Image

ഇന്ത്യക്കാര്‍ക്കുനേരെയുള്ള അക്രമം: നടപടിവേണം ഒഐസിസി

Published on 19 January, 2017
ഇന്ത്യക്കാര്‍ക്കുനേരെയുള്ള അക്രമം: നടപടിവേണം ഒഐസിസി


      കുവൈത്ത്: അബാസിയയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് നേരെയുണ്ടായ വിവിധ അക്രമസംഭവങ്ങളില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് കുവൈത്ത് അധികൃതരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഒഐസിസി പ്രതിനിധി സംഘം ഇന്ത്യന്‍ എംബസിയിക്ക് പരാതി നല്‍കി.

വീട്ടുജോലിക്കാരായ സാധാരണ സ്ത്രീകളും പുരുഷ നഴ്‌സും കുട്ടികളും ഉള്‍പ്പെടെ നിരവധിപേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ അക്രമങ്ങള്‍ക്ക് വിധേയരായത്. ഇവരുടെ കൈവശമുണ്ടായിരുന്ന പേഴ്‌സ്, സ്വര്‍ണം, ബാങ്ക് കാര്‍ഡ്, വാച്ച്, ദിനാറുകള്‍ തുടങ്ങിയവ നഷ്ടപ്പെടുകയും മാരകമായി ദേഹോപദ്രവവും ഏല്‍പ്പിക്കുകയും ചെയ്തു.

ഒഐസിസിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എംബസിയുടെ ഭാഗത്തുനിന്നും കോണ്‍സുലാര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കുവൈറ്റ് മിനിസ്ട്രി ഓഫ് ഫോറിന്‍ അഫയേഴ്‌സ്, ഫര്‍വാനിയ ഗവര്‍ണര്‍, പോലീസ് അധികാരികള്‍ എന്നിവരുടെ ശ്രദ്ധയില്‍പ്പെടുത്തി പോലീസ് പട്രോളിംഗും നിരീക്ഷണവും കൂടുതല്‍ ശക്തമാക്കി ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുവേണ്ട നടപടികള്‍ എടുക്കുമെന്ന് എംബസി അധികാരികള്‍ പ്രതിനിധിസംഘത്തിന് ഉറപ്പുനല്‍കി.

ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജെയിന്‍, ഡിസിഎം സുഭാശിഷ് ഗോള്‍ഡര്‍, സെക്കന്‍ഡ് സെക്രട്ടറി എ.കെ. ശ്രീവാസ്തവ എന്നിവരെ ഒഐസിസി ആക്ടിംഗ് പ്രസിഡന്റ് എബി വാരിക്കാടിന്റെ നേതൃത്വത്തില്‍ ജനറല്‍ സെക്രട്ടറി ബി.എസ്. പിള്ള, വൈസ് പ്രസിഡന്റ് ശാമുവല്‍ ചാക്കോ, വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ ഹരീഷ് തൃപ്പൂണിത്തുറ എന്നിവരാണ് സന്ദര്‍ശിച്ചത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക