Image

സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയായി സാന്ത്വനം കുവൈറ്റ് പതിനാറാം വാര്‍ഷിക പൊതുയോഗം

Published on 24 January, 2017
സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയായി സാന്ത്വനം കുവൈറ്റ് പതിനാറാം വാര്‍ഷിക പൊതുയോഗം


      കുവൈത്ത്: കുവൈത്തിലും നാട്ടിലും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തി പ്രവാസി സമൂഹത്തില്‍ സജീവ സാന്നിധ്യമായി മാറിയ സാന്ത്വനം കുവൈറ്റ് പതിനാറാം വാര്‍ഷികം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു.

കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങളെ വിലയിരുത്തുവാനും വരുംകാല പ്രവര്‍ത്തനങ്ങളുടെ കര്‍മരേഖ തയാറാക്കുവാനുംവേണ്ടി ചേര്‍ന്ന യോഗത്തില്‍ സംഘടനയുടെ അംഗങ്ങളും അഭ്യുദയ കാംക്ഷികളും കുവൈറ്റ് പ്രവാസി സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തികളും വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുത്തു.

അബാസിയയിലെ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗം ഇന്ത്യന്‍ എംബസി പ്രതിനിധി എ.കെ. ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി. സന്തോഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. കുവൈത്തിലെ ജനറല്‍ സെക്രട്ടറി വി.ഡി. പൗലോസ് വാര്‍ഷിക റിപ്പോട്ടും സംഘടനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരണവും നല്‍കി. ജോയിന്റ് ട്രഷറര്‍ കെ.എസ്. അനില്‍കുമാര്‍ സാന്പത്തിക അവലോകന റിപ്പോര്‍ട്ട് അവതരിപ്പിച്ച് അംഗീകാരം നേടി. ചടങ്ങില്‍ കഴിഞ്ഞ വര്‍ഷത്തെ കണക്കുകളും പ്രവര്ത്തനങ്ങളുടെ വിശദവിവരങ്ങളും ഉള്‍ക്കൊള്ളുന്ന വാര്‍ഷിക സുവനീര്‍ ന്ധസ്മരണിക 2016’ പ്രകാശനം ചെയ്തു.

സാന്ത്വനത്തിന്റെ കഴിഞ്ഞ പതിനാറു വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടയില്‍ 9000ലധികം വരുന്ന നിര്‍ധനരും നിസഹായരുമായ രോഗികള്‍ക്കായി 7.94 കോടിയിലധികം രൂപയുടെ ചികിത്സാ സഹായമെത്തിക്കുവാന്‍ സംഘടനക്ക് കഴിഞ്ഞതായി യോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 2016 പ്രവര്‍ത്തനവര്‍ഷത്തില്‍ മാത്രമായി കുവൈത്തിലും നാട്ടിലുമുള്ള 1202 രോഗികളുടെ ചികിത്സക്കായി 1.32 കോടിയിലധികം രൂപയുടെ ചികിത്സാ സഹായമാണ് ലഭ്യമാക്കിയത്. ഇതില്‍ നാട്ടിലുള്ള ആയിരത്തിലധികം രോഗികളും കുവൈറ്റിലെ അന്പതോളം രോഗികളും ഉള്‍പ്പെടുന്നു. 2750 ഓളം വരുന്ന അംഗങ്ങള്‍ നല്കുന്ന സംഭാവനകളും സംഘടന പ്രസിദ്ധീകരിക്കുന്ന വാര്‍ഷിക സുവനീറിലേക്ക് പരസ്യങ്ങള്‍ വഴി ലഭിക്കുന്ന അധിക വരുമാനവുമാണ് സഹായങ്ങള്‍ക്കായി വിനിയോഗിക്കുന്നത്.

മാസം തോറും മുടങ്ങാതെ അര്‍ഹതപ്പെട്ടവരെ കണ്ടെത്തി സഹായം എത്തിക്കുന്നതോടൊപ്പം എല്ലാ വര്‍ഷവും ചില പ്രത്യേക സഹായ പദ്ധധികള്‍ കൂടി സാന്ത്വനം ആവിഷ്‌കരിച്ചു നടപ്പാക്കി വരുന്നുണ്ട്. തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിലേക്കും മെഡിക്കല്‍ കോളജിലേക്കും വരുന്ന രോഗികള്‍ക്കായുള്ള സൗജന്യ താമസ സൗകര്യവും (ട്രിഡ വിസരം സങ്കേത്), കൊല്ലം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കാന്‍സര്‍ കെയര്‍ സെന്ററിലെ രോഗികള്‍ക്ക് മരുന്ന്, പോഷകാഹാരങ്ങള്‍, ചികിത്സ സഹായങ്ങള്‍, എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് ഫിസിയോ തെറാപ്പി യൂണിറ്റ്, കോട്ടയം മെഡിക്കല്‍ കോളജിലെ രോഗികള്‍ക്കായി തിളപ്പിച്ച കുടി വെള്ള പദ്ധതി, ഹീമോഫീലിയ രോഗികള്‍ക്കു വേണ്ടിയുള്ള പ്രത്യേക ചികിത്സാ പദ്ധതി, കൊച്ചി കാന്‍സര്‍ സൊസൈറ്റിയുടെ മൊബൈല്‍ മാമ്മോഗ്രം യൂണിറ്റിനുള്ള സഹായം, കോഴിക്കോട്ടെ ലിസ സ്വാന്തന ശുശ്രൂഷാ സെന്ററിന് ഡയാലിസിസ് മെഷീന്‍ വാങ്ങുന്നതിനുള്ള സഹായം, ഓട്ടിസം ബാധിച്ചവര്‍ക്കായുള്ള SENSORY INTEGRATION THERAPY CENTER  വയനാട്ടില്‍ ശാന്തി ഡയാലിസിസ് സെന്ററിന് മെഷീന്‍ വാങ്ങുന്നതിനുള്ള ധനസഹായം, ശാന്തി മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ അട്ടപാടിയില്‍ ആരംഭിച്ച ഫിസിയോതെറാപ്പി യൂണിറ്റിനുള്ള സഹായം, തുടങ്ങിയ നിരവധി പദ്ധതികള്‍ സാന്ത്വനം മുന്‍കാലങ്ങളില്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കിയ പ്രത്യേക സാമൂഹ്യ ക്ഷേമ പദ്ധതികളാണ്. 

2016 ലെ പ്രത്യേക സഹായ പദ്ധതിയുടെ ഭാഗമായി സമൂഹത്തിനു ക്ഷേമകരമായ നിരവധി പദ്ധതികളാണ് നടപ്പില്‍ വരുത്തിയത്. ഇതില്‍ കോഴിക്കോട്ടുള്ള സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ നിലവിലുള്ള രക്തബാങ്കിനോട് ചേര്‍ന്ന് ഒരു ബ്ലഡ് കന്‌പോണന്റ് സപ്പറേഷന്‍ യൂണിറ്റിനുള്ള കെട്ടിടം നിര്‍മിച്ചു നല്‍കുക, കേരളത്തിലെ വിവിധ ജില്ലകളില്‍ മാരക രോഗം ബാധിച്ച കുട്ടികളുടെ രോഗ ചികിസാ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി സൊലാസ് തൃശൂരുമായി സഹകരിച്ചുകൊണ്ടുള്ള ആരോഗ്യസംരക്ഷണ പദ്ധതി, കേരളത്തിലെ വിവിധ ജില്ലകളിലുള്ള പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കേന്ദ്രങ്ങളെ സാന്പത്തികമായി സഹായിക്കുന്ന പദ്ധതി, ആദിവാസി ഊരുകളിലെ വിദ്യാര്‍ഥികള്‍ക്ക് താമസസൗകര്യമൊരുക്കുന്ന പദ്ധതി എന്നിവ ഉള്‍പ്പെടുന്നു. കൂടാതെ കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിപ്പോരുന്ന പദ്ധതികളായ ട്രിഡ വിശ്രമം സങ്കേത്, കൊല്ലം കാന്‍സര്‍ കെയര്‍ സെന്റര്‍ എന്നിവയുടെ തുടര്‍ നടത്തിപ്പും ഉള്‍പ്പെടുന്നു. 

ചര്‍ച്ചകള്‍ക്കുശേഷം 2017 ലെ ഭാരവാഹികളായി എം.എന്‍. രവീന്ദ്രന്‍ പ്രസിഡന്റ് ആയും സന്തോഷ് ജോസഫ് സെക്രട്ടറിയായും അബ്ദുള്‍ സത്താര്‍ ട്രഷററുമായും തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ ഉപദേശക സമിതി, എക്‌സിക്യൂട്ടിവ് കമ്മിറ്റി, പ്രവര്‍ത്തക സമിതി എന്നിവയിലേക്കുള്ള അംഗങ്ങളെയും യോഗത്തില്‍ തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക