Image

തൊഴിലാളികളുടെ കൂലി നിരക്കുകള്‍ സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചു

Published on 19 January, 2017
തൊഴിലാളികളുടെ കൂലി നിരക്കുകള്‍ സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചു
  തിരുവനന്തപുരം: സംസ്ഥാനത്തെ ഗാര്‍ഹിക തൊഴില്‍മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് നല്‍കേണ്ട ഏറ്റവും കുറഞ്ഞ കൂലി നിരക്കുകള്‍ പുതുക്കി നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവായി. തുണി അലക്കല്‍, പാത്രം കഴുകല്‍, വീടും പരിസരവും വൃത്തിയാക്കുക, ഭക്ഷണത്തിനുള്ള പലവ്യഞ്ജനങ്ങളും പച്ചക്കറികളും മറ്റും വാങ്ങിക്കൊണ്ടുവരിക, ഭക്ഷണം പാചകം ചെയ്യുന്നതിന് സഹായിക്കുക തുടങ്ങിയ ജോലികള്‍ക്ക് ഒരു മണിക്കൂര്‍ ജോലിക്ക് 37.50 രൂപയും തുടര്‍ന്നുള്ള ഓരോ മണിക്കൂറിനും 22.50 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്. ഇവ ഒന്നിച്ചോ ഒന്നില്‍ കൂടുതലോ ജോലി ചെയ്യുന്നതിന് എട്ടു മണിക്കൂര്‍ ജോലിക്ക് ദിവസവേതനം 195 രൂപയും പ്രതിമാസ വേതനം 5070 രൂപയുമാണ് നിരക്ക്.

കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ജോലി ചെയ്യുന്നവര്‍ക്ക് ഒരു നേരത്തെ ഭക്ഷണവും ദിവസം നാല് മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യുന്നവര്‍ക്ക് രണ്ട് നേരത്തെ ഭക്ഷണവും ജോലി ചെയ്യുന്ന വീട്ടില്‍ താമസിക്കുന്നവര്‍ക്ക് മൂന്ന് നേരത്തെ ഭക്ഷണവും സൗജന്യമായി നല്‍കണം, അടിസ്ഥാന വേതനത്തിന് പുറമെ സാന്പത്തിക, സ്ഥിതിവിവരക്കണക്ക് വകുപ്പ് പ്രസിദ്ധീകരിക്കുന്ന ഉപഭോക്തൃ വിലസൂചികയുടെ വര്‍ധനവിന്റെ അടിസ്ഥാനത്തില്‍ വര്‍ധനവന്ന മാസത്തിന്റെ ഒന്നാം തീയതി മുതല്‍ അടിസ്ഥാന വേതനത്തിന്റെ അഞ്ച് ശതമാനം വീതം ക്ഷാമബത്തയായി നല്‍കണം, നാലില്‍ കൂടുതല്‍ പ്രായപൂര്‍ത്തിയായവര്‍ തുടര്‍ച്ചയായി ഒന്നിച്ച് താമസിക്കുന്ന വീടുകളിലെ ജോലികള്‍ ഒരു തൊഴിലാളി മാത്രമാണ് ചെയ്യുന്നതെങ്കില്‍ അധികമായി താമസിക്കുന്ന ഓരോ ആള്‍ക്കുവേണ്ടിയും നിശ്ചയിക്കപ്പെട്ട വേതനത്തിന്റെ അഞ്ച് ശതമാനം വീതം പരമാവധി പതിനഞ്ച് ശതമാനം തുക തൊഴിലാളിക്ക് അധികമായി നല്‍കണം. ആറ് ദിവസം തുടര്‍ച്ചയായി ജോലി ചെയ്താല്‍ ഒരു ഒഴിവ് ദിവസവും ഒഴിവുദിവസത്തെ ജോലിക്ക് ഓവര്‍ടൈം നിരക്കില്‍ വേതനവും നല്‍കണം തുടങ്ങിയ നിര്‍ദേശങ്ങളും സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. 

18 വയസ്സില്‍ താഴെ പ്രായമുള്ളവരെ ജോലിക്ക് നിയോഗിക്കരുത്, സ്ത്രീതൊഴിലാളികളുടെ സുരക്ഷിതത്വം തൊഴിലുടമ ഉറപ്പു വരുത്തണം, പട്ടികയില്‍ നിശ്ചയിച്ചതിനെക്കാള്‍ ഉയര്‍ന്ന വേതനം തൊഴിലാളികള്‍ക്ക് ലഭിക്കുന്നുണ്ടെങ്കില്‍ അത് തുടര്‍ന്നും ലഭിക്കുന്നതിന് അവര്‍ക്ക് അര്‍ഹതയുണ്ടായിരിക്കുമെന്നും തുടങ്ങിയവയും ഉത്തരവിലുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക