Image

ശബരിമല തിരുനട അടച്ചു

അനില്‍ പെണ്ണുക്കര Published on 20 January, 2017
ശബരിമല തിരുനട അടച്ചു
മണ്ഡല മകരവിളക്ക് മഹോത്സവത്തിനും മകരമാസ പൂജകള്‍ക്കും ശേഷം ഇന്നലെ (20) രാവിലെ ശബരിമല ക്ഷേത്രത്തിന്റെ തിരുനട അടച്ചു. രാവിലെ രാജപ്രതിനിധി പി. ജി. ശശികുമാര വര്‍മ്മ അയ്യപ്പദര്‍ശനം നടത്തി. ആറുമണിക്ക് നട തുറന്ന് നിര്‍മാല്യദര്‍ശനവും അഭിഷേകവും മഹാഗണപതിഹോമവും നടന്നു. തുടര്‍ന്ന് സന്നിധാനത്ത് സൂക്ഷിച്ച തിരുവാഭരണ പേടകവുമായി പേടകവാഹക സംഘം പതിനെട്ടാം പടിയിറങ്ങി

അവസാനമായി കാനനവാസനെ ദര്‍ശിക്കുവാനുള്ള അവസരം രാജപ്രതിനിധിക്കായിരുന്നു. ദര്‍ശനം പൂര്‍ത്തിയാക്കി ശ്രീകോവില്‍ നടയടച്ച് താക്കോലുമായി പതിനെട്ടാംപടിയിറങ്ങിയ രാജപ്രതിനിധിയെ ശബരിമല ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, മേല്‍ശാന്തി ടി. എം. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ രവിശങ്കര്‍, ദേവസ്വത്തിലെ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

ശ്രീകോവിലിന്റെ താക്കോല്‍ രാജപ്രതിനിധി മേല്‍ശാന്തിക്ക് കൈമാറി. അടുത്ത തീര്‍ത്ഥാടനകാലത്തെ പൂജാദികര്‍മങ്ങള്‍ക്കുള്ള പണക്കിഴി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്ക് നല്‍കി. ആചാരപ്രകാരം കഴിഞ്ഞ വര്‍ഷത്തെ വരുമാനവിഹിതം രാജപ്രതിനിധിക്ക് ദേവസ്വം അധികൃതര്‍ കൈമാറി

മാളികപ്പുറത്ത് ഗുരുതി നടത്തി
മണ്ഡല മകരവിളക്ക് മഹോത്സവത്തിന്റെ സമാപനം കുറിച്ച് ദോഷപരിഹാരങ്ങള്‍ക്കും കൈപ്പിഴകള്‍ ശമിക്കുന്നതിനുമായി മാളികപ്പുറത്ത് കുന്നയ്ക്കാട്ട് കുറുപ്പന്‍മാരുടെ നേതൃത്വത്തില്‍ 19 ന് രാത്രിയില്‍ ഗുരുതി നടത്തി. എല്ലാ വര്‍ഷവും മകരവിളക്ക് മഹോത്സവം കഴിഞ്ഞ് നടയടയക്കുന്നതിന്റെ തലേദിവസം രാത്രിയില്‍ മാളികപ്പുറത്ത് ഗുരുതി നടത്താറുണ്ട്. 

കുന്നയ്ക്കാട്ട് കുറുപ്പന്‍മാര്‍ക്ക് ഗുരുതിയും കളമെഴുത്ത് പാട്ടും നടത്തുവാന്‍ പന്തളം രാജാവ് ആചാരപ്രകാരം അനുവാദം നല്‍കിയതാണ് . അയ്യപ്പന്റെ കളമെഴുത്തും പാട്ടും നടത്തിയ മാളികപ്പുറത്ത് മണിമണ്ഡപത്തിന് സമീപമാണ് ഗുരുതി നടത്തിയത്. ഗുരുതി നടത്തിയവര്‍ക്ക് പന്തളം രാജപ്രതിനിധി പി. ജി. ശശികുമാര വര്‍മ്മ ദക്ഷിണ നല്‍കിയതോടെയാണ് ഗുരുതി സമാപിച്ചത്. ഗുരുതി ചടങ്ങുകള്‍ വീക്ഷിക്കുന്നതിന് ദേവസ്വം ഉദ്യോഗസ്ഥര്‍ക്കൊപ്പം നിരവധി അയ്യപ്പഭക്തര്‍ മാളികപ്പുറത്ത് എത്തിയിരുന്നു.
ശബരിമല തിരുനട അടച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക