Image

നോട്ട് നിരോധിക്കല്‍: തിരികെ എത്തിയ നോട്ടുകളുടെ കണക്കറിയില്ലെന്ന് ഉര്‍ജിത് പട്ടേല്‍

Published on 18 January, 2017
നോട്ട് നിരോധിക്കല്‍: തിരികെ എത്തിയ നോട്ടുകളുടെ കണക്കറിയില്ലെന്ന് ഉര്‍ജിത് പട്ടേല്‍

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച പാര്‍ലമെന്റ് ധനകാര്യ സമിതിയുടെ ചോദ്യങ്ങള്‍ക്കു വ്യക്തമായ ഉത്തരം നല്‍കാനാവാതെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍. നിരോധിച്ചതില്‍ എത്ര പണം ബാങ്കില്‍ തിരിച്ചെത്തിയെന്നും പ്രതിസന്ധി എന്നു അവസാനിക്കുമെന്നുമുള്ള ചോദ്യങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ല.

നോട്ട് പിന്‍വലിച്ചതിനുശേഷം ബാങ്കില്‍ തിരികെയെത്തിയ തുകയെക്കുറിച്ച് കൃത്യമായി പറയാന്‍ ഗവര്‍ണര്‍ക്കു കഴിഞ്ഞില്ലെന്ന് കമ്മിറ്റി അംഗം കൂടിയായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സൗഗത റോയ് പറഞ്ഞു. 9.2 ലക്ഷം രൂപ വിലമതിക്കുന്ന പുതിയ നോട്ടുകള്‍ പുറത്തിറക്കിയിട്ടുണ്ടെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ അറിയിച്ചു. അതേസമയം, നോട്ട് അസാധുവാക്കല്‍ നടപടികള്‍ക്ക് തുടക്കമിട്ടത് കഴിഞ്ഞ ജനുവരിയിലായിരുന്നുവെന്ന് ഉര്‍ജിത് പട്ടേല്‍ സമിതിയെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ നോട്ട് റദ്ദാക്കാനുള്ള ഉപദേശം നല്‍കിയത് നവംബര്‍ ഏഴിനാണെന്നായിരുന്നു മുമ്പ് പാര്‍ലമെന്റ് സമിതിക്ക് എഴുതി നല്‍കിയ വിശദീകരണത്തില്‍ ഉര്‍ജിത് പട്ടേല്‍ അറിയിച്ചിരുന്നത്.

15.44 ലക്ഷം കോടി രൂപയുടെ 500, 1000 രൂപ നോട്ടുകളാണ് 2016 നവംബര്‍ എട്ടിന് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചത്. വിപണിയിലുണ്ടായിരുന്നതിന്റെ 86 ശതമാനത്തോളം തുകയായിരുന്നു ഇത്. കോണ്‍ഗ്രസ് നേതാവ് വീരപ്പമൊയ്‌ലി അധ്യക്ഷനായ സമിതിയാണ് ധനകാര്യ സമിതി. വെള്ളിയാഴ്ച പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ മുന്നിലും ഊര്‍ജിത് പട്ടേല്‍ ഹാജരാകുന്നുണ്ട്. കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസാണ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ അധ്യക്ഷന്‍. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക