Image

സെയിന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ ഹൃദയ ശസ്ത്രക്രിയ

Published on 20 January, 2017
സെയിന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ ഹൃദയ ശസ്ത്രക്രിയ
അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലുള്‍പ്പെട്ട ഡാലസ് സെയിന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തുന്നു. ഹൃദയ ശസ്ത്രക്രിയ ആവശ്യമായി വന്നിട്ടും സാമ്പത്തീക ക്ലേശം മൂലം അത് സാധിക്കാതെ ജീവിതം വഴിമുട്ടിയവര്‍ക്ക് ഹൃദയ ശസ്ത്രക്രിയ സൗജന്യമായി നല്‍കി അവരെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് 'സാധുജന സൗജന്യ ഹൃദയ ശസ്ത്രക്രിയ ' പദ്ധതിക്ക് ഇടവക തുടക്കം കുറിച്ചിരിക്കുന്നത്. ഇതിനോടകം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ജാതിമതഭേദമെന്യേ അര്‍ഹരായ മൂന്നുപേരെ തിരഞ്ഞെടുത്ത് സൗജന്യ ഹൃദയ ശസ്ത്രക്രിയ പൂര്‍ത്തീകരിച്ചുകഴിഞ്ഞു.

അമേരിക്കന്‍ അതി ഭദ്രാസനത്തിലെ ഏറ്റവും വലിയ ഇടവകകളിലൊന്നായ ഈ ദേവാലയം കഴിഞ്ഞ 30 വര്‍ഷത്തിലധികമായി, ''അഗതികളെ സഹായിക്കുക, വേദനിക്കുന്നവരെ സമാശ്വസിപ്പിക്കുക'' എന്ന ക്രൈസ്തവ ദൗത്യത്തെ മുന്‍നിറുത്തി വരുമാനത്തിന്റെ ഗണ്യമായ ഒരു ഭാഗം വൈദ്യസഹായം, വിദ്യാഭ്യാസ സഹായം തുടങ്ങി വിവിധങ്ങളായ ജനക്ഷേമ പദ്ധതികള്‍ക്കായി വിനിയോഗിച്ചുവരുന്നു. കഴിഞ്ഞ വര്ഷം ഇടവകാംഗങ്ങളായ ഡോക്ടര്‍മാര്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍ തുടങ്ങിയവരടങ്ങുന്ന സന്നദ്ധസംഘം, പ്രാഥമീക വൈദ്യസഹായം പോലും ലഭ്യമല്ലാത്ത ഗ്വാടിമാലയിലെ ഉള്‍പ്രദേശങ്ങളില്‍ ഒരാഴ്ചയോളം നീണ്ടുനിന്ന മെഡിക്കല്‍ ക്യാമ്പുകള്‍ വഴി സൗജന്യ വൈദ്യപരിശോധനയും അവശ്യമരുന്ന് വിതരണവും നടത്തുകയുണ്ടായി. വര്‍ഷത്തില്‍ നിരവധി തവണ ഇടവകയിലെ സണ്‍ഡേ സ്‌കൂള്‍ കുട്ടികളും യുവജനങ്ങളും ഡാലസിലെ വിവിധ ചാരിറ്റി പ്രസ്ഥാനങ്ങള്‍ നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിച്ചുവരുന്നു. കൂടാതെ മെന്‍സ് ഫെല്ലോഷിപ്, വനിതാസമാജം തുടങ്ങിയ ആത്മീയ പ്രസ്ഥാനങ്ങളും വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. ഇടവക വികാരി റെവ ഫാ സാജന്‍ ജോണ്‍, അസിസ്റ്റന്റ് വികാരി റെവ ഫാ ഡോ രഞ്ജന്‍ മാത്യു എന്നിവരുടെ നേതൃത്വത്തില്‍ നടപ്പാക്കി വരുന്ന ഇത്തരം ജനക്ഷേമ പദ്ധതികള്‍ ഭദ്രാസനത്തിലെ ഇതര ഇടവകകള്‍ക്കും ഉത്തമ മാതൃകയാണെന്ന് ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ എല്‍ദോ മാര്‍ തീത്തോസ് അഭിപ്രായപ്പെട്ടു.

''സാധുജന സൗജന്യ ഹൃദയ ശസ്ത്രക്രിയ' പദ്ധതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും ആപ്ലിക്കേഷന്‍ ഫോമും www.stignatious.com  എന്ന സൈറ്റില്‍ ലഭ്യമാണ്. അര്‍ഹരായ രോഗികള്‍ക്ക്, പൂര്‍ത്തിയാക്കിയ ആപ്ലിക്കേഷനും അനുബന്ധ രേഖകളും stignatiouschurch@gmail.com  എന്ന അഡ്രസ്സില്‍ ഇ-മെയില്‍ ചെയ്യാവുന്നതാണെന്നു കത്തീഡ്രല്‍ സെക്രട്ടറി ശ്രീ ബാബു കുര്യാക്കോസ് അറിയിച്ചു. പദ്ധതിയെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് കോ ഓര്‍ഡിനേറ്റര്മാരായ റെവ ഫാ വര്ഗീസ് പോള്‍, സെസില്‍ മാത്യു എന്നിവരെ ഫോണില്‍ക്കൂടിയും (1-214-566-3357) ബന്ധപ്പെടാവുന്നതാണ്. സെയിന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍ പി. ആര്‍. ഒ. കറുത്തേടത്തു ജോര്‍ജ്  അറിയിച്ചതാണിത്.
 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക