Image

മമ്മൂട്ടി നാലടി പൊക്കക്കാരനായി നാദിര്‍ഷയ്‌ക്കൊപ്പം

Published on 24 January, 2017
മമ്മൂട്ടി നാലടി പൊക്കക്കാരനായി നാദിര്‍ഷയ്‌ക്കൊപ്പം
'അമര്‍ അക്ബറി'നും' കട്ടപ്പനയിലെ ഋത്വിക്റോഷനും' ശേഷം നാദിര്‍ഷ അടുത്ത ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത് മെഗാ സ്റ്റാര്‍ മമ്മൂട്ടി. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ സുപ്രധാന കഥാപാത്രമായിരിക്കും ഇത്. നാലടി ഉയരമുള്ള ഒരാളായാണ് മമ്മൂട്ടി സിനിമയില്‍ എത്തുക.

ബെന്നി പി.നായരമ്പലത്തിന്റെ തിരക്കഥയിലാണ് മമ്മൂട്ടി നാലടി ഉയരമുള്ള ആളായി അഭിനയിക്കുകയെന്നാണ് നാദിര്‍ഷാ പറയുന്നത്. മമ്മൂക്ക കരിയറില്‍ ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രമായിരിക്കും. നര്‍മ്മത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമായിരിക്കും അതും. നമ്മളില്‍നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് അതല്ലേ? ഈ ഘട്ടത്തില്‍ ചിത്രത്തെക്കുറിച്ച് ഇതില്‍ക്കൂടുതല്‍ പറയാനാവില്ലെന്നും അദ്ദേഹം പറയുന്നു. 

സിജിഐയുടെ സഹായം ഏറെ ആവശ്യമുള്ള ചിത്രമായിരിക്കും ഇതെന്ന് തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലം വ്യക്തമാക്കിയത്. ശാരീരികമായ പ്രത്യേകതകളുള്ള കഥാപാത്രങ്ങളെ മുന്‍പും ബെന്നി സൃഷ്ടിച്ചിട്ടുണ്ട്. ചാന്തുപൊട്ടും കുഞ്ഞിക്കൂനനുമൊക്കെ. ഇത്തരം ചിത്രങ്ങളുടെയൊക്കെ രീതിയിലാവും മമ്മൂട്ടി ചിത്രമെന്നും നര്‍മ്മത്തിന് വളരെയധികം പ്രാധാന്യമുണ്ടാവുമെന്നും ബെന്നി. ഈ വര്‍ഷം തന്നെ ചിത്രീകരണം ആരംഭിക്കും. ഗ്രാമീണ പശ്ചാത്തലത്തിലാവും ചിത്രം. ഇപ്പോള്‍ തിരക്കഥയുടെ പണിപ്പുരയിലാണ്. അത് പൂര്‍ത്തിയായാല്‍ ഇത് സംബന്ധിച്ച മറ്റ് കാര്യങ്ങളെല്ലാം തീരുമാനിക്കും.

വേഷപ്പകര്‍ച്ചകളുള്ള നിരവധി കഥാപാത്രങ്ങളെ ദീര്‍ഘകാലത്തെ കരിയറില്‍ മമ്മൂട്ടി മുന്‍പും അവതരിപ്പിച്ചിട്ടുണ്ട്. സൂര്യമാനസത്തിലെ പുട്ടുറുമീസും പൊന്തന്മാടയുമൊക്കെ അവയില്‍ പെട്ടെന്ന് മനസിലെത്തുന്നവ. രഞ്ജിത്തിന്റെ 'പുത്തന്‍ പണം', റാമിന്റെ തമിഴ് ചിത്രം 'പേരന്‍പ്' എന്നിവയാണ് മമ്മൂട്ടിയുടേതായി അണിയറയില്‍ പുരോഗമിക്കുന്നത്. ഹനീഫ് അദേനിയുടെ 'ദി ഗ്രേറ്റ് ഫാദറാ'ണ് അടുത്ത് തീയേറ്ററുകളിലെത്തുന്ന മമ്മൂട്ടി ചിത്രം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക