Image

മുല്ലപ്പെരിയാറ്റിലെ രാഷ്ട്രീയ അണക്കെട്ട് - ജെ. മാത്യൂസ്

ജെ. മാത്യൂസ് Published on 21 February, 2012
മുല്ലപ്പെരിയാറ്റിലെ രാഷ്ട്രീയ അണക്കെട്ട് - ജെ. മാത്യൂസ്
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ദൗര്‍ബല്യം ഇടവരുത്തുന്ന ദുരന്തം നേരിടാന്‍ ഇന്‍ഡ്യയിലെ ഭരണകൂടങ്ങള്‍ ഇന്നുവരെ സ്വീകരിച്ചുപോരുന്ന സമീപനം കേരളത്തെ ഭയപ്പെടുത്തുന്നതാണ്.
കേരളത്തില്‍ 35 ലക്ഷത്തോളം മനുഷ്യരുടെ ജീവനും സ്വത്തുക്കളും തമിഴ്‌നാട്ടില്‍ നാലഞ്ചു ജില്ലകളിലെ കാര്‍ഷികോല്‍പ്പന്നങ്ങളും പുറമെ വൈദ്യുതി ഉല്‍പാദനവും അപകടത്തിലാക്കുന്ന പ്രശ്‌നമാണിത്. രണ്ടു സംസ്ഥാനങ്ങളും കേന്ദ്രഭരണകൂടവും, രണ്ടു സംസ്ഥാനങ്ങളും കേന്ദ്രഭരണകൂടവും, മൂന്നാം ക്ലാസിലെ കുട്ടികള്‍ തലപ്പന്തു കളിക്കുന്ന ലാഘവത്തോടെയാണ് ഈ വിഷയം കൈകാര്യം ചെയ്യുന്നത്.

മുല്ലപ്പെരിയാര്‍ അണക്കെട്ട് കെട്ടുറപ്പില്ലാത്ത ഒരു "രാഷ്ട്രീയ അണക്കെട്ടാ"യി പരിണമിച്ചിരിക്കുന്നു ഇന്ന്. പിറവം ഉപതെരഞ്ഞെടുപ്പിലെ പ്രചരണായുധം, കേരളമന്ത്രിസഭയുടെ നിലനില്‍പ്പ്, തമിഴ്‌നാടു രാഷ്ട്രീയത്തിന്റെ ദ്രാവിഡലഹരി, കേന്ദ്രമന്ത്രിസഭയ്ക്ക് അധികാരത്തില്‍ തുടരാന്‍ വേണ്ടിവരുന്ന എം.പി.മാരുടെ എണ്ണം എന്നിവയാണ് കാര്യപരിപാടികളില്‍ ഒളിഞ്ഞുകിടക്കുന്ന "രാഷ്ട്രീയ അണക്കെട്ടി"ന്റെ ആഴവും പരപ്പും!

1887-95-ല്‍ കെട്ടിപ്പൊക്കിയ ഈ അണക്കെട്ട് 117 വര്‍ഷം പഴക്കമുള്ളതാണ്. അന്നത്തെ ശാസ്ത്രീയ സാങ്കേതിക പരിജ്ഞാനത്തിന്റെ സൃഷ്ടിയാണിത്. ദുര്‍ബലമാണിന്നതിന്റെ കെട്ടുറപ്പ്. അടിത്തറയില്‍നിന്നും 176 അടിഉയരത്തില്‍ നില്‍ക്കുന്ന ഈ അണക്കെട്ടില്‍ വിള്ളലുകളും ചോര്‍ച്ചയുമുണ്ട്. അതേതുടര്‍ന്നാണ് ജലനിരപ്പ് 136 അടിയായി താഴ്ത്തണമെന്ന് കേന്ദ്രജലക്കമ്മീഷന്‍ 1979-ല്‍ നിര്‍ദ്ദേശിച്ചത്. ഡാമിന്റെ അറ്റകുറ്റപ്പണികള്‍ നടത്തിയെന്നാണ് തമിഴ്‌നാടിന്റെ 'വാദം'. എങ്കില്‍ത്തന്നെ ജലനിരപ്പ് 152 അടി ഉയരത്തില്‍ താങ്ങി നിര്‍ത്താന്‍ ഈ അണക്കെട്ടിനു കഴിയുമെന്നാരുകണ്ടു? ഇതിനകം, അവിടെ പലപ്പോഴുമുണ്ടായ ഭൂമികുലുക്കം അല്‍പംകൂടി ശക്തിയിലുണ്ടായാല്‍ അണക്കെട്ടു പൊട്ടും, കേന്ദ്ര- സംസ്ഥാന ഭരണകൂടങ്ങളുടെ അറിവുകൂടാതെ! അതോടെ തകരുന്നത് കേരളത്തിലെയും തമിഴ്‌നാട്ടിലെയും ജനലക്ഷങ്ങളുടെ ജീവിതമാണ്. (മന്ത്രിസഭകള്‍ തകരാതെ നിന്നേക്കും.) ഈ യാഥാര്‍ത്ഥ്യത്തിനു നേരെ ഭരണകൂടങ്ങല്‍ കണ്ണുതുറക്കാത്തതെന്ത്? ജനങ്ങള്‍ അപായഭീതിയിലാണ്. അവര്‍ സമരം ചെയ്യുന്നു, ഉപവസിക്കുന്നു. പരിഹാരം കാണേണ്ട അധികാരികള്‍ പലരും പരസ്പരം പഴിപറയുന്നു; ചിലരാകട്ടെ ഉറക്കം നടിക്കുന്നു. ഇതാണ് ഒരു പരിഷ്‌കൃതജനതയുടെ അപരിഷ്‌കൃത ഭരണകൂടം കെട്ടിപ്പൊക്കുന്ന നിലനില്‍പ്പിന്റെ “രാഷ്ട്രീയ അണക്കെട്ട്”.

ഭരണാധികാരം കുടുംബാവകാശമായി കിട്ടിയ തിരുവിതാംകൂര്‍ മഹാരാജാവ് വിശാഖം തിരുനാള്‍ രാമവര്‍മ്മയും, ഇന്‍ഡ്യയെ അടിമയാക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് ഭരണകൂടവും തമ്മില്‍ 1886-ല്‍ ഉണ്ടാക്കിയ, 999 വര്‍ഷത്തെ കാലദൈര്‍ഷ്യം ഉറപ്പുവരുത്തുന്ന, യുക്തിക്കു നിരക്കാത്ത ഒരു ഉടമ്പടി… അതിലാണ് തമിഴ്‌നാട് മുറുകെ പിടിക്കുന്നത്. 126 വര്‍ഷങ്ങള്‍ പിന്നിട്ടുകഴിഞ്ഞു. ലോകം തന്നെ എത്രയോ മാറിക്കഴിഞ്ഞു. അന്നത്തെ ഇന്‍ഡ്യപോലും മൂന്നായി വിഭജിക്കപ്പെട്ടു. കരാറിലെ കക്ഷികള്‍ ഇന്നില്ല. ബ്രിട്ടീഷ് ഭരണം കെട്ടുകെട്ടി. രാജഭരണം ചരിത്രമായി. ഇനിയും 873 വര്‍ഷങ്ങള്‍ കൂടി- 2885 വരെ ഈ ഉടമ്പടി നിലനില്‍ക്കണമെന്നോ! ദുരന്തമുണ്ടായാല്‍ കേരളത്തിലേതെന്നപോലെ തമിഴ്‌നാട്ടിലെയും ജനലക്ഷങ്ങളുടെ നിലനില്‍പ് വെല്ലുവിളിക്കപ്പെടുമെന്നു കാണാന്‍ കറുത്ത കണ്ണടവച്ച തമിഴ് നേതാക്കള്‍ക്കു കഴിയുന്നില്ല! അത്ര കട്ടിയുള്ളതാണ്, അവരുടെ ദീര്‍ഘവീക്ഷണത്തെ മറക്കുന്ന തീവ്രമായ പ്രാദേശികവികാരത്തിന്റെ തിമിരം! കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള തമിഴ്ജനത തമിഴ്‌നാടിനുവേണ്ടി ഒരേസ്വരത്തില്‍ ശബ്ദിക്കുന്നു. കേരളത്തിന്റെ സ്ഥിയതല്ല. ഭരണം നടത്തുന്ന കൂട്ടുകക്ഷികള്‍ക്കുപോലും അഭിപ്രായപ്പൊരുത്തമില്ല. മന്ത്രിമാര്‍ക്ക് വിഭിന്നമായ നിലപാട്. നിയമോപദേഷ്ടാവിന്റെ ഉപദേശം കേരളത്തിനെതിര്! ഫലപ്രദമായ സമവായത്തിലൂടെ തര്‍ക്കംതീര്‍ക്കാന്‍ ബാദ്ധ്യസ്ഥനാണ് പ്രധാനമന്ത്രി, പക്ഷേ…

ഇന്‍ഡ്യയിലെ- കേരളത്തിലെ- ഓരോ പൗരന്റെയും ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ബാദ്ധ്യതയുള്ള കേന്ദ്രഭരണകൂടം പുറംതിരിഞ്ഞു നില്‍ക്കുന്നു. ദേശീയ ഐക്യം ബലപ്പെടുത്തേണ്ട കേന്ദ്ര ആഭ്യന്തര മന്ത്രി ഒരു വെറും തമിഴന്‍ മാത്രമായി തരം താഴുന്നു.

ഇവിടെയാണ് കേരളം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത്. രാഷ്ട്രീയഭിന്നതകളും പകപോക്കലുകളും മാറ്റിനിര്‍ത്തി കേരളീയര്‍ക്കു വേണ്ടി നിലകൊള്ളേണ്ടത് ഇപ്പോഴാണ്. അണക്കെട്ടിനു താഴെയുള്ളവരുടെ സുരക്ഷ ഉറപ്പുവരുത്തണം. ആവശ്യമായ നടപടികള്‍ മുന്‍കൂട്ടി സ്വീകരിക്കണം. അത് കേരള ഗവണ്‍മെന്റിന്റെ ചുമതലയാണ്. അതോടൊപ്പം, കേരളത്തിനു സുരക്ഷയും തമിഴ്‌നാടിന് വെള്ളവും ഉറപ്പുവരുത്തുന്ന പുതിയ അണക്കെട്ടും പുതിയ കരാറും നിലവില്‍ വരണം.

മുല്ലപ്പെരിയാറ്റിലെ രാഷ്ട്രീയ അണക്കെട്ട് - ജെ. മാത്യൂസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക