Image

ഇന്ത്യക്കാര്‍ക്കുനേരെയുള്ള അതിക്രമങ്ങളില്‍ അടിയന്തര ഇടപെടലുണ്ടാകും: ഇന്ത്യന്‍ അംബാസഡര്‍

Published on 19 January, 2017
ഇന്ത്യക്കാര്‍ക്കുനേരെയുള്ള അതിക്രമങ്ങളില്‍ അടിയന്തര ഇടപെടലുണ്ടാകും: ഇന്ത്യന്‍ അംബാസഡര്‍


      കുവൈത്ത് സിറ്റി: അബാസിയയിലും പരിസര പ്രദേശങ്ങളിലും ഇന്ത്യക്കാര്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങള്‍ കുവൈറ്റ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ കുവൈത്തിലെ ഇന്ത്യന്‍ എംബസി ആവുന്നതെല്ലാം ചെയ്യുമെന്ന് ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജെയിന്‍ ഉറപ്പു നല്‍കി.

കുവൈത്തില്‍ സന്ദര്‍ശം നടത്തുന്ന ഇടുക്കി എംപി ജോയ്‌സ് ജോര്‍ജും കല കുവൈറ്റ് നേതാക്കളും ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജെയിനെ സന്ദര്‍ശിച്ച് നടത്തിയ ചര്‍ച്ചയെതുടര്‍ന്നാണ് അംബാസഡര്‍ ഈ ഉറപ്പു നല്‍കിയത്.

വ്യാഴാഴ്ച എംബസി അധികൃതര്‍ ഫര്‍വാനിയ ഗവര്‍ണറെ കണ്ട് അബാസിയ മേഖലയിലെ ഇന്ത്യന്‍ സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ സംസാരിക്കും. കഴിഞ്ഞ ദിവസം ചില അറബ് വംശജരുടെ ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന തമിഴ്‌നാട് സ്വദേശി രംഗസ്വാമിയെ വ്യാഴാഴ്ച എംബസി ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കും.

കൂടിക്കാഴ്ചയില്‍ കുവൈത്തിലെ ഇന്ത്യന്‍ സമൂഹം നേരിടുന്ന മറ്റു നിരവധി വിഷയങ്ങളും സംഘം എംബസിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ചടങ്ങില്‍ കല കുവൈറ്റ് ജനറല്‍സെക്രട്ടറി ജെ.സജി, ട്രഷറര്‍ രമേശ് കണ്ണപുരം, വൈസ് പ്രസിഡന്റ് കെ.വി.നിസാര്‍, കേന്ദ്ര കമ്മിറ്റി അംഗം സി.കെ. നൗഷാദ്, സജി തോമസ് മാത്യു എന്നിവരും എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സുബാശിഷ് ഗോള്‍ഡാര്‍, കെ.കെ. പഹേല്‍ എന്നിവരും പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക