്‍ സെന്ററിന്റെ ഡയറക്ടറായി അദ്ദേഹം എന്നെ ക്ഷണിച്ചെങ്കിലും അമേരിക്കയില്‍ നിന്ന് മാറിനില്‍ക്കുവാനുള്ള സാഹചര്യം ഇല്ലെന്ന് അറിയിച്ചു. അപ്പോള്‍, ആസ്റ്റര്‍ മെഡ്‌സിറ്റിയെ അന്തര്‍ദേശീയ നിലവാരത്തില്‍ എത്തിക്കുന്നതിനു വേണ്ടി സഹായിക്കണമെന്നും അത് അമേരിക്കയില്‍ നിന്നു കൊണ്ടു മതി എന്നും അദ്ദേഹം പറഞ്ഞു...''

''ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ഡോ. ആസാദ് മൂപ്പന്‍ തന്നെയാണ് എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത്. ആരോഗ്യ വിഷയത്തില്‍ നല്ല അറിവും തികവുള്ള അദ്ദേഹം മികവിനോട് എന്നും താത്പര്യമുള്ള ആളാണ്. ഗള്‍ഫിലെ സമ്പന്നനായ നാലാമത്തെ മലയാളിയും ഇന്ത്യയിലെ പത്തിലൊരാളുമാണ്. പണം മുടക്കാന്‍ അദ്ദേഹത്തിന് യാതൊരു മടിയുമില്ല. ഇത്തരം മനോഭാവമുള്ള ഡോ. ആസാദ് മൂപ്പന്‍ നിര്‍ബന്ധിച്ചതോടെ ഞാന്‍ അവരുടെ അഡൈ്വസറായി. തോമസ് ജെഫേഴ്‌സണ്‍ യൂണിവേഴ്സ്റ്റിയുമായുള്ള തന്റെ ബന്ധവും സാധ്യതകളും ഉപയോഗിച്ചുകൊണ്ടാണ് അവരെ ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ വികസനത്തിന് കൂട്ടിയിണക്കിയത്. 2016 നവംബര്‍ 20-ാം തീയതി ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ ഡീന്‍ ജോണ്‍ ഇക്കാരിയസ്, ഡോ. ഡോറിയ തുടങ്ങിയവര്‍ കൊച്ചിയിലെത്തി എം.ഒ.യു സൈന്‍ ചെയ്യുകയുണ്ടായി...''

''ക്യാന്‍സര്‍ ചികിത്സാ സംബന്ധമായ സഹകരണമാണ് ഇതില്‍ പ്രധാനം. ചികിത്സയ്ക്കു പുറമേ രോഗത്തിന്റെ തുടക്ക സ്റ്റേജിലുള്ള നിര്‍ണയം ബോധവത്ക്കരണം പുനരധിവസിപ്പിക്കല്‍ തുടങ്ങിയവ ഈ മേഖലയിലുണ്ടാവും. തോമസ് ജെഫേഴ്‌സണ്‍ യൂണിവേഴ്‌സിറ്റിയുടെ കിമ്മല്‍ ക്യാന്‍സര്‍ സെന്ററില്‍ എന്തൊക്കെ ചെയ്യുന്നുവോ അതെല്ലാം കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയിലും ആവിഷ്‌കരിക്കാനാണ് ശ്രമിക്കുന്നത്. ഇത് നൂറുശതമാനം വിജയിക്കുമെന്നെനിക്കുറപ്പാണ്. കാരണം നേരത്തെ സൂചിപ്പിച്ചതു പോലെ തീരുമാനമെടുക്കുന്നതും അത് നടപ്പിലാക്കുന്നതും ഡോ. ആസാദ് മൂപ്പന്‍ ആണ്. സര്‍ക്കാര്‍ തലത്തിലെ സങ്കീര്‍ണതകളും ഭരണപക്ഷപ്പാര്‍ട്ടികളുടെ പ്രത്യയശാസ്ത്ര തടസ്സങ്ങളും ബ്യൂറോക്രസിയുടെ നൂലാമാലകളുമൊന്നും ഇത്തരം സ്വകാര്യ സംരംഭങ്ങള്‍ക്കില്ല...''

''ലിവര്‍, കിഡ്‌നി, ഹാര്‍ട്ട്, ലങ്‌സ് തുടങ്ങി എല്ലാ അവയവങ്ങളും മനുഷ്യശരീരത്തില്‍ വച്ചു പിടിപ്പിക്കാനുള്ള വലിയ തുടക്കമാണിവിടെ കുറിച്ചിരിക്കുന്നത്. പത്തോ പതിനഞ്ചോ വര്‍ഷം കഴിഞ്ഞാല്‍ അവയവമാറ്റത്തിന്റെ ആവശ്യമേ ഉണ്ടാവില്ല. മറ്റൊരാളിന്റെ അവയവം തന്നെ വേണ്ടി വരില്ല. കാരണം ഓരോ അവയവവും ലബോറട്ടറികളില്‍ സൃഷ്ടിച്ച് ഘടിപ്പിക്കാവുന്ന സംവിധാനം വരികയാണ്. ഇപ്പോഴത്തെ നിലയില്‍ അവയവമാറ്റം അന്താരാഷ്ട്ര തലത്തിലേയ്ക്ക് മാറ്റിക്കൊണ്ടു വരികയാണ് ലക്ഷ്യം. ഇന്ത്യയിലെയും കേരളത്തിലെയുമൊക്കെ പ്രശ്‌നം, സങ്കീര്‍ണമായ ആരോഗ്യ അവസ്ഥകളില്‍ മികച്ച ട്രാന്‍സ്പ്ലാന്ററെ കിട്ടുന്നില്ല എന്നതാണ്. ചിലപ്പോള്‍ അവയവമാറ്റ ശസ്ത്രക്രിയ വിജയിച്ചാലും നല്ല കൃത്യമായ ഫോളോ അപ്പ് ഇല്ലാത്തതിനാല്‍ രോഗികള്‍ മരിച്ചുപോവുന്ന അവസ്ഥയും ഉണ്ടാവുന്നു...''

''പ്രൈവറ്റ് ആശുപത്രിയെ സംബന്ധിച്ചിടത്തോളം ഒരു ഹൃദയമാറ്റ ശസ്ത്രക്രിയ കഴിഞ്ഞാന്‍ ഫോളോ അപ്പ് ചെയ്യാനുള്ള  ജീവനക്കാര്‍ക്ക് മാന്യമായ ശമ്പളം കൊടുക്കാനുള്ള ശേഷിയുണ്ട്. അതുകൊണ്ടാണ് മോഡേണ്‍ ടെക്‌നോളജി സ്വകാര്യ ആശുപത്രികളില്‍ മാത്രം ഒതുങ്ങുന്നത്. ഇതിന്റെ മികച്ച ഉദാഹരണമാണ് ആസ്റ്റര്‍ മെഡ്‌സിറ്റി. ഈ പ്രസ്ഥാനം കേരളത്തിന്റെ പൊതു ആരോഗ്യ മേഖലയിലേക്കും സേവനം വ്യാപിപ്പിക്കുന്നുണ്ട്. ആസാദ് മൂപ്പന്‍ ഫൗണ്ടേഷന്‍ വഴി പ്രതിജ്ഞാബദ്ധതയോടെ ക്യാന്‍സര്‍ നിവാരണത്തിനും തുടക്കത്തില്‍ രോഗം കണ്ടുപിടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കുമായി കഴിഞ്ഞ കാലങ്ങളില്‍ കേരളത്തിലെ വിവിധ കോണുകളില്‍ കോടികളുടെ സാമ്പത്തിക സഹായം ചെയ്തിട്ടുണ്ട്. അത് തുടരുകയും ചെയ്യുന്നു. അതുപോലെ തന്നെ തോമസ് ജെഫേഴ്‌സണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ എത്തുന്ന വിദഗ്ദ്ധരുടെ സേവനവും അവിടുത്തെ ആധുനിക ചികിത്സാ രീതികളും കേരളത്തിലെ ഡോക്ടര്‍മാരുമായി ഷെയര്‍ ചെയ്യാനും സന്തോഷത്തോടെ സമ്മതിച്ചിട്ടുണ്ട്. ആ നിലയ്ക്ക് കേരള സര്‍ക്കാര്‍ ആശുപത്രികളുടെ കോംപറ്റീറ്ററായിട്ടല്ല, ഫെസിലിറ്റേറ്ററായാണ് ആസ്റ്റര്‍ മെഡ്‌സിറ്റി നിലകൊള്ളുന്നത്...''

''ഇത് പ്രൈവറ്റ്, പബ്ലിക് പാര്‍ട്ണര്‍ഷിപ്പിന്റെ അസുലഭ മാതൃകയാണ്. പ്രൈവറ്റ് സ്ഥാപനങ്ങള്‍ വളരുന്നതോടൊപ്പം തന്നെ അവിടെയുള്ള റിസോഴ്‌സുകളും സൗകര്യങ്ങളും ടെക്‌നോളജിയും കാര്യശേഷിയും അറിവും വൈദഗ്ദ്ധ്യവും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് പങ്കിടാന്‍ അവര്‍ തയ്യാറാണ്. നാട്ടിലെ ഏത് മെഡിക്കല്‍ കോളേജിലെയും സ്‌പെഷ്യല്‍ സ്‌കില്‍ ആവശ്യമുള്ള ഡോക്ടര്‍മാര്‍ക്ക് തോമസ് ജെഫേഴ്‌സണ്‍ യൂണിവേഴ്‌സിറ്റി അത് ലഭ്യമാക്കും. കേരള സര്‍ക്കാര്‍ വിചാരിച്ചാല്‍ ഇത്ത രത്തിലുള്ള സഹകരണം ഉണ്ടാക്കിയെടുക്കാം. സര്‍ക്കാര്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയെ ഒരു കോംപറ്റീറ്ററായി കാണാതെ ഒരു കോമ്രേഡ് ആയാണ് കാണേണ്ടത്. അടുത്ത രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയെ ലോകത്തിലെ ഏറ്റവും മികച്ച അവയവമാറ്റ ശസ്ത്രക്രിയ കേന്ദ്രമാക്കി മാറ്റാനാണ് ശ്രമം. തോമസ് ജെഫേഴ്‌സണ്‍ യൂണിവേഴ്‌സിറ്റിയുമായി ടെലി മെഡിസിന്‍ ബന്ധം സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. 250 ലേറെ റോബോട്ടിക് സര്‍ജറികളും ചെയ്തു കഴിഞ്ഞു...''

''ഗള്‍ഫ്, യൂറോപ്പ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നൊക്കെ കേരളത്തിലേക്ക് രോഗികള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. ഇന്‍ഷുറന്‍സ് സംബന്ധമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയാണിത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നെത്തുന്ന രോഗികള്‍ക്ക് അവിടുത്തെ നിലവിലുള്ള ചാര്‍ജാണ് ബില്‍ ചെയ്യുന്നത്. ഉദാഹരണത്തിന് പ്രസവത്തിന് ഒരു അറബി സ്ത്രീ വന്നാല്‍ അവര്‍ക്ക് ചാര്‍ജ് ചെയ്യുന്നത് 5 ലക്ഷം രൂപയായിരിക്കും. കേരളത്തിലെ ഒരു മികച്ച സ്വാകാര്യ ആശുപത്രിയില്‍ കൂടിവന്നാല്‍ പ്രസവത്തിന് 50,000 രൂപയേ ആവുകയുള്ളു. ഇങ്ങനെ ലഭിക്കുന്ന 5 ലക്ഷത്തില്‍ 4 ലക്ഷം രൂപ കേരളത്തിലെ രോഗികള്‍ക്ക് ഭാവിയില്‍ നല്‍കുക എന്ന സ്വപ്നം ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ അധികൃതര്‍ക്കുണ്ട്. അതുപോലെ അമേരിക്കയില്‍ രണ്ട് ലക്ഷം ഡോളര്‍ ചെലവാകുന്ന ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന് ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ മുപ്പതു ലക്ഷം രൂപയേ ഈടാക്കുകയുള്ളു എന്നതും മറ്റൊരു ആനുകൂല്യമാണ്.  അമേരിക്കയില്‍ ഒബാമ കെയറിനു പകരം ട്രംപ് നടപ്പാക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നിലവില്‍ വരുമ്പോള്‍ ആസ്റ്റര്‍ മെഡ്‌സിറ്റി പോലുള്ള ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം വര്‍ധിക്കാനിടയുണ്ട്...'' ഡോ. എം.വി പിള്ള വിശദീകരിച്ചു.
*** 
ആഗോളതലത്തില്‍ ഏറ്റവും മികച്ച ആരോഗ്യപരിപാലന അറിവുകളും വൈദഗ്ദ്ധ്യവും ഇന്ത്യയിലെ ഡോക്ടര്‍മാര്‍ക്ക് ലഭ്യമാക്കുന്നതിനായാണ് ആസ്റ്റര്‍ മെഡ്‌സിറ്റിയും തോമസ് ജെഫേഴ്‌സണ്‍ യൂണിവേഴ്‌സിറ്റിയും സുപ്രധാന കരാറില്‍ ഒപ്പു വച്ചത്. 1824 മുതല്‍ ശ്രേഷ്ഠമായ പാരമ്പര്യമുള്ള സ്ഥാപനമാണ് തോമസ് ജെഫേഴ്‌സണ്‍ യൂണിവേഴ്‌സിറ്റി. ആഗോളതലത്തിലെ മികച്ച പരിശീലനത്തിനും ഗവേഷണത്തിനും മികച്ച ചികിത്സാ രീതികള്‍ പങ്കുവയ്ക്കുന്നതിനും അതു വഴി രോഗികള്‍ക്ക് പ്രയോജനം ലഭിക്കുന്നതുമായ ഒട്ടേറെ സഹകരണത്തിന് സാധ്യതയുള്ളതാണ് കരാര്‍. ആസ്റ്റര്‍ മെഡ്‌സിറ്റിയും തോമസ് ജെഫേഴ്‌സണ്‍ യൂണിവേഴ്‌സിറ്റിയും തമ്മിലുള്ള ഈ കൂട്ടുകെട്ടിന് തുടക്കം കുറിക്കുന്നത് മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് പരിപാടിയിലൂടെയാണ്. 2015 നവംബറില്‍ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയതു മുതല്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് പരിപാടി കുറഞ്ഞ സമയത്തിനുള്ളില്‍ മികച്ച മുദ്ര പതിപ്പിച്ചിട്ടുണ്ട്. 

ഫിലാഡല്‍ഫിയയിലെ ഏറ്റവും വലിയതും സ്വതന്ത്രമായതുമായ ഹെല്‍ത്ത് സയന്‍സസ് യൂണിവേഴ്‌സിറ്റിയാണ് തോമസ് ജെഫേഴ്‌സണ്‍. യു.എസ്.എയിലെ ഏറ്റവും വലിയ പ്രൈവറ്റ് മെഡിക്കല്‍ കോളേജ് എന്നറിയപ്പെടുന്ന സിഡ്‌നി കിമ്മല്‍ മെഡിക്കല്‍ കോളേജാണ് ഈ യൂണിവേഴ്‌സിറ്റിയുടെ പതാകവാഹകര്‍. ആരോഗ്യരംഗത്തെ പ്രൊഫഷണലുകള്‍ക്കായി ഒക്കുപ്പേഷണല്‍  തെറാപ്പി, നഴ്‌സിംഗ്, ഫാര്‍മസി എന്നീ ആരോഗ്യവിഭാഗങ്ങളുടെ കോളേജുകളും ഈ യൂണിവേഴ്‌സിറ്റിക്കു കീഴിലുണ്ട്. ജെഫേഴ്‌സണ്‍ കോളേജ് ഓഫ് പോപ്പുലേഷണ്‍ ഹെല്‍ത്തുമായി ചേര്‍ന്നുള്ള കണ്ടുപിടുത്തങ്ങളുടെ പേരിലാണ് ആ യൂണിവേഴ്‌സിറ്റി പേരെടുത്തത്. ഇതിനായി നിയോഗിക്കപ്പെട്ട യു.എസ്.എയിലെ ആദ്യത്തെ കോളേജാണിത്. കരള്‍, വൃക്ക എന്നിവ മാറ്റിവയ്ക്കുന്നതിനുള്ള ഏയ്റ്റ്‌ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എക്‌സലന്‍സ് ട്രാന്‍സ്പ്ലാന്റ് ഫെസിലിറ്റി, കരള്‍ മാറ്റിവയ്ക്കുന്നതിനുള്ള ഇന്‍ഡിപ്പെന്‍ഡന്‍സ് ബ്ലൂ ക്രോസ് ബ്ലൂ ഡിസ്റ്റിംഗ്ഷന്‍ സെന്റര്‍ ഫോര്‍ ട്രാന്‍സ്പ്ലാന്റ്‌സ് എന്നിവയ്ക്കായി സിഡ്‌നി കിമ്മല്‍ മെഡിക്കല്‍ കോളേജിലെ ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് നിയോഗിക്കപ്പെട്ടിട്ടുണ്ട്. ഒരു അവയവം മാറ്റിവയ്ക്കുന്ന നൂറ് കണക്കിന് ശസ്ത്രക്രിയകളും രണ്ട് അവയവങ്ങള്‍ മാറ്റിവയ്ക്കുന്ന നിരവധി ശസ്ത്രക്രിയകളും ഒരു വര്‍ഷം ഇവിടെ നടത്തപ്പെടുന്നു. അമേരിക്കയിലെ ദേശീയ ശരാശരി അതിജീവന നിരക്കിനേക്കാള്‍ അധികമാണ് ഇവിടുത്തെ അതിജീവന നിരക്ക്.

സിഡ്‌നി കിമ്മല്‍ മെഡിക്കല്‍ കോളേജിലെ ട്രാന്‍സ്പ്ലാന്റ് സര്‍ജറി വിഭാഗം നിക്കോലെറ്റി ഫാമിലി പ്രൊഫസറും ജെഫേഴ്‌സണ്‍ ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ ഡോ. കറ്റാല്‍ഡോ ഡോറിയ മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജറിയിലാണ് സ്‌പെഷ്യലൈസ് ചെയ്യുന്നത്. റോബോട്ടിന്റെ സഹായത്തോടെ കരളിന്റെ ഒരു ഭാഗം മുറിച്ചു നീക്കുന്നതിനും രക്തമൊഴുക്കാതെ കരള്‍ മുറിക്കുന്നതിനുമുള്ള സാങ്കേതിക വിദ്യകള്‍ ഡോ. ഡോറിയ പറഞ്ഞു. കുറഞ്ഞ കാലത്തിനുള്ളില്‍ ആസ്റ്റര്‍ മെഡ്‌സിറ്റി മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റില്‍ വൈദഗ്ദ്ധ്യം തെളിയിച്ചു കഴിഞ്ഞു. ആദ്യത്തെ സ്പ്ലിറ്റ് ലിവര്‍ ട്രാന്‍സ്പ്ലാന്റ്, ആദ്യമായി വൃക്കയും പാന്‍ക്രിയാസും ഒന്നുപോലെ മാറ്റി വച്ച ശസ്ത്രക്രിയ, ആദ്യമായി കരളും കിഡ്‌നിയും ഒരേ സമയം മാറ്റിവച്ച ശസ്ത്രക്രിയ എന്നിവ അടക്കം നാഴികക്കല്ലുകളായ അവയവ മാറ്റ ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കിയ ആസ്റ്ററിന്റെ ട്രാന്‍സ്പ്ലാന്റ് സര്‍ജന്മാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള അവസരമാണിതെന്ന് ഡോ. ഡോറിയ പറഞ്ഞു.

ശില്പശാലകള്‍, സമ്മേളനങ്ങള്‍, ഹ്രസ്വകാല പാഠ്യക്രമങ്ങള്‍, പരിശീലന പരിപാടികള്‍, സ്ഥാപനങ്ങള്‍ തമ്മിലുള്ള ആളുകളുടെ കൈമാറ്റ പദ്ധതികള്‍, സംയുക്ത പഠനസംഘങ്ങള്‍, സംയുക്ത പ്രസിദ്ധീകരണങ്ങള്‍ എന്നിവയിലൂടെ അറിവുകള്‍ കൈമാറുന്നതിന് ധാരണാപത്രം സഹായിക്കും. വിവിധ ചികിത്സകളുടെയും രോഗനിര്‍ണയത്തിന്റെയും പ്രാമാണികത ഉറപ്പുവരുത്തുന്നതിനുള്ള പ്രോട്ടോകോളുകള്‍, അടിസ്ഥാനസൗകര്യങ്ങള്‍, ക്ലിനിക്കല്‍ ഗവേഷണങ്ങള്‍ തുടങ്ങിയ രംഗങ്ങളിലും ഈ കൂട്ടുകെട്ട് സഹായകമാകും. വിവിധ അവയവങ്ങള്‍ മാറ്റിവയ്ക്കുന്നതിനുള്ള പരിപാടിക്കായാണ് തുടക്കത്തില്‍ ഈ സഹകരണമെങ്കിലും പിന്നീട് മജ്ജ മാറ്റിവയ്ക്കല്‍ യൂണിറ്റിലേയ്ക്കു കൂടി ഇത് വ്യാപിപ്പിക്കുമെന്ന് ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ഭാവിയില്‍ ഈ ഗ്രൂപ്പിനു കീഴിലുള്ള മറ്റ് സ്ഥാപനങ്ങളിലേയ്ക്കും ഈ സഹകരണം വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇരുകൂട്ടരും സംയുക്തമായുള്ള മാതൃകകളിലൂടെ പഠനം നടത്തുന്നതിനും രണ്ട് രാജ്യങ്ങളിലേയും രോഗികള്‍ക്ക് ഗുണം ലഭിക്കുന്നതിനും ധാരണപത്രം ഒപ്പു വച്ചത് സഹായിക്കുമെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ സി.ഇ.ഒയും ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന്റെ കേരളത്തിലെ ക്ലസ്റ്റര്‍ ഹെഡുമായ ഡോ.ഹരീഷ് പിള്ള വ്യക്തമാക്കുന്നു. ഈ ബന്ധത്തിലൂടെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച കേന്ദ്രങ്ങളിലൊന്നായ തോംസണ്‍ ജെഫേഴ്‌സണ്‍ യൂണിവേഴ്‌സിറ്റിയില്‍ ആധുനിക പരിശീലനം നേടുന്നതിനും അവര്‍ തിരികെ കൊച്ചിയിലെത്തി രോഗികള്‍ക്ക് സഹായകമായി തീരുന്നതിനും സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തോംസണ്‍ ജെഫേഴ്‌സണ്‍ യൂണിവേഴ്‌സിറ്റിയിലെ ഇ.വി.പിയും ചീഫ് ഓഫ് സ്റ്റാഫുമായ ജോണ്‍ ഇക്കാരിയസ്, യൂണിവേഴ്സ്റ്റി അഫയേഴ്‌സ് വൈസ് പ്രസിഡന്റ് ജാനിസ് മരീനി, സിഡ്‌നി കിമ്മല്‍ മെഡിക്കല്‍ കോളേജിലെ പ്രൊഫസറും ജെഫേഴ്‌സണ്‍ ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറും ട്രാന്‍സ്പ്ലാന്റേഷന്‍ ഡിവിഷന്റെ ഡയറക്ടറുമായ ഡോ. കറ്റാല്‍ഡോ ഡോറിയ, ഗ്ലോബല്‍ ഹെല്‍ത്ത് റിസര്‍ച്ച് ഡയറക്ടര്‍ ഡോ.റിച്ചാര്‍ഡ് ജെ. ഡെര്‍മ്മന്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ധാരണാപത്രം ഒപ്പുവച്ചത്.

ആസ്റ്റര്‍ മെഡ്‌സിറ്റി, ആധുനിക ചികില്‍സയുടെ ഉന്നത മാതൃക: ഡോ. എം.വി പിള്ള
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക