Image

വാര്‍ത്താസമ്മേളനത്തിനിടെ എ.ബി.വി.പി പ്രവര്‍ത്തകര്‍ ലക്ഷ്‌മി നായരെ കരിങ്കൊടി കാട്ടി

Published on 22 January, 2017
വാര്‍ത്താസമ്മേളനത്തിനിടെ  എ.ബി.വി.പി പ്രവര്‍ത്തകര്‍ ലക്ഷ്‌മി നായരെ കരിങ്കൊടി കാട്ടി

തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമിയെ സംബന്ധിച്ചുള്ള ആരോപണങ്ങളെ കുറിച്ച്‌ പ്രിന്‍സിപ്പല്‍ ലക്ഷ്‌മി നായര്‍ വാര്‍ത്താസമ്മേളനം നടത്തവേ ഹാളില്‍ കയറി എ.ബി.വി.പി പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം.

വാര്‍ത്താസമ്മേളനം നടന്നുകൊണ്ടിരിക്കെ ഹാളില്‍കയറിയ രണ്ട്‌ എ.ബി.വി.പി പ്രവര്‍ത്തകര്‍ ലക്ഷ്‌മി നായര്‍ക്ക്‌ നേരെ കരിങ്കൊടി കാട്ടുകയും മുദ്രാവാക്യം വിളിക്കുകയുംചെയ്യുകയായിരുന്നു. എന്നാല്‍ ഇത്‌ വകവെക്കാതെ ലക്ഷ്‌മി നായര്‍ സംസാരിച്ചുതുടങ്ങി. ഇതോടെ കരിങ്കൊടിയും പിടിച്ച്‌ പ്രവര്‍ത്തകര്‍ താഴെ തറയില്‍ കുത്തിയിരുന്ന്‌ പ്രതിഷേധിച്ചു.


ലോ അക്കാദമിയെ സംബന്ധിച്ച്‌ ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന്‌ ലക്ഷ്‌മി നായര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്റേണല്‍ മാര്‍ക്ക്‌ നല്‍കുന്നത്‌ സുതാര്യമായിട്ടാണെന്നും വ്യക്തി താത്‌പര്യങ്ങള്‍ക്ക്‌ വേണ്ടി ചിലര്‍ കുട്ടികളെ ചട്ടുകമാക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി. കുട്ടികളെ അസഭ്യം പറയുക തന്റെ രീതിയല്ലെന്നും ലക്ഷ്‌മി നായര്‍ പറഞ്ഞു.

കോളേജിന്റെ നടത്തിപ്പ്‌ സംബന്ധിച്ച രേഖകള്‍ പരിശോധിക്കാമെന്നും മറ്റ്‌ കോളേജുകളേക്കാള്‍ ഇന്റേണല്‍ മാര്‍ക്ക്‌ കൂടുതല്‍ നല്‍കുന്ന കോളേജാണ്‌ ലോ അക്കാദമിയെന്നും അവര്‍ പറഞ്ഞു. കുട്ടികള്‍ തികച്ചും അന്യായമായ കാര്യത്തിനാണ്‌ സമരം ചെയ്യുന്നതെന്നും ലക്ഷ്‌മി നായര്‍ കുറ്റപ്പെടുത്തി.


അതേസമയം ലോ അക്കാദമിയില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം പന്ത്രണ്ടാം ദിവസത്തിലേക്ക്‌ കടന്നിരിക്കുയാണ്‌. പ്രിന്‍സിപ്പല്‍ രാജിവയ്‌ക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്‌ വിദ്യാര്‍ഥികള്‍. പ്രശ്‌നം ഒത്തുതീര്‍പ്പാക്കുന്നതിന്‌ മനേജ്‌മെന്റുകളും വിദ്യാര്‍ഥികളും നടത്തിയ ചര്‍ച്ച  പരാജയപ്പെട്ടു.

നെഹ്‌റുകോളജ്‌ വിദ്യാര്‍ഥി ജിഷ്‌ണു പ്രണോയിയുടെ മരണത്തെ തുടര്‍ന്ന്‌ സംസ്ഥാനത്തെ വിവിധ സ്വാശ്രയസ്ഥാപനങ്ങളില്‍ ഉയര്‍ന്നു വന്ന സമരത്തിനൊപ്പമായിരുന്നു ലോ അക്കാദമി വിദ്യാര്‍ഥികളും പഠിപ്പുമുടക്കിയത്‌. കോളജ്‌ നടത്താന്‍ സമയമില്ലാത്ത പ്രിന്‍സിപ്പല്‍ ലക്ഷ്‌മി നായര്‍ രാജിവയ്‌ക്കണം എന്നതാണ്‌ വിദ്യാര്‍ഥികളുടെ മുഖ്യ ആവശ്യം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക