Image

സര്‍ജിക്കല്‍ ആക്രമണത്തിന്‌ ശേഷം തടവിലായിരുന്ന ഇന്ത്യന്‍ സൈനികനെ പാക്കിസ്ഥാന്‍ വിട്ടയച്ചു

Published on 21 January, 2017
സര്‍ജിക്കല്‍ ആക്രമണത്തിന്‌ ശേഷം  തടവിലായിരുന്ന ഇന്ത്യന്‍ സൈനികനെ പാക്കിസ്ഥാന്‍ വിട്ടയച്ചു

ന്യൂദല്‍ഹി: തടവിലായിരുന്ന ഇന്ത്യന്‍ സൈനികനെ പാക്കിസ്ഥാന്‍ വിട്ടയച്ചു. മാനിച്ചു. അബദ്ധത്തില്‍ അതിര്‍ത്തി കടന്ന്‌ പാക്കിസ്ഥാനിലെത്തിയ ചന്ദു ബാബുലാല്‍ ചൗഹാനെന്ന ജവാനെയാണ്‌ മോചിപ്പിച്ചത്‌. 

സൈനികന്‍ പഞ്ചാബിലെ വാഗ അതിര്‍ത്തിയില്‍ ഉച്ചയ്‌ക്ക്‌ 2.30ഓടെ എത്തി. പാക്‌ വിദേശകാര്യ മന്ത്രാലയമാണ്‌ ഇക്കാര്യം സ്ഥിരീകരിച്ചത്‌.  പ്രത്യേക വൈദ്യപരിശോധനയും നടപടികളും കഴിഞ്ഞാല്‍ ചവാന്‍ അതിര്‍ത്തി കടക്കുമെന്ന്‌ സൈനിക വൃത്തങ്ങളും പറഞ്ഞു. 

37 രാഷ്ട്രീയ റൈഫിള്‍സിന്റെ ഭാഗമായിരുന്ന 22 കാരനായ ചവാന്‍ കഴിഞ്ഞവര്‍ഷമാണ്‌ കശ്‌മീരിലെ അതിര്‍ത്തി കടന്നത്‌. ഇന്ത്യന്‍ സൈനികര്‍ പാക്‌ അതിര്‍ത്തി കടന്ന്‌ ഭീകരവാദികളുടെ കേന്ദ്രങ്ങളില്‍ നടത്തിയ സര്‍ജിക്കല്‍ ആക്രമണത്തിന്‌ ശേഷമാണ്‌ ചവാന്‍ അബദ്ധത്തില്‍ അതിര്‍ത്ത കടന്നത്‌. 

സൈനികനെ വിട്ടയയ്‌ക്കുന്ന കാര്യം പാക്ക്‌ സൈനിക വക്താവ്‌ മേജര്‍ ജനറല്‍ ആസിഫ്‌ ഗഫൂര്‍ ട്വിറ്ററിലൂടെയാണ്‌ അറിയിച്ചത്‌.  മാനുഷിക പരിഗണന വച്ചാണ്‌ ജവാനെ വിട്ടയയ്‌ക്കുന്നതെന്ന്‌ പാക്കിസ്ഥാന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഉറി ഭീകരാക്രമണത്തിനു പിന്നാലെ, പാക്ക്‌ അധിനിവേശ കശ്‌മീരിലെ ഭീകരതാവളങ്ങളില്‍ ഇന്ത്യ മിന്നലാക്രമണം നടത്തിയ വാര്‍ത്ത പുറത്തുവന്നു മണിക്കൂറുകള്‍ക്കകമാണ്‌ സൈനികന്‍ പാക്കിസ്ഥാന്റെ പിടിയിലായെന്നു വ്യക്തമായത്‌.

പിടിയിലായ ജവാന്‍ മിന്നലാക്രമണം നടത്തിയ സംഘത്തിന്റെ ഭാഗമായിരുന്നില്ലെന്നും ജോലിക്കിടെ അബദ്ധത്തില്‍ നിയന്ത്രണരേഖ കടന്നതാണെന്നും സൈന്യം അന്നുതന്നെ വ്യക്തമാക്കിയിരുന്നു.

മഹാരാഷ്ട്രയിലെ ധുലെ ജില്ലയിലുള്ള ബൊര്‍വിഹിര്‍ ഗ്രാമവാസിയാണ്‌ ചവാന്‍. ചവാനെ വിട്ടയക്കുമെന്ന്‌ പാകിസ്‌താന്‍ അറിയിച്ചിട്ടുണ്ടെന്ന്‌ കേന്ദ്ര പ്രതിരോധ സഹമന്ത്രി സുഭാഷ്‌ ഭാംറെ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. സമാധാനം പുനസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ സൈനികനെ വിട്ടയക്കുന്നതെന്ന്‌ പാകിസ്‌താന്‍ പ്രതികരിച്ചു. 

 ചവാന്‍ പാക്‌ സൈന്യത്തിന്റെ പിടിയിലകപ്പെട്ടുവെന്നറിഞ്ഞ്‌ അദ്ദേഹത്തിന്റെ മുത്തശ്ശി ഹൃദയാഘാതം മൂലം മരിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക