Image

സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഭാരതീയ കലോത്സവം സമാപിച്ചു

Published on 17 January, 2017
സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഭാരതീയ കലോത്സവം സമാപിച്ചു
സൂറിച്ച് : സ്വിസിലെ കലാ സാംസ്‌കാരിക സഘടനയായ ഭാരതീയ കലാലയത്തിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷം തോറും സംഘടിപ്പിച്ചുവരുന്ന ഭാരതീയ കലോത്സവം സൂറിച്ചിലെ ഊസ്റ്ററില്‍ ജനുവരി ഏഴാം തിയതി കൗമാര കലയുടെ കേളികൊട്ടുണര്‍ത്തി രാഗഭാവ താളലയങ്ങളും കരചര ചലനങ്ങളും ആസ്വാദനത്തിനു പുതിയ ഊടും പാവും നെയ്ത് നിറഞ്ഞ ജനാവലിയുടെ സാന്നിധ്യത്തില്‍ വര്‍ണപൊലിമ തീര്‍ത്ത് തിരശീല വീണു.

വിദ്യാര്‍ഥികളുടെ സര്‍വ്വതോന്മുഖമായ വളര്‍ച്ചക്കും വികസനത്തിനും പാഠ്യ വിഷയങ്ങള്‍ക്കു പുറമെ പാഠ്യേതര മേഖലയിലും ഊന്നല്‍ നല്‍കുന്നതിനുവേണ്ടി സംഘടിപ്പിച്ച കലാമത്സരങ്ങള്‍ രാവിലെ ഒന്‍പതിനു ആരംഭിച്ചു . ചിത്രരചന, സോളോസോംഗ്, സിനിമാറ്റിക് ഡാന്‍സ് എന്നിവയിലാണ് പ്രധാനമായും മത്സരങ്ങള്‍ നടന്നത് . സ്വിസിലെ രണ്ടാം തലമുറയിലെ കുരുന്നു പ്രതിഭകള്‍ മത്സരങ്ങളില്‍ പങ്കെടുക്കുകയും ട്രോഫികള്‍ കരസ്ഥമാക്കുകയും ചെയ്തു. മല്‍സര ഇനങ്ങള്‍ പരിചയസമ്പന്നരായ വിധികര്‍ത്താക്കളുടെ മേല്‍നോട്ടത്തില്‍ നടന്നു. വിധി കര്‍ത്താക്കള്‍ക്കു കലാലയം മൊമെന്റോ നല്കി ആദരിച്ചു.

ഇളം തലമുറയിലെ വളര്‍ന്നുവരുന്ന ഗായകരായ സ്‌നേഹ പറയനിലവും സാന്ദ്ര മുക്കോതറയിലും ,ബ്രെന്‍ഡന്‍ തുരുത്തിപ്പള്ളിയും ചേര്‍ന്നു ആലപിച്ച പ്രാര്‍ത്ഥനാ ഗാനത്തോട് കൂടി വൈകിട്ട് നാലിനു പൊതുയോഗം ആരംഭിച്ചു. കലാലയം ചെയര്‍പേഴ്‌സണ്‍ നാന്‍സി അരീക്കലിനുവേണ്ടി വൈസ് ചെയര്‍മാന്‍ ജോര്‍ജ് നമ്പുശേരി അഥിതികള്‍ക്ക് സ്വാഗതമേകി. സ്വാഗത പ്രസംഗത്തില്‍ കലാലയം എന്ന പ്രസ്ഥാനത്തിന്റെ മികവിനെ പറ്റിയും മലയാളി സമൂഹം ഒറ്റ കൂട്ടായ്മയായി വളര്‍ന്ന് ഈ പ്രവാസ ജീവിതത്തില്‍ തങ്ങളുടെ പാരമ്പര്യത്തേയും സംസ്‌കാരത്തെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെയും പറ്റി അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. തുടര്‍ന്നു കലോത്സവത്തിന്റെ ഉദ്ഘാടനം ഉസ്റ്റര്‍ സ്‌റ്റേറ്റ് പ്രസിഡന്റ് വെര്‍ണര്‍ എഗ്ലി, പ്രശസ്ത കീബോര്‍ഡ് മാന്ത്രികന്‍ സ്റ്റീഫന്‍ ദേവസിയും, മറ്റു സംഘടനാഭാരവാഹികളും ചേര്‍ന്നു ഭദ്രദീപം കൊളുത്തിയതോടെ അവേശത്തിമിര്‍പ്പിന്റെ അലയടികളുയര്‍ന്നു. തുടര്‍ന്നു സെക്രടറി റീന മണവാളന്‍ നന്ദി അര്‍പ്പിച്ചു . 

സംശുദ്ധ മലയാളത്തിന്റെ സൗന്ദര്യത്തെ മുഴുവന്‍ ആവാഹിച്ചെടുത്ത അവതരണ ശൈലിയുമായി ബെന്‍സന്‍ പഴയാറ്റിലും ,രസ്മി പറശേരിയും പ്രോഗ്രാമുകള്‍ മോഡറേറ്റ് ചെയ്തു . 
തുടര്‍ന്നു കലയുടെ അത്ഭുത ലോകത്തിന്റെ വാതില്‍ തുറന്നു കൊണ്ട് ,കള്‍ചറല്‍ പ്രോഗ്രാമിന് തുടക്കമായി .അളവറ്റ അമ്മയുടെ സ്‌നേഹത്തിന്റെ ആഴവും വ്യാപ്തിയും അറിയിച്ചുകൊണ്ട് ലോകത്തിലെ എല്ലാ അമ്മമാര്‍ക്കും സമര്‍പ്പിച്ചുകൊണ്ട് ‘സര്‍വം സഹയാം അമ്മ’ എന്ന ഓപ്പണിങ് പ്രോഗ്രാം അരങ്ങിലെത്തി . വീഡിയോ പ്രെസന്റ്റേഷനോട് കൂടി ആരംഭിച്ച പ്രോഗ്രാമില്‍ ഏതാണ്ട് അന്‍പതോളം കുട്ടികളും മുതിര്‍ന്നവരും പങ്കെടുത്തു .ഡാന്‍സ് കോര്‍ഡിനേറ്റേഴ്‌സ് ആയ സ്വിസിലെ അതുല്ല്യ ഗായികയായ മിനി മൂഞ്ഞെലിയുടേയും,സൂസന്‍ പറയാനിലത്തിന്റെയും ഭാവനയില്‍ വിരിഞ്ഞ പ്രോഗ്രാമിനു നയന അരീക്കല്‍ കൊറിയോഗ്രാഫി ചെയ്തു . 

‘അമ്മ’ എന്ന വാക്ക് ഒരു പിഞ്ചു പൈതലിെന്റ നാവില്‍ ആദ്യം വിരിയുന്ന പുണ്യ നാമം! ...പഴയ തലമുറയ്ക്ക് സ്വപ്നം കാണാന്‍ പോലുമാകാത്ത ജീവിത സാഹചര്യങ്ങള്‍ ഇന്നത്തെ തലമുറ കൈവരിച്ചിരിക്കുന്നു. പക്ഷേ എവിടെയൊക്കെയോ ഒരു നഷ്ടബോധം അനുഭവപ്പെടുന്നു. മനുഷ്യര്‍ തമ്മിലുള്ള പരസ്പര സ്‌നേഹവും ബഹുമാനവും പരിഷ്‌ക്കാരത്തിെന്റ കുത്തൊഴുക്കില്‍ കൈമോശം വരുമ്പോള്‍ മാതാപിതാക്കളെ ദൈവതുല്യം കരുതിയ ഒരുകാലമുണ്ടായിരുന്നു, അമ്മ സര്‍വം സഹയാണ്. സ്വന്തം രക്തം ഊറ്റിക്കൊടുത്ത്, സുഖകരമായ ഉദരശയ്യയില്‍ മൃദുമെത്തയില്‍ പത്തുമാസം ചുമന്ന് വേദനയോടെ പ്രസവിച്ച് പാലൂട്ടി വളര്‍ത്തി, ജീവിത സുഖങ്ങള്‍ കുഞ്ഞിനു വേണ്ടി ത്യജിച്ച് ജീവിക്കുന്ന അമ്മയ്ക്ക് എത്രമാത്രം സ്‌നേഹവും കരുതലും കുഞ്ഞുങ്ങള്‍ നല്‍കേണ്ടതാണന്നും ’അമ്മ’ എന്നാല്‍ ’അ’ ആദ്യത്തേത്. ‘മ്മ’ എന്നാല്‍ എെന്റ എന്നും അര്‍ത്ഥം ആണെന്നും പുതുതലമുറയെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു കലാലയം ഈ വര്‍ഷം അവതരിപ്പിച്ച ഓപ്പണിങ് പ്രോഗ്രാം. 
തുടര്‍ന്ന് സ്വിസ്സ് മലയാളികളുടെ കാതിനും മനസ്സിനും കുളിരേകികൊണ്ട് മലയാളികളുടെ മനസില്‍ സംഗീതത്തിന്റെ നിലാവു പരത്തികൊണ്ട് പ്രശസ്ത കീ ബോര്‍ഡ് മ്യൂസിഷ്യന്‍ സ്റ്റീഫന്‍ ദേവസി രംഗപ്രവേശം ചെയ്തു. സംഗീതത്തിന്റെ പുത്തന്‍ മേഖലകളിലേക്ക് ആസ്വാദകരെ കൈപിടിച്ചുയര്‍ത്തുകയായിരുന്നു സ്‌റീഫന്‍ ദേവസിയും സംഘവും. കൈവിരലുകളില്‍ വിരിഞ്ഞ ഓരോ ഗാനത്തിനും സദസ്സ് ജനിച്ച മണ്ണിന്റെ സംസ്‌കാരത്തെയും ,ഐക്ക്യത്തെയും ഒരു നിമിഷം ഓര്‍ക്കാതിരിന്നിട്ടുണ്ടാവില്ല . പിന്നീട് പാട്ടിന്റെ വഴികളില്‍ പ്രതീക്ഷയുടെ പുതുശബ്ദവുമായി കാവ്യ ഗാനം ആലപിക്കുകയും തുടര്‍ന്നു പ്രശസ്ത ഗായകന്‍ ശ്യാമ പ്രസാദ് പഴയതും പുതിയതുമായ ഗാനങ്ങള്‍ സ്വിസ് മലയാളികള്‍ക്കായി ആലപിച്ചപ്പോള്‍ സദസ്സ് ഒരുമിച്ചു കരഖോഷം മുഴക്കി.

നാടന്‍ ഭക്ഷണങ്ങളുടെ ഫുഡ് കൗണ്ടര്‍ കലാലയത്തിന്റെ അംഗങ്ങള്‍ ഒരുക്കിയിരുന്നു. കലോല്‍സവത്തിനു തിരി തെളിഞ്ഞപ്പോള്‍ പ്രവാസി മലയാളികളുടെ വിജയഗാഥയുടെ പുതിയ ചരിത്രം ഒന്നു കൂടി എഴുതപെട്ടന്നു പ്രോഗ്രാം കോ ഓര്‍ഡിനെറ്റര്‍ മേഴ്‌സി പറശേരി അഭിപ്രായപെട്ടു .കലോത്സവം ഒരു വന്‍വിജയമാക്കാന്‍ സഹായിച്ച സ്വിസിലെ എല്ലാ മലയാളീ സമൂഹത്തിനും മത്സരങ്ങളില്‍ പങ്കെടുത്ത കുട്ടികള്‍ക്കും കൂടാതെ വിവിധ കമ്മിറ്റികള്‍ക്ക് നേത്രത്വം കൊടുത്ത എല്ലാവര്‍ക്കും ഭാരവാഹികള്‍ നന്ദി അറിയിച്ചു. മലയാളത്തനിമ വിളിച്ചോതി ആര്‍ഷഭാരത–ആംഗലേയ സംസ്‌കാര സമന്വയത്തിന്റെ വേദിയായി കലോത്സവത്തിന്റെ കലാപരിപാടികള്‍ക്കുശേഷം ദേശീയ ഗാനത്തോടെ തിരശീല വീണു. 

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക