Image

അതിജീവനത്തിന്റെ ആദ്യതാള്‍ (ഫ്രാന്‍സിസ് തടത്തില്‍)

Published on 20 January, 2017
അതിജീവനത്തിന്റെ ആദ്യതാള്‍ (ഫ്രാന്‍സിസ് തടത്തില്‍)
ജനുവരി 20 . ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നാണ് . ജീവിതത്തിലൊരിക്കലും മാതൃരാജ്യം വിട്ട് മറ്റൊരു രാജ്യത്ത് മരുപ്പച്ച തേടിപ്പോകുമെന്ന് ഒരിക്കലും കരുതാത്ത ഞാന്‍ .. .ആ ഞാന്‍ ഇന്നു സജീവ പത്രപ്രവര്‍ത്തകന്‍ എന്ന കുപ്പായമഴിച്ചു വെച്ച് മരുപ്പച്ച തേടി സമ്പന്നതയുടെ മടിത്തട്ടെന്നു വിളിക്കുന്ന അമേരിക്കന്‍ ഐക്യനാട്ടില്‍ കുടിയേറിയതിന്റെ 11ാം വാര്‍ഷികം ...ഇതെഴുതുമ്പോള്‍ സമയം പുലര്‍ച്ചെ നാലുമണി. എന്റെ രോഗാവസ്ഥയുടെ പാര്‍ശ്വഫലമായ ഗ്രാഫ്റ്റ് വേഴ്‌സസ് ഹോസ്റ്റ് ഡിസീസ് (ജിവിഎച്ച്ഡി) വീണ്ടും വേട്ടയാടിയതിനെ തുടര്‍ന്ന് സ്‌റിറോയിഡ് ഉപയോഗം പുനരാരംഭിച്ചിരുന്നു . അതേതായാലും നന്നായി..ഉറക്കം കണ്‍പോളകളെ അലട്ടുന്നേയില്ല ! എഴുത്തു പുനരാരംഭിക്കാനുള്ള അദമ്യമായ അഭിവാഞ്ഛ ഇതോടെ സട കുടഞ്ഞെണീറ്റു . പിന്നൊന്നും ചിന്തിച്ചില്ല , എന്റെ കഴുത്തില്‍ വട്ടം പിടിച്ച് സുഖനിദ്രയിലാണ്ട മകള്‍ ഐറീന്റെ ലോലമായ കരതലം അതിലും മൃദുലമായി എടുത്തുമാറ്റി ഓഫീസ് മുറിയിലേക്കു പലായനം ചെയ്യുകയായീ ഞാന്‍ . അകാലത്തില്‍ ലഭിച്ച തിമിരം ദീര്‍ഘനേരം കമ്പ്യൂട്ടറിന്റെ മുമ്പിലിരിക്കുന്നതില്‍ നിന്നെന്നെ വിലക്കി . എന്നാലും ... വയ്യ .. ഇനിയും നീട്ടി വയ്ക്കാന്‍ വയ്യ . 

മനസില്‍ ചില ആശയങ്ങള്‍ രൂപപ്പെട്ടിരിക്കുന്നു . അതാകട്ടെ സ്വജീവിതാനുഭവത്തിന്റെ നേര്‍സാക്ഷ്യങ്ങളും . വെറും നേര്‍സാക്ഷ്യങ്ങളല്ല , സംഭവബഹുലമായ പത്രപ്രവര്‍ത്തനത്തിന്റെ ഉലയില്‍ കാച്ചിയെടുത്ത യാഥാര്‍ഥ്യങ്ങള്‍ ...അപ്പോള്‍പ്പിന്നെ എന്റെ പ്രവാസി വായനക്കാര്‍ തീര്‍ച്ചയായും അതിനെ നെഞ്ചേറ്റുമെന്ന ഉല്‍ക്കടമായ ആത്മവിശ്വാസം ..അതൊന്നു മാത്രമാണീ വരികള്‍ കുറിക്കാന്‍ എന്നെ പ്രേരിപ്പിച്ചത് . 

ജീവിതത്തിലാദ്യമായാണ് കോളമിസ്റ്റന്ന കുപ്പായം ഞാന്‍ ചാര്‍ത്താനൊരുങ്ങുന്നത് . ആത്മവിശ്വാസക്കുറവല്ല , അവസരക്കുറവായിരുന്നു അതിനു കാരണം . പതിനൊന്നു വര്‍ഷത്തെ പത്രപ്രവര്‍ത്തന ജീവിതത്തിലെ കുപ്പായം അഴിച്ചു വയ്ക്കുന്ന സമയത്ത് പത്രപ്രവര്‍ത്തകനെന്ന നിലയില്‍ ഉയരാവുന്നതിന്റെ പരകോടിയിലായിരുന്നു ഞാന്‍ .പിന്തിരിഞ്ഞു നോക്കുമ്പോള്‍ , വിലപ്പെട്ട ജീവിതത്തിലെ അമൂല്യങ്ങളായ എന്തൊക്കെയോ കൈവിട്ടു പോയ പോലൊരു തോന്നല്‍ .

പക്ഷേ , സംഭവ ബഹുലമായ പത്രപ്രവര്‍ത്തനത്തിലെ ജ്വലിക്കുന്ന ഓര്‍മകള്‍ എന്നും മറക്കാനാവാത്ത അനുഭവങ്ങള്‍ തന്നെ . അല്ലെങ്കില്‍ത്തന്നെ ഒരു റഫറന്‍സും വേണ്ടാത്ത അനുഭവങ്ങള്‍ക്കെന്തിന് പത്രപ്രവര്‍ത്തന റിപ്പോര്‍ട്ടിങിലെ തിയറിയായ 'ഇന്‍വെര്‍ട്ടഡ് പിരമിഡ്' വേണം!?
ഇതൊക്കെ മറ്റുള്ളവര്‍ക്കു പങ്കു വച്ചാല്‍ ഒരുപക്ഷേ , നഷ്ടപ്പെട്ടെന്നു കരുതിയ എന്റെ ഓര്‍മകളുടെ നറുപുഷ്പങ്ങള്‍ ഒരു പൂങ്കാവനമായി മനസില്‍ നിറഞ്ഞു നിന്നേക്കാം . ഓര്‍മകള്‍ നീണാള്‍ വാഴട്ടെ…!
ഇതൊക്കെ പറയുമ്പോഴും ഒരു സജീവ പത്രപ്രവര്‍ത്തകനായി മടങ്ങി വരാനൊരുങ്ങുകയാണെന്നു കരുതരുത് . 

ഒരു തിരിച്ചു വരവിനുള്ള ശ്രമം …അത്ര മാത്രം .. നീണ്ട പതിനൊന്നു സംവത്സരങ്ങളുടെ ഇടവേളയ്ക്കു ശേഷമുള്ള ശ്രമം . ഇതിനിടെ ഇടിവെട്ടേറ്റവന്റെ തലയില്‍ പാമ്പു കടിച്ചു എന്നു പറഞ്ഞതു പോലെ രോഗപീഡകള്‍ . അമേരിക്കയില്‍ വന്നതിനു ശേഷം എന്തു നേടി എന്നു ചോദിച്ചാല്‍ പലതുണ്ട് ഉത്തരങ്ങള്‍ . ഒരുപാട് സ്‌നേഹവും അതിലേറെ ഓമനത്തവുമുള്ള രണ്ടു മക്കള്‍ . ഐറീന്‍ എലിസബത്ത് തടത്തിലെന്ന പത്തു വയസുകാരിയും ഐസക് ഇമ്മാനുവല്‍ തടത്തിലെന്ന രണ്ടു വയസുകാരനും . പിന്നെ , യുഎംഡിഎന്‍ജെ – തോമസ് എഡിസണ്‍ കോളേജ് എന്നീ യൂനിവേഴ്‌സിറ്റികളില്‍ നിന്ന് ഒരു ബക്കാക്കുലേറ്റ് ഇരട്ട ഡിഗ്രി, ആര്‍എച്ച് ഐഎ എന്ന ഒരു ലൈസന്‍സും കുറേയേറെ കടങ്ങളും . വിദ്യാഭ്യാസം എന്ന മുതല്‍ക്കൂട്ടുമായി കടത്തിന്റെ പങ്കാളിയാകാന്‍ ഒപ്പം ജീവിതപങ്കാളിയായ നെസിയും..അവള്‍ക്കും കിട്ടി ഒരു മാസ്റ്റേഴ്‌സ് ഡിഗ്രിയും അതിനൊപ്പം ഒരു എന്‍പി ലൈസന്‍സും . അവളുടെ ശ്രമം വിഫലമായില്ല . ഉന്നത വിദ്യാഭ്യാസത്തിന് അനുയോജ്യമായ ജോലി തന്നെ ലഭിച്ചു. എനിക്കാകട്ടെ പേരിനു ഭൂഷണമാകാന്‍ മാത്രമായി ലൈസന്‍സും ബിരുദങ്ങളും ഒതുങ്ങിപ്പോയി . 

മനുഷ്യന്‍ കൊതിച്ചു ,,ദൈവം വിധിച്ചു ..മാറ്റമില്ലാത്ത ആ വചനം തന്നെ എന്നിലും സാര്‍ഥകമായ പോലെ ..ലൈസന്‍സ് ലഭിച്ചു രണ്ടു മാസത്തിനുള്ളില്‍ ഉണ്ടായിരുന്ന ജോലിയും പോയി
ജീവന്‍ സ്ഥിതി ചെയ്യുന്നത് രക്തത്തിലാണെന്ന് ബൈബിളാണു പഠിപ്പിച്ചത് . ആ രക്തത്തെ തന്നെ അര്‍ബുദം തീണ്ടിയാല്‍ ….!!? ഒരു ദിവസം ആശുപത്രിയിലെ എമര്‍ജന്‍സി റൂമില്‍ മയങ്ങിക്കിടന്ന എന്നെ തട്ടി എണീല്‍പിച്ച് ആരോ മന്ത്രിക്കുന്നു …നീയും ക്യാന്‍സര്‍ രോഗിയായി . ഹൃദയത്തിനുള്ളിലൂടെ കടന്നു പോയത് വാളോ മിസൈലോ …!? അറിയില്ലെനിക്കിപ്പൊഴും ..പക്ഷേ , പണ്ടേ തോറ്റു കൊടുക്കാന്‍ തയാറല്ലാത്ത ഞാന്‍ അര്‍ബുദപ്പിശാചിന്റെ മുമ്പിലും തോല്‍ക്കാന്‍ തയാറായില്ല . അതു കൊണ്ട് മയക്കത്തിന്റെ കനമാര്‍ന്ന കണ്ണുകള്‍ വലിച്ചു തുറന്ന് ഇത്ര ഭീകരമായ വാര്‍ത്ത എന്നോടു മന്ത്രിച്ചതാരെന്നു നോക്കി ഞാനൊന്നു പുഞ്ചിരിച്ചു . എവിടെ നിന്നോ രണ്ടു തുള്ളി കണ്ണുനീര്‍ എന്റെ മുഖത്തു വീണു . കണ്ണുനീരിനിത്ര കനമോ എന്നന്തിച്ച് ഞാന്‍ മിഴിച്ചു നോക്കി . പ്രിയപത്‌നി നെസിയും കുഞ്ഞു പെങ്ങള്‍ മഞ്ജുവും.. അവരുടെ ദു:ഖം അണപൊട്ടിയൊഴുകുന്നതു ഞാനറിഞ്ഞു .

അണ പൊട്ടിയൊഴുകുന്ന കണ്ണീരിനു നടുവിലാണു നെസി.. എന്റെ പ്രിയപ്പെട്ടവള്‍ . എനിക്കായി സ്വപ്നങ്ങള്‍ പങ്കു വച്ചവള്‍ ..അവള്‍ കരയാന്‍ പാടില്ല ..കാരണം അവളുടെ ഉള്ളില്‍ എന്റെ കുരുന്നു ജീവനുണ്ട് ..കേവലം ഒരു മാസം മാത്രം പ്രായമായ കുരുന്നുജീവന്‍ ..എനിക്കു ജീവിക്കണം .. എന്റെ കുഞ്ഞുമക്കള്‍ക്കും പ്രിയപ്പെട്ടവള്‍ക്കും വേണ്ടി …എന്നെ ഏറെ സ്‌നേഹിക്കുന്ന കുടുംബത്തിനു വേണ്ടി എനിക്കു ജീവിച്ചേ പറ്റൂ.

രണ്ടാമത്തെ കുഞ്ഞിനെ ഒരുമാസം ഗര്‍ഭിണിയായിരുന്ന അവളുടെ മുഖത്തു നോക്കി ഞാന്‍ പറഞ്ഞു..ഞാന്‍ ക്യാന്‍സറിനെതിരെ പോരാടാന്‍ തീരുമാനിച്ചു . 'ഐ വാണ്ട് ടു കിക്ക് ദ ബട്ട് ഓഫ് ദ ക്യാന്‍സര്‍ പക്ഷേ, അതിനു നിന്റെ പിന്തുണ വേണം . നീ എന്റെ മുന്നില്‍ വച്ച് ഒരിക്കലും കരയരുത്. '

അന്ന് ഒരു മാസം ഗര്‍ഭിണിയായിരുന്ന അവള്‍ ആ വാക്ക് ഇന്നു വരെ പാലിച്ചു പോരുന്നു. ആ പ്രതിജ്ഞയാണ് എന്നെ പ്രതീക്ഷയോടെ ഇപ്പോഴും നയിക്കുന്നത്. അവളുടെ പതറാത്ത പോരാട്ടം . ഇതു വരെയുള്ള അഗ്‌നി പരീക്ഷണങ്ങളും അശ്വമേധങ്ങളും വീറോടെ , വാശിയോടെ ഞാന്‍ വിജയിച്ചിരിക്കുന്നു. ഇടയ്ക്കു പലപ്പോഴും ശരീരം പാടേ തളര്‍ന്നു പോയെങ്കിലും മനസു തളരാതെ സൂക്ഷിക്കാനായി .

ആറു തവണ സ്‌പെറ്റിസീമീയ , പലവട്ടം ന്യൂമോണിയ , അണുബാധ മൂലം വലതുകാലില്‍ രണ്ടു മേജര്‍ ശസ്ത്രക്രിയ , സ്റ്റിറോയിഡുകളുടെ അമിതോപയോഗം മൂലം ഷോള്‍ഡര്‍ ദ്രവിച്ചു പോയതിനാല്‍ രണ്ടു ഷോള്‍ഡറുകള്‍ക്കും ടോട്ടല്‍ റീപ്ലേസ്‌മെന്റ് , സ്‌കിന്‍ഗ്രാഫ്റ്റ് , നാലുദിവസം വെന്റിലേറ്ററില്‍ , പലതവണ ഐസിയുവില്‍ , ഏഴു കീമോതെറാപ്പി , പത്ത് ടോട്ടല്‍ ബോഡി റേഡിയേഷന്‍ , ഒടുവില്‍ സ്റ്റെം സെല്‍ /ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റ് …..ദൈവം സത്യമാണെന്നും രക്ഷകനാണെന്നും ഞാന്‍ ജീവിതത്തിലേറ്റു വാങ്ങിയ നിമിഷങ്ങള്‍ ..! എന്റെ അമേരിക്കന്‍ ജീവിതത്തിലെ സമ്പാദ്യങ്ങളില്‍ ചിലത് . നിലയ്ക്കാത്ത ദൈവാനുഗ്രഹ പ്രവാഹം ബൂസ്റ്റ് എനര്‍ജി എനിക്കു പകര്‍ന്നു തന്ന ജീവിതപങ്കാളിയിലൂടെയും സ്‌നേഹനിധികളായ ഒരുപാടു സുഹൃത്തുക്കളുടെ പരിചരണത്തിലൂടെയും ഞാനേറ്റു വാങ്ങി. അമേരിക്കയില്‍ തന്നെയുള്ള കുഞ്ഞുപെങ്ങള്‍ മഞ്ജു തന്നെ പെര്‍ഫെക്റ്റ് സ്റ്റെംസെല്‍ ഡോണറായി. ഈ കടുത്ത അഗ്‌നിപരീക്ഷണങ്ങള്‍ക്കിടയിലും ഇവിടെ ന്യൂജഴ്‌സിയില്‍ സ്വന്തമായൊരു വീട് ..! ദൈവാനുഗ്രഹത്തിന്റെ പൂര്‍ത്തീകരണമെന്നോണം കുഞ്ഞുമോന്‍ ഐസകിന്റെ ജനനം. ഇനിയെന്തിനു ഞാന്‍ ക്യാന്‍സറിനെ ഭയപ്പെടണം ? ദൈവം എന്നോടു കൂടെയുണ്ട് –ഇമ്മാനുവേല്‍ !

എന്റെ പ്രവാസ ജീവിതം പതിനൊന്നാണ്ടു പിന്നിട്ടപ്പോള്‍ ഒന്ന് എന്ന നമ്പര്‍ എന്റെ ജീവിതത്തിലെ ഒഴിച്ചു കൂടാനാകാത്ത നമ്പറായി മാറി. ഒരു ഏപ്രില്‍ മാസത്തിലെ ഒന്നാം തിയതിയാണ് എന്റെ ജനനം . എന്റെ ഉറ്റ ചങ്ങാതിയും തൊട്ടയല്‍വാസിയും ഇപ്പോള്‍ ഇംഗ്‌ളണ്ടില്‍ സ്ഥിരതാമസക്കാരനുമായ ജെയിന്‍ സെബാസ്റ്റ്യന്‍ ജനിച്ചത് മാര്‍ച്ച് 31 നായിരുന്നു. എന്റെ ജനനത്തിന് ഒരു ദിവസം മുമ്പ്. പത്താമനായി പത്താഴമുണ്ണാനിരുന്ന എന്നില്‍ എന്റെ അമ്മ പത്തിലും ഒരൊന്നു കരുതി വച്ചു. തീര്‍ന്നില്ല ,ആറു വര്‍ഷത്തിനു ശേഷം ഇളയവന്‍ എന്ന എന്റെ സ്ഥാനം തട്ടിത്തെറിപ്പിച്ച് പതിനൊന്നാമിയായി കുഞ്ഞനുജത്തി മഞ്ജുവിനെ അമ്മ പ്രസവിച്ചു .അവിടെയുമുണ്ട് രണ്ട് ഒന്നുകള്‍ ..ഇതു കൊണ്ടൊന്നും അവസാനിക്കുന്നില്ല എന്റെ ഒന്നു ചരിത്രം ..എനിക്കു ക്യാന്‍സറാണെന്ന് ഡയഗ്‌നോസിസ് ചെയ്തത് 2013ലെ 11ാം മാസത്തിലായിരുന്നു. 

ഇനി എന്താണ് ഒന്ന് എന്ന അക്കം എന്റെ ജീവിതത്തില്‍ ചെയ്യാന്‍ പോകുന്നത് ആവോ ?
പത്രപ്രവര്‍ത്തനത്തില്‍ കോളം ചെയ്യുക എന്നത് ഒരു കണ്‍സള്‍ട്ടന്‍സിക്കു തുല്യമാണ് . ജേര്‍ണലിസം പഠിച്ച കാലത്ത് ഒരു മാനേജ്‌മെന്റ് വിദഗ്ധന്‍ പഠിപ്പിച്ച ഒരു കാര്യം കണ്‍സള്‍ട്ടന്‍സി എന്ന വാക്കിന്റെ ദ്വയാര്‍ഥത്തെ ഓര്‍മപ്പെടുത്തുന്നു. അദ്ദേഹം കണ്‍സള്‍ട്ടന്‍സിക്കുള്ള നിര്‍വചനം ഒരു കഥയിലൂടെഅവതരിപ്പിച്ചു. 

ഒരു ഗ്രാമത്തില്‍ ഒരു വിത്തു മൂരി ഉണ്ടായിരുന്നു. ആ ഗ്രാമത്തിലെ പശുക്കള്‍ക്കെല്ലാം ആ വിത്തുമൂരിയില്‍ നിന്ന് ഗര്‍ഭധാരണം ലഭിച്ചിരുന്നു. കാലങ്ങള്‍ കടന്നു പോയി . വിത്തു മൂരി കാളയിലേക്കു കടക്കാനുള്ള കാലമടുത്തു . ഗ്രാമവാസികള്‍ പശുക്കള്‍ക്കായി മറ്റു മൂരികളെ അന്വേഷിച്ചു തുടങ്ങിയപ്പോള്‍ പാവം ഗ്രാമീണന് ഏക വരുമാന മാര്‍ഗം അടഞ്ഞു തുടങ്ങി. അപ്പോള്‍ അയാള്‍ക്ക് ഒരാശയം തോന്നി. അയാള്‍ ആ കാളയുടെ കഴുത്തില്‍ ഒരു ബോര്‍ഡ് തൂക്കി –'കണ്‍സള്‍ട്ടന്റ് ' അതോടെ നിലച്ചു പോകുമായിരുന്ന അയാളുടെ വരുമാനം പുന:സ്ഥാപിക്കപ്പെട്ടു.

ഇതു വെറും കഥയാണ് .അകാലത്തില്‍ വിരമിച്ചവരും പൂര്‍ണകാലം ജോലിചെയ്തു വിരമിച്ച പത്രപ്രവര്‍ത്തകരുമൊക്കെയാണ് സാധാരണ കോളമിസ്റ്റുകളാകാറുള്ളത് . ഇതു ഞാന്‍ പറയുമ്പോള്‍ എനിക്കു ഗുരുതുല്യരും ആദരണീയരുമായ സീസണ്‍ ചെയ്ത കോളമിസ്റ്റുകളെ തരം താഴ്ത്തുകയല്ല ചെയ്യുന്നത് . എം.ജെ.അക്ബര്‍, നളിനി സിംഗ്, കുഷ് വന്ത്‌സിംഗ് , ടി.ജി.എസ്. ജോര്‍ജ്, കെ.എം.റോയി , എന്‍.റാം തുടങ്ങിയ പത്രപവര്‍ത്തന രംഗത്തെ കുലപതികളുടെ മുമ്പില്‍ ഞാനൊരു കാട്ടുതുമ്പ….സജീവ പത്രപ്രവര്‍ത്തനം നടത്തുന്ന പ്രമുഖ ഇംഗ്ലീഷ് , മലയാളം പത്രങ്ങളിലുമുണ്ട് തലമുതിര്‍ന്ന കോളമിസ്റ്റുകള്‍ . അവരെല്ലാം ജനാധിപത്യത്തിന്റെ നാലാം തൂണിന്റെ നെടും തൂണുകളാണ് . ആ നെടുംതൂണുകളെ ചാരി നില്‍ക്കുന്ന വെറും കരിങ്കല്‍ ചീളുകള്‍ മാത്രമാണ് എന്നെപ്പോലുള്ളവര്‍ . ഈ പൂജ്യ വ്യക്തിത്വങ്ങള്‍ക്കു മുമ്പില്‍ ആരതിയുഴിഞ്ഞു കൊണ്ട് ഞാനും തുടങ്ങട്ടെ എന്റെ കോളം …

അവരുടെ അനുഗ്രഹം കാംക്ഷിക്കുന്നതോടൊപ്പം എന്നെ ഒരു പത്രപ്രവര്‍ത്തകനായി വാര്‍ത്തെടുക്കുന്നതില്‍ മുഖ്യപങ്കു വഹിച്ച ഒരു പിടി മുതിര്‍ന്ന പത്രപ്രവര്‍ത്തകരെ ഇവിടെ സ്മരിക്കട്ടെ .

എന്നെ ഒരു പത്രപ്രവര്‍ത്തകനായി വളര്‍ത്തി വലുതാക്കുന്നതില്‍ഏറ്റവും വലിയ പങ്കു വഹിച്ച തൃശൂര്‍ ദീപികയിലെ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റും പത്രപ്രവര്‍ത്തക യൂണിയന്‍ നേതാവുമായ ഫ്രാങ്കോ ലൂയീസ് , ദീപികയില്‍ നിന്നു റസിഡന്റ് എഡിറ്റര്‍മാരായി വിരമിച്ച എന്‍.എസ്. ജോര്‍ജ് , അലക്‌സാണ്ടര്‍ സാം , ന്യൂസ് എഡിറ്ററായിരുന്ന സാബു കുര്യന്‍ , ദീപികയുടെ അസോസിയേറ്റ് എഡിറ്ററും ഡല്‍ഹി ബ്യൂറോ ചീഫുമായ ജോര്‍ജ് കള്ളിവയലില്‍ , ദീപികയുടെ മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ബോബി നായര്‍ , എന്റെ കഴിവുകള്‍ക്കുള്ളഅംഗീകാരമായി സ്ഥിരനിയമനം ലഭിച്ചയുടന്‍ ബ്യൂറോ ചീഫായി എന്നെ പ്രമോട്ട് ചെയ്ത ദീപിക ചീഫ് എഡിറ്ററും സിഎംഐ സഭയുടെ പ്രയോര്‍ ജനറലുമായിരുന്ന ഫാ. ജോസ് പന്തപ്ലാംതൊട്ടിയില്‍, ദീപികയില്‍ നിന്നു മംഗളം പത്രത്തിന്റെ ആറു ജില്ലകളുടെ ചുമതലയുള്ള കോഴിക്കോട് യൂനിറ്റ് ന്യൂസ് എഡിറ്ററായി എന്നെ നിയമിച്ച മംഗളം ചീഫ് എഡിറ്റര്‍ സാബു വര്‍ഗീസ് , മംഗളം സിഇഒ ആര്‍ .അജിത് കുമാര്‍, മംഗളം ഡപ്യൂട്ടി എഡിറ്റര്‍ രാജു മാത്യു, ചീഫ് ന്യൂസ് എഡിറ്റര്‍ ഇ.പി.ഷാജുദ്ദീന്‍ , മംഗളത്തില്‍ ന്യൂസ് എഡിറ്ററും ഇപ്പോള്‍ മനോരമയില്‍ ചീഫ് റിപ്പോര്‍ട്ടറുമായ ഷാജന്‍ സി.മാത്യു…അങ്ങനെ നീളുന്നു എന്റെ വളര്‍ച്ചയുടെ പങ്കു വഹിച്ചവരുടെ എണ്ണം . ഇവരില്‍ പലരുടെയും സംഭാവനകള്‍ തുടര്‍ന്നുള്ള ലേഖനങ്ങളില്‍ വിവരിക്കുന്നതിനാല്‍ ഇപ്പോള്‍ കൂടുതല്‍ പരാമര്‍ശിക്കുന്നില്ല . 

എന്റെ പ്രിയപ്പെട്ട ആ പത്രപ്രവര്‍ത്തക അഭ്യുദയകാംക്ഷികള്‍ക്കു മുമ്പില്‍ അവനതാസ്യനായി നിന്നു കൊണ്ട് ഞാനെന്റെ കോളം ആരംഭിക്കട്ടെ . ഇനി വരാനിരിക്കുന്നത് എന്റെ അനുഭവങ്ങള്‍ മാത്രമായിരിക്കുമെന്ന ഉറപ്പോടെ ഈ കോളം ഇവിടെ ആരംഭിക്കട്ടെ .

അതിജീവനത്തിന്റെ ആദ്യതാള്‍ 

ഫ്രാന്‍സിസ് തടത്തില്‍ എഴുതുന്ന നിലക്കാത്ത ഉലയിലെ ജ്വലിക്കുന ഓര്‍മ്മകള്‍
അതിജീവനത്തിന്റെ ആദ്യതാള്‍ (ഫ്രാന്‍സിസ് തടത്തില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക