Image

ശബരിമലയില്‍ ദര്‍ശനം 19 വരെ ;നെയ്യഭിഷേകം ഇന്നു കൂടി

അനില്‍ പെണ്ണുക്കര Published on 17 January, 2017
ശബരിമലയില്‍ ദര്‍ശനം 19 വരെ ;നെയ്യഭിഷേകം ഇന്നു കൂടി
ശബരിമലയില്‍ ഈ തീര്‍ത്ഥാടന കാലത്തെ നെയ്യഭിഷേകം ഇന്ന് (18) രാവിലെ 10ന് അവസാനിക്കും. തുടര്‍ന്ന് ദേവസ്വം വക കളഭാഭിഷേകം നടക്കും. നാളെ (19) രാത്രി പത്തു മണി വരെയാണ് ദര്‍ശനം. ഇതിനു ശേഷം മാളികപ്പുറത്ത് ഗുരുതി ചടങ്ങുകള്‍ നടക്കും. 18ലെ കളഭാഭിഷേകവും 19ലെ ഗുരുതിയും രാജപ്രതിനിധിയുടെ സാന്നിധ്യത്തിലാണ് നടക്കുക. 20ന് രാവിലെ 6 മണിക്ക് നട തുറക്കും. രാവിലെ 7 ന് നട അടയ്ക്കുന്നതോടെ രണ്ടു മാസക്കാലം നീണ്ടുനിന്ന ശബരിമല മണ്ഡല മകരവിളക്ക് മഹോത്‌സവത്തിന് പരിസമാപ്തിയാവും.

19 വരെ പടി പൂജയും ഉദയാസ്തമന പൂജയും നടക്കും. 20ന് നടയടച്ചാല്‍ കുംഭ മാസ പൂജകള്‍ക്കായി ഫെബ്രുവരി 12ന് വൈകിട്ട് 5ന് വീണ്ടും നട തുറക്കും. ഫെബ്രുവരി 13 (കുംഭം 1) മുതല്‍17 വരെയാണ് കുംഭമാസപൂജ.

ചന്ദ്രാനന്ദന്‍ റോഡിന് സമീപത്തെ മാലിന്യം നീക്കം ചെയ്തു

സന്നിധാനം നടപ്പന്തലില്‍ നിന്ന് മരക്കൂട്ടത്തേക്കുള്ള ചന്ദ്രാനന്ദന്‍ റോഡിന് താഴെ വനത്തിലേക്ക് തീര്‍ത്ഥാടകര്‍ കളഞ്ഞ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം വനംവകുപ്പും സാനിട്ടേഷന്‍ സൊസൈറ്റി പ്രവര്‍ത്തകരും ചേര്‍ന്ന് നീക്കം ചെയ്തു. റേഞ്ച് ഓഫീസര്‍ എം. അശോകന്റെ നേതൃത്വത്തില്‍ 15 വനം വകുപ്പ് ഉദ്യോഗസ്ഥരും 20 എസ്. എസ്. എസ് പ്രവര്‍ത്തകരും ശുചീകരണത്തില്‍ പങ്കെടുത്തു.

ഇന്ന് (18) മുതല്‍ സന്നിധാനത്തെ ഒന്‍പത് സെക്ഷനുകളില്‍ സൂപ്പര്‍വൈസര്‍മാരുടെ നേതൃത്വത്തില്‍ വനംവകുപ്പിന്റെ സഹകരണത്തോടെ ശുചീകരണം നടക്കും. വനമേഖലയില്‍ ചില ഭാഗങ്ങളില്‍ മാലിന്യം കുമിഞ്ഞുകൂടുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വനംവകുപ്പ് ശുചീകരണ പ്രവര്‍ത്തനം സംഘടിപ്പിച്ചത്.

സേവന മന്ത്രവുമായി അയ്യപ്പസേവാസംഘം

തീര്‍ത്ഥാടകര്‍ക്ക് മനസു നിറഞ്ഞ് സേവനമൊരുക്കുന്ന തിരക്കിലാണ് സന്നിധാനത്തെ അയ്യപ്പ സേവാസംഘം പ്രവര്‍ത്തകര്‍. മറ്റൊരു മണ്ഡല മകരവിളക്ക് സീസണ്‍ അവസാന ഘട്ടത്തിലെത്തുമ്പോള്‍ അയ്യപ്പ സേവാസംഘത്തിന്റെ പ്രവര്‍ത്തനം എടുത്തുപറയേണ്ടതുണ്ട്.

ശബരിമലയില്‍ പ്ലാസ്റ്റിക്കിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ സഹചര്യത്തില്‍ തീര്‍ത്ഥാടകര്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിന് വാട്ടര്‍ അതോറിറ്റിക്കും ദേവസ്വം ബോര്‍ഡിനുമൊപ്പം മികച്ച പ്രവര്‍ത്തനമാണ് അയ്യപ്പ സേവാ സംഘം നടത്തിയത്. പമ്പ മുതല്‍ സന്നിധാനം വരെ വിവിധ സ്ഥലങ്ങളില്‍ ആവശ്യത്തിന് ചുക്കു വെള്ള കൗണ്ടറുകള്‍ ദേവസ്വത്തിന്റെ സഹായത്തോടെ ഒരുക്കി. അപ്പാച്ചിമേട്. നിലയ്ക്കല്‍, പെരിയാനവട്ടം, കരിമല, അഴുത, മിനി പമ്പ എന്നിവിടങ്ങളിലും കുടിവെള്ള സൗകര്യം ഒരുക്കിയിരുന്നു.

ആരോഗ്യവകുപ്പിന്റെ എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ വിജയിപ്പിക്കുന്നതിലും ഇവരുടെ പ്രവര്‍ത്തനം സുപ്രധാന പങ്കുവഹിച്ചു. 18 ഇ. എം. സികളിലും 24 മണിക്കൂര്‍ സേവനവുമായി അയ്യപ്പസേവാ സംഘത്തിന്റെ പ്രവര്‍ത്തകരുണ്ടായിരുന്നു. ഒരു ഷിഫ്റ്റില്‍ രണ്ടു പേര്‍ എന്ന കണക്കില്‍ ഒരു ദിവസം മൂന്നു ഷിഫ്റ്റുകളിലായാണ് പ്രവര്‍ത്തിച്ചത്. കുഴഞ്ഞു വീഴുന്നവരെ ഉടനടി സ്‌ട്രെക്ചറില്‍ ആശുപത്രികളിലെത്തിക്കാന്‍ പ്രവര്‍ത്തകര്‍ക്കായി. തമിഴ്‌നാട്ടില്‍ നിന്ന് 1750, കേരളത്തില്‍ നിന്ന് 49, കര്‍ണ്ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്ന് 55ഉം വോളണ്ടിയര്‍മാരാണ് സേവന സന്നദ്ധരായി രംഗത്തുണ്ടായിരുന്നത്. തമിഴ്‌നാട്ടിലെ പോളിടെക്‌നിക്കുകള്‍ ഉള്‍പ്പെടെയുള്ള കോളേജുകളില്‍ നിന്ന് 774 വിദ്യാര്‍ത്ഥികളും സേവന മനസോടെയെത്തി. സന്നിധാനത്തെ ശുചീകരണ പ്രവര്‍ത്തനങ്ങളിലും അയ്യപ്പ സേവാ സംഘം പങ്കാളികളായി.
ശബരിമലയില്‍ ദര്‍ശനം 19 വരെ ;നെയ്യഭിഷേകം ഇന്നു കൂടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക