Image

നിറങ്ങളുടെ ഉത്സവം മിത്രാസ്‌ ഫെസ്റ്റിവല്‍ 2017 നു പുതിയ സംവിധായകര്‍!

ജോര്‍ജ്‌ തുമ്പയില്‍ Published on 18 January, 2017
നിറങ്ങളുടെ ഉത്സവം മിത്രാസ്‌ ഫെസ്റ്റിവല്‍ 2017 നു പുതിയ സംവിധായകര്‍!
ന്യൂജേഴ്‌സി: നോര്‍ത്ത്‌ അമേരിക്കയിലെ കലാ മാമാങ്കമായ മിത്രാസ്‌ ഫെസ്റ്റിവല്‍ 2017 നുള്ള സംവിധായകരെ പ്രസിഡന്റ്‌ മിത്രാസ്‌ ഷിറാസും ചെയര്‍മാന്‍ മിത്രാസ്‌ രാജനും പ്രഖ്യാപിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്‌തമായി ഈ വര്‍ഷത്തെ ഉത്സവം മികവുറ്റതും വ്യത്യസ്‌തത നിറഞ്ഞതുമാക്കുന്നതിനായി, മുഴുവന്‍ പരിപാടികള്‍ക്കും കൂടി ഒരു സംവിധായകന്‍ എന്നതില്‍നിന്നും ഓരോ പരിപാടികള്‍ക്കും വ്യത്യസ്‌ത സംവിധായകര്‍ എന്ന പുതിയ ആശയത്തിലേക്ക്‌ മിത്രാസ്‌ എത്തിച്ചേരുകയായിരുന്നു.

ഇതനുസരിച്ച്‌ ഈ വര്‍ഷത്തെ മിത്രാസ്‌ ഫെസ്റ്റിവലിന്റെ സംഗീതപരിപാടികളുടെ പൂര്‍ണ ചുമതല നോര്‍ത്ത്‌ അമേരിക്കയിലെ പ്രശസ്‌ത ഗായകരായ ജെംസണ്‍ കുര്യാക്കോസ്‌ (ന്യൂ ജേഴ്‌സി) ശാലിനി രാജേന്ദ്രന്‍(ന്യൂയോര്‍ക്‌ ) എന്നിവര്‍ക്കാണ്‌. സ്‌മിത ഹരിദാസ്‌ (ന്യൂയോര്‍ക്‌), പ്രവീണ മേനോന്‍ (ന്യൂജേഴ്‌സി ) എന്നിവര്‍ നൃത്തനൃത്യങ്ങളുടെ ചുമതല വഹിക്കും. സാങ്കേതിക സംവിധാനങ്ങളുടെ ചുമതല മീഡിയ ലോജിസ്റ്റിക്‌സിനും ഫിനാന്‍സിന്റെ ചുമതല ശോഭ ജേക്കബിനും ആയിരിക്കും. ആരും ഇതുവരെ പറയാത്ത പുതിയൊരു വിഷയവുമായി മിത്രാസിന്റെ സ്വന്തം അഭിനേതാക്കളുടെ ഒരു സ്‌കിറ്റും 2017 ലെ ഉത്സവത്തിന്‌ മാറ്റുകൂട്ടുന്നതാണ്‌.
മിത്രാസ്‌ ഫെസ്റ്റിവല്‍ 2017 ലെ സംഗീതപരിപാടികള്‍ മുന്‍കാല പരിപാടികളില്‍നിന്നും വളരെ വ്യത്യസ്‌തവും ഏതു പ്രായക്കാര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്നതുമായിരിക്കുമെന്ന്‌ സംവിധായകരായ ജെയിസണും ശാലിനിയും അഭിപ്രായപ്പെട്ടു. പതിവ്‌ പാട്ടുകാര്‍ക്കൊപ്പം ഇത്തവണ ചില പുതിയ ഗായകരെയും കൂടി നോര്‍ത്ത്‌ അമേരിക്കന്‍ മലയാളികള്‍ക്കു മുന്‍പില്‍ പരിചയപ്പെടുത്തുന്നതാണെന്നും ഇവര്‍ അറിയിച്ചു.

മിത്രാസ്‌ ഫെസ്റ്റിവലിന്റെ ഏറ്റവും വലിയ ആകര്‍ഷണങ്ങളില്‍ ഒന്നായ നൃത്തനൃത്യങ്ങളുടെ ചുമതല വഹിക്കാന്‍ കിട്ടുന്ന ഈ അവസരം തങ്ങളെ സംബന്ധിച്ച്‌ ഒരു അംഗീകാരവും വലിയ ഉത്തരവാദിത്തവുമാണെന്നു സംവിധായകരായ സ്‌മിതയും പ്രവീണയും അഭിപ്രായപ്പെട്ടു. ഈ വര്‍ഷത്തെ ഉത്സവം ശരിക്കും ഒരു വ്യത്യസ്‌ത അനുഭവമാക്കാന്‍ തങ്ങളാല്‍ ആവും വിധം ശ്രമിക്കും എന്നും ഇവര്‍ അറിയിച്ചു.

നോര്‍ത്ത്‌ അമേരിക്കയിലെ ഏറ്റവും വലിയ കലാമാമാങ്കമായ മിത്രാസ്‌ ഫെസ്റ്റിവലിന്റെ ഭാഗമാകാന്‍ കഴിയുന്നതില്‍ മീഡിയ ലോജിസ്റ്റിക്‌സിന്‌ സന്തോഷമുണ്ടെന്നും ഈ ഉത്സവത്തിന്റെ പൂര്‍ണ വിജയത്തിന്‌ തങ്ങളാല്‍ ആവും വിധമുള്ള എല്ലാവിധ സഹായങ്ങളും ചെയ്യുമെന്നും ഓഡിയോ-വിഷ്വല്‍ സംവിധായകരായ മീഡിയ ലോജിസ്റ്റിക്‌സിന്റെ ഭാരവാഹികള്‍ അറിയിച്ചു.

ജാതിമതസംഘടനാ വ്യത്യാസങ്ങള്‍ ഇല്ലാതെ കലയെയും കലാകാരന്മാരെയും സ്‌നേഹിക്കുന്ന എല്ലാവരെയും ഉള്‍കൊള്ളിച്ചുകൊണ്ട്‌ അമേരിക്കയിലുള്ള കലാകാരന്മാരെ വളര്‍ത്തുന്നതിന്‌ വേണ്ടി 2011-ല്‍ സ്ഥാപിതമായ മിത്രാസ്‌ ആര്‍ട്‌സ്‌ ചുരുങ്ങിയ കാലംകൊണ്ട്‌ തന്നെ നല്ലൊരു കലാ സംഘടനയായി അമേരിക്കയില്‍ പേരെടുത്തു. തുടര്‍ന്നും മിത്രാസ്‌ അമേരിക്കന്‍ കലാകാരന്മാരുടെ വളര്‍ച്ചയ്‌ക്ക്‌ വേണ്ടി തങ്ങളാല്‍ ആവുന്നതെല്ലാം ചെയ്യുമെന്നു അറിയിച്ചു.
ഈ കലാ സംരംഭത്തിന്റെ തയ്യാറെടുപ്പുകള്‍ തുടങ്ങി അവസാനം വരെ ഒരു കുടുംബം പോലെ മിത്രാസിനോടൊപ്പം പ്രവര്‍ത്തിക്കുന്ന എല്ലാ മാധ്യമങ്ങളോടും, കലാ, സാംസ്‌ക്കാരിക, സാമൂഹിക സംഘടനകളോടും ഉള്ള നന്ദിയും കടപ്പാടും പറഞ്ഞാല്‍ തീരാത്തതാണെന്നു മിത്രാസ്‌ ഭാരവാഹികള്‍ അറിയിച്ചു.
നിറങ്ങളുടെ ഉത്സവം മിത്രാസ്‌ ഫെസ്റ്റിവല്‍ 2017 നു പുതിയ സംവിധായകര്‍!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക