Image

ഹാസ സാഹിത്യകാരന്‍ അലക്‌സ് അബ്രാഹമിനെ ന്യൂമാര്‍ക്കറ്റ് മലയാളികള്‍ ആദരിച്ചു

ജെയ്‌സണ്‍ മാത്യു Published on 20 January, 2017
ഹാസ സാഹിത്യകാരന്‍ അലക്‌സ്  അബ്രാഹമിനെ  ന്യൂമാര്‍ക്കറ്റ് മലയാളികള്‍ ആദരിച്ചു
കനേഡിയന്‍ മലയാളിയായ എഴുത്തുകാരന്‍ അലക്‌സ് എബ്രാഹമിനെ ഒന്റാരിയോയിലെ
ന്യൂ മാര്‍ക്കറ്റ് മലയാളികള്‍ പൊന്നാടയണിയിച്ച് ആദരിച്ചു.

കലാസാഹിത്യരംഗത്ത് കഴിഞ്ഞ മുപ്പത് വര്‍ഷമായി നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് അദ്ദേഹത്തിന് ഈ ബഹുമതി നല്‍കിയത് .
ഒന്റാരിയോയിലെ പ്രധാനപ്പെട്ട എല്ലാ മലയാളി അസ്സോസിയേഷനുകളിലും തന്റേതായ സംഭാവനകള്‍ നല്‍കിയിട്ടുള്ള അലക്‌സ് , ഒട്ടു മിക്ക മലയാള പ്രസിദ്ധീകരണങ്ങളിലും എഴുതിയിട്ടുണ്ട്. നിരവധി പ്രസിദ്ധീകരണങ്ങളില്‍ എഡിറ്ററായിരുന്നിട്ടുമുണ്ട്.

ചിരിയരങ്ങുകളും സാഹിത്യ സെമിനാറുകളും നടത്തുന്നതിന് നേതൃത്വം നല്‍കാറുള്ള അദ്ദേഹം കൂടുതലായി അറിയപ്പെടുന്നത് ഹാസ്യ സാഹിത്യകാരനായിട്ടാണ്. അദ്ദേഹത്തിന്റെ 'ഉപ്പുമാങ്ങാക്കുഴി സ്പീക്കിംഗ് ', 'ഞാന്‍ ഒരു ബേബി', 'ശുനകന്റെ അങ്കിള്‍ 'തുടങ്ങിയ നിരവധി നര്‍മ്മകഥകള്‍ വളരെ പ്രശസ്തമാണ്.

കാനഡായിലെ ആദ്യ മലയാള ടെലിവിഷന്‍ ചാനലായ 'മലയാളശബ്ദ'ത്തിന്റെയും ഏക മലയാളം റേഡിയോയായ 'മധുര ഗീതത്തിന്റെയും' ടൈറ്റില്‍ സോങ്ങ് ' എഴുതിയത് അലക്‌സ് ആണ് .

കനേഡിയന്‍ മലയാളി അസ്സോസിയേഷന്റെ കലാവേദി ചെയര്‍മാന്‍ ആയിരുന്ന കാലത്ത് 'സി.എം.എ ബീറ്റ്‌സ്' ഓര്‍ക്കെസ്ട്രാ രൂപീകരിച്ചത് അദ്ദേഹത്തിന്റെ പരിശ്രമം ഒന്ന് കൊണ്ട് മാത്രമാണ്. ഉയരങ്ങളില്‍ മഹത്വം , ധ്വനി , ആലിംഗനം' തുട ങ്ങിയ നിരവധി മ്യൂസിക്ക് ആല്‍ബങ്ങളുടെ രചയിതാവായ അലക്‌സിന്റെ നിരവധി ഗാനങ്ങള്‍ പ്രശസ്തമാണ്.

പൊതുവെ പബ്ലിസിറ്റിയില്‍ താല്പര്യമില്ലാത്ത അലക്‌സ് അബ്രാഹത്തെക്കുറിച്ച് പുറം ലോകം കൂടുതല്‍ അറിയാന്‍ തുടങ്ങിയത് മധുര ഗീതം റേഡിയോയില്‍ അവതാരക ബിന്ദു മേക്കുന്നേല്‍ നടത്തിയ ഒരു തത്സമയ ഇന്റര്‍വ്യൂയിലൂടെയാണ്.

നിരവധി രചനകള്‍ എഴുതിയിട്ടുണ്ടെങ്കിലും പേരിന് പറയാന്‍ സ്വന്തം പേരില്‍ ഒരു പുസ്തകവും പ്രസിദ്ധീകരിച്ചിട്ടില്ല എന്ന കുറവ് നികത്താന്‍ നാളിതുവരെ എഴുതിയ കഥകളെല്ലാം സംയോജിപ്പിച്ച് ഒരു കഥാ സമാഹാരം പ്രസിദ്ധീകരിക്കാന്‍ സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചു കൊണ്ടിരിക്കുകയാണ്.

അലക്‌സ് അബ്രാഹം നല്ലൊരു നാടക രചയിതാവ് കൂടിയാണ്. വളരെക്കാലം തോമാശ്ലീഹായായും യേശൂക്രിസ്തുവായും ടൊറോന്റോ മലയാളം പള്ളിയില്‍ വേഷമിട്ടിട്ടുള്ള അലക്‌സ് 'സ്വര്‍ഗന രകങ്ങളില്‍' എന്ന നാടകം എഴുതി അഭിനയിച്ചു.

ജോലിയില്‍ നിന്നും റിട്ടയര്‍ ചെയ്ത ശേഷം പഠിക്കാന്‍ പോയി സി.എന്‍.സി പ്രോ ഗ്രാമറായി മിസ്സിസ്സാഗാ ഐ.എം.റ്റി.റ്റി യില്‍ നിന്നും ഗ്രാജുവേറ്റ് ചെയ്ത അലക്‌സ് , പഠനത്തിന് പ്രായമൊരു തടസ്സമല്ലെന്ന് തെളിയിച്ചു. ജോലിക്ക് വേണ്ടി പോലും പുതിയൊരു കോഴ്‌സ് പഠിക്കാന്‍ വൈമനസ്യം കാണിക്കുന്ന ചെറുപ്പക്കാര്‍ക്ക് അലക്‌സിന്റെ ദൃഡനിശ്ചയം മാതൃകയാക്കാവുന്നതാണ് .

കേരളത്തില്‍ തിരുവല്ലയില്‍ തെള്ളിയൂര്‍ അങ്ങാടിയില്‍ കുടുംബാംഗമായ അലക്‌സ് 1971ല്‍ കേരളം വിട്ടതാണ്. ലിസിയാണ് ഭാര്യ. സിബി, സീബാ എന്നീ രണ്ട് മക്കളുമുണ്ട്.

തോമസ് പയ്യാപ്പള്ളി , ബിജോ തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് അറോറ ,ബാരി , ന്യൂ മാര്‍ക്കറ്റ് മലയാളികള്‍ ഒത്ത് ചേര്‍ന്ന് ഇത്തരത്തിലൊരു സ്വീകരണച്ചടങ്ങ് ഒരുക്കിയത് .
ഹാസ സാഹിത്യകാരന്‍ അലക്‌സ്  അബ്രാഹമിനെ  ന്യൂമാര്‍ക്കറ്റ് മലയാളികള്‍ ആദരിച്ചുഹാസ സാഹിത്യകാരന്‍ അലക്‌സ്  അബ്രാഹമിനെ  ന്യൂമാര്‍ക്കറ്റ് മലയാളികള്‍ ആദരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക