Image

മോശം ഭക്ഷണം: ജവാന്റെ പരാതി ശരിവെച്ച്‌ സൈന്യം: ബി.എസ്‌.എഫ്‌. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

Published on 20 January, 2017
മോശം ഭക്ഷണം:  ജവാന്റെ പരാതി ശരിവെച്ച്‌ സൈന്യം: ബി.എസ്‌.എഫ്‌. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ ലഭിക്കുന്നത്‌ മോശം ഭക്ഷണമാണെന്ന പരാതിയെ തുടര്‍ന്ന്‌ ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ ബി.എസ്‌.എഫ്‌. സ്ഥലം മാറ്റി. കമാന്‍ഡിംഗ്‌ ഓഫീസര്‍ പ്രവീണ്‍ കുമാറിനെയും സെക്കന്‍ഡ്‌ ഇന്‍ കമാന്‍ഡറെയുമാണ്‌ സ്ഥലം മാറ്റിയത്‌. കാശ്‌മീരില്‍ നിന്നു ഉദ്യോഗസ്ഥനെ ത്രിപുരയിലെ ഉള്‍പ്രദേശത്തേക്കാണ്‌ മാറ്റി നിയമിച്ചിരിക്കുന്നത്‌.


തങ്ങള്‍ക്ക്‌ മോശം ഭക്ഷണമാണ്‌ ലഭിക്കുന്നതെന്ന തേജ്‌ ബഹദൂര്‍ യാദവ്‌ എന്ന ബി.എസ്‌.എഫ്‌. ജവാന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌ രാജ്യത്ത്‌ വന്‍ വിവാദമായിരുന്നു. സര്‍ക്കാരിനെതിരെയും സൈനിക ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെയും രാജ്യത്ത്‌ പ്രതിഷേധം ഉയര്‍ന്നിരുന്നു. 

 കഴിക്കാന്‍ മോശം ഭക്ഷണമാണ്‌ ലഭിക്കുന്നതെന്ന്‌ പറഞ്ഞ തേജ്‌ ബഹദൂര്‍ ഭക്ഷണത്തിന്റെ വീഡിയോയും പോസ്റ്റ്‌ ചെയ്‌തിരുന്നു. ആരോപണത്തില്‍ വസ്‌തുതയുണ്ടെന്ന്‌ കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ നടപടി.


ആരോപണത്തില്‍ വസ്‌തുത ഉണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന്‌ ബി.എസ്‌.എഫ്‌ ഡി.ഐ.ജി വ്യക്തമാക്കിയിരുന്നു. പരാതിയെ തുടര്‍ന്ന്‌ സമാനമായ പല ആരോപണങ്ങളും സോഷ്യല്‍ മീഡിയയിലൂടെ ഉയര്‍ന്നിരുന്നു. വീഡിയോ വിവാദമായതിനെ തുടര്‍ന്ന്‌ കേന്ദ്ര ആഭ്യന്ത മന്ത്രി രാജ്‌നാഥ്‌ സിംഗും അന്വേഷണത്തിനു ഉത്തരവിട്ടിരുന്നു.

അതിര്‍ത്തിയിലെ തങ്ങളുടെ അവസ്ഥ ഇതാണ്‌ എന്നു വിവരിച്ചു കൊണ്ടായിരുന്നു തേജ്‌ പാലിന്റെ വീഡിയോ പോസ്റ്റ്‌. ജമ്മു കാശ്‌മീര്‍ പൂഞ്ച്‌ മേഖലയില്‍ നിന്നുമാണ്‌ 29ാം ബറ്റാലിയന്‍ ഓഫീസര്‍ പ്രവീണ്‍ കുമാറിനെ ത്രിപുരയിലേക്ക്‌ സ്ഥലം മാറ്റിയത്‌. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക