Image

മാര്‍ ജോസഫ് സ്രാന്പിക്കലിന് മാതൃരൂപതയില്‍ ഉജ്വല വരവേല്‍പ്പ്

Published on 17 January, 2017
മാര്‍ ജോസഫ് സ്രാന്പിക്കലിന് മാതൃരൂപതയില്‍ ഉജ്വല വരവേല്‍പ്പ്

 
പാലാ: സീറോ മലബാര്‍ സഭ ഗ്രേറ്റ്ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാന്പിക്കലിന് മാതൃരൂപതയില്‍ ഉജ്വല വരവേല്‍പ്പ്. നൂറുകണക്കിന് വൈദികരും സന്യസ്തരും ആയിരക്കണക്കായ വിശ്വാസ സമൂഹവും ചേര്‍ന്നാണ് പ്രാര്‍ഥനാനിര്‍ഭര അന്തരീക്ഷത്തില്‍ ഉജ്വല വരവേല്‍പ്പ് നല്‍കിയത്.

മെത്രാഭിഷിക്തനായ ശേഷം മാതൃരൂപതയായ പാലായിലെത്തിയ മാര്‍ സ്രാന്പിക്കലിന് അനുമോദനമറിയിക്കാന്‍ രൂപതയിലെ മുഴുവന്‍ ഇടവകകളുടേയും പ്രതിനിധികളും രാഷ്ര്ടീയസാമൂഹ്യരംഗത്തെ പ്രമുഖരും എത്തിയിരുന്നു.

പാലാസെന്റ് തോമസ് കത്തീഡ്രലില്‍ നടന്ന സമൂഹബലിയില്‍ മാര്‍ സ്രാന്പിക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, മാര്‍ ജോസ് പുളിക്കല്‍, രൂപതയിലെ നൂറിലേറെ വൈദികര്‍ എന്നിവരും സമൂഹബലിയില്‍ കാര്‍മികത്വം വഹിച്ചു.

ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പൗവ്വത്തില്‍ സമൂഹബലിമധ്യേ സന്ദേശം നല്‍കി. ഏറെ ക്ലേശങ്ങള്‍ നേരിടേണ്ടി വരുന്‌പോഴും സഭാദൗത്യനിര്‍വഹണത്തില്‍ സ്‌നേഹസംസ്‌കാരം സമ്മാനിക്കാന്‍ മാര്‍ ജോസഫ് സ്രാന്പിക്കലിന് കഴിയുന്നതായി മാര്‍ ജോസഫ് പൗവ്വത്തില്‍ പറഞ്ഞു.

വൈവിധ്യങ്ങള്‍ നിലനിര്‍ത്തുന്‌പോഴും മറ്റു സഭാ സാക്ഷ്യങ്ങളെ അംഗീകരിക്കാനും വ്യക്തിസഭകളുടെ തനിമ നിലനിര്‍ത്താനും കഴിയണമെന്നും മാര്‍ പൗവ്വത്തില്‍ വ്യക്തമാക്കി.

സമൂഹബലിയെ തുടര്‍ന്ന് പാരീഷ്ഹാളില്‍ നടന്ന അനുമോദന സമ്മേളനം ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. ആദിമ സഭയുടെ സന്പന്നതയോടെ ഹൃദയത്തിന്റെ ശുദ്ധതയില്‍ വിശ്വാസത്തെ പ്രഘോഷിക്കാന്‍ മാര്‍ ജോസഫ് സ്രാന്പിക്കലിന് കഴിയുന്നതായും മാതൃസഭയോടുള്ള വിശ്വാസത്തിലും വിശ്വാസപാരന്പര്യത്തിന്റെ സംരക്ഷണത്തിലും മാര്‍ സ്രാന്പിക്കല്‍ പുലര്‍ത്തുന്ന അജപാലനശൈലി ശ്ലാഘനീയമാണെന്നും ആര്‍ച്ച്ബിഷപ് പറഞ്ഞു.

പുണ്യകുടീരങ്ങളോടും പുസ്തകങ്ങളോടും അടുപ്പം സൂക്ഷിക്കുന്ന മാര്‍ ജോസഫ് സ്രാന്പിക്കലിന്റെ പെരുമാറ്റത്തോടും ആത്മീയതയോടും എല്ലാവര്‍ക്കും മതിപ്പാണെന്ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.

കെ.എം മാണി എംഎല്‍എ അധ്യക്ഷത വഹിച്ചു. മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസ് പുളിക്കല്‍, ജോസ് കെ. മാണി എംപി, മോന്‍സ് ജോസഫ് എംഎല്‍എ, റോഷി അഗസ്റ്റിന്‍ എംഎല്‍എ, പാലാ രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. സിറിയക് തോമസ്, എം.ജി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍, രൂപത വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മോണ്‍. ഏബ്രാഹം കൊല്ലിത്താനത്തുമലയില്‍, മോണ്‍. ജോസഫ് കൊല്ലംപറന്പില്‍, മോണ്‍. ജോസഫ് മലേപറന്പില്‍, ചാന്‍സിലര്‍ റവ.ഡോ. ജോസ് കാക്കല്ലില്‍, എസ്എബിഎസ് പ്രൊവിന്‍ഷ്യാള്‍ സിസ്റ്റര്‍. ലിസി വടക്കേചിറയാത്ത്, മുന്‍ വികാരിജനറാള്‍മാരായ ഫാ. ജോര്‍ജ് ചൂരക്കാട്ട്, ഫാ. ഫിലിപ്പ് ഞരളക്കാട്ട്, ഉരുളികുന്നം പള്ളി വികാരി ഫാ. മൈക്കിള്‍ ചീരാംകുഴി, വക്കച്ചന്‍ മറ്റത്തില്‍, ഡോ. എ.ടി ദേവസ്യ, നഗരസഭാധ്യക്ഷ ലീന സണ്ണി, പ്രഫ. ഫിലോമിന ജോസ്, ജോണ്‍ കച്ചിറമറ്റം തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് പള്ളിക്കാപറന്പില്‍ എന്നിവര്‍ ചേര്‍ന്ന് രൂപതയുടെ ഉപഹാരം മാര്‍ ജോസഫ് സ്രാന്പിക്കലിന് സമര്‍പ്പിച്ചു സീറോമലബാര്‍ സഭയുടെ വ്യക്തിത്വം കാത്ത് സൂക്ഷിക്കാനും പാരന്പര്യങ്ങള്‍ വരുംതലമുറയ്ക്ക് കൈമാറാനും എന്നും ശ്രദ്ധാലുവായിരിക്കുമെന്ന് മാര്‍ ജോസഫ് സ്രാന്പിക്കല്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

മാര്‍ സ്രാന്പിക്കലിന്റെ മാതാവും സഹോദരങ്ങളും ബന്ധുക്കളുമടക്കമുള്ള കുടുംബാംഗങ്ങളും വിവിധ ഇടവകകളില്‍ നിന്നും പ്രതിനിധികളും സമ്മേളനത്തിലും പ്രാര്‍ഥനാശുശ്രൂഷയിലും പങ്കെടുക്കാന്‍ എത്തിയിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക