Image

ജോലിയുമില്ല കൂലിയുമില്ല; തകര്‍ന്ന പ്രതീക്ഷകളുമായി ഫ്രാന്‍സിസ് നാട്ടിലേയ്ക്ക് മടങ്ങി.

Published on 20 January, 2017
ജോലിയുമില്ല കൂലിയുമില്ല; തകര്‍ന്ന പ്രതീക്ഷകളുമായി ഫ്രാന്‍സിസ് നാട്ടിലേയ്ക്ക് മടങ്ങി.
ദമ്മാം: സ്‌പോണ്‍സര്‍ ജോലിയോ ശമ്പളമോ നല്‍കാത്തത് കാരണം ദുരിതത്തിലായ മലയാളി ജോലിക്കാരന്‍, നവയുഗം സാംസ്‌കാരികവേദിയുടെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.

തിരുവനന്തപുരം സ്വദേശിയായ ഫ്രാന്‍സിസിനാണ് പ്രവാസം ദുരിതം നിറഞ്ഞ കയ്‌പ്പേറിയ അനുഭവമായത്. നാല് മാസങ്ങള്‍ക്ക് മുന്‍പാണ് ദമ്മാമിലെ ഒരു ചെറിയ കമ്പനിയില്‍ വെല്‍ഡര്‍ തസ്തികയില്‍ ജോലിക്കാരനായി ഫ്രാന്‍സിസ് എത്തിയത്. നല്ല ശമ്പളവും, ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്ത റിക്രൂട്ടിങ് ഏജന്‌സിയുടെയും,  കമ്പനിയുടെ ഉടമയായ സൗദി സ്‌പോണ്‌സറുടെയും വാക്കില്‍ വിശ്വസിച്ച ഫ്രാന്‍സിസ് ഏറെ പ്രതീക്ഷകളോടെയാണ് ജോലിയ്ക്കു ചേര്‍ന്നത്.

എന്നാല്‍ നാട്ടില്‍ വെച്ച് പറഞ്ഞതില്‍ നിന്നും കടകവിരുദ്ധമായി, കമ്പനിയുടെ അവസ്ഥ ഏറെ ദയനീയമായിരുന്നു. പ്രൊജെക്ടുകളോ, മറ്റു പണികളോ ഇല്ലാതെ കമ്പനി പ്രായോഗികമായി നിര്‍ജ്ജീവാവസ്ഥയില്‍ ആയിരുന്നു. യാതൊരു ജോലിയും ഇല്ലാത്തതിനാല്‍ കമ്പനി ഫ്രാന്‍സിസിന് ശമ്പളമോ, ആഹാരത്തിനുള്ള പൈസയോ  കൊടുത്തതുമില്ല. ജോലി ഇല്ലെങ്കില്‍ തന്നെ തിരികെ നാട്ടിലേയ്ക്ക് അയയ്ക്കാന്‍ ഫ്രാന്‍സിസ് സ്‌പോണ്‍സറോട് പറഞ്ഞെങ്കിലും, അവര്‍ അതിനും തയ്യാറായില്ല.

നാലുമാസത്തോളം ഈ അവസ്ഥ തുടര്‍ന്നപ്പോള്‍, ക്ഷമ നശിച്ച ഫ്രാന്‍സിസ്, ചില സുഹൃത്തുക്കളുടെ സഹായത്തോടെ നവയുഗം സാംസ്‌കാരികവേദി ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ ഷാജി മതിലകത്തെ ബന്ധപ്പെട്ട് സഹായം അഭ്യര്‍ത്ഥിച്ചു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ഫ്രാന്‍സിസ് ലേബര്‍ കോടതിയില്‍ സ്‌പോണ്‍സര്‍ക്കെതിരെ കേസ് കൊടുത്തു.

കേസ് കോടതിയില്‍ വിളിച്ചപ്പോള്‍ ആദ്യസിറ്റിങ്ങിന് തന്നെ സ്‌പോണ്‍സര്‍ ഹാജരായി. തുടര്‍ന്ന്  ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍, സ്‌പോണ്‍സറുമായി ഷാജി മതിലകം നടത്തിയ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് ഒടുവില്‍, ഫ്രാന്‍സിസിന് ഫൈനല്‍ എക്‌സിറ്റ് നല്‍കാന്‍ സ്‌പോണ്‍സര്‍ സമ്മതിച്ചു. എന്നാല്‍ കുടിശ്ശിക ശമ്പളമോ, വിമാനടിക്കറ്റോ നല്‍കാന്‍ സ്‌പോണ്‍സര്‍ തയ്യാറായില്ല. അതിന്‍മേല്‍ ചര്‍ച്ച തീരുമാനമാകാതെ നീളുമെന്ന ഘട്ടമെത്തിയപ്പോള്‍, ഒന്നും കിട്ടിയില്ലെങ്കിലും വേണ്ട, എങ്ങനെയും തിരികെ നാട്ടിലേയ്ക്ക് പോയാല്‍ മതി എന്ന നിലപാട് ഫ്രാന്‍സിസ് സ്വീകരിച്ചു.

തുടര്‍ന്ന് പെട്ടെന്നു തന്നെ സ്‌പോണ്‍സര്‍ ഫൈനല്‍ എക്‌സിറ്റ് അടിച്ച ശേഷം ഫ്രാന്‍സിസിന്റെ പാസ്സ്‌പോര്‍ട്ട് ഷാജി മതിലകത്തെ ഏല്‍പ്പിച്ചു. ഫ്രാന്‍സിസിന്റെ നാട്ടിലെ ബന്ധുക്കള്‍ വിമാനടിക്കറ്റ് അയച്ചു കൊടുത്തു. നിയമനടപടികള്‍ പൂര്‍ത്തിയാക്കി, തകര്‍ന്ന പ്രതീക്ഷകളുടെ നിരാശയും പേറി, വെറും കൈയ്യോടെ ഫ്രാന്‍സിസ് നാട്ടിലേയ്ക്ക് മടങ്ങി.


ജോലിയുമില്ല കൂലിയുമില്ല; തകര്‍ന്ന പ്രതീക്ഷകളുമായി ഫ്രാന്‍സിസ് നാട്ടിലേയ്ക്ക് മടങ്ങി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക