Image

പുത്തന്‍ നേതൃമുഖത്തോടെ ജോര്‍ജിയ ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍

Published on 18 January, 2017
പുത്തന്‍ നേതൃമുഖത്തോടെ ജോര്‍ജിയ ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍
ലില്‍ബേണ്‍: ജോര്‍ജിയ ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്റെ ഇക്കൊല്ലത്തെ പ്രഥമ ജനറല്‍ ബോഡി യോഗത്തില്‍ സംഘടനയുടെ 2017-'18 വര്‍ഷത്തേയ്ക്കുള്ള നവനേതൃത്വത്തിന് എല്ലാവിധ ഭാവുകങ്ങള്‍ നേരുകയും സെക്രട്ടറിയുടെയും ട്രഷററുടെയും റിപ്പോര്‍ട്ടും കണക്കും ഐകകണ്‌ഠ്യേന അംഗീകരിക്കുകയും ചെയ്തു. ലില്‍ബേണ്‍ 5690 ഗ്രോവ് ക്രോസ് വേയില്‍ ചേര്‍ന്ന യോഗം മിനി ജേക്കബിന്റെ അവതരണത്തോടെയും ജെന്നി മാത്തന്റെ പ്രാര്‍ത്ഥനാ ഗീതത്തോടെയുമാണ് ആരംഭിച്ചത്. 2016 ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെയുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി ജെസി മാത്യുവും 2016ലെ വരവ് ചിലവുകള്‍ ഉള്‍പ്പെടെയുള്ള കണക്ക് ട്രഷറര്‍ ബെറ്റ്‌സി അഗസ്തിയും സുതാര്യതയോടെ അവതരിപ്പിച്ചു. 

തുടര്‍ന്ന് അധ്യക്ഷ പ്രസംഗം നടത്തിയ, സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ലില്ലി ആനിക്കാട്ട്, കഴിഞ്ഞ രണ്ടുവര്‍ഷം സംഘടന ഏറ്റെടുത്ത ദൗത്യങ്ങള്‍  ഭംഗിയായി നിര്‍വഹിക്കാന്‍ സാധിച്ചതില്‍ തന്റെ ടീമിനും അസോസിയേഷന്‍ അംഗങ്ങള്‍ക്കും നന്ദി പറഞ്ഞു. നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നേഴ്‌സസ് ഓഫ് അമേരിക്കയുമായി (നൈന) സഹകരിച്ച് പ്രവര്‍ത്തിക്കുകയും നിരവധി കോണ്‍ഫറന്‍സുകളില്‍ പങ്കെടുക്കുകയും ചെയ്തതിലൂടെ സംഘടനയ്ക്ക് പുത്തന്‍ ഊര്‍ജവും കാര്യശേഷിയും കൈവന്നുവെന്നും ഇതെല്ലാം നേതൃത്വ പരിശീലനത്തില്‍ ഉതകിയെന്നും ലില്ലി ആനിക്കാട്ട് പറഞ്ഞു. അസോസിയേഷനെ 501 ര 3 സ്റ്റാറ്റസിലേക്ക് ഉയര്‍ത്തിക്കൊണ്ട് വരികയാണ് ഇനിയുള്ള മുഖ്യ ലക്ഷ്യമെന്നും ഒരു 'നോട്ട് ഫോര്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനാ'യി ഇക്കൊല്ലത്തോടെ അത് സാധ്യമാകുമെന്ന് ആശിക്കുന്നതായും മുന്‍ പ്രസിഡന്റ് പറഞ്ഞു. പുതു നേതൃത്വത്തിന്റേത് പ്രവര്‍ത്തന മികവിന്റെ ടേം ആയിരിക്കട്ടെ എന്ന് ലില്ലി ആനിക്കാട്ട് ആശംസിച്ചു. 

പുതിയ ഭാരവാഹികളെ സദസ്സിന് പരിചയപ്പെടുത്തുന്നതായിരുന്നു അടുത്ത ചടങ്ങ്. ട്രഷറര്‍ വാണി മനോഹറെ പരിചയപ്പെടുത്തിയ ബെറ്റ്‌സി അഗസ്തി ഫിനാന്‍ഷ്യല്‍ ചാര്‍ട്ടുകളും റസീപ്റ്റുകളും കൈമാറി. പുതിയ സെക്രട്ടറി ജെന്നി മാത്തനെ വേദിയിലേക്ക് ആനയിച്ച ജെസി മാത്യു സെക്രട്ടറിയുടെ റിപ്പോര്‍ട്ടും ഫ്‌ളെയറുകളും ഏല്‍പ്പിച്ചു. വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സിസിലി ജോസഫിനെ പരിചയപ്പെടുത്തിയ മീന ജോസഫ് ചുമതലയേല്‍പ്പിച്ചു. മുന്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജാനറ്റ് കാശിനാഥന്റെ അഭാവത്തില്‍ പുതിയ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ദീപ്തി വര്‍ഗീസിന് അധികാരവും ആശംസകളും കൈമാറിയത് ലില്ലി ആനിക്കാട്ടാണ്. അവസാനമായി, സംഘടനയെ 2017-'18 വര്‍ഷത്തില്‍ നയിക്കുന്ന പ്രസിഡന്റ് വിദ്യ കനഗരാജിനെ സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ലില്ലി ആനിക്കാട്ട് വേദിയിലേക്ക് സ്വാഗതം ചെയ്തു. 

തുടര്‍ന്ന് നവഭാരവാഹികള്‍ ചേര്‍ന്ന് ദീപം തെളിച്ചു. തങ്ങളുടെ ടേമിന്റെ പ്രവര്‍ത്തനങ്ങളെ മധുരോദാരമാക്കാന്‍ കേക്കു മുറിക്കുകയും ചെയ്തു. സംഘടന ഇനി ഒരു വര്‍ഷക്കാലം മാതൃകാപരമായ കര്‍മപരിപാടികളിലൂടെ സമൂഹത്തിനും സഹപ്രവര്‍ത്തകര്‍ക്കും ഓജസ്സും ഉത്സാഹവും പകര്‍ന്ന് നല്‍കുമെന്നും അത് അമൂല്യമായ നേട്ടങ്ങള്‍ കൈവരിക്കുന്നതിന് പ്രചോദനമാകുമെന്നും പുതിയ പ്രസിഡന്റ് വിദ്യ കനഗരാജ് പ്രത്യാശ പ്രകടിപ്പിച്ചു. മീന ജോസഫ് ഏവര്‍ക്കും കൃതജ്ഞത പറഞ്ഞു.

പുത്തന്‍ നേതൃമുഖത്തോടെ ജോര്‍ജിയ ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍പുത്തന്‍ നേതൃമുഖത്തോടെ ജോര്‍ജിയ ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക