Image

അബുദാബിയില്‍ യുഎഇ – ഇന്ത്യ ഫെസ്റ്റിനു 26 നു തുടക്കം

Published on 23 January, 2017
അബുദാബിയില്‍ യുഎഇ – ഇന്ത്യ ഫെസ്റ്റിനു 26 നു തുടക്കം

      അബുദാബി: ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്ററില്‍ യുഎഇ–ഇന്ത്യാ ഫെസ്റ്റ് 26, 27, 28 തീയതികളില്‍ നടക്കും. 26നു വൈകിട്ട് അഞ്ചു മുതല്‍ രാത്രി 11.30 വരെയും 27, 28 തീയതികളില്‍ വൈകിട്ടു നാലുമുതല്‍ രാത്രി 11.30 വരെയുമാണ് ഫെസ്റ്റ്. മൂന്നു ദിവസങ്ങളിലായി നാല്‍പതിനായിരത്തിലധികം സന്ദര്‍ശകര്‍ ഫെസ്റ്റ് ആസ്വദിക്കാനെത്തും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വൈവിധ്യമാര്‍ന്ന കലാസാംസ്‌കാരിക സംഗീത പരിപാടികളും ഭക്ഷ്യ വിഭവങ്ങളുമായാണ് ഫെസ്റ്റിവല്‍ സജീകരിച്ചിരിക്കുന്നത്. സാംസ്‌കാരിക, വിനോദ, വിദ്യാഭ്യാസ പരിപാടികളോടെയാവും ഇത്തവണത്തെ ഫെസ്റ്റിവല്‍. ഫെസ്റ്റിവല്‍ നഗരിയില്‍ മൂന്നു ദിവസത്തെ പ്രവേശനത്തിന് ഈടാക്കുന്ന പത്തു ദിര്‍ഹത്തിന്റെ പ്രവേശന കൂപ്പണ്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനാര്‍ഹനാകുന്ന വ്യക്തിക്ക് അല്‍ മസൂദ് ഓട്ടമൊബീല്‍സ് നല്‍കുന്ന റെനോ ഡസ്റ്റര്‍ കാര്‍ സമ്മാനിക്കും.

ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനാ ഡപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ ആറുവര്‍ഷമായി നടന്നുവരുന്ന ഇന്ത്യാ ഫെസ്റ്റിന് ഇക്കുറി യുഎഇ–ഇന്ത്യ ഫെസ്റ്റ് എന്നു പേരിട്ടത്.

വിവിധ സംസ്ഥാനങ്ങളുടെ തനത് വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ എന്നിവയുടെ പ്രത്യേക വിപണികളും ഉണ്ടായിരിക്കും. ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന്റെ രക്ഷാകര്‍ത്തൃത്വത്തില്‍ യുഎഇ സാംസ്‌കാരിക വൈജ്ഞാനിക വികസന മന്ത്രാലയം, അബുദാബി പൊലീസ്, അബുദാബി മുനിസിപ്പല്‍ കാര്യം, ഗതാഗത വകുപ്പ്, യുഎഇ ബിസിനസ് സമൂഹം എന്നിവയുടെ സഹകരണത്തോടെയാണു ഫെസ്റ്റിവല്‍. 

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക