Image

അമേരിക്കന്‍ അഭിമാനം ബഹിരാകാശമേറിയിട്ട് അമ്പതാണ്ട്; തെരഞ്ഞെടുപ്പ് ഫണ്ട് ശേഖരണം: റോംനി തന്നെ മുന്നില്‍

Published on 21 February, 2012
അമേരിക്കന്‍ അഭിമാനം ബഹിരാകാശമേറിയിട്ട് അമ്പതാണ്ട്;  തെരഞ്ഞെടുപ്പ് ഫണ്ട് ശേഖരണം: റോംനി തന്നെ മുന്നില്‍
വാഷിംഗ്ടണ്‍: ഒരു അമേരിക്കക്കാരന്റെ ആദ്യ ബഹിരാകാശ യാത്രയ്ക്ക് അമ്പതാണ്ട് തികഞ്ഞു. അമ്പതുവര്‍ഷം മുമ്പ് മറൈന്‍ കോര്‍പ്‌സിലെ ജോണ്‍ ഗ്ലെന്‍ ആണ് അമേരിക്കന്‍ അഭിമാനം ബഹിരാകാശത്തെത്തിച്ചത്. ഫൈറ്റര്‍ പൈലറ്റായിരുന്ന ഗ്ലെന്‍ യുദ്ധവിമാനങ്ങളില്‍ ഉപയോഗിക്കുന്ന ഫ്‌ളൈറ്റ് സ്യൂട്ടും ഹെല്‍മെറ്റും അണിഞ്ഞാണ് ബഹിരാകാശ യാത്ര നടത്തിയത്. ഒരു അമേരിക്കക്കാരന്‍ ആദ്യമായി ബഹിരാകാശത്തിലെത്തിയതിന്റെ ഓര്‍മ പുതുക്കാനായി തിങ്കളാഴ്ച ഒഹിയോ സര്‍വകലാശാലയില്‍ ഗ്ലെന്‍ കൂടി പങ്കെടുത്ത അത്താഴവിരുന്ന് ഒരുക്കിയിരുന്നു. 90കാരനായ ഗ്ലെന്‍ ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനിലുള്ളവരുമായി ആശയവിനിമയം നടത്തി. രണ്ടാം ലോകമഹായുദ്ധത്തിലും കൊറിയന്‍ യുദ്ധത്തിലും പങ്കെടുത്തിട്ടുള്ള ഗ്ലെന്‍ ബഹിരാകാശശായാത്രയൊക്കെ കഴിഞ്ഞ് രാഷ്ട്രീയത്തിലും ഒരു കൈ നോക്കി. 25 വര്‍ഷത്തോളം യുഎസ് സെനറ്റില്‍ ഒഹിയോയുടെ പ്രതിനിധിയിയിരുന്നു ഗ്ലെന്‍.

തെരഞ്ഞെടുപ്പ് ഫണ്ട് ശേഖരണം: റോംനി തന്നെ മുന്നില്‍

ന്യൂയോര്‍ക്ക്: റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിനായുള്ള പ്രൈമറികളില്‍ തിരിച്ചടി നേരിട്ടുവെങ്കിലും ജനുവരിയിലെ തെരഞ്ഞെടുപ്പ് ഫണ്ടു ശേഖരണത്തില്‍ മിറ്റ് റോംനി തന്നെ മുന്നില്‍. ജനുവരിയില്‍ മാത്രം 6.5 മില്യണ്‍ ഡോളറാണ് റോംനി തെരഞ്ഞെടുപ്പ് ഫണ്ടായി ശേഖരിച്ചത്. 7.7 മില്യണ്‍ ഡോളറാണ് പണമായി റോംനിയുടെ കൈവശമുള്ളത്. കഴിഞ്ഞവര്‍ഷം ജൂണില്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയാവാനുള്ള പ്രഖ്യാപനം നടത്തിയശേഷം 64 മില്യണ്‍ ഡോളറാണ് റോംനി തെരഞ്ഞെടുപ്പ് ഫണ്ടായി ഇതുവരെ ശേഖരിച്ചത്. തന്റെ തൊട്ടടുത്ത എതിരാളികളേക്കാള്‍ ഫണ്ട് ശേഖരണത്തില്‍ റോംനി ഏരെ മുന്നിലാണെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ അവകാശപ്പെടുന്നു. 5.5 മില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ തൊട്ടടുത്ത എതിരാളി ന്യൂട്ട് ഗിന്‍ഗ്രിച്ച് കഴിഞ്ഞ മാസം തെരഞ്ഞെടുപ്പ് ഫണ്ടായി ശേഖരിച്ചത്. ഫണ്ടു ശേഖരണത്തിലെ മുന്‍തൂക്കം പ്രൈമറികളില്‍ റോംനിയ്ക്ക് തുണയാവുമോ എന്നാണ് പ്രസക്തമായ ചോദ്യം. ഈ മാസം 28ന് മിഷിഗനിലും മാര്‍ച്ച് ആറിന് അരിസോണയിലുമാണ് അടുത്ത പ്രൈമറികള്‍. അതേസമയം പ്രസിഡന്റ് ബറാക് ഒബാമയുടെ ഫണ്ടുശേഖരണവും തകൃതിയായി മുന്നേറുകയാണ്. 29.1 മില്യണ്‍ ഡോളറാണ് ഒബാമ ക്യാമ്പ് കഴിഞ്ഞ മാസം തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ശേഖരിച്ചത്.

ഗര്‍ഭഛിദ്രനിരോധന നിയമത്തിനെതിരെ വെര്‍ജീനിയയില്‍ സ്ത്രീകളുടെ പ്രതിഷേധം

വെര്‍ജീനിയ: വെര്‍ജീനിയ സംസ്ഥാനത്ത് ഗര്‍ഭഛിദ്രനിരോധന നിയമം നടപ്പാക്കാനുള്ള ബില്ലിനെതിരെ സ്ത്രീകളുടെ പ്രതിഷേധം. ജനറല്‍ അസംബ്ലി കെട്ടിടത്തില്‍ നിന്ന് കാപ്പിറ്റോള്‍ സ്‌ക്വയറിലേക്ക് നടന്ന പ്രതിഷേധപ്രകടനത്തില്‍ ആയിരത്തോളം പേര്‍ പങ്കെടുത്തു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള ജനറല്‍ അസംബ്ലി 32നെതിരെ 66 വോട്ടുകള്‍ക്ക് പാസാക്കിയ ബില്ല് ഇപ്പോള്‍ സംസ്ഥാന വിദ്യാഭ്യാസ-ആരോഗ്യസമിതിയുടെ പരിഗണനയിലാണ്. ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ വെബ്‌സൈറ്റുകളിലൂടെയാണ് ബില്ലിനെതിരെ വ്യാപക പ്രചാരണം നടക്കുന്നത്. ബില്ല് നടപ്പാക്കുകയാണെങ്കില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ നിര്‍ണയം നടത്താനുള്ള അള്‍ട്രാ സൗണ്ട് സ്‌കാനിംഗ് അടക്കമുള്ള കാര്യങ്ങള്‍ നിയമവിരുദ്ധമാകും. ഇതിനുപുറെമ ഗര്‍ഭചിദ്രം നട്ടത്തുന്ന പാവപ്പെട്ട സ്ത്രീകള്‍ക്ക് സര്‍ക്കാരിന്റെ ആനുകൂല്യങ്ങളൊന്നും ലഭ്യമാകുകയുമില്ല. അവിഹിത മാര്‍ഗങ്ങളിലൂടെയും ബലാത്സംഗം പോലുള്ള ക്രൂരമായ പീഡനങ്ങളിലൂടെയും ഗര്‍ഭിണികളാകുന്നവര്‍ക്കുപോലും ഗര്‍ഭചിദ്രത്തിന് അനുമതി നിഷേധിക്കപ്പെടുമെന്നാണ് ബില്ലിനെ എതിര്‍ക്കുന്നവര്‍ വാദിക്കുന്നത്.

ആഫ്രിക്കയില്‍ യുഎസ് വിമാനം തകര്‍ന്ന് നാലു മരണം

നെയ്‌റോബി: ആഫ്രിക്കയില്‍ യുഎസ് വിമാനം തകര്‍ന്ന് നാലു സൈനിക ഉദ്യോഗസ്ഥര്‍ മരിച്ചു. ദിബൂട്ടിയില്‍ യുഎസ് സൈനിക താവളമായ ലിമോനീര്‍ ക്യാംപിനു സമീപമാണു വിമാനം തകര്‍ന്നു വീണത്. ക്യാപ്റ്റന്‍ റിയാന്‍ ഹോള്‍, ക്യാപ്റ്റന്‍ നിക്കോളസ് വിറ്റ്‌ലോക്ക്, ജസ്റ്റിന്‍ വില്‍ക്കിന്‍സ്, ജൂലിയാന്‍ ഷോള്‍ട്ടന്‍ന എന്നിവരാണു മരിച്ചത്. ചാരപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പടെയുള്ള പ്രത്യേക ദൗത്യങ്ങള്‍ക്കുവേണ്ടി യു.എസ് സൈന്യം ഉപയോഗിക്കുന്ന യു-28 വിമാനമാണ് തകര്‍ന്നു വീണത്. അപകട കാരണം വ്യക്തമായിട്ടില്ല. അന്വേഷണം ആരംഭിച്ചതായി യുഎസ് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക